Image

നിർമ്മലാദേവി, എന്റെ അമ്മ (ഇമലയാളി കഥാമത്സരം 2024: എ.എൻ സാബു)

Published on 24 September, 2024
നിർമ്മലാദേവി, എന്റെ അമ്മ (ഇമലയാളി കഥാമത്സരം 2024: എ.എൻ സാബു)

ഞാൻ കണ്ടിട്ടുള്ളവരിൽവച്ച് ഏറ്റവും സുന്ദരിയായിരുന്നു , എന്റെ അമ്മ നിർമ്മലാദേവി. ക്ഷേത്രത്തിലായാലും വിവാഹംപോലുള്ള ചടങ്ങുകളിലായാലും

സ്ത്രീപുരുഷഭേദമന്യേയുള്ള മാളോരുടെ പ്രതികരണം എന്റെ വിശ്വാസത്തെ ബലപ്പെടുത്തുന്നതായിരുന്നു. ചുറ്റും ആൾക്കാർ തുറിച്ചുനോക്കുമ്പോൾ , ഒട്ടും ചൂളിപ്പോവാതെ, സമചിത്തതയോടെ അമ്മ എന്നെയുംപെങ്ങളേയും സ്വന്തം ശരീരത്തോടു ചേർത്തുപിടിച്ച് അച്ഛനോടു കൂടുതൽ അടുത്തുനിൽക്കും.  ശബ്ദ മുഖരിതമായ ഉത്സവമേളത്തിനിടയിലും അമ്മയെലാക്കാക്കി വിവിധഭാവങ്ങൾ പൊഴിക്കുന്നവരെനോക്കി അഭിമാനത്തോടെ  ഞാൻ മനസിൽ പറയും അമ്മയുടെ അത്രയും ശ്രീയുള്ളവർ വേറെയില്ല. ഞാൻ അമ്മയെ കുറേക്കൂടി മുറുകെ പിടിക്കും. ഇടക്കിടെ ഞാൻ അച്ഛന്റെ മുഖത്തേക്കു നോക്കും , ഒരു തരം അഭിമാനബോധം അച്ഛനിൽ ആകെ ചൂഴ്ന്നു നിൽപ്പുണ്ടെന്നെനിക്കു തോന്നും.

ചിരിച്ചും കുശലംപറഞ്ഞുമൊക്കെ അമ്മ

പരിചയക്കാരുമായി ഇടപഴകുമ്പോൾ ഞാൻ ഓർക്കും എത്ര മനോഹരമായ ചിരിയാണ് അമ്മയുടേത്.


അടുക്കള വരാന്തയിലെ സ്ത്രീ കൂട്ടായ്മയിൽ നിന്ന് അമ്മ താൽക്കാലികാവശ്യങ്ങൾക്കായി അകത്തേക്കു മാറുമ്പോളുള്ള സംസാരം ഞാൻ കേട്ടിട്ടുണ്ട്.

" രണ്ടു പെറ്റുകഴിഞ്ഞപ്പോൾ നിർമ്മല സുന്ദരിയായി. പിള്ളേർ സ്കൂളിൽ

പോയിത്തുങ്ങിയപ്പോൾ  അതിസുന്ദരിയായി. "

അമ്മയെ ഒന്നുകൂടി കെട്ടിപ്പിടിക്കണമെന്നെ നിക്കു തോന്നും


എനിക്ക് എട്ടുവയസുള്ളപ്പോൾ, അക്കൊല്ലത്തെ   ദേവീക്ഷേത്രത്തിലെ ഉത്സവം പതിവിലും ഗംഭീരമായിരുന്നു.

നെറ്റിപ്പട്ടംകെട്ടിയ കരിവീരന്മാരുടെയും തീവെട്ടിയുടേയും മുന്നിൽ കാഴ്ചശ്രീബലി പൊടിപൊടിക്കുമ്പോൾ പലരും ഞങ്ങളെ നോക്കി നിൽക്കുന്നതു ഞാൻ ശ്രദ്ധിച്ചിരുന്നു. അതിലൊരാൾ , ഒത്ത ഉയരവും വണ്ണവുമുള്ള ഒരാൾ സാധാരണയിലും കൂടുതൽ ഞങ്ങളെ നോക്കുന്നതായി എനിക്കു തോന്നി.

 

കാഴ്ചശ്രീബലി, ക്ഷേത്രത്തിന്

തെക്കേ നടയിലായിരുന്നപ്പോഴും ചുറ്റി വടക്കേ നടയിലെത്തിയപ്പോഴും അയാളുടെ സാന്നിധ്യമുണ്ടായിരുന്നു.  ഞങ്ങളിൽ അമ്മയെത്തന്നെയാണ് അയാൾ ശ്രദ്ധിക്കുന്നതെന്നു മനസിലായപ്പോൾ ഒരസ്വസ്ഥത എന്റെ ഉള്ളിൽ കുടിയേറി. അമ്മ ഇതൊക്കെ അറിയുന്നുണ്ടോന്നോർത്ത് ഉത്സവത്തിലുള്ള ലഹരി എനിക്കു നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു.

ശ്രീബലിയുംവെടിക്കെട്ടും കഴിഞ്ഞ് വീട്ടിലേക്കു പോരുമ്പോഴും അതേ വിചാരമായിരുന്നു എന്റെ ഉള്ളിൽ .

അമ്മയോട് പറഞ്ഞാലോന്നുവരെ  തോന്നിയെങ്കിലും ഒന്നും മിണ്ടാൻ കഴിഞ്ഞില്ല.


പിറ്റേ ദിവസം അമ്മയെക്കാണാനായി ഒരാൾ

പൂമുഖത്തിരിക്കുന്നുവെന്നു കേട്ടപ്പോൾ ജനലഴികൾക്കിടയിലൂടെ ഒന്നു വരാന്തയിലേക്കു പാളിനോക്കി. ഉത്സവസ്ഥലത്തു കണ്ട മനുഷ്യനായിരുന്നു അത് . മുറ്റത്ത്  അയാളോടൊപ്പം വന്നതാണെന്നു തോന്നുന്ന രണ്ടുപേരുകൂടി നിന്നിരുന്നു.. വരാന്തയിലെ ചിത്രപ്പണികളുള്ള കസേരയിൽ അയാൾ നീണ്ടുനിവർന്നിരിക്കുന്നു.ഒത്തപൊക്കവും അതിനുതക്ക രൂപഭംഗിയുമുള്ള ഒരു സുന്ദരൻ.


നിർമ്മലയെ ഒന്നു കാണണമത്രേ.

അടുത്ത ഗ്രാമത്തിലെ പേരുകേട്ട തറവാട്ടിലെയാണയാൾ . വിശ്വേശരൻ , അതായിരുന്നു അയാളുടെ പേര്. വിശ്വേശരൻ കുറേക്കാലം ബോംബേയിലായിരുന്നു. പഠിപ്പൊക്കെ അവിടെയാണു പൂർത്തിയാക്കിയത്.  അച്ഛന് അവരുടെ തറവാടിനെക്കുറിച്ചും അയാളെക്കുറിച്ചുമറിയാം .  കൊല്ലിനും കൊലയ്ക്കും വരെ അധികാരമുണ്ടായിരുന്നവർ . കാലം കുറേ മാറിയെങ്കിലും ഇപ്പോഴും അവർ പ്രമാണികൾ തന്നെ.

അച്ഛൻ അമ്മയോട് അയാളെ അറിയുമോന്ന് ചോദിച്ചു. അമ്മ കൈമലർത്തി .

ശ്രീബലി സമയത്ത് , അമ്മ അയാളെ അത്രയ്ക്ക് ശ്രദ്ധിച്ചിട്ടില്ലെന്ന് എനിക്കു മനസിലായി. അല്ലെങ്കിലും അമ്മയെ എല്ലാവരും നോക്കുന്നതല്ലാതെ അമ്മ ആവശ്യമില്ലാതെ ഒരുനോട്ടം പോലും പാഴാക്കാറില്ല..


അപരിചിതനായ ഒരാൾ അമ്മയെ അന്വേഷിച്ചു വീട്ടിൽവരുന്നത് ഇതാദ്യമാണ്.

പൂമുഖത്തെ അയാളുടെ ഇരിപ്പും ഭാവവും അച്ഛന് അത്രയ്ക്കങ്ങ് പിടിച്ചില്ലെന്നു തോന്നുന്നു.

താൻ തന്നെ സന്ദർശകനോടു സംസാരിച്ചുകൊള്ളാമെന്ന അമ്മയുടെ നിർദ്ദേശത്തിന് അച്ഛനും സമ്മതം നൽകുകയായിരുന്നു.

അമ്മയങ്ങനെയാണ് , ഒന്നും പിന്നത്തേയ്ക്കു മാറ്റിവക്കുന്ന ശീലമില്ല.

അതുകൊണ്ടുതന്നെ ചില പ്രധാന പ്രശ്നങ്ങളിൽ അച്ഛൻ മനപ്പൂർവം ഒന്നു

മടിച്ചുനിൽക്കും. അറിഞ്ഞുകൊണ്ടുതന്നെ അമ്മ അത്തരം ദൗത്യങ്ങൾ ഏറ്റെടുക്കുകയാണ് പതിവ്. അമ്മയുടെ ആധികാരികമായ ഇടപെടലുകളിൽ പല പ്രബലവ്യക്തികളും പത്തിമടക്കുന്നത് കണ്ടു നിന്നിട്ടുണ്ട്. ഒരു വിട്ടുവീഴ്ചയുമില്ലാത്ത നിലപാടാണ് അങ്ങനെയുള്ള സാഹചര്യങ്ങളിൽ അമ്മ എടുക്കാറ്.


പൂമുഖത്തെ കസേരയിലിരിക്കുന്ന മനുഷ്യന്റെയടുത്തേക്ക് അമ്മ പോകുന്നതും അയാളോട് സംസാരിക്കുന്നതും മുറിയുടെ ജനാലയിലൂടെ ഞാൻ നോക്കി നിന്നു.

എന്തുകൊണ്ടോ ഇത്തവണ അമ്മയോടൊപ്പം  അച്ഛനുമുണ്ടായിരുന്നു.

അച്ഛനുംഅമ്മയും മുന്നിലെത്തിയതും അയാൾ പറഞ്ഞു.

" നിർമ്മല എന്റെകൂടെ വരണം "

അയാളുടെ ശബ്ദത്തിന്

രൂപത്തിനുയോജിച്ച ഗാംഭീര്യമുണ്ടായിരുന്നു. ചോദ്യം അമ്മയുടെ മുഖത്ത് ഒരു ഭാവഭേദവുമുണ്ടാക്കിയില്ല.

എന്നാൽ അച്ഛന്റെ മുഖം ഗൗരവതരമാവുന്നത് എനിക്കു കാണാമായിരുന്നു. അച്ഛൻ ഇടക്കിടെ കൈപ്പത്തികൾ കൂട്ടിത്തിരുമിക്കൊണ്ടിരുന്നു. മുഖത്തെ പേശികൾ വലിഞ്ഞു മുറുകുന്നുണ്ടായിയിരുന്നു.

" എങ്ങോട്ട് ? "

അമ്മയും ദൃഢസ്വരത്തിലാണ് ചോദിച്ചത്.

" എന്റെ വീട്ടിലേക്ക് , ഒരുമിച്ചു ജീവിക്കാൻ . "

എനിക്കു വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞങ്ങൾ രണ്ടു കുട്ടികളേയും അച്ഛനേയുമുപേക്ഷിച്ച് അമ്മ അയാൾക്കൊപ്പം ചെല്ലണമത്രേ.

അമ്മ ഞങ്ങൾ പിള്ളേരുടെ കാര്യമുൾപ്പെടെ എല്ലാം പറയുമെന്നു ഞാൻ കരുതി . എന്നാൽ എന്റെ തോന്നലിനനുസരിച്ചല്ല അമ്മ പ്രതികരിച്ചത്.

അമ്മ അയാളോട് പറഞ്ഞു

" എഴുന്നേൽക്കൂ ......"

ആ വാക്കിന്റെ  ആജ്ഞാശക്തിയിൽ അയാൾ കസേരയിൽ നിന്നെഴുന്നേറ്റു .

" ഇറങ്ങിക്കോളൂ ..... "

വീണ്ടും അമ്മയുടെ ശബ്ദം മുഴങ്ങിക്കേട്ടു.

അയാൾ ഒരു നിമിഷം അമ്മയുടെ മുഖത്തേക്കു നോക്കിയ ശേഷം .

പുറത്തേക്കിറങ്ങി. മുറ്റത്തേക്കുള്ളപടികൾ ഇറങ്ങിയ ശേഷം തിരിഞ്ഞു നിന്ന അയാൾ പറഞ്ഞു.

" ഞാൻ ഇനിയും വരും "

അയാൾ നടന്നടുത്തെത്തിയതും മുറ്റത്തു നിന്നിരുന്ന രണ്ടു പേരും അയാളെ അനുഗമിച്ചു.

അച്ഛനുമമ്മയും അവർ മൂന്നുപേരും പടിപ്പുരയും കടന്നുപോകുന്നതുനോക്കി നിന്നു.


തുടർന്നുള്ള ദിവസങ്ങളിൽ അച്ഛൻ വല്ലാത്ത ആശങ്കയിലായി. ഒന്നും സംസാരിക്കാതെ ഏതുസമയവും ആലോചന തന്നെ.

പോലീസിൽ പരാതി കൊടുക്കുന്നതിനേക്കുറിച്ചാണ് പിന്നീട് അച്ഛൻ സംസാരിച്ചത്.

അവർ അത്ര സ്വാധീനമുള്ളവരാണെങ്കിൽ കേസുകൊണ്ട് കാര്യമായ ഗുണമുണ്ടാകില്ല എന്നതായിരുന്നു അമ്മയുടെ നിഗമനം.

അയാൾ വരുന്നെങ്കിൽ വരട്ടേ താൻ തന്നെ അയാളെ നേരിട്ടുകൊള്ളാമെന്ന അമ്മയുടെ ആത്മവിശ്വാസം അച്ഛനിൽ കാര്യമായ മാറ്റമൊന്നും വരുത്തിയില്ല.  അച്ഛന്റെ മൗനത്തിലും അമ്മയുടെ നിസ്സംഗതയിലും ഒരാഴ്ച കഴിഞ്ഞു പോയി. ഈ ദിവസങ്ങളിലൊന്നും അച്ഛൻ ഓഫീസിൽ പോകാൻ താല്പര്യം കാണിച്ചില്ല. അച്ഛന്റെ ഭാവമാറ്റം സ്വതേ ഉത്സാഹവതിയായ അമ്മയുടെ പെരുമാറ്റത്തിലും കരിനിഴൽ വിതച്ചു.


വിവരങ്ങളൊക്കെ അയൽ വീടുകളിലും അറിഞ്ഞു തുടങ്ങിയെങ്കിലും അയാളുടെ കുടുംബത്തിന് ഈ നാട്ടിലുമുള്ള സ്വാധീനമാണ് അവരിലാരും തന്നെ പ്രതികരിക്കാത്തതിനു കാരണമെന്ന് അച്ഛൻ വിലയിരുത്തി.

പുതിയതായൊന്നുമില്ലാതെ ഒരാഴ്ച കഴിഞ്ഞതോടെ  വീട്ടിലാകെയുണ്ടായിരുന്ന ഗൗരവത്തിന് ശമനം വന്നു തുടങ്ങി.

അച്ഛൻ ഓഫീസിൽ പോയിത്തുടങ്ങിയത്, വീട് സാധാരണ നിലയിലായെന്ന് കരുതുവാൻ കാരണമായി . വടക്കേമുറിയിൽ നിന്നും അമ്മയുടെ തയ്യൽ യന്ത്രം കടകടാ ശബ്ദമുണ്ടാക്കി വീണ്ടും കറങ്ങിത്തുടങ്ങി. എന്നിട്ടും എന്തോ ഒരു മൗനം എങ്ങും തളംകെട്ടി നില്ക്കുന്നതായാണെനിക്കു തോന്നിയത്.. ചക്കിപ്പൂച്ചയുടെ ങ്യാവൂ പോലും അവൾ നിയന്ത്രിച്ചാണ് ഉരുവിടുന്നതെന്നെനിക്കു തോന്നി


ഒരുമാസം കഴിഞ്ഞതും ഞങ്ങളുടെയെല്ലാം ഉള്ളിൽ തീ കോരിയിട്ടുകൊണ്ട് അയാൾ  അനുചരരോടൊപ്പം വീണ്ടുംവന്നു. കൂടെവന്നവർ ഇത്തവണയും പുറത്തുനിന്നതേയുള്ളൂ.

കരുതിയിരുന്ന ആയുധങ്ങളുമായി അച്ഛൻ അവരെ നേരിടാനൊരുങ്ങി , വെരുകിനെപ്പോലെ മുറിയിൽ അങ്ങുമിങ്ങും നടന്നു.  ഒരുവിധത്തിലാണ് അമ്മ അച്ഛനെ പറഞ്ഞു സമാധാനിപ്പിച്ചത് .  അവസാനം, മുറിയിൽതന്നെയിരുന്നുകൊള്ളാമെന്ന് അച്ഛനേക്കൊണ്ട് അമ്മ സമ്മതിപ്പിക്കുകയായിരുന്നു. ഞങ്ങളെ ഇരുവരേയും അച്ഛനെയും മുറിയിലാക്കിപൂട്ടിയ ശേഷം അമ്മ വടക്കേമുറിയിലേക്കു പോയി.


മുന്നിലെ കസേരയിലിരിക്കുന്ന

ആജാനുബാഹുവിനെ എനിക്ക്  ജനാലയിലൂടെ കാണാമായിരുന്നു.

ചിത്രപ്പണികളുള്ള അതേ കസേരയിൽ തന്നെയാണ് ഇത്തവണയും അയാൾ ഇരുന്നത്.

യാതൊരു ഭാവഭേദവുമില്ലാതെ അയാൾ കസേരയിൽ നീണ്ടുനിവർന്നിരിക്കുന്നു.

ആയിടെ ,കേട്ട യക്ഷിക്കഥയിലേപ്പോലെ ശബ്ദമോകാറ്റോ ഇല്ലാതെ അന്തരീക്ഷം മരവിച്ചു നിന്നു. മുറ്റത്തെ ചെടികളിൽ സാധാരണ കാണുന്ന ശലഭങ്ങളൊന്നും കാണാനേയില്ലായിരുന്നു. പടികടന്നെത്തുന്ന ആൾക്കൂട്ടം ബലമായി അയാളെ പിടിച്ചിറക്കുന്നത് സങ്കല്പത്തിൽ കണ്ട് ജനാലയിലൂടെ പുറത്തേക്കുനോക്കി ഞാൻ നിന്നു.

മുകളിൽ കാണാവുന്ന തെങ്ങോലത്തുമ്പെല്ലാം എന്തോ മോശം കാര്യം സംഭവിക്കാൻ പോവുന്നപോലെ ചലനമറ്റു നിൽക്കുകയാണെന്നെനിക്കു തോന്നി.


അയാൾ പോവുന്നതുവരെ വടക്കേ മുറിയിലെ കട്ടിലിൽ ഇരിക്കുവാനായിരിക്കാം അമ്മ ഉദ്ദേശിക്കുന്നത് . വടക്കേ മുറിയുടെകതക് അമ്മ ഭദ്രമായി അടച്ചു കുറ്റിയിട്ടുണ്ടോ എന്നോർത്ത് എനിക്കു സമാധാനമില്ലാതെയായി.


എന്നാൽ  ഞങ്ങൾ  നിന്നിരുന്ന ജനാലയും കടന്ന് അയാൾക്കു നേരെ നടന്നു നീങ്ങുന്ന അമ്മയെയാണ് ഞാൻ കണ്ടത്. വലതു കൈയിൽ അപൂർവമായി മാത്രം പുറത്തെടുക്കുന്ന വെട്ടുകത്തിയും അമ്മ കരുതിയിരുന്നു..   ഹൃദയം പൊട്ടിപ്പോകുമെന്ന വിധത്തിൽ മിടിക്കാൻ തുടങ്ങിയതിനാൽ കൈരണ്ടും നെഞ്ചിൽ ചേർത്തുവച്ചു  ഞാൻ അനങ്ങാതെ നിന്നു. ഒന്നും കാണാനും കേൾക്കാനും കഴിയാതെ അച്ഛൻ കട്ടിലിൽ നിശ്ചലനായി കിടന്നു. ഇടക്കിടെയുള്ള അച്ഛന്റെ ദീർഘനിശ്വാസം മാത്രമായിരുന്നു , ആകെ കേൾക്കുവാനാവുന്ന ശബ്ദം.


എന്തുംനേരിടാനുള്ള ചങ്കുറപ്പോടെ, കൈയിൽ വെട്ടുകത്തിയുമായി അമ്മ അയാളുടെ മുന്നിൽ നിന്നു.

വല്ലാത്ത മൂർച്ചയുള്ളതുകൊണ്ട്  പിള്ളേരുടെ ശ്രദ്ധയിൽ പെടാതെ സൂക്ഷിക്കുന്ന കത്തിയാണത്. ഞാൻ തന്നെ ഒന്നോ രണ്ടോ തവണ മാത്രമാണ് തൊട്ടുനോക്കിയിട്ടുള്ളത്. അത്യാവശ്യഘട്ടങ്ങളിൽ അച്ഛനോ അമ്മയോ പണിക്കാരാരെങ്കിലുമുള്ളപ്പോൾ അവർക്കുവേണ്ടിമാത്രമായോ ആണ് അത് പുറത്തെടുക്കാറുള്ളത്.


കൂസലേതുമില്ലാതെ മുന്നിൽ നിൽക്കുന്ന അമ്മയെ അയാൾ ഒന്നു സൂക്ഷിച്ചു നോക്കി.

അമ്മയുടെ കൈയിലെ കത്തി അയാളെ ഒട്ടും ഭയപ്പെടുത്തിയില്ലെന്നെനിക്കു തോന്നി. അയാൾ അമ്മയുടെ മുഖത്തേക്കു മാത്രമാണ് നോക്കിയത്.

" എഴുന്നേൽക്കൂ "

അമ്മയുടെ ശബ്ദത്തിന് സാമാന്യത്തിലുമധികം ഘനമുണ്ടായിരുന്നു.

സ്ത്രീകളിൽ അപൂർവമായിമാത്രമുള്ള ഒരുതരം ഗാംഭീര്യം ആ ശബ്ദത്തിനുണ്ടായിരുന്നു.

എന്നിട്ടും അയാൾ അതേ ഇരിപ്പു തുടരുകയാണുണ്ടായത്.

ഹൃദയം നിലച്ചു പോവുമോ എന്നു ഞാൻ സംശയിച്ചു . അമ്മയ്ക്കൊപ്പം അയാൾക്കെതിരെ നിൽക്കണമെന്നെനിക്കു തോന്നി. ജനലഴികളിൽ പിടിച്ചുവലിച്ചും തൂങ്ങിയും ഞാൻ എന്റെ ദേഷ്യത്തെ ശമിപ്പിക്കാൻ ശ്രമിച്ചു.

" എഴുന്നേൽക്കാനല്ലേ പറഞ്ഞത് ! "

ഇത്തവണ അമ്മയുടെ ശബ്ദം വളരെ ഉച്ചത്തിലായിരുന്നു. നിശ്ചയദാർഢ്യത്തിന്റെ പൗരുഷം ആ ശബ്ദത്തിനുണ്ടായിരുന്നു. പുറത്തു നിന്നിരുന്ന രണ്ടുപേരും അക്ഷമരായിത്തുടങ്ങി. അവരുംകൂടി വരാന്തയിലേക്കു വന്ന് അമ്മയെ ആക്രമിക്കുമോയെന്ന് ഞാൻ ഭയപ്പെട്ടു.


കസേരയിൽ നിന്ന് അയാൾ എഴുന്നേറ്റു .

പേടിയുടെ ഒരു ലക്ഷണവും അയാളുടെ മുഖത്തില്ലെന്നത് ഞാൻ പ്രത്യേകം ശ്രദ്ധിച്ചു.

അമ്മയുടെ മുഖത്തേക്കു തന്നെ നോക്കി നിന്നിരുന്ന അയാളിൽ ഭയമോ പരിഭ്രമമോ അല്ലാത്ത ഒരുതരം ശാന്തതയാണ് എനിക്ക് കാണാൻ കഴിഞ്ഞത്.

" പുറത്തേക്കിറങ്ങുക ! "

വീണ്ടും അമ്മയുടെ ശബ്ദം മുഴങ്ങിക്കേട്ടു.

ഇതുവരേയുള്ള പെരുമാറ്റംവച്ച് അയാൾ അതിനു വഴങ്ങുമെന്നെനിക്കു തോന്നിയില്ല.

ഏതുനിമിഷവും അയാൾ അമ്മയെ ആക്രമിക്കുമെന്നാണെനിക്കു തോന്നിയത്.

ഇതുവരേയും പ്രാർത്ഥിച്ചിട്ടില്ലാത്ത മട്ടിൽ ഞാൻ ഉള്ളുരുകി ദൈവത്തിനെ വിളിച്ചു കൊണ്ടിരുന്നു.


വിചാരിച്ചതിനു വിരുദ്ധമായി അയാൾ പുറത്തേക്കിറങ്ങിത്തുടങ്ങി . മുറ്റത്തേക്കുള്ള ആദ്യ പടിയിറങ്ങി രണ്ടാമത്തേതിൽ കാൽവച്ചതും തീർത്തും പ്രതീക്ഷിക്കാതെ അയാളുടെ

ഇടതുകാലിൽ ഉപ്പൂറ്റിക്കു മുകളിലായി അമ്മയുടെ കൈയ്യിലെ  വെട്ടുകത്തി പതിച്ചു.

ജനലഴികളിൽ തൂങ്ങി നിന്നിരുന്ന എനിക്ക് ഒട്ടും വിശ്വസിക്കാനാവാത്തതായിരുന്നു അമ്മയുടെ ചടുലമായ നീക്കം. അയാളുടെ കാലിലെ മുറിവിൽനിന്ന് രക്തം കിനിഞ്ഞൊഴുകുന്നത് ജനാലയുടെ അഴികളിൽ അളളിപ്പിടിച്ചു നിന്നിരുന്ന എനിക്കു വ്യക്തമായി കാണാമായിരുന്നു.

 

വെട്ടുകൊണ്ടതും അയാൾ മുറ്റത്തേക്ക് മറിഞ്ഞു വീണതും ഒപ്പമായിരുന്നു.

പുറത്തുനിന്നരണ്ടുപേരും അലറിക്കൊണ്ട് അടുത്തേക്കു വന്നു. അയാൾ ഒരു ശബ്ദവുമുണ്ടാക്കിയില്ല. കിടന്നകിടപ്പിൽ തലയുയർത്തി ചൂണ്ടുവിരൽ ചുണ്ടിൽവച്ച് മിണ്ടരുതെന്ന് ആംഗ്യം കാട്ടി.

മുറിവിൽ നിന്നും രക്തം ചവിട്ടു പടിയിലും മുറ്റത്തുമായി വീണു കട്ടപിടിച്ചു തുടങ്ങി.

.

കാലിലെ മുറിവ് മരണകാരണമാകില്ലയെന്നറിയാമെങ്കിലും വൃക്ഷത്തലപ്പിൽ പതിവില്ലാതെ കാക്കകൾ കൂട്ടമായി കരഞ്ഞു ശബ്ദമുണ്ടാക്കുന്നത് എന്നിൽ സംശയത്തിന്റെ വിത്തുപാകി.


അനുചരരിൽ ഒരാളുടെ തോളിൽ കിടന്നിരുന്ന തോർത്തു കൊണ്ട് മുറിവിനു ചുറ്റും കെട്ടിയെങ്കിലും തുണി രക്തത്തിൽ കുതിർന്ന് ചോരത്തുള്ളികൾ നിലത്തുവീണുകൊണ്ടിരുന്നു. അയാൾ അവരുടെ സഹായത്തോടെ നിവർന്നിരുന്നു.

വശങ്ങളിൽ നിന്ന ഇരുവരുടേയും തോളിൽ കൈകളിട്ട് വലതുകാൽ മാത്രം നിലത്തൂന്നി നിന്ന അയാളെ അവർ ശ്രദ്ധാപൂർവം പുറത്തേക്കു കൊണ്ടുപോയി. ഒരു തവണ പോലും  ചുണ്ടുകൾകോടുകയോ വേദന അനുഭവിക്കുന്നലക്ഷണമോ അയാളിൽ നിന്നുണ്ടായിയില്ല എന്നത് എന്നെ

അത്ഭുതപ്പെടുത്തി..  ഒറ്റക്കാലിൽമുടന്തി പോവുമ്പോഴും മുറിവിലെ നനഞ്ഞു കുതിർന്ന തുണിയിൽ നിന്ന്  രക്തത്തുള്ളികൾ വീണുകൊണ്ടിരുന്നു.


ബക്കറ്റിൽ വെള്ളംകൊണ്ടുവന്നൊഴിച്ച് ചവിട്ടുപടിയിലേയും മുറ്റത്തേയും രക്തക്കറകൾ കഴുകി മാറ്റുന്ന അമ്മയെയാണ് പിന്നെ ഞാൻ കണ്ടത്.  സ്വയം ദേഹശുദ്ധി വരുത്തി വസ്ത്രം മാറിയ ശേഷമാണ് അമ്മ ഞങ്ങളുടെ മുറി തുറന്നു തന്നത്.


ഒന്നും പറഞ്ഞില്ലെങ്കിലും അച്ഛനെ ഭയം കീഴ്പ്പെടുത്തിയിരുന്നു. മന്ത്രിയും ഉയർന്ന പോലീസുദ്യോഗസ്ഥരുമൊക്കെയടങ്ങുന്ന അയാളുടെ കുടുംബാംഗങ്ങൾ വെറുതേയിരിക്കില്ലെന്നതാണ് അച്ഛന്റെ ആധിക്കു കാരണം. അതുവരേയും ധൈര്യവതിയായിരുന്ന അമ്മയെ അച്ഛന്റെ മൗനം  കുറച്ച് ബാധിച്ചെന്നു തോന്നി.  എന്നും അച്ഛന്റെ പിൻബലമായിരുന്നു അമ്മയുടെ കരുത്ത്. അച്ഛനിൽ വരുന്ന ഏതു ചെറിയമാറ്റം പോലും അമ്മയുടെ ആത്മവിശ്വാസത്തെതന്നെ ബാധിക്കാറുണ്ട്.

പോലീസിൽ നേരത്തേ പരാതിപ്പെടാതിരുന്നത് വിഡ്ഢിത്തമായെന്ന് അച്ഛൻ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു..


സന്ധ്യയോടെ വിവരമറിഞ്ഞ് അപ്പൂപ്പനും അമ്മാവനും അഞ്ചാറുപേരും ആയുധങ്ങളുമായി വന്നെത്തിയത്, അച്ഛനിൽ കാര്യമായ മാറ്റങ്ങളുണ്ടാക്കി. അച്ഛൻ അവരോട് സംസാരിക്കുകയും അവർക്കു വേണ്ട സൗകര്യങ്ങൾ ഒരുക്കിക്കൊടുക്കുന്നതിലും വ്യാപൃതനായി.

അപ്പൂപ്പൻ, ഞങ്ങൾ കുട്ടികളെ രണ്ടു പേരെയും ഭയവിമുക്തരാക്കുന്നതിലാണു ശ്രദ്ധിച്ചത്. മിന്നുമോൾക്ക് കഥകൾ പറഞ്ഞു കൊടുത്തു.  പുസ്തകത്തിലെ പാഠങ്ങൾ എന്നെക്കൊണ്ട് ഉച്ചത്തിൽ വായിപ്പിച്ചു.  വന്നവരാരും അന്നു തിരിച്ചു പോയില്ല. അപ്പൂപ്പൻ ഞങ്ങളോടൊപ്പമാണ് ഉറങ്ങാൻ കിടന്നത്. അമ്മാവനും മറ്റുള്ളവരും വരാന്തയിൽ പായവിരിച്ചു കിടന്നു.

രാത്രി വൈകിയും വരാന്തയിൽ നിന്ന് അമ്മാവന്റെയും കൂട്ടാളികളുടേയും സംസാരം കേൾക്കാമായിരുന്നു. ഒരു സുരക്ഷിതത്വബോധം എനിക്കുമുണ്ടായി.


പുറത്തു നിന്നൊരാക്രമണം ഏതു നിമിഷവുമുണ്ടാകാമെന്ന് കരുതി,

തുടർന്നുള്ള ദിവസങ്ങൾ വളരെ ജാഗരൂകമായാണ് മുന്നോട്ടു പോയത്.

ഒരാഴ്ച ഞങ്ങൾ രണ്ടുപേരും സ്ക്കൂളിൽ പോയില്ല , അച്ഛനും സന്ദർഭത്തിന്റെ ഗൗരവമുൾക്കൊണ്ട്  കുറച്ചധിക നാളത്തേക്ക് ലീവെടുത്തു.


അമ്മാവൻ ഇടക്കിടെ പറഞ്ഞുകൊണ്ടിരുന്നു. " ദെന്ത് ...... നാട്ടുകാരപ്പാ .... "

കൂടെ വന്നവരും അതു ശരിവച്ചു.

" പാർട്ടിക്കാരുപോലും എത്തി നോക്കുന്നില്ല.

എന്തൊരു നാട് ? "


തിങ്കളാഴ്ച  അച്ഛൻ ഞങ്ങളെ സ്ക്കൂളിൽ കൊണ്ടു പോയി , ഹെഡ്മാസ്റ്ററെക്കണ്ട് ലീവ് ശരിയാക്കി.  ഒരാഴ്ച എന്റെ അസാന്നിദ്ധ്യംഎന്തോ മാറ്റങ്ങൾ സ്ക്കൂളിൽ വരുത്തിയിട്ടുണ്ടെന്ന് എനിക്കു തോന്നി.  വീട്ടിലെ സംഭവവികാസങ്ങളൊന്നും ആരും അറിഞ്ഞ ലക്ഷണമില്ല. ആൻമേരിയോടു മാത്രം രഹസ്യമായി ഞാനെല്ലാം പറഞ്ഞു , വേറെ ആരോടും പറയരുതെന്ന നിബന്ധനയോടെ.


അല്പം ആശ്വാസം നൽകുന്ന വാർത്തയാണ് അമ്മാവൻ രാവിലെ എത്തിച്ചത്.

അന്നത്തെ സംഭവത്തിനു ശേഷം വിശ്വേശരൻ ബോംബെയ്ക്ക് തിരിച്ചു പോയത്രേ. നിർമ്മലയ്ക്കോ കുടുംബത്തിനോ ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടാക്കരുതെന്ന്  സ്വന്തം കുടുംബാംഗങ്ങൾക്കും അനുചരർക്കും പ്രത്യേകം നിർദ്ദേശം നൽകിയിട്ടാണത്രേ അയാൾ പോയത്.

എന്തിനും മടിക്കാത്ത സഹോദരങ്ങളും അനുയായികളുമൊക്കെയുള്ള അയാളുടെ കുടുംബം അടങ്ങിയിരിക്കണമെങ്കിൽ അയാൾക്ക് ആ കുടുംബത്തിൽ എത്ര കണ്ടു സ്ഥാനമുണ്ടെന്ന് ഊഹിക്കാവുന്നതാണ്. അയാളുടെ നിർദ്ദേശത്തിന് അത്രക്ക് വില കൊടുക്കുന്നതു കൊണ്ടാവും അവർ പ്രതികരിക്കാത്തത് , അച്ഛൻ അമ്മയോടു പറയുന്നതു കേട്ടു.


പിന്നീട് അമ്മ ഉത്സവാഘോഷങ്ങൾക്കൊന്നും പോകാതെയായി. ക്ഷേത്ര ദർശനം മാത്രം മുറതെറ്റാതെ നടത്തിപ്പോന്നു.  നാട്ടുകാരും അയൽക്കാരുമൊക്കെയുപേക്ഷിച്ച ഞങ്ങളുടെ വീട്ടിൽ,

ആൻമേരി മാത്രം മമ്മിയോടൊപ്പം ഇടക്കിടെ  വന്നുപോവുമായിരുന്നു.  അമ്മയും മമ്മിയുമായുള്ള ദീർഘസംഭാഷണം , ഞങ്ങൾ കുട്ടികൾക്ക് കളിക്കുവാനുള്ള അവസരമുണ്ടാക്കിത്തന്നുകൊണ്ടിരുന്നു..


അകന്നുപോയ അയൽക്കാരും ഇളംതിണ്ണ കൂട്ടായ്മയും ഏറെക്കാലത്തിനു ശേഷം മാത്രമാണ് സജീവമാകുന്നത്. അപ്പോഴേക്കും അങ്ങോട്ടേക്ക് പ്രവേശനം ലഭിക്കാത്ത വിധം പ്രായവ്യത്യാസം വന്നിരുന്നു , എനിക്ക്.


എങ്കിലും അവിടെയൊക്കെ അമ്മയുടെ സൗന്ദര്യം മാത്രമല്ല , ധൈര്യവും കാര്യപ്രാപ്തിയും കൂടി  ചർച്ച ചെയ്യപ്പെടുന്നത് എനിക്കു അറിയാൻ കഴിഞ്ഞിരുന്നു.

.........: : ......


റിപ്പോർട്ടുകളും കണക്കുകളുമാണ് ഒഴിവു ദിനങ്ങളെ ഒഴിവുദിനങ്ങളല്ലാതാക്കുന്നത്.  വീടിന്റെ സ്വസ്ഥതയിൽ മാത്രം തീർത്തെടുക്കാവുന്ന കുരുക്കുകൾ വീട്ടിലേക്കു കെട്ടിയെടുക്കുന്നതിൽ ലതയ്ക്ക് പലപ്പോഴും പ്രതിഷേധമുണ്ട്. അന്നും കണക്കുമായി മല്ലിട്ടുകൊണ്ടിരിക്കുമ്പോഴാണ് പുറത്താരോ കാണാൻ വന്നിരിക്കുന്നുവെന്ന് ലത പറയുന്നത്. ആരാണെന്ന ചോദ്യത്തിന് അവൾക്ക് വ്യക്തമായ മറുപടിയില്ലായിരുന്നു.

പ്രായമായഒരാൾ എന്നാണവൾ പറഞ്ഞത്.


നിറപുഞ്ചിരിയുമായിരുന്നിരുന്ന വൃദ്ധന്റെ മുഖമാകെ എന്തോ അസാധാരണത്വം എനിക്കു കാണാൻ കഴിഞ്ഞു.    നരച്ച താടിയെങ്കിലും പ്രകാശിക്കുന്ന കണ്ണുകൾ എന്തോ ഓർമിപ്പിക്കുന്നുണ്ടായിരുന്നു. കണ്ടതും അന്വേഷിക്കുന്ന പോലെ അടിമുടിയുള്ള അയാളുടെ ചൂഴ്ന്നനോട്ടം എന്നെ അല്പം അസ്വസ്ഥനാക്കാൻ പോന്നതായിരുന്നു.

അതിലൊന്നും അനിഷ്ടം പ്രകടിപ്പിക്കാതെ അയാൾക്കെതിരെ കസേരയിലിരുന്നു.

ആരാണിയാളെന്ന എന്റെ ചിന്തകൾക്കിടയിലെപ്പോഴോ അയാൾ ചോദിച്ചു.

" എന്നെ മനസ്സിലായോ ? "

ചുണ്ടിൽ ഒരു ചിരിവരുത്തിയാണ് എന്റെ അജ്ഞത പ്രകടിപ്പിച്ചത്.

ലത കൊണ്ടുവന്ന ചായ നുണഞ്ഞു കൊണ്ട്

അയാൾ പറഞ്ഞു.

" നല്ല ചായ "

കസേരകൾക്കുമുകളിലൂടെ, ജനലഴികൾക്കിടയിലൂടെ അയാളുടെ ദൃഷ്ടികൾ പുറത്തേക്കു നീണ്ടു.

"എല്ലാം മാറിപ്പോയിരിക്കുന്നു. തെക്കുവശത്തു നിന്നിരുന്ന പുളിമരം ഓർമയിൽ വരുന്നു. "

ഓണഊഞ്ഞാലിനെ സ്മരണയിൽ നിന്ന് പരതിയെടുക്കുന്നതായിരുന്നു അയാളുടെ ആ ഓർമപ്പെടുത്തൽ .

" പുതിയ വീട് കുറച്ചു കൂടി മുന്നോട്ടു ചേർന്നാണ് , അല്ലേ ? "

ഇപ്പോൾ അയാൾ ആരെന്ന സംശയം നീങ്ങിയിരിക്കുന്നു.  അയാൾ രണ്ടുതവണ വന്നപ്പോഴും പുറത്തു കാത്തുനിൽക്കാനാളുണ്ടായിരുന്നു. എന്നാൽ ഇത്തവണ പുറത്താരുമുണ്ടായിരുന്നില്ല.  കഴിഞ്ഞതവണ വന്നപ്പോഴുള്ള അരക്ഷിത ബോധമൊന്നും ഇപ്പോഴുണ്ടാകേണ്ട കാര്യമില്ലല്ലോ .

" ഒറ്റയ്ക്കാണോ ? "

പരിചയപ്പെടുത്താതെ തന്നെ മനസ്സിലാക്കിയതിൽ അല്പം ആശ്ചര്യം അയാളിലുണ്ടായെന്നു തോന്നി.

"അതെ "

" ഫാമിലി ?"

ഇപ്പോൾ അയാൾ ഒന്നു ചിരിച്ചു

" അവിവാഹിതനാണ് "

അതിൽ അയാൾക്ക് അല്പം അഭിമാനമുള്ളതു പോലെ .

" അമ്മയുമച്ഛനും അവസാനം വരെ എന്റെ കൂടെയായിരുന്നു. "

" ഇങ്ങോട്ടൊന്നും വരാറില്ലായിരുന്നോ ?"

വീണ്ടും അയാളുടെ ചുണ്ടിൽ മന്ദഹാസം തെളിഞ്ഞു.

" ഒരു തവണ ..... ഒരു തവണ മാത്രം വന്നു. "

അമ്മ മരിച്ചപ്പോൾ ബോംബെയിൽ നിന്ന് അയാൾ വന്നിരുന്നെന്ന് ചെറിയച്ഛൻ പറഞ്ഞത് ഓർമ്മ വന്നു. തിരക്കിനിടയിൽ കണ്ടതായോർക്കുന്നില്ല.

" അടുത്ത വർഷം തന്നെ അച്ഛനും പോയി "

" അറിഞ്ഞിരുന്നു. വരാൻ കഴിഞ്ഞില്ല.... ആരോഗ്യപ്രശ്നം"

ഇപ്പോഴത്തെ വരവ്എന്തിനെന്ന് എന്നെക്കൊണ്ട് ചോദിക്കാതെ തന്നെ അയാൾ എഴുന്നേറ്റു .

അടുത്ത കസേരയിൽ വാക്കിങ്ങ്സ്റ്റിക്കിനൊപ്പം വച്ചിരുന്ന തുണിസഞ്ചിയിൽ നിന്ന് കട്ടിയുള്ള ഒരു കടലാസുചുരുൾ എടുത്ത്  എന്നെ ഏല്പിച്ച ശേഷം അയാൾ പറഞ്ഞു.

" എങ്കിൽ ഇറങ്ങട്ടെ "

നരച്ച രോമങ്ങൾക്കിടയിലെ പുഞ്ചിരി  

പഴയകാല സംഭവങ്ങൾ ഓർത്തിട്ടാവുമെന്നെനിക്കു തോന്നി.


" എങ്ങനെ വന്നു ? ഞാൻ കൊണ്ടു വിടാം"

എന്റെ നിർദ്ദേശം സ്നേഹപൂർവം നിരസിച്ചു കൊണ്ട് അയാൾ പറഞ്ഞു.

" ചേട്ടന്റെ മോനാണ് കൊണ്ടുവന്നാക്കിയത്. അവൻ വരും. "

തറവാട്ടിൽ അയാളുടെ ജ്യേഷ്ഠന്റെ മോനാണ് താമസിക്കുന്നതെന്ന്. ഞാനോർത്തു.


അയാൾ പുറത്തേക്കിറങ്ങിയപ്പോൾ നാല്പത്തഞ്ചു വർഷങ്ങൾക്ക് മുമ്പെ ഇങ്ങനെയിറങ്ങിയ സന്ദർഭം ഞാനോർത്തു.

അയാളും അതു തന്നെ ഓർത്തതു കൊണ്ടാവും അർത്ഥഗർഭമായി എന്നെ നോക്കിയത്. ആ പരിക്കിന്റെ ബാക്കിപത്രമാവണം ഇടതുകാലിലെ ചെറിയ മുടന്ത് . മുടന്തിനെയും പ്രായമേല്പിച്ച പോരായ്മയെയും അയാൾ വാക്കിങ്ങ്സ്റ്റിക്കിനാൽ മറികടക്കാൻ ശ്രമിക്കുകയായിരുന്നു.

ഗേറ്റിൽ കാത്തുകിടന്നിരുന്നകാറിലേക്ക് കയറുന്നതിന് മുമ്പ് ലേശം വികാരഭരിതനായി അയാൾ എന്റെ കൈ കടന്നുപിടിച്ചു. എന്തു പറയണമെന്നറിയാതെ ഒരു നിമിഷം അയാൾ പകച്ചു നിന്നു.

" ഇനി കേരളത്തിലേക്ക് ഒരു വരവുണ്ടാവില്ല ....."

ഇനിയും എന്തോ പറയണമെന്നയാൾക്കുണ്ടായിരുന്നു.

എന്റെ കൈയിലെ പിടിത്തം മുറുകിയതല്ലാതെ വാക്കുകളൊന്നും പുറത്തേക്കു വന്നില്ല.

എന്റെ ചുണ്ടിലും വാക്കുകൾ നിർജ്ജീവാവസ്ഥയിലായിക്കഴിഞ്ഞിരുന്നു.


കൈവിടുവിച്ച് ഞാൻ  അയാളെ കാറിലേക്കു പിടിച്ചു കയറ്റുമ്പോൾ അയാൾക്ക് വീണ്ടും ചിരിക്കാൻ കഴിഞ്ഞിരുന്നു.  


അകന്നു പോവുന്ന കാറിന്റെ താഴ്ത്തിവച്ച വിന്റോയിലൂടെ വൃദ്ധന്റെ ദുർബലമായ കൈ എന്നെ ലാക്കാക്കി വീശിക്കൊണ്ടിരുന്നു.

വാഹനം കാഴ്ചയിൽ നിന്നു മറയുന്നവരെ ഞാൻ ഗേറ്റിൽ നിന്നു.


തിരികെ എത്തുമ്പോൾ ലത അയാളേൽപ്പിച്ച കാൻവാസ് നിവർത്തി നോക്കുകയായിരുന്നു.

എനിക്ക് എട്ടുവയസുള്ളപ്പോഴുള്ള അമ്മയുടെ ചിത്രമായിരുന്നു അത്. അമ്മ ഏറ്റവും സുന്ദരിയായിരുന്ന സമയത്തേത്.

ലതയിൽ നിന്ന് ആശ്ചര്യസൂചകമായ ചില ശബ്ദങ്ങൾ പുറത്തുവന്നു. അമ്മയുടെ ഇത്രയും മനോഹരമായ രൂപം അവൾ ആദ്യമായാവും കാണുന്നത്.

" ഇത് ലാമിനേറ്റ് ചെയ്യണം ! "

ചിത്രത്തിൽ നിന്ന് കണ്ണെടുക്കാതെ ലത പറഞ്ഞു.

ചെവിയുടെ വശങ്ങളിലെ ചുരുൾമുടിയും നെറ്റിയിലേക്കു വീണുകിടക്കുന്ന കുറുനിരയുമൊക്കെ എത്ര മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നത്. ഏറ്റവും പ്രധാനം ചരിഞ്ഞു നോക്കിയുള്ള ആ പുഞ്ചിരി തന്നെ. ചെറുപ്പത്തിൽ എന്റെയും മിന്നുവിന്റെയും കുസൃതികൾ സഹിക്കവയ്യാതാവുമ്പോൾ ക്ഷമകെട്ട് അമ്മ നോക്കിയിരുന്നത് അങ്ങനെയാണെന്ന് ഞാനോർത്തു.

ചിത്രത്തിനുതാഴെ , വരച്ച  കലാകാരന്റെ പേര് വ്യക്തമായി  ആലേഖനം ചെയ്തതിൽ എന്റെ കണ്ണുകൾ ഉടക്കി നിന്നു. വിശ്വേശരൻ എന്നായിരുന്നു , ആ പേര്.


...............................…

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക