Image

ന്യൂറോസർജൻ ഡോ. മാധവൻ പിഷാരടിയുടെ പുസ്തകം പ്രസിദ്ധീകരിച്ചു

Published on 25 September, 2024
ന്യൂറോസർജൻ ഡോ.  മാധവൻ പിഷാരടിയുടെ പുസ്തകം പ്രസിദ്ധീകരിച്ചു

ഷിക്കാഗോ: പ്രശസ്ത ന്യൂറോ സര്‍ജനും ഗവേഷകനും സംരംഭകനുമായ ഡോ.മാധവന്‍ പിഷാരടിയുടെ  'കൊറോണ ബി നോട്ട് പ്രൗഡ്'എന്ന പുസ്തകം പ്രസിദ്ധീകൃതമായി. ആമസോണ്‍ ആണ് പ്രസാധകർ. വൈദ്യശാസ്ത്ര ഗവേഷകനായ ഡോ.പിഷാരടി, 1989 ല്‍ ടെക്സസിലെ ബ്രൗണ്‍സ് വില്ലെയില്‍ സ്ഥിരതാമസമാക്കിയതുമുതല്‍ മലയാളികളുടെ കൂട്ടായ്മയായ റിയോ ഗ്രാന്‍ഡെ വാലി കമ്മ്യൂണിറ്റിയുടെ ഒരു പ്രധാന ഭാഗമാണ്. നട്ടെല്ല്, ന്യൂറോളജിക്കല്‍ ഇംപ്ലാന്റുകള്‍, പുനരുപയോഗ ഊര്‍ജ്ജം, വായു ശുദ്ധീകരണ സംവിധാനങ്ങള്‍ എന്നിങ്ങനെ മനുഷ്യർക്ക് ഉപകാരപ്രദമായ നൂറിലധികം പേറ്റന്റുകൾ അഞ്ച് പതിറ്റാണ്ടുകളുടെ വൈദ്യശാസ്ത്ര സപര്യയ്ക്കിടയിൽ സ്വന്തമാക്കിയ അദ്ദേഹം അമേരിക്കൻ മലയാളികളുടെ അഭിമാനമാണ്. അമേരിക്കയിലെ മലയാളികളിലും ഇന്ത്യക്കാരിലും ആഴമേറിയ സ്വാധീനം നേടിയെടുക്കാൻ അനിതരസാധാരണമായ വ്യക്തിത്വംകൊണ്ട് ഡോ. പിഷാരടിക്ക് സാധിച്ചിട്ടുണ്ട്.


2019 ല്‍ കോവിഡ് മഹാമാരിയുടെ പ്രാരംഭഘട്ടം മുതലുള്ള നാലുവർഷക്കാലത്തെ  ജീവിതയാത്രയാണ്  'കൊറോണ ബി നോട്ട് പ്രൗഡ്'എന്ന പുസ്തകത്തിലൂടെ അദ്ദേഹം അടയാളപ്പെടുത്തിയിരിക്കുന്നത്. പകര്‍ച്ചവ്യാധിയുടെ ഉറവിടം വേഗത്തില്‍ തിരിച്ചറിയുന്നതിനും ഭാവിയിൽ അവയെ  തടയുന്നതിനുമുള്ള  ഒരു ഉപകരണം വികസിപ്പിക്കാന്‍ ഡോ.പിഷാരടി തുടക്കം കുറിക്കുകയും ചെയ്തു. വൈറസ് എങ്ങനെയാണ് വ്യാപിക്കുന്നതെന്നും അത്തരത്തിലുള്ള പകര്‍ച്ചവ്യാധികള്‍ ഒഴിവാക്കുന്നതിന് ഇത്തരം നടപടികളാണ് സ്വീകരിക്കേണ്ടതെന്നും  ഈ പുസ്തകം വിശദീകരിക്കുന്നു.
വ്യവസ്ഥാപിതമായ പിഴവുകളും അബദ്ധധാരണകളുമാണ് പലപ്പോഴും  പ്രതിസന്ധി വര്‍ദ്ധിപ്പിക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ ഭാഷ്യം.  വവ്വാലുകള്‍, വായു അണുബാധകള്‍, വാക്സിനുകള്‍, ഓപ്പറേഷന്‍ വാര്‍പ്പ് സ്പീഡ് എന്നിങ്ങനെ  നിരവധി കൗതുകകരമായ വിഷയങ്ങള്‍ വായനക്കാരെപ്പിടിച്ചിരുത്തുന്ന ഹൃദ്യവും ലളിതവുമായ ഭാഷയിൽ അവതരിപ്പിക്കുന്നതിൽ എഴുത്തുകാരൻ വിജയിച്ചിട്ടുണ്ട്.  


എഴുപതുകളുടെ തുടക്കത്തിൽ കോഴിക്കോട്,തിരുവനന്തപുരം മെഡിക്കൽ കോളജുകളിൽ അദ്ധ്യാപകവൃത്തിയിൽ ഏർപ്പെടുകയും ഇംഗ്ലണ്ടിൽ രണ്ട് വർഷം പ്രവർത്തിക്കുകയും ചെയ്തശേഷം 1980 ലാണ് ഡോ.പിഷാരടി അമേരിക്കയിൽ എത്തിയത്.നിലവിൽ ന്യൂറോസർജറി അസിസ്റ്റന്റ് പ്രൊഫസറായി(യൂണിവേഴ്സിറ്റി ഓഫ് ടെക്സസ്,സാൻ അന്റോണിയോ)സേവനമനുഷ്ഠിക്കുന്നു.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക