Image

തിരുവനന്തപുരത്തെ ജോലി (ചെറുകഥ: ചിഞ്ചു തോമസ്)

Published on 25 September, 2024
തിരുവനന്തപുരത്തെ ജോലി (ചെറുകഥ: ചിഞ്ചു തോമസ്)

കുഞ്ഞിപ്പാറൂന് ഏറ്റവും ഇഷ്ട്ടം അച്ഛനെയാണ്. അവൾ എന്ത് പറഞ്ഞാലും അച്ഛൻ കേൾക്കും. കടല് കാണാൻ പോണോ, കപ്പലണ്ടി കഴിക്കണോ , കൂൾഡ്രിങ്ക്സ് കുടിക്കണോ, എക്ലയർ മുട്ടായികഴിക്കണോ    അങ്ങനെ എന്തു വേണമെന്ന്പറഞ്ഞാലും അച്ഛൻ വാങ്ങിത്തരും. എന്ത് പറഞ്ഞാലും. പക്ഷേ കുഞ്ഞിപ്പാറൂന് മനസിലാകാത്തത്അച്ഛൻ എന്താ എന്നും രാത്രി ആടി ആടി വീട്ടിൽ കയറി വരുന്നതെന്നാണ്. അമ്മ അവൾക്ക് പറഞ്ഞുകൊടുത്തു അച്ഛൻ കള്ളു കുടിക്കുന്നതുകൊണ്ടാണ്  നേരെ ചൊവ്വേ നടന്നു വരാൻ കഴിയാത്തതെന്ന് . 
നേരെ നടക്കാൻ അച്ഛനെ അനുവദിക്കാത്ത കള്ള് എന്തിനാ അച്ഛൻ വാങ്ങിച്ചു കുടിക്കുന്നത് എന്ന് കുഞ്ഞിപ്പാറു അച്ഛനോട് എല്ലാ പിറ്റേ ദിവസവും  രാവിലേ ചോദിക്കും.

‘അച്ഛന് നടക്കാനും പറ്റില്ല, നേരെ സംസാരിക്കാനും പറ്റില്ല, ചോദിക്കുന്നതിനുള്ള ഉത്തരവും തെരത്തില്ല, പിന്നെ ഒരേ കാര്യം പറഞ്ഞോണ്ടിരിക്കും , പിന്നെ കൂർക്കം വലിച്ച് ഉറങ്ങും. ഇങ്ങനെ കാണിക്കാൻ എന്തിനാ കള്ളു കുടിക്കുന്നേ?അച്ഛന് കുഞ്ഞിപ്പാറൂനോട് എന്തെല്ലാം കഥകൾ പറഞ്ഞുതന്ന് കുഞ്ഞിപ്പാറൂനെ ഉറക്കാം.. അതൊന്നും ചെയ്യാതെ… എന്തിനാ ഇതിനൊന്നും പറ്റാണ്ടാക്കുന്ന കള്ളു കുടിക്കുന്നേ അച്ഛാ..‘

കുഞ്ഞിപ്പാറൂന്റെ പരിഭവം ചെറുതല്ല. അവൾക്ക് ഏറ്റവും പ്രിയപ്പെട്ട കൂട്ടുകാരനാണ് അച്ഛൻ.. അച്ഛൻ രാത്രി കള്ളു കുടിച്ചു കുഞ്ഞിപ്പാറൂനെ ശ്രദ്ധിക്കാതെ ഉറങ്ങുന്നതിനോട് അവൾക്ക് കടുത്ത വിയോജിപ്പുണ്ട്.. എന്ത് ചെയ്‌യാം.. ഈ കാര്യത്തിൽ മാത്രം അച്ഛൻ പറയുന്നത് കേൾക്കില്ല..

കുഞ്ഞിപ്പാറൂന്റെ അച്ഛൻ ചുമട്ടുതൊഴിലാളിയാണ്. നല്ല ആരോഗ്യവുമുണ്ട്.. കുഞ്ഞിപ്പാറൂനെ തോളിൽ എടുത്തു വെച്ചുകൊണ്ടാ  സ്കൂളിൽ പോകുന്നതും ബീച്ചിൽപോകുന്നതും.. കുഞ്ഞിപ്പാറൂന് അതാ ഇഷ്ട്ടം. അവൾക്ക് ആനപ്പുറത്തിരിക്കുന്നതുപോലെ തോന്നും. പക്ഷേ അവൾ ആനപ്പുറത്തു ഇരുന്നിട്ടൊന്നുമില്ല. എന്നാലും ഒന്നിന്റെ മുകളിലുള്ള ഇരുപ്പല്ലേ! അവളുടെ അച്ഛനേ അങ്ങനെ എടുക്കാൻ പറ്റൂ. അവളുടെ കൂട്ടുകാരുടെ അച്ചന്മാർക്കൊന്നും ഇങ്ങനെ എടുത്തോണ്ട് നടക്കാൻ പറ്റില്ല. കുഞ്ഞിപ്പാറൂന് അവളുടെ അച്ഛന്റെ  കരുത്തിൽ അച്ഛന്റെ തോളോളം  പൊക്കത്തിൽ ഹുങ്കും ഉണ്ടായിരുന്നു.അച്ഛന്റെ തോളോളം പൊക്കം ഒരു വലിയ പൊക്കം തന്നെയാണ്.

അങ്ങനെ ഒരു ദിവസം കുഞ്ഞിപ്പാറുവിന്റെ അച്ഛൻ ഭാരമേറിയ വലിയ രണ്ട് ചാക്കുകൾ പൊക്കി പുറത്തു കയറ്റി നടക്കുമ്പോൾ തലകറങ്ങി വീണു. ആ ചാക്കുകെട്ടുകൾ പുറത്തു കയറ്റിവെക്കുന്ന വഴിക്ക് നട്ടെല്ലിന് ക്ഷതമേറ്റിരിക്കുന്നു. ഇനി ഈ ജോലി ചെയ്യാൻ ഒരിക്കലും കഴിയില്ല എന്ന് ഡോക്ടർ അറിയിച്ചു.ഫിസിയോതെറാപ്പിയും മരുന്നുകളും കഴിച്ചു അയാൾക്ക്‌ നടക്കാം എന്നായി. എന്നാലും ഭരമേറിയതൊന്നും എടുക്കാൻ കഴിയില്ല. കുഞ്ഞിപ്പാറുവിനെ എടുക്കാനോ  തോളിൽ കയറ്റി നടക്കാനോ ഇനി അച്ഛന് കഴിയില്ല. കുഞ്ഞിപ്പാറുവിനു അതിൽ സങ്കടമുണ്ട് എങ്കിലും അച്ഛന്റെ മുന്നിൽ അവൾ കരഞ്ഞില്ല. കുഞ്ഞിപ്പാറു അവളുടെ കൂട്ടുകാരുടെകൂടെ നടന്നു സ്കൂളിൽ പോകാൻ തുടങ്ങി.

കുഞ്ഞിപ്പാറൂന്റെ അച്ഛൻ വീട്ടിലിരുപ്പായി. കൈയിലുള്ള കാശ് തീർന്നു. നാട്ടുകാർ കൊടുത്തിരുന്ന സഹായങ്ങളും തീർന്നു. അയാൾ തന്റെ സുഹൃത്തുക്കളോടൊക്കെ തനിക്ക് പറ്റിയ എന്തെങ്കിലുമൊരു ജോലി സംഘടിപ്പിച്ചു തരണമെന്ന്‌ സഹായം ചോദിച്ചു നടന്നു. എന്തു ജോലിയാ അയാൾക്കിനി ചെയ്യാൻ പറ്റുക? വെല്ല കടയിലും എടുത്തുകൊടുക്കാൻ നിൽക്കാം എന്നല്ലാതെ ഇനി എന്തു ജോലി!

അവരുടെ കഷ്ടപ്പാടുകൾകണ്ട് ആ നാട്ടിലെ  പഞ്ചായത്ത് പ്രസിഡന്റിന് അലിവ്തോന്നി. അയാൾ  അയാളുടെ പരിചയക്കാരനായ ഒരു രാഷ്ട്രീയ പ്രവർത്തകനെ വിളിച്ചു സഹായം ചോദിച്ചു.

‘ഭാഗ്യം!തിരുവനന്തപുരത്തു ഒരു പ്രൈവറ്റ് ബാങ്കിൽ പ്യൂണിന്റെ ഒഴിവുണ്ട്. എന്റെ സുഹൃത്തിന് അറിയാവുന്ന ബാങ്കാണ്. പതിനായിരം രൂപ കൊടുക്കണം. അത് അയാൾക്കുവേണ്ടിയല്ല. ആ ബാങ്ക് മാനേജറിന് കൊടുക്കാനാ. ഇന്നത്തേക്കാലത്തു പതിനായിരം രൂപ ഒരു തുകയാണോ!പതിനായിരം രൂപയൊക്കെ  നമുക്ക് ഒപ്പിക്കാം. എല്ലാം കുഞ്ഞിപ്പാറുവിന്റെ ഭാഗ്യമാണെന്ന് കരുതിക്കോ‘, പഞ്ചായത്ത് പ്രസിഡന്റ്‌ കുഞ്ഞിപ്പാറുവിന്റെ അച്ഛനെ അറിയിച്ചു.

‘ങാ..നാളെത്തനെ നീ തിരുവന്തപുരത്തിനു പോകണം. എന്റെ സുഹൃത്തിന്റെ നമ്പർ തരാം. അവിടെച്ചെന്നിട്ടു അവനെ വിളിക്കണം. അവൻ വേണ്ടുന്നത് ചെയ്‌തോളും. നാളെ മുതൽ ജോലിക്ക് കയറാം. പതിനായിരം രൂപ നിനക്ക് ഞാൻ കടം തന്നേക്കാം. ശമ്പളം കിട്ടുന്ന മുറയ്ക്ക് സാവകാശം എന്നെ തിരിച്ചേൽപ്പിച്ചാൽ മതി‘.

ഇതിനൊക്കെ എന്തുപറയണമെന്ന് കുഞ്ഞിപ്പാറുവിന്റെ അച്ഛന് അറിയില്ലായിരുന്നു. അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അയാൾ പഞ്ചായത്തു പ്രസിഡന്റ്റിന്റെ കാൽ തൊട്ടു. നന്ദി പറയുമ്പോൾ അയാൾ ആ കാലുകൾ മുറുകെ പിടിച്ചു പൊട്ടിക്കരയുന്നുണ്ടായിരുന്നു.

‘ശ്ശെ നീ കാല് വിട്, വേഗം പോയി നാളത്തേക്കുള്ള തയ്യാറെടുപ്പുകൾ നടത്ത്‌. വീട്ടിൽ പോയി എല്ലാവരെയും അറിയിക്കടാ‘, പഞ്ചായത്ത് പ്രസിഡന്റ്‌ അയാളെ നിറകണ്ണുകളോടെ പറഞ്ഞയച്ചു.

അച്ഛൻന് വയ്യാതായതിൽപ്പിന്നെ കുഞ്ഞിപ്പാറുവിനെ  അന്നാ ചിരിച്ചു കണ്ടത്!

’മാസത്തിൽ ഒരിക്കൽ വീട്ടിൽ വരാൻ കഴിയുമോ‘?കുഞ്ഞിപ്പാറുവിന്റെ അമ്മ തിരക്കി.

‘മാസത്തിൽ ഒന്നല്ല, രണ്ടുപ്രാവശ്യം വരും. രണ്ടാമത്തെയും നാലാമത്തെയും വരാന്ത്യം‘.

‘അച്ഛൻ അവിടെ കള്ള് കുടിക്കെല്ല് കേട്ടോ..നല്ലപോലെ ഭക്ഷണം കഴിക്കണം. എന്നും കുഞ്ഞിപ്പാറൂനെ ഫോൺ ചെയ്യണം കേട്ടോ...’

‘ങാ ങാ കേട്ടു..എന്റെ മോള് അമ്മ പറയുന്നതൊക്കെ അനുസരിച്ച്, നല്ലപോലെ പഠിച്ചു, നല്ല കുട്ടിയായി ഇരിക്കുമോ’?
ഇരിക്കും.

ഉറപ്പ്?

അച്ഛന്റെ പുതിയ ജോലിയാണെ ഉറപ്പ്.

ങാ എന്നാൽ അച്ഛൻ വരുമ്പോൾ മോൾക്ക്‌ തിരുവനന്തപുരത്തെ മുട്ടായി കൊണ്ടുവരും. ഇവിടൊന്നും കിട്ടുന്ന മുട്ടായിയല്ല. തിരുവനന്തപുരത്തു മാത്രം കിട്ടുന്ന മുട്ടായി.

ഹായ് ഹായ്.. കുഞ്ഞിപ്പാറു തുള്ളിച്ചാടി.

എന്നിട്ടുവേണം എനിക്കത് സ്കൂളിൽ കൊണ്ടുപോയി കാണിക്കാൻ.
അച്ഛാ, വലിയ പാക്കറ്റ് കൊണ്ടുവരണേ. ക്ലാസ്സിലെ പിള്ളാർക്കും കൊടുക്കാലോ. അച്ഛൻ തിരുവനന്തപുരത്തൂന്ന് കൊണ്ടുവന്ന മുട്ടായി!

ഓക്കേ.ഏറ്റു.

കുഞ്ഞിപ്പാറൂന്റെ അച്ഛൻ രാവിലെ നാലരക്കുള്ള സൂപ്പർ ഫാസ്റ്റിൽ കയറി തിരുവനതപുരത്തിനു തിരിച്ചു. കുഞ്ഞിപ്പാറു നല്ല ഉറക്കമായിരുന്നു അപ്പോൾ.അയാൾ പുറത്തേക്ക് നോക്കിയിരുന്നു പുതിയ പുതിയ സ്വപ്‌നങ്ങൾ നെയ്‌തുകൂട്ടി.പുതിയ നാട്.പുതിയതരം ജോലി. അവിടെ പരിചയപ്പെടാൻ പോകുന്ന ഉയർന്ന ഉദ്യോഗസ്ഥന്മാർ..അവരോടൊക്കെ ചോദിച്ചാൽ ഒരു താമസസ്ഥലം തരപ്പെടുത്താൻ ബുദ്ധിമിട്ടുണ്ടാകില്ല. തൽക്കാലം ഏതെങ്കിലും ഹോട്ടലിൽ കഴിയാം.പതിനയ്യായിരത്തിൽ കുറയാതെ ശമ്പളം കാണുമെന്നാ എല്ലാവരും പറയുന്നത്. ഭാഗ്യംകൊണ്ട് കിട്ടിയ ജോലിയാ. എല്ലാം കുഞ്ഞിപ്പാറൂന്റെ ഭാഗ്യം.

ബസ് വേഗം കടന്നുപോകുകയാണ്.അയാളുടെ മുന്നിലുള്ള ലോകവും വേഗം നീങ്ങുകയാണ്. ‘ഞാനും ആ വേഗതയിൽ സഞ്ചരിച്ചു തുടങ്ങണം’, അയാൾ ചിന്തിച്ചു. അയാളുടെ ആശങ്കകൾ നീങ്ങി.എല്ലാം കൈയെത്തും ദൂരത്തുണ്ട്. ഒന്ന് ചാടിയാൽ, ഒന്ന് എത്തിവലിഞ്ഞാൽ പിടികിട്ടാതിരിക്കില്ല.

ബസ് തിരുവനന്തപുരമെത്തി. സമയം രാവിലെ ഏഴര. അയാൾ ബസ്സ്റ്റാൻഡിലിറങ്ങി. അവിടെക്കണ്ട ഒരു കടയിൽനിന്നും അയാൾ ചായവാങ്ങിക്കുടിച്ചു.അവിടെയുള്ള ബെഞ്ചിൽ ചാരിയിരുന്നു. എട്ടുമണിയാകാൻ കാത്തിരുന്നു. ആ രാഷ്ട്രീയക്കാരൻ എഴുന്നേറ്റു പ്രാഥമികകർമ്മം നിർവഹിക്കാനും  ഒരു ചായ കുടിക്കാനുമുള്ള സമയം കൊടുക്കാതെ എങ്ങനെ വിളിക്കും! എട്ടുമണിയാകട്ടെ.

‘ഹലോ സാർ, ഇന്നലെ പഞ്ചായത്ത് പ്രസിഡന്റ്‌ ജോലി അന്വേഷിച്ചത് എനിക്കുവേണ്ടിയാണ്. എന്റെ പേര് പ്രശാന്ത്. ഞാൻ ഇപ്പോൾ തിരുവനന്തപുരത്തുണ്ട്. ഞാൻ എവിടെയാണ് വരേണ്ടുന്നത് സാർ‘?

ങാ..എടോ ആ ജോലി..അത് വേറൊരാൾക്ക് കൊടുത്താരുന്നടോ ആ ബാങ്ക് മാനേജർ.ഞാൻ കരുതി വേക്കൻസി ഉണ്ടാകുമെന്ന്.

അയ്യോ സാർ. ഞാൻ ഈ ജോലികിട്ടുമെന്ന് കരുതി ഇന്ന് തിരുവനന്തപുരത്തിനു വന്നതാ. എന്നോട് ഇന്ന് ജോലിക്ക് കയറണമെന്ന് പ്രസിഡന്റ്‌ പറഞ്ഞിട്ടാ ഞാൻ..

എടോ.. ഞാൻ അങ്ങനെയാ അയാളോട് പറഞ്ഞത്. പക്ഷേ ആ ജോലി വേറെ ആർക്കോ പോയി.

സാർ..ആ വിവരം സാർ എന്താ  പ്രസിഡന്റിനെ അറിയിക്കാഞ്ഞത്?ഞാൻ ഇവിടംവരെ വരില്ലായിരുന്നല്ലോ!

ങാ അതായിപ്പൊ  നന്നായെ.. ഇനി ഞാൻ വിളിച്ച്‌ അതുംകൂടെ പറയാം! നിനക്ക് ഞാൻ ആരാണെന്ന് അറിയാമോടാ? എനിക്ക് നൂറ് തിരക്കുള്ളതാണ്. നിന്നെപ്പോലെ ജോലി അന്വേഷിച്ചു നടക്കലല്ല എന്റെ പണി. ഓരോരോ മാരണങ്ങൾ! ജോലിയുണ്ട് എന്നു പറഞ്ഞതാ ഇപ്പൊ കുറ്റമായിപ്പോയത്!

സാർ എനിക്ക് വേറെ എന്തെങ്കിലുമൊരു ജോലി ഒപ്പിച്ചു തരാമോ? ഞാൻ ഒത്തിരി പ്രതീക്ഷിച്ചു വന്നതാ.

പോടാ.നിനക്ക് ഇവിടെ ജോലിയില്ല. ഇനി മേലാ എന്റെ ഫോണിലേക്ക് വിളിച്ചേക്കല്ല്. ഞാൻ പ്രസിഡന്റിനെ വിളിച്ചു പറയുന്നുണ്ട്. അവന്റെ ഒരു ഹുങ്ക്! ഞാൻ വിളിച്ചുപറയണം പോലും ജോലി ഇല്ലാന്ന്! നീ ആരടാ..

സാർ..

അയാൾ ഫോൺ കട്ടാക്കി.

ആ തിരക്കുള്ള ലോകം കുഞ്ഞിപ്പാറുവിന്റെ അച്ഛനെ തനിച്ചാക്കി മുന്നോട്ട് പാഞ്ഞുകൊണ്ടിരുന്നു.

അയാൾ ഒരു ചായയും വടയും കഴിച്ചിട്ട് കിട്ടിയ ബസ്സിന്‌ നാട്ടിലേക്ക് തിരിച്ചു. അയാൾ വീടെത്തിയപ്പോഴേക്കും ഉച്ചയായിരുന്നു.
അയാളുടെ ഭാര്യ എന്തുപറ്റിയെന്നു തിരക്കി. ആ  ജോലി പോയി. ഇനി വേറെ നോക്കാം എന്നയാൾ പറഞ്ഞു.
കുഞ്ഞിപ്പാറു വന്നു.‘ അച്ഛാ ജോലിക്ക് കേറിയപ്പോഴേ  അവധികിട്ടിയോ!’

‘വേറെ ജോലി നോക്കാം മോളേ‘.

അതെന്തുപറ്റി ആ ജോലിക്ക്?

ആ ജോലി വേറെ ആർക്കോ കൊടുത്തു.

ങാ.. അതുപോട്ടെ. വേറെ നോക്കാം.അച്ഛൻ വിഷമിക്കേണ്ട.
തിരുവനന്തപുരത്തുപോയിട്ട് അച്ഛൻ എന്തൊക്കെക്കണ്ടു?

അച്ഛൻ ഒന്നും കണ്ടില്ല മോളേ.പക്ഷേ ഒരു കാര്യം പഠിച്ചു അച്ഛൻ, പാവപ്പെട്ടവർക്ക് മാനാഭിമാനം പാടില്ല.

എന്നുവെച്ചാൽ എന്താ അച്ഛാ..അച്ഛന്റെ വിതുമ്പൽക്കേട്ട് കുഞ്ഞിപ്പാറുവിന്റെ ഉള്ളുപിടച്ചു.

ഒന്നുമില്ല മോളേ. അച്ഛൻ.. അച്ഛൻ.. അയാൾ നിറഞ്ഞൊഴുകിയ കണ്ണുനീർ തുടച്ചു.

അയാൾ ജോലിക്കായി പലരേയും വിളിച്ചുകൊണ്ടിരുന്നു. ഈ പായുന്ന ലോകത്തിൽനിന്നും മാഞ്ഞുപോകാതെ  പിടിച്ചുകയറാൻ അയാൾക്കൊരു ചുള്ളിക്കമ്പെങ്കിലും  കിട്ടിയെങ്കിൽ..

 

Join WhatsApp News
Chinchu thomas 2024-09-28 15:20:24
Geevarghese uncle😍 thanks a lot ❤️
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക