മനസ്സിൽ ശാദ്വലത വിരിയിക്കുന്ന ചില ഗാനങ്ങളുണ്ട് . അനർഘനിമിഷങ്ങളുടെ ആഘോഷത്തിമിർപ്പെന്നോണം നമ്മുടെ മനസ്സുകളിൽ അത് അവാച്യമായ മാസ്മരികതയുടെ ഹരിതാഭ ശ്രുതി മീട്ടാറുമുണ്ട് .
അത്തരത്തിലുള്ള ഒരു ഗാനമാണ് ഇന്ന് എന്റെ പാട്ടോർമയിലേക്കു നീന്തിക്കയറി വന്നത് . നീരാടിക്കയറി വന്ന ആ പാട്ടിനെ ഞാനെങ്ങനെ പടിയിറക്കി വിടും ? അതും 'നിള 'യിൽ നീരാടിയെത്തിയ ഗാനം .
'നിള '- 'മലയാളികളുടെ മാനസ നദി ' - നിളയുടെ പുളിനങ്ങളെ വർണ്ണിക്കാത്ത കവി ഭാവനകളില്ല തന്നെ . ദാസേട്ടനോടൊപ്പം നമ്മളും അറിയാതെ ഈ പാട്ടിലുടെ നീരാടുന്നു . അതിമനോഹരമായ അസാധ്യ ഓർക്കസ്ട്രേഷൻ നമ്മളേയും നീരാട്ടിനിറക്കുന്ന ലയ ചാതുരി . കൗമാരപ്രായക്കാർക്ക് പ്രണയത്തിന്റെ കുളിരു പകർന്ന ഗാനം .
ആരംഭത്തിലെ ആ ഹമ്മിംഗ് ! അതു മാത്രം മതി കണ്ണും പൂട്ടി ഈ പാട്ടിലേക്കൊഴുകിയിറങ്ങാൻ . നിശബ്ദ പ്രണയത്തിന്റെ സൗന്ദര്യമാവാഹിച്ച ഒ . എൻ .വി സർ ന്റെ മനോഹര വരികൾ ! അതേ , അതു മാത്രം മതി . തേനാണോ , അമൃതാണോ എന്നറിയാത്ത ആനന്ദ ലഹരി . ഭാവസാന്ദ്രം ! ബോംബെ രവിയുടെ സംഗീതം എന്നെ ഒരുപാടു നീരാടിയ ഓർമ്മയിലേക്കത്തിക്കുന്നു .
മോഹനരാഗത്തിൽ ചിട്ടപ്പെടുത്തിയ ഈ പാട്ടിലെ പദങ്ങൾ മനോഹരം ! നല്ല ചിട്ടയോടെ അടുക്കി വിച്ചിരിക്കുന്നു . 'വയലിൻ ' എന്ന സംഗീതോപകരണം എത്ര മൃദുവായാണ് ഈ പാട്ടിനെ തഴുകുന്നതെന്നു നോക്കൂ ! ആത്മാവിലലിഞ്ഞുചേരുന്ന സംഗീതം .
നിശബ്ദ പ്രണയത്തിന്റെ വാക്ധോരണി പോലെ പ്രകംമ്പനങ്ങളില്ലാതെ , ആറ്റുവഞ്ചി പൂക്കൾ കാറ്റിലാടി ഉലയുന്ന കാഴ്ച ! കസവിന്റെ നിറമുള്ള കൈതപ്പൂവിന്റെ ബിംബ കൽപ്പനയെത്ര സുന്ദരം !
നിളാ നദിയുടെ പുളിനങ്ങളിൽ വെൺനിലാവ് പതിച്ച കാഴ്ചയെ ചന്ദനക്കുളിരണിഞ്ഞതിനോട് ഉപമിച്ച കവി ഭാവനയോടെനിക്കെന്നും അസൂയ തന്നെയാണ് . ഇതൊക്കെ കണ്ടാൽ ഏതു ഗന്ധർവനാണ് തന്റെ പ്രണയിനിയെ മന്ത്രമോതി ഉണർത്താത്തത് ?
വൈകുന്നേരങ്ങളിൽ , തോട്ടിലും കുളത്തിലുമൊക്കെ പോയി കൂട്ടമായി കുളിച്ചു വന്നിരുന്ന ബാല്യകാലം . അങ്ങനെയൊരിക്കൽ കുളി കഴിഞ്ഞ് , തോട്ടു വരമ്പിലൂടെ വീട്ടിലേയ്ക്കു നടക്കുമ്പോൾ ഏതോ വീട്ടിലെ റേഡിയോയിൽ നിന്നും ഒഴുകിയെത്തിയ ഈ ഗാനം എന്നെയൊരു നിമിഷം അവിടവിടെ പിടിച്ചു നിർത്തി . പിന്നെ , എപ്പോൾ ആ പാട്ടു കേട്ടാലും ഞാൻ ആ തോട്ടിൻ കരയിലെ കൊച്ചു കുട്ടിയാകാറുണ്ട് . എന്റെ ചെറിയ തോട് ഒരു നിളാ നദിയും .
മഞ്ഞൾ പ്രസാദവും നെറ്റിയിൽ ചാർത്തി മലയാളക്കരയിലേയ്ക്കു വൈകി വന്ന പൂന്തിങ്കളായ മോനിഷ എന്ന അഭിനേത്രി എല്ലാവരേയും തനിച്ചാക്കി പറന്നു പോയ സങ്കട ഓർമ്മയിൽ , മോനിഷക്കുള്ള ബാഷ്പാഞ്ജലിയാകട്ടേ ഇന്നത്തെ എന്റെയീ പാട്ടോർമ .
____________________
നീരാടുവാൻ നിളയിൽ നീരാടുവാൻ
നീയെന്തെ വൈകി വന്നൂ പൂന്തിങ്കളേ (2)
ഈറനാം വെൺ നിലാവിൻ പൂമ്പുടവയഴിഞ്ഞൂ
ഈ നദി തൻ പുളിനങ്ങൾ ചന്ദനക്കുളിരണിഞ്ഞു
പൂമ്പുടവ തുമ്പിലെ കസവെടുത്തു
പൂക്കൈത കന്യകമാർ മുടിയിൽ വെച്ചൂ (നീരാടുവാൻ...)
ആറ്റുവഞ്ചി പൂക്കളും കാറ്റിലാടിയുലഞ്ഞൂ
ആലിമാലി മണൽത്തട്ടും ആതിരപ്പൂവണിഞ്ഞൂ
ആലിന്റെ കൊമ്പത്തെ ഗന്ധർവനോ
ആരെയോ മന്ത്രമോതി ഉണർത്തിടുന്നു (നീരാടുവാൻ..)