യാത്രയുടെ തുടക്കം എത്ര
ആനന്ദകരമായിരുന്നു.
അന്ന്
കുഞ്ഞിക്കാലടികൾ എനിയ്ക്കൊപ്പം
ഉണ്ണാനും ഉറങ്ങാനും എന്തിനും ഏതിനും..
പൊള്ളിച്ചു കടന്നുപോയ മരുഭൂമികൾ
വേവും നോവുമറിയിക്കാതെ... ചിരിച്ചും
രസിച്ചും നടന്നേറി...
പിന്നെ
ചിറകു മുളച്ച് പറന്ന് അവരവരുടെ ആകാശങ്ങളിലേക്ക്...
കഥകൾ കേൾക്കാൻ വാശിപിടിച്ചവർ
ഇപ്പോൾ
എന്നോടു വാശിപിടിക്കുന്നു.
നിശബ്ദയാകു..
കേൾക്കാൻ നേരമില്ല
നിർത്തൂ പഴങ്കഥകൾ....
സഖാക്കളും പറഞ്ഞു തുടങ്ങി
പിന്നിട്ട വഴികളെ മറക്കൂ..
വാക്കുകൾ വേദനിപ്പിച്ചും
അമ്പരപ്പിച്ചും തുടരുകയാണു.
എത്രവേഗമാണവർ എന്നിലെ സൂര്യനെ
ക്കെടുത്തി
എന്നെ ഇരുളിലാഴ്ത്തിയതു..
ജീവിച്ചിരിക്കെത്തന്നെ മരിച്ച പോലെ
ഇപ്പോൾ ഞാൻ ഊന്നുവടി തെരയുന്ന
ഏകയായ യാത്രിക
എന്റെ സന്തോഷങ്ങളും ആനന്ദങ്ങളും
അവർ തടഞ്ഞു നിർത്തി
അതോ
പിന്നിട്ട വഴികളിലെ വിടെയോ സ്വയം
കുടഞ്ഞു കളഞ്ഞുവോ..?
കാലത്തിന്റെ നടപ്പാതകളിൽ പതിഞ്ഞ കുഞ്ഞു കാലടികളിലും മൊഴിഞ്ഞ കഥകളിലും
കാലം കോറിയിട്ടിട്ടുണ്ടാ സന്തോഷങ്ങളയും
ഓർമ്മകൾ പറയുന്നു
നിരവധി വർഷങ്ങൾക്കു മുമ്പായിരുന്നെങ്കിലും
ആനന്ദത്തിന്റെ അലച്ചാർത്തുകൾ
അവരെ പൊതിഞ്ഞു നിൽപ്പുണ്ടപ്പോഴും
അവരുടേയും എന്റേയും കൈകൾ
ഒരുമിച്ചു മെനഞ്ഞെടുത്ത വീട് എനിയ്ക്കിപ്പോൾ
ഉടലിനു യോജിക്കാത്ത ഉടുപ്പു പോലെ വിമ്മിട്ടം ഉണ്ടാക്കുന്നു.
പൂക്കളും വർണ്ണശലഭങ്ങളുമില്ലാതെ ശൂന്യമായ
ഒരുദ്യാനം പോലെ....
അതു കാടുകയറുന്നു
അസ്വസ്തതകളുടെ മുള്ളുകളും
സ്നേഹ ശൂന്യതയുടെ പറക്കാരകളും
നിറയുന്ന തരിശു ഭൂമി...-
( പറക്കാര = മരുഭൂമികളിൽ വളരുന്ന ഒരു മുൾച്ചെടി)