Image

മുല്ലാച്ചി ഇത്തമാരും മുസ്ലിം പൗരോഹിത്യവും (ഷുക്കൂർ ഉഗ്രപുരം)

Published on 25 September, 2024
മുല്ലാച്ചി ഇത്തമാരും മുസ്ലിം പൗരോഹിത്യവും (ഷുക്കൂർ ഉഗ്രപുരം)

ഓരോ മത വിഭാഗങ്ങളിലും നവോത്ഥാനമെത്തുന്നതിന് മുമ്പ് ചെറിയ രീതിയിലെങ്കിലും  മതപുരോഹിതർ സാമൂഹിക മേധാവിത്വം പുലർത്തിയിരുന്നു. കേരളത്തിൻറെ സാഹചര്യത്തിൽ കൃസ്ത്യൻ ഹൈന്ദവ പുരോഹിതരെ അപേക്ഷിച്ച് മുസ്ലിം പുരോഹിതരുടെ സാമുദായിക മേധാവിത്വം ചെറിയ രീതിയിലുള്ളതായിരുന്നു എന്ന് പറയേണ്ടി വരും. അത് കൊണ്ട് തന്നെ മുസ്ലിം സ്ത്രീ സമൂഹത്തിന് മേൽ ഇന്ന്  കൊട്ടിഘോഷിക്കുന്ന വലിയ രീതിയിലുള്ള  മുസ്ലിം പൗരോഹിത്യമൊന്നും നില നിന്നിരുന്നില്ല. അന്നത്തെ സാമൂഹിക സാഹചര്യത്തിൽ മറ്റു മത വിഭാഗങ്ങളിൽ നില നിന്നിരുന്ന സ്ത്രീ വിരുദ്ധ കാഴ്ചപ്പാടുകൾക്ക് സമാനമായോ അല്ലങ്കിൽ അതിലും കുറഞ്ഞ രീതിയിലോ മാത്രമാണ് മുസ്ലിം സമുദായത്തിലും പുരുഷ മേധാവിത്വവും പൗരോഹിത്യവും നില നിന്നിട്ടുള്ളത് ന്നത്. എന്നാൽ അവയെ ന്യായീകരിക്കാനോ ചെറുതായിക്കാണാനോ സാധ്യമല്ല. മുസ്ലിം സമൂഹത്തെ വിദ്യാഭ്യാസത്തിലൂടെയും സാംസ്കാരിക പ്രവർത്തനങ്ങളിലൂടെയും സംസ്ക്കരിക്കാനായി സ്റ്റേജിലും പേജിലും ശബ്ദിച്ചത് വലിയ ഒരളവോളം മുസ്ലിം സമുദായത്തിനകത്തെ  പണ്ഡിതന്മാർ തന്നെയായിരുന്നു. പലപ്പോഴും മുസ്ലിം സമുദായത്തിനകത്തെ കടുത്ത വിമർശകരും ഉല്പതിഷ്ണുക്കളുമായി അവതരിച്ചവരെക്കാളും കൂടുതൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇവർക്കായി. ചേകനൂർ മൗലവിയെ പോലെ മത നവീകരണ ആശയവുമായി വന്നവർ പോലും എൻ.പി മുഹമ്മദ് പറഞ്ഞത്  പോലെ കടുത്ത ‘മുസ്ലിയാരിസം’ ബാധിച്ചവരായിരുന്നു. മുസ്ലിം സമുദായത്തിലെ ഒരുശതമാനം പോലും ആളുകളിൽ ചേകനൂർ വാദികൾക്ക്  സാമൂഹിക മാറ്റം സൃഷ്ടിക്കാനായില്ല. മുസ്ലിം കർമ്മ ശാസ്ത്രത്തിലെ ചില ഭാഗങ്ങളിൽ പിടിച്ചു തൂങ്ങി അധര വ്യായാമത്തിലേർപ്പെടുകയും ബഹുഭാര്യാത്വത്തെ ന്യായീകരിക്കുകയും ജീവിതത്തിൽ ഒന്നിലേറെ ഭാര്യമാരെ വിവാഹം ചെയ്ത് സ്വയം പരിഷ്‌ക്കരിക്കാൻ പോലുമാവാതെ ഒതുങ്ങുകയുമാണ് ചേകനൂർ മൗലവി പോലും ചെയ്തത്.

ഞങ്ങളുടെ ഗ്രാമത്തിൽ ഏവരും വളരെയേറെ ആദരിച്ചിരുന്ന ഒരു വയോധികയുണ്ടായിരുന്നു, ‘മൊല്ലാച്ചി പാത്തുമ്മാത്ത’ എന്നായിരുന്നു അവരെ ആളുകൾ വിളിച്ചിരുന്നത്. നാട്ടിലെ മുസ്ലിം മത പണ്ഡിതരൊക്കെ അവരെ കണ്ടാൽ എഴുന്നേറ്റ് നിന്ന് ബഹുമാനം പ്രകടിപ്പിക്കുമായിരുന്നു. ഇവർ അറബി അക്ഷരമാലയും വിശുദ്ധ ഖുർആൻ പാരായണവും പഠിപ്പിച്ച ഒത്തിരി പേർ നാട്ടിലുണ്ട്. അവരിൽ ചില ആൺകുട്ടികൾ പിന്നീട് വലിയ  മത പണ്ഡിതന്മാരും വാഗ്മികളുമൊക്കെ ആയി മാറിയിട്ടുമുണ്ട്. മലബാറിൻറെ പല ഭാഗങ്ങളിലും ഇങ്ങനെ അറബി അക്ഷരമാലയും ഓത്തും പഠിപ്പിച്ചിരുന്ന ഇത് പോലുള്ള സ്ത്രീ മൗലവിമാരുണ്ടായിരുന്നു. സാധാരണ ഏറനാടൻ മുസ്ലിം സ്ത്രീകളുടെ വേഷം തന്നെ യായിരുന്നു അവരുടെ വേഷവും, കാച്ചിത്തുണിയും ഏറനാടൻ പെൺ കുപ്പായവും തട്ടവുമായിരുന്നു  വേഷം.  ഒരുപാട് പ്രമുഖ മുസ്ലിം മത പണ്ഡിതന്മാരുടെ ഗുരുനാഥകളായി ഇങ്ങനെയുള്ളവരുണ്ട്. ചരിത്ര നിദാനങ്ങളായിരിക്കാം  ഇന്ത്യയിൽ അവരെ ‘മൊല്ലാച്ചി’മാരാക്കി മാറ്റിയത്. പ്രവാചക പത്നിമാരിൽ ചിലരും പ്രവാചക പുത്രി ആദരണീയരായ ഫാത്തിമ സഹ്റയും (റ) വിശുദ്ധ ഖുർആൻ, ഹദീസ്, കർമ്മശാസ്ത്ര പണ്ഡിതകളായിരുന്നു. അവർ റിപ്പോർട്ട് ചെയ്ത ഒരുപാട് ഹദീസുകൾ ഇന്നും ഇസ്‌ലാമിക ലോകത്തെ ചലിപ്പിക്കുന്നുണ്ട്. യുദ്ധ, ഭരണ, ചരിത്ര, പരിഞ്ജാനമുള്ള അനേകം മുസ്ലിം മഹിളകളും എഴുതപ്പെടാത്തവരായി മലബാറിലുൾപ്പെടെ ജീവിച്ച് പോയിട്ടുണ്ട്.  

മൊല്ലാച്ചിമാർ ഉണ്ടായതെങ്ങിനെ?    

ബ്രിട്ടീഷിന്ത്യയിൽ മുമ്പ് സ്കൂളുകളിൽ വെച്ച് നടന്നുവന്നിരുന്ന മത പഠനം  ബ്രിട്ടീഷുകാർ എടുത്ത്  കളഞ്ഞു. പിന്നീട് 1925ൽ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ  നിലവിൽ വരുന്നത് വരെ വീടുകളിലും ഓലഷെഡ്ഡുകളിലും ഓത്തു പള്ളികൾ എന്ന പേരിൽ ഇസ്‌ലാമിക മത പഠനം നടന്നുവന്നിരുന്നു. ഖുർആൻ പാരായണം ചെയ്യാനും  അത് മറ്റുള്ളവർക്ക് പകർന്നു കൊടുക്കാനും ഏറെക്കുറെ കഴിവുള്ളവരും മത  ചിട്ടയിൽ ജീവിക്കുന്നവരുമായ ചിലർ ഭൗതികമായ ലാഭമൊന്നും  പ്രതീക്ഷിക്കാതെ എല്ലാ നാടുകളിലും ധാരാളം പേർ (മുസ്ലിം  സ്ത്രീകളും പുരുഷൻമാരും) സേവനം ചെയ്തിരുന്നു. ഖുർആൻ പഠനത്തിന് വേറെ മാർഗ്ഗങ്ങളൊന്നുമില്ലാത്ത ആ കാലഘട്ടത്തിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഒരു പോലെ ആശ്രയമായിരുന്നു ‘മൊല്ലാച്ചി’കൾ എന്ന ഏറനാടൻ ഗ്രാമീണ ഭാഷയിൽ പേര് വിളിക്കപ്പെട്ടിരുന്ന മുസ്ലിം സ്ത്രീ മൗലവിമാര്. അറേബ്യയിൽ മസ്ജിദുകളിലേയും മദ്രസുകളിലേയും ജോലിക്കാരും കാര്യസ്ഥന്മാരുമായിരുന്ന പുരുഷന്മാരെ ''മുല്ലാക്ക്'' അധികാരി എന്നർത്ഥമുള്ള അറബി പദം കൊണ്ട് അഭിസംബോധന ചെയ്യാറുണ്ടായിരുന്നു, ഈ ''മുല്ലാക്ക്'' എന്ന അറബി പദത്തെ മലബാറുകാർ അവരുടെ ഗ്രാമ്യ നാട്ടു വാമൊഴിയിലേക്ക് മാറ്റിയാണ് ''മൊല്ലാക്ക'' എന്ന പദം നിർമിച്ചത്. ''മൊല്ലാക്ക'' എന്ന പദത്തിൻറെ സ്ത്രീലിംഗമായിട്ടാണ് ''മൊല്ലാച്ചി'' എന്ന പദം ഏറനാട്ടുകാർ രൂപപ്പെടുത്തിയതെന്ന് വേണം കരുതാൻ. 
കൂടുതൽ മൊല്ലാച്ചിമാരുടേയും പിതാവും ഭർത്താവുമൊക്കെ  മൊല്ലാക്കൻമാരായതും ഓത്തുപഠിപ്പിക്കുന്നവരായി എന്നതും മൊല്ലാച്ചി എന്ന പേര് വരാൻ കാരണമായിട്ടുണ്ടാകാം. അങ്ങനെ അല്ലാത്തവരും അക്കൂട്ടത്തിലുണ്ടായിരുന്നു.  അക്കാലത്ത് മുസ്ലിം മത പുരോഹിതന്മാർക്ക് ലഭിച്ച തുല്ല്യ ‘പ്രിവിലേജ്’ ആ മുല്ലാച്ചിമാർക്കും ലഭിച്ചിരുന്നു. ചെറിയ രീതിയിൽ ഗുരുകുല സമ്പ്രദായത്തോട് സാമ്യമുള്ള വ്യവസ്ഥിതിയായിരുന്നു ഇത്. മൊല്ലാച്ചിയുടെ വീട്ടിലേക്ക് ഓത്ത് പഠിക്കാൻ പോകുകയും ഏതാനും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന  പഠന സമയം അവിടെ ചിലവഴിക്കുകയും ചെയ്യുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. കുട്ടികൾ പലപ്പോഴും തേങ്ങയും അരിയും പണവും മൊല്ലാച്ചിമാർ ആവശ്യപ്പെടാതെ തന്നെ അവർക്ക്  കൊണ്ട് കൊടുക്കാറുണ്ടായിരുന്നു. ആൺ കുട്ടികൾ പഠിച്ച് വളർന്നതിന് ശേഷം പണം സമ്പാദിക്കുന്നവരായാൽ മൊല്ലാച്ചിമാർക്ക് ഇടക്കൊക്കെ കാണുമ്പോൾ പണവും വീടുകളിലേക്ക് വരുമ്പോൾ തേങ്ങയും അരിയും ഭക്ഷ്യ വസ്തുക്കളും നല്കാറുണ്ടായിരുന്നു. മുസ്ലിം മത സമൂഹത്തെ പരുവപ്പെടുത്തി എടുക്കുന്നതിൽ പഴയ കാലത്ത് മുസ്ലിം ‘മുല്ലാക്ക’മാർ നിർവ്വഹിച്ച അതേ പങ്ക് ‘മുല്ലാച്ചി’മാരും നിർവ്വഹിച്ചു എന്ന് വേണം മനസ്സിലാക്കാൻ. 1921ലെ ഖിലാഫത്ത് സ്വാതന്ത്ര്യ സമര പോരാട്ട കാലത്ത് മലബാറിലെ പുരുഷന്മാർ ഒളിവിൽ പോയപ്പോൾ അനേകം മയ്യിത്തുകൾ മറവ് ചെയ്തതും മയ്യിത്ത് നമസ്‌കാരങ്ങൾക്ക് നേതൃത്വം നൽകിയതും ‘മുല്ലാച്ചി’മാരുൾപ്പെടെയുള്ള മുസ്ലിം സ്ത്രീകളായിരുന്നു എന്നത് ചരിത്രം രേഖപ്പെടുത്തിയിട്ടുണ്ട്.

മലബാർ ഝാൻസിറാണി മാളു ഹജ്ജുമ്മ

പ്രമുഖ സ്വാതന്ത്ര്യ സമര പോരാളി വാരിയൻ കുന്നൻ കുഞ്ഞഹമ്മദ് ഹാജിയുടെ ഭാര്യ മാളു ഹജ്ജുമ്മ വലിയ മത പണ്ഡിതയായിരുന്നു. ബ്രിട്ടിഷ് പട്ടാളത്തിനെതിരെ ആയുധമേന്തി നേരിട്ട് പോരാടിയ ഏറനാടൻ ഝാൻസിറാണിയാണവർ. ബ്രിട്ടീഷ് സാമ്രാജ്യത്തെ വിറപ്പിച്ച കുഞ്ഞഹമ്മദ് ഹാജിയോട് മുഹബത്ത് തോന്നി അവരെ മംഗല്യം കഴിച്ച മാളു ഹജ്ജുമ്മയുടെ ജീവിതം വിപ്ലവകരമായിരുന്നു. അക്കാലത്ത് കരുവാരക്കുണ്ടിലെ ജുമാമസ്ജിദ് കമ്മിറ്റി അംഗമായിരുന്നു മഹതി, അക്കാലത്ത് ഇന്നത്തെ പോലെ വ്യാപകമായി കേരളത്തിൽ സ്ത്രീ പള്ളി പ്രവേശനമൊന്നും അനുവദിക്കപ്പെട്ടിരുന്നില്ല. സ്ഥിരമായി കമ്മിറ്റി യോഗങ്ങളിൽ മാളു ഹജ്ജുമ്മ  പങ്കെടുക്കാറുമുണ്ടായിരുന്നു എന്ന് പറയുന്നു, മസ്ജിദിലെ ഖതീബിൻറെ മുറിക്കപ്പുറത്ത് ഹജ്ജുമ്മയ്ക്ക് ഇരിക്കാനായി പ്രത്യേകം ഇരിപ്പിടമൊക്കെ തയ്യാറാക്കിയിരുന്നു. ഇവർ വലിയ സാമൂഹിക പ്രവർത്തകയും ദാനധർമിഷ്ടയുമായിരുന്നു. ഓത്ത് പള്ളികൾക്കും ദറസ് പാഠശാലകൾക്കും മസ്ജിദുകൾക്കും മറ്റും ഇവർ ഭൂമിയും പണവുമൊക്കെ നൽകിയിട്ടുമുണ്ട്.  

കരുവാരക്കുണ്ട് സ്വദേശിനിയായ മാളു ഹജ്ജുമ്മയാണ്  ആ പ്രദേശത്ത് ആദ്യമായി ബലിപെരുന്നാളിന് ഉളുഹിയ്യത്തറുത്ത ആദ്യ വനിത. പണവും മത ബോധവുമുള്ള പുരുഷന്മാർ മാത്രമായിരുന്നു അക്കാലത്ത് ഉളുഹിയ്യത്തിലൊക്കെ ഭാഗഭാക്കായിരുന്നത്. അന്നത്തെ കാലത്ത് നാലാം ക്ലാസ് വരെ അവർ സ്കൂളിൽ പഠിച്ചിട്ടുണ്ട്. നന്നായി മലയാളവും അറബിയും അറബിമലയാളവുമൊക്കെ എഴുതാനും വായിക്കാനും അവർക്കറിയുമായിരുന്നു.  റോഡരികിലൂടെ നടന്നു പോകുന്ന മാളു ഹജ്ജുമ്മത്തയെ കാണുമ്പോൾ മുതിർന്നവരും കുട്ടികളും ആണും പെണ്ണുമൊക്കെ ബഹുമാനത്തോടെ എഴുന്നേറ്റ് നിന്നിരുന്നു.  മുസ്ലിം പുരുഷന്മാർക്ക് പോലും ഹജ്ജ് സ്വപ്നമായി മാത്രം തുടർന്നിരുന്ന അക്കാലത്ത് ഏഴ് തവണയാണ് അവർ മക്കയിലും മദീനയിലും പോയി ഹജ്ജ് കർമ്മം നിവ്വഹിച്ചത്!  കാച്ചിത്തുണിയും ഏറനാടൻ പെൺകുപ്പായവും മുഖമക്കനയുമായിരുന്നു അവരുടെ വേഷം. കയ്യിലൊരു വടിയും അരയിലെ ബെൽറ്റിൽ ഒരു കത്തിയും അവർ സദാ സൂക്ഷിച്ചു പോന്നു. വാരിയൻ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയോടൊപ്പം ബ്രിട്ടീഷുകാർക്കെതിരെ പോരാടിയതിന് ശേഷമാണ് സായുധയായി നടക്കുന്ന ശീലം അവർ തുടങ്ങിയത്.   വാരിയൻ കുന്നത്തിൻറെ അവസാന നാളുകളിൽ നിലംബൂരിലെ സങ്കേതമായിരുന്ന കല്ലാമൂലയിൽ മാളു ഹജ്ജുമ്മയും കൂടെയുണ്ടായിരുന്നു. രാജ്യസ്നേഹിയായ ഒരു പോരാളിയെ വിവാഹം ചെയ്ത മറ്റൊരു രാജ്യസ്നേഹിയായ പോരാളിയായിരുന്നു മാളു ഹജ്ജുമ്മ. 1960 ലാണ് ഇവർ മരണമടഞ്ഞത്. ഇസ്‌ലാമിക ചരിത്രത്തിലെ ആസിയ ബീവിക്കും റസിയ സുൽത്താനക്കും ആബിദ ബീഗത്തിനും ഒപ്പം ചേർത്ത് വെക്കേണ്ട പേരാണ് ഏറനാട്ടുകാരി മാളു ഹജ്ജുമ്മയുടേത്.

മുസ്ലിം പൗരോഹിത്യം സ്ത്രീകളെ ബാധിച്ചുവോ ?

മുസ്ലിം യുവതികളും യുവാക്കളും ബ്രിട്ടീഷിന്ത്യയിലെ അവസാന കാലത്തും സ്വതന്ത്ര ഇന്ത്യയിലെ ആദ്യ കാല  സാമൂഹിക സാഹചര്യത്തിലും ഏറ്റവും കൂടുതൽ അവഗണിക്കപ്പെട്ടത് അവരുടെ സ്വന്തം വിവാഹക്കാര്യത്തിൽ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടാണ്. പലപ്പോഴും വിവാഹിതരാകാൻ പോകുന്നവർ ഒരു തവണ പോലും പരസ്പരം കാണാതെയാണ് കല്ല്യാണം കഴിച്ചിരുന്നത്. ഇക്കാര്യങ്ങളിലെല്ലാം തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം രക്ഷിതാക്കൾക്ക് മാത്രമായിരുന്നു. സ്ത്രീധന സമ്പ്രദായവും അന്ന് നില നിന്നിരുന്നു. പത്താം വയസ്സിലും പതിമൂന്നാം വയസ്സിലും ഈ അടുത്ത കാലം വരെ പതിനഞ്ചാം വയസ്സിലും മുസ്ലിം പെൺകുട്ടികളെ കല്ല്യാണം കഴിച്ച് വിടുന്ന  രീതി നിലവിലുണ്ടായിരുന്നു.  മുസ്ലിം നവോത്ഥാന പ്രസ്ഥാനങ്ങളും സാമൂഹിക പരിഷ്കരണങ്ങളും വിദ്യാഭ്യാസ പ്രസ്ഥാനങ്ങളും ഇത്തരം ഉച്ചനീചത്വങ്ങളെ ഉന്മൂലനം ചെയ്യുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്ത്രീ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിച്ച അതിൻറെ നേതാക്കളായ മുൻ മുഖ്യമന്ത്രി സി. എച്ച് മുഹമ്മദ് കോയ സാഹിബിനും സയ്യിദ് അബ്ദുറഹ്മാൻ ബാഫഖി തങ്ങൾക്കും സ്ത്രീ വിദ്യാഭ്യാസത്തെ പുരോഗതിയിലെത്തിച്ചതിൽ വലിയ പങ്കുണ്ട്. കേരളത്തിലെ മുസ്ലിം വിഭാഗങ്ങളിൽ ഏറ്റവും കൂടുതൽ പേർ പിന്തുടരുന്നത് ‘സുന്നീ’ ചിന്താ കർമ്മധാരയാണ്. അവരുടെ പരമോന്നത മത പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നേതാവുകൂടിയായിരുന്നു ബാഫഖി തങ്ങൾ. മുസ്ലിം ഉല്പതിഷ്ണുക്കളായ നവോത്ഥാനനായകരേക്കാൾ മുസ്ലിം സമുദായത്തിൽ സ്വാധീനം ചെലുത്താൻ ബാഫഖി തങ്ങളെ പോലുള്ളവർക്കായി.   ഇന്ന് ഇന്ത്യയിൽ മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ജില്ല മലപ്പുറമാണ്. ഈ സ്ത്രീ വിദ്യാഭ്യാസ മുന്നേറ്റത്തിന് നിതാനമായത് ഇവിടുത്തെ മുസ്ലിം സമുദായത്തിനകത്ത് നിന്നുമുള്ള പരിഷ്ക്കരണങ്ങളാണ്. അവ മതത്തെയോ മതാനുഷ്ടാനങ്ങളേയോ തള്ളിപ്പറഞ്ഞു കൊണ്ടായിരുന്നില്ല സംഭവിച്ചത്.  

മുസ്ലിം വിഭാഗത്തിൽ സ്ത്രീധന സമ്പ്രദായം ഈ അടുത്ത കാലം വരെ വളരെ കൂടുതലായിരുന്നു. നിക്കാഹ് കഴിഞ്ഞ ഉടനെ തന്നെ വധുവിൻറെ പിതാവ് സദസ്സിൽ എഴുന്നേറ്റ് നിന്ന് പരസ്യമായി സ്ത്രീധന തുക കൈമാറുന്ന വ്യവസ്മഥിതി നിലവിലുണ്ടായിരുന്നു, വിശുദ്ധമായ സ്ഥലമെന്ന് കണക്കാക്കപ്പെടുന്ന മസ്‌ജിദിനകത്ത് നിന്ന്  പോലും യാതൊരു ലജ്ജയുമില്ലാതെ ഇത്തരം പണം വധുവിൻറെ പിതാവിൽ നിന്നും  വരൻറെ ആളുകൾ  സ്വീകരിക്കാറുണ്ടായിരുന്നു.  എന്നാൽ ഏറ്റവും രസകരമായ കാര്യം വളരെ നിരുപദ്രവകരമായ നിക്കാഹ് ഫോട്ടോ എടുക്കുന്നത് പലമസ്ജിദുകൾക്കകത്തും തടയപ്പെടാറുണ്ടായിരുന്നു!! ഈ അടുത്ത കാലം വരെ മുതിർന്നവരായ മുസ്ലിം പണ്ഡിതരിൽ ഒരു വിഭാഗം പരസ്യമായി സ്ത്രീധനത്തെ ന്യായീകരിക്കുന്നവരായിരുന്നു. എന്നാൽ യുവ പണ്ഡിതരിൽ ഒരു വിഭാഗം ശക്തമായി സ്ത്രീധന സമ്പ്രദായത്തെ രൂക്ഷമായി വിമ ർശിക്കുന്നവരുമായിരുന്നു. സത്യധാരയും പൂങ്കാവനം കുടുംബ മാസികയു മുൾപ്പടെ അനേകം മുസ്ലിം പ്രസിദ്ധീകരണങ്ങളും മുജാഹിദ്, ജമാഅത്ത്  വിഭാഗവുമൊക്കെ  സ്ത്രീധനത്തിനെതിരെ നിലകൊണ്ടവരായിരുന്നു. മുസ്ലിം യുവാക്കളിൽ അവാന്ത വിഭാഗത്തിൻറെ എല്ലാ മതിൽ കെട്ടുകളേയും തകർത്ത് യുവാക്കളുടെ ഹൃദയത്തിൽ ഇരിപ്പുറപ്പിച്ച പ്രോജ്ജ്വല വാഗ്മിയായിരുന്നു എം.പി അബ്ദുസ്സമദ് സമദാനി. തൻറെ പ്രഭാഷണങ്ങളിൽ സ്ത്രീധന സമ്പ്രദായത്തിനെതിരെ  അദ്ദേഹം ശക്തമായി നില കൊണ്ടു. യുവാക്കളെ ബോധവൽക്കരിക്കുകയും അവരെ കൊണ്ട് സ്ത്രീധനത്തിനെതിരെ പ്രതിജ്ഞ ചൊല്ലിക്കുകയും സ്ത്രീധന സമ്പ്രദായം പ്രവാചക തിരുചര്യക്കെതിരാണെന്ന മുസ്ലിം പൊതു ബോധം ശക്തിപ്പെടുത്താനും അദ്ദേഹം പ്രയത്നിച്ചു. ചന്ദ്രിക പോലുള്ള മുസ്ലിം പ്രസിദ്ധീകരണങ്ങളും മുസ്ലിം സമൂഹത്തെ വൈജ്ഞാനികമായും സാംസ്കാരികമായും സമുദ്ധരിക്കാൻ സഹായിച്ചിട്ടുണ്ട്.  വിവാഹ സമയത്ത് സ്വർണ്ണവും പണവും സ്ത്രീധനം നൽകി കെട്ടിച്ചയച്ച പെണ്മക്കൾക്കും ആ കൊടുത്ത സമ്പത്ത് പരിഗണിക്കാതെ  അനന്തരാവകാശവും മുമ്പ് മുതലേ നല്കപ്പെട്ട് പോരുന്നു.

അറബിമലയാളവും മുസ്ലിം സ്ത്രീ സാക്ഷരതയും

മുസ്ലിം പൗരോഹിത്യം മുസ്ലിം സ്ത്രീ വിദ്യാഭ്യാസത്തെ തടഞ്ഞു നിർത്തി എന്നതിൽ എത്രത്തോളം വസ്തുതയുണ്ടെന്നറിയില്ല. ബ്രിട്ടീഷ് വിരോധത്തിൻറെ മൂർധന്യാവസ്ഥയിൽ ഇംഗ്ലീഷ് ഭാഷയേയും ബ്രിട്ടീഷ് ആധുനിക വിദ്യാഭ്യാസത്തെയും മുസ്ലിംകൾ ബഹിഷ്‌ക്കരിച്ചിരുന്നുവെന്നതും അങ്ങനെ ചെയ്യാൻ മതപണ്ഡിതന്മാരിൽ ചിലർ ആഹ്വാനം ചെയ്തിരുന്നു എന്നതും വസ്തുതയാണ്. ആംഗലേയം നരകത്തിലെ ഭാഷയാണെന്ന് പറഞ്ഞ് അതിനെ ബഹിഷ്‌ക്കരിക്കാൻ പോലും മാപ്പിളമാർ ധൈര്യം  കാണിച്ചിരുന്നു. എന്നാൽ അങ്ങനെയുള്ള കാര്യങ്ങൾക്കെതിരായി  മുസ്ലിം സ്ത്രീകൾ മലയാളമെഴുതാനും ആധുനിക വസ്ത്രമായ സാരിപോലുള്ളവ ധരിക്കാനും പഠിക്കണമെന്നും മക്തി തങ്ങളുൾപ്പടെ ആഹ്വാനം ചെയ്തതാണ്.

അന്ന് സ്കൂളിൽ പോകാത്ത മുസ്ലിം പെൺകുട്ടികളും ആൺകുട്ടികളും  നിരക്ഷരരാണെന്ന് പറയുന്നത് വസ്തുതയല്ല. യു.എൻ.ഒയുടെ ആറാമത്തെ ഭാഷയായ  അറബിയും പുറമെ അറബിമലയാളവും  എഴുതാനും വായിക്കാനുമറിയുന്ന സാക്ഷരർ തന്നെയായിരുന്നു അവർ!! വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും, ഫിഖ്ഹ് പഠിക്കാനും തദ്ദേശീയവും ഇസ്‌ലാമികവുമായ ചരിത്രം പഠിക്കാനുമായി അറബി ഭാഷയും അറബിമലയാളവും അവർ പ്രായ പൂർത്തി എത്തും മുമ്പേ പഠിച്ചിരുന്നു. അറബി മലയാളത്തിൽ രചിച്ച നഫീസത്ത് മാലയും അമീർ ഖുസ്രുവിൻറെ ചാർദർവ്വേഷ് (പേർഷ്യൻ ഭാഷയിൽ നിന്നുമുള്ള വിവർത്തനം) നോവലും  മോയിൻകുട്ടി വൈദ്യരുടെ അനേകം കാവ്യങ്ങളും ഖെസ്സുപ്പാട്ടുകളും അറബി മലയാളത്തിലെ മറ്റു കൃതികളും ആസ്വദിക്കാൻ അവർക്കായി എന്നതാണ് വസ്തുത.  മലയാളത്തിലെ ആദ്യനോവൽ കുന്തലതയാണ്, ഇത് പുറത്ത് വന്നത് 1887ലാണ്. എന്നാൽ അതിനും നാല് വർഷം മുന്നേ 1883ൽ   അറബി മലയാളത്തിലേക്ക് പേർഷ്യൻ ഭാഷയിൽ നിന്നും അമീർ ഖുസ്രുവിൻറെ ചാർദർവ്വേഷെന്ന നോവൽ വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.

അറബി മലയാളമറിയുന്നവരിൽ തന്നെ അക്കാലത്ത് പേർഷ്യൻ ഭാഷയിൽ പ്രാവീണ്യമുള്ളവരുമുണ്ടായിരുന്നു. ഏറനാടൻ ഭാഷയിലെ ധാരാളം പദങ്ങൾ പേർഷ്യനിൽ നിന്നും വന്നവയുമുണ്ട്, ബാപ്പ എന്ന പദം ഒരുദാഹരണം.    എന്നാൽ 1607ൽ തന്നെ അറബിമലയാളത്തിൽ മുഹ്യുദ്ധീൻമാല എന്ന പ്രകീർത്തന കാവ്യം പുറത്ത് വന്നിട്ടുണ്ട്. ‘ഇൻഡിജിനസ്’ മെഡിസിൻറെ ഭാഗമായ അനേകം വൈദ്യ ചികിത്സ ഗ്രന്ഥങ്ങളും അറബി മലയാളത്തിൽ ലഭ്യമാണ്. അനേകം പ്രകീർത്തന കാവ്യങ്ങളും മാപ്പിളപ്പാട്ടുകളും നോവലുകളും കഥകളുമെല്ലാം അറബി-മലയാളത്തി ലുണ്ട്. നിരക്ഷരരെന്ന് വിളിക്കപ്പെട്ട അന്നത്തെ മുസ്ലിം സ്ത്രീകളും പുരുഷന്മാരും ഇവയെല്ലാം നിറഞ്ഞ സാഹിത്യാസ്വാദനത്തോടെ ഉപയോഗിക്കപ്പെട്ടിരുന്നു!! ചുരുക്കത്തിൽ 90% ത്തിലേറെ മുസ്ലിം സ്ത്രീകളും പുരുഷന്മാരും അക്കാലത്ത് തന്നെ ഈ സമാന്തര വഴിയിലൂടെ സാക്ഷരരായിരുന്നു എന്ന് വേണം മനസ്സിലാക്കാൻ. മാതൃഭാഷയും ആഗോളഭാഷയും വേദഭാഷയുമെല്ലാം പഠിക്കണമെന്നാണ് പഴയ കാല ഇസ്‌ലാമിക ചിന്തകർ പറയുന്നത് എന്നത് കൂടെ ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.      

ഇന്നത്തെ മുസ്ലിം സ്ത്രീയുടെ അവസ്ഥയെന്ത് ?

മുസ്ലിം സ്ത്രീകളെ പലപ്പോഴും ഇസ്‌ലാമിക പൗരോഹിത്യത്തിൻറെയും പുരുഷാധിപത്യത്തിൻറെയും  ഇരകളായി ചിത്രീകരിച്ച് മാധ്യമങ്ങൾ ഉയർത്തിക്കാട്ടാറുണ്ട്. ബഹുഭാര്യാത്വവും പർദ്ദ നിഖാബ് വിഷയങ്ങളുമായി ബന്ധിപ്പിച്ചാണ് പലപ്പോഴും അങ്ങനെ ചെയ്യുന്നത്. എന്നാൽ ബഹുഭാര്യാത്വം മുസ്ലിം പുരുഷന്മാരിൽ ഉള്ളതിനേക്കാൾ കൂടുതൽ  അമുസ്ലിം പുരുഷന്മാരിലാണ് ഉള്ളത്  എന്നാണ് പഠനങ്ങൾ പറയുന്നത്. സിസ്റ്റർ അഭയ മുതൽ ഇന്നും കോൺവെന്റുകളിലും മറ്റുമായി ദാരുണമായി കൊല ചെയ്യപ്പെടുന്ന സിസ്റ്റർമാരും വിവാഹ ബന്ധം നിഷേധിച്ചും ചെയ്യുന്ന ജോലിക്കുള്ള ശമ്പളം പൂർണമായി നൽകാതെയും വിവാഹ സമയത്തും മറ്റും യുവതി യുവാക്കളോട് ഭീമൻ തുക ചർച്ചിലേക്ക് സംഭാവന ചെയ്യാനും  കൽപ്പിക്കുന്ന കൃസ്തീയ പൗരോഹിത്യത്തിൻറെ തീക്ഷ്ണതയെ തുറന്ന് കാണിക്കാൻ ഈ മാധ്യമങ്ങളാരും മെനക്കെടാറില്ല എന്നത് വസ്തുതയല്ലേ ?

കേരളത്തിലെ ഇതര സമുദായത്തിലെ സ്ത്രീകളുമായി തുലനം ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ സാമ്പത്തിക സ്വാതന്ത്ര്യം അനുഭവിക്കുന്നത് മുസ്ലിം സ്ത്രീകളാണെന്ന് പറയാം. വിവാഹം കഴിഞ്ഞതിന് ശേഷവും മുസ്ലിം സ്ത്രീകൾക്ക് പഠനം പൂർത്തീകരിക്കാനുള്ള സ്വാതന്ത്ര്യവും  വ്യാപകമായി ഇന്ന് നൽകപ്പെടുന്നു. കേന്ദ്ര ഗവൺമെൻറ് എൻ.ആർ.സി പൗരത്വ ബില്ല് നടപ്പാക്കാൻ തുനിഞ്ഞപ്പോൾ ഡൽഹിയിലെ ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ സർവ്വകലാശാലയിൽ വിദ്യാർത്ഥികളുടെ ശക്തമായ പ്രതിഷേധം നടന്നു. ഈ സമരത്തിൻറെ മുൻ നിരയിലുണ്ടായിരുന്നത് മലബാറിലെ മുസ്ലിം പെൺകുട്ടികളായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഡൽഹിയിലും കേരളത്തിലും രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലും എൻ.ആർ.സി വിരുദ്ധ   പ്രക്ഷോഭത്തിൻറെ ഭാഗമായി ഷഹീൻ ഭാഗ് സ്ക്വയറുകൾ സംഘടിപ്പിക്കപ്പെട്ടപ്പോൾ മുസ്ലിം സ്ത്രീ പങ്കാളിത്തം കൊണ്ടും  നേതൃത്വം കൊണ്ടും അതിനെ ലോകം ശ്രദ്ധിച്ചതാണ്. മുസ്ലിം വിഭാഗത്തിലെ പുരുഷന്മാരിൽ നല്ലൊരു ശതമാനം പ്രവാസികളാണല്ലോ, ഈ പ്രവാസികളുടെ ഭാര്യമാർ വീട്ടാവശ്യങ്ങളും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങളും പർച്ചേസിംഗുമെല്ലാം സ്വയം ചെയ്യാൻ നിർബന്ധിതരായതോടെ  സ്വയം വിവേകത്തോടെ അതിജീവിക്കാനും  മറ്റു സ്ത്രീകളെക്കാൾ പര്യാപ്തമായി എന്ന് വേണം പറയാൻ. വിവാഹിതരായ മുസ്ലിം സ്ത്രീകൾ അനുഭവിക്കുന്ന ഏറ്റവും വലിയ സ്വാതന്ത്ര്യങ്ങളിലൊന്ന് ഇഷ്ടമുള്ളപ്പോൾ അവരുടെ സ്വന്തം വീടുകളിലേക്ക് മാതാപിതാക്കളെ കാണാനും ചുരുങ്ങിയ ദിവസം അവരോടൊന്നിച്ച് ചിലവഴിക്കാനും വേണ്ടി പോകാനാവുന്നു എന്നതാണ്. പലപ്പോഴുമിത് കുട്ടികൾക്ക് സ്കൂളും മദ്രസയും ഒരുമിച്ച് അവധി ലഭിക്കുമ്പോഴാണ്. ഇപ്പോൾ മിക്ക മദ്രസ പാഠശാലകളും സ്കൂൾ അവധി സമയത്ത് കുട്ടികൾക്കും സ്ത്രീകൾക്കും വിരുന്ന് പോകാനായി അവധി നൽകുന്നുണ്ട്. വിദ്യാഭ്യാസ മുന്നേറ്റത്തിൽ മുസ്ലിം ആൺകുട്ടികളെ കടത്തിവെട്ടിയിട്ടുണ്ട് മുസ്ലിം പെൺകുട്ടികൾ.  നല്ല ജീവിത സൗകര്യങ്ങളും ടെക്നോളജിയും വാഹനങ്ങളും ചികിത്സയും ഉപയോഗപ്പെടുത്തുന്നതിലും  മുസ്ലിം സ്ത്രീകൾ മുൻപിലാണ്.

എൻ.ജി.ഒകളിലും കുടുംബശ്രീ പ്രവർത്തനങ്ങളിലും മറ്റും മുസ്ലിം സ്ത്രീകളുടെ സാന്നിധ്യം കൂടുതലാണ്. കുടുംബ കോടതികളിലെത്തുന്ന കുടുംബ ഛിദ്രതയുടെ കണക്കെടുത്താലും ആത്മഹത്യകളുടെയും കുറ്റവാളികളുടെയും കണക്കെടുത്താലും  മുസ്ലിം സ്ത്രീകളുടെ  പങ്ക് പുരോഗമനമാണെന്ന് നിസ്സംശയം പറയാനാകും. ഇന്ത്യൻ പാർലമെൻ്റിനകത്ത് ഉല്ലേഖനം ചെയ്തുവെച്ച വിശുദ്ധ ഖുർആനിലെ ഒരു സൂക്തമുണ്ട്, ''നിങ്ങൾ സ്വയം മാറ്റത്തിന് തയ്യാറാകുന്നത് വരെ അള്ളാഹു നിങ്ങളിൽ ഒരു മാറ്റവും കൊണ്ട് വരില്ല'' എന്നാണത്. ഇതിൻറെ പൊരുൾ ഉൾക്കൊണ്ട് മുന്നേറാൻ സമൂഹത്തിന് കഴിയേണ്ടതുണ്ട്.   
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക