ക്ഷേത്രകലകളുടെ ഈറ്റില്ലമെന്നു അറിയപ്പെടുന്ന ഇരിങ്ങാലക്കുടയിൽ ഈയിടെ അരങ്ങേറിയതൊരു കാവ്യോത്സവമായിരുന്നു! കേരളത്തിലെ മുപ്പതോളം സാഹിത്യ-സാംസ്കാരിക സംഘടനകൾ ഉന്നത വിദ്യഭ്യാസ സാമൂഹ്യനീതി വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദുവിൻ്റെ അധ്യക്ഷതയിൽ ഒത്തുകൂടി 'സച്ചിദാനന്ദം' എന്ന കാവ്യോത്സവം ആഘോഷമാക്കി.
ഇന്ത്യൻ സാഹിത്യത്തിൻ്റെ പ്രതിനിധിയായി അന്തർദേശീയ അക്ഷര വീഥികളിൽ അര നൂറ്റാണ്ടിലേറെ കാലം നിറഞ്ഞു നിന്നൊരാൾ പഠിക്കുകയും, ദീർഘകാലം പഠിപ്പിക്കുകയും ചെയ്ത ഇരിങ്ങാലക്കുടയിലെ ക്രൈസ്റ്റ് കോളേജു തന്നെ കവിയുടെ സർഗജീവിതത്തിൻ്റെയും അർഹിക്കുന്ന ആദരവിൻ്റെയും സംവേദന വേദിയായി മാറിയത് സഹൃദയരിൽ ഏറെ കൗതുകമുണർത്തി!
കേരള സാഹിത്യ അക്കാദമിയുടെ അധ്യക്ഷൻ കൂടിയായ സച്ചിദാനന്ദന് ഇരിങ്ങാലക്കുടക്കൊരു ചരിത്ര മുഹൂർത്തം നൽകിയ കാവ്യോത്സവത്തെക്കുറിച്ചും, കവിതാസംബന്ധമായ മറ്റു കാര്യങ്ങളെക്കുറിച്ചും പറയാനുള്ളത്:
🟥 ജീവിച്ചിരിക്കുമ്പോൾ തന്നെ...
വളരെ സന്തോഷമുണ്ട്. എഴുത്തുകാരൻ മരിച്ചിട്ടു പരിപാടികൾ നടത്തുന്നതിനേക്കാൾ ഉത്തമം ജീവിച്ചിരിക്കുമ്പോൾ തന്നെ ഇതുപോലെയുള്ള എന്തെങ്കിലും ചെയ്യുന്നതാണ്. എന്നോടു സ്നേഹമുള്ള കുറേ യുവകവികൾ മുൻകൈ എടുത്തിട്ടാണ് ഈ കാവ്യോത്സവം യാഥാർത്ഥ്യമായത്. ഇടശ്ശേരിയുടെയും ഇടപ്പിള്ളിയുടെയും അതു പോലെയുള്ള മഹാകവികളുടെയും പേരുകളിൽ പ്രവർത്തിക്കുന്ന നിരവധി കാവ്യവേദികളിലുള്ളവരുടെ അധ്വാനം. കൂടാതെ, ഞാൻ അഞ്ചു വർഷം പഠിക്കുകയും 23 വർഷം പഠിപ്പിക്കുകയും ചെയ്ത ക്രൈസ്റ്റ് കോളേജിൻ്റെയും ഇരിങ്ങാലക്കുടയിലെ നാട്ടുകാരുടെ സഹകരണത്തിലുമാണ് കാവ്യോത്സവത്തിനു വേദിയൊരുങ്ങിയത്. സംസ്ഥാനത്തു പലയിടങ്ങളിലും, തൃശ്ശൂർ ജില്ലയിൽ പ്രത്യേകിച്ചും കഴിഞ്ഞ മൂന്നു മാസങ്ങളിലായി ഇതിനുള്ള തയ്യാറെടുപ്പുകൾ നടന്നു വരുകയായിരുന്നു. നിരവധി കവി സമ്മേളനങ്ങളും, സാഹിത്യ സദസ്സുകളും നടന്നതിൻ്റെ വിവരങ്ങൾ ഞാൻ അറിഞ്ഞിരുന്നു. എൻ്റെ പല കവിതകളും, കാവ്യ പഠനങ്ങളും നിരന്തരം ചർച്ച ചെയ്യപ്പെട്ടു. കവിതാ ആലാപനങ്ങളും മത്സരങ്ങളും അരങ്ങേറി. എല്ലാം ഇരിങ്ങാലക്കുടയിലെ സംഭവം അവിസ്മരണീയമാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു.
🟥 എല്ലാവരും അടുപ്പമുള്ളവർ
എന്നെക്കുറിച്ചുള്ളൊരു പരിപാടിയായതിനാൻ ഞാൻ ഒഴിയാൻ നോക്കിയതാണ്. കവിത വഴിയ്ക്കും മറ്റും എന്നോട് അടുപ്പമുള്ളവരാണ് എല്ലാവരും. വേറെ വഴിയില്ലാത്തതിനാലാണ് പരിപാടിയുടെ അവസാന ദിവസം മാത്രം പങ്കെടുത്തത്. മാറി നിന്നാൽ കാവ്യോത്സവത്തിൽ സജീവമായി പങ്കെടുക്കുന്ന അനിയൻ കൂട്ടുകാരൻ (എം) മുകുന്ദൻ, (മന്ത്രി) ബിന്ദു മുതലായവരെയൊക്കെ ഞാൻ അപമാനിക്കുന്നതു പോലെയാകുമായിരുന്നു. കവിത വഴിയ്ക്കും മറ്റും എന്നോട് അടുപ്പമുള്ളവരാണ് എല്ലാവരും.
🟥 സ്നേഹസംഗമം ഇഷ്ടം
ഞാൻ അങ്ങനെയൊന്നും ചെയ്യാത്തയാളാണ്. പുരസ്കാരങ്ങൾക്കുവേണ്ടി പുസ്തകങ്ങൾ അയക്കുക പോലും ചെയ്തിട്ടില്ല. ഇതു വരെ 75 പുരസ്കാരങ്ങൾ എനിയ്ക്കു ലഭിയ്ച്ചിട്ടുണ്ട്. ലഭിച്ച വിവരം ഞാൻ കേട്ടു എന്നല്ലാതെ അതിൽ എനിയ്ക്കൊരു പങ്കുമില്ല. ഒന്നിനു വേണ്ടിയും ഒരു സ്വാധീനവും ഞാൻ ചെലുത്തിയിട്ടില്ല. ജീവിതം മുഴുവൻ അങ്ങനെയാണു ഞാൻ ജീവിച്ചു പോന്നിട്ടുള്ളത്. അതു പോലെ തന്നെയായിരുന്നു ഇരിങ്ങാലക്കുടയിലെ സംഭവവും. ഇങ്ങനെ ഒരു സംഗതി ആസൂത്രണം ചെയ്യുന്നുണ്ടെന്ന് സംഘാടകർ എന്നെ അറിയിച്ചു. ഞാൻ എതിർപ്പൊന്നും പറഞ്ഞില്ല, എന്നാൽ ഞാൻ അതിന് ഉണ്ടാവില്ല, നിങ്ങൾ നടത്തിക്കോളൂവെന്നായിരുന്നു എൻ്റെ പ്രതികരണം. എന്നെപ്പറ്റി മറ്റുള്ളവർ പറഞ്ഞുകൊണ്ടിരിക്കുന്നതു കേൾക്കുകയെന്നത് ഒട്ടും ഇഷ്ടമുള്ള കാര്യമല്ലെന്ന് ഞാൻ പലരോടും വ്യക്തമാക്കിയിരുന്നു. എന്നാൽ, ഉത്സവത്തിൻ്റെ ഒടുവിലത്തെ ദിവസം സ്നേഹസംഗമമായിരുന്നല്ലോ. എൻ്റെ കൂടെ പഠിച്ചവർ, പഠിപ്പിച്ചവർ, എൻ്റെ വിദ്യാർത്ഥികൾ, കൂടാതെ എൻ്റെ പ്രിയ നാട്ടുകാർ മുതലായവരെയെല്ലാമായിരുന്നല്ലല്ലൊ അന്നു പ്രതീക്ഷിച്ചിരുന്നത്.
🟥 മലയാള കവിത
യഥാർത്ഥകവികളെല്ലാം നല്ല കവിതാവായാനക്കാരുമാണ്. അങ്ങനെയല്ലാത്ത ധാരാളം കവികളുള്ളൊരു കാലത്താണ് നാം എന്നറിയാമെങ്കിലും. ലോകത്തെ എല്ലാ കവികളും ചേർന്നു അവസാനിക്കാത്ത ഒരു കവിത എഴുതുകയാണെന്നു ഞാൻ ഒരിക്കൽ ഒരാളോടു പറഞ്ഞിരുന്നു. കവിതയെ നാം മലയാള കവിത, ഇന്ത്യൻ കവിത, വിശ്വകവിത എന്നെല്ലാം വേർതിരിക്കാറുണ്ടെന്നതു ശരി തന്നെ, അതിൻ്റെ ആവശ്യവും ചിലപ്പോൾ വരാം. പക്ഷേ, കവികൾ പ്രാഥമികമായി സ്വന്തം സ്ഥലവും കാലവും ഭാഷയും ശ്വസിക്കെത്തന്നെ ആത്യന്തികമായി ഒരേ പ്രാണവായു -- ഇപ്പോൾ അതിനു വലിയ വിലയാണല്ലോ -- ശ്വസിക്കുന്നവരാണ്. അതെ, ഞാൻ ഒരു മലയാളകവിയാണ്; ആ ഭാഷയില്ലെങ്കിൽ, അഥവാ ആ ഭാഷ സംസാരിക്കുന്ന ജനതയില്ലെങ്കിൽ, ഞാനില്ല. പക്ഷേ, നമ്മുടെയെല്ലാം ഭക്ഷണം, ചിലപ്പോൾ ജലം പോലും, പലയിടങ്ങളിൽ നിന്നു വരും പോലെ, മലയാളകവിതയുടെയും ഇന്ത്യൻ കവിതയുടെയും പുറംകവിതയുടെയും പാരമ്പര്യ-വർത്തമാനങ്ങൾ ഇന്നത്തെ കവികളിൽ കണ്ടെത്താം. അതേ സമയം ഞാൻ ആശാൻ്റെയും വൈലോപ്പിള്ളിയുടെയും ഇടശ്ശേരിയുടെയും കുഞ്ഞിരാമൻ നായരുടെയും ബാലാമണിയമ്മയുടെയും സുഗതകുമാരിയുടെയും അയ്യപ്പപ്പണിക്കരുടെയും തുടർചയാണെന്നും എനിയ്ക്കറിയാം. അവരെല്ലാം എന്നിലുണ്ട്, എൻ്റെ ഭാഷയിൽ, അഗാധമായി.
🟥 കവിതയുടെ ഭാഷ്യം
കവിത അവനവനുമായുള്ള ഒരു സംഭാഷണമാണ്, അപരരുമായും, പ്രകൃതിയുമായും പ്രപഞ്ചവുമായും ഉള്ള സംഭാഷണങ്ങളുമാണ്. ലാവണ്യബോധത്തെ നീതിബോധം കൊണ്ടും, നീതിബോധത്തെ ലാവണ്യബോധം കൊണ്ടും നവീകരിക്കുകയാണ് കവിതയുടെ ഒരു പ്രധാന ദൗത്യം. എൻ്റെ രീതിയിൽ ഞാനും അതു ചെയ്യാൻ ശ്രമിക്കുന്നു എന്നേയുള്ളൂ.
🟥 പുതിയകാല കവിത
പുതിയ കാലത്ത് ആർക്കും എഴുതാവുന്നൊരു സാഹിത്യരൂപമായി കവിത മാറിയിട്ടുണ്ടെന്നൊരു വർത്തമാനം കേൾക്കുന്നുണ്ട്. കവിതയെന്നല്ല, എന്തും ആർക്കും എപ്പോഴും എഴുതാം, അത് കവിതയാണോ എന്ന് അനുവാചകർ തീരുമാനിക്കും, അവർ ഏകാഭിപ്രായക്കാരാവില്ല, പക്ഷേ കാലം ചെല്ലുമ്പോൾ ചില പൊതുവായ അഭിപ്രായങ്ങൾ ഉരുത്തിരിയും, അതിലും വിടവുകൾ ഉണ്ടാകാം, ചില വിസ്മൃതരായ കവികൾ ചില സാമൂഹ്യ-ലാവണ്യസന്ദർഭങ്ങളിൽ ഉയിർത്തെഴുന്നേൽക്കും. അവരിൽ ചിലർ താൽകാലികമായ ഒരു ധർമം നിർവഹിച്ചു വീണ്ടും വിസ്മൃതിയിലേക്ക് മറയും. അപ്പോഴും ചിലർ നില നിൽക്കും. അതുകൊണ്ട് നാം ഒരു തരം കവിതയും സെൻസർ ചെയ്യേണ്ടതില്ല. നമുക്കു വ്യക്തിപരമായ തെരഞ്ഞെടുപ്പുകൾ ആകാം. അവ ആത്യന്തികമാകണമെന്നില്ല. കവികളെപ്പോലെ സഹൃദയരും അവരുടെതായ പാരമ്പര്യങ്ങൾ നിർമിക്കുന്നുണ്ട്. എഴുതാൻ ഏറ്റവും പ്രയാസമുള്ള സാഹിത്യരൂപമാണ് കവിത എന്നാണു എൻ്റെ മതവും അനുഭവവും, മറിച്ചു കരുതുന്നവർ ഇന്നു ധാരാളമായുണ്ട്. അവർ അങ്ങനെ തന്നെ കരുതട്ടെ.
🟥 കവിതയുടെ ജൈവസ്വഭാവം
ഓരോ കവിതയ്ക്കും ഓരോ ജൈവസ്വഭാവമുണ്ട്, അവ വാർന്നു വീഴുന്നത് അവയുടെ മാത്രമായ രീതികളിലാണ്. ഞാൻ ഗദ്യത്തിൽ രചിച്ച കവിതകൾ ഒന്നും എനിയ്ക്കു പദ്യരൂപത്തിൽ സങ്കൽപിക്കാൻ വയ്യ, മറിച്ചും! 'പനി', 'സത്യവാങ്മൂലം', 'ഇടങ്ങൾ', 'പക്ഷികൾ എൻ്റെ പിറകേ വരുന്നു', 'ഒരു ചെറിയ വസന്തം', 'ദുഃഖം എന്ന വീട്' ഇതൊന്നും എനിയ്ക്കു വൃത്തത്തിൽ സങ്കൽപിക്കുകയേ വയ്യാ. 'ഇവനെക്കൂടി', 'ഇടശ്ശേരി', 'തിരിച്ചുവരവ്', 'കായിക്കരയിലെ മണ്ണ്', 'ജാനകീ പോരൂ', 'ഏതു രാമൻ', തുടങ്ങിയവ ഗദ്യത്തിലും എഴുതാൻ വയ്യ. അവ അവയുടെ രൂപം സ്വയം തെരഞ്ഞെടുത്തതാണ്. ഞാൻ ഇടപെടുന്നത് അവ ഇഷ്ടപ്പെടുകയില്ല. എൻ്റെ ഇടപെടലുകൾ പിന്നെയാണ് നടക്കുന്നത് -- തെരഞ്ഞെടുക്കപ്പെട്ടു കഴിഞ്ഞ രൂപത്തിനകത്തു വാക്കുകൾ, ബിംബങ്ങൾ, ഘടനകൾ ഇവയൊക്കെ തെരഞ്ഞെടുക്കുമ്പോൾ.
🟥 നെരൂദ കൂടുതൽ സ്വാധീനിച്ചോ?
എനിയ്ക്കു പ്രത്യേകം ഇഷ്ടമുള്ള പത്തു ലോകകവികളെ എടുത്താൽ അതിൽ ഷേക്സ്പിയർ, ലോർക്കാ, എന്നിവർക്കൊപ്പം നെരൂദയുമുണ്ടാകും. അതിനു കാരണം ആ കവിതയുടെ സർവസ്പർശിത്വമാണ്. നക്ഷത്രങ്ങൾ, സമുദ്രങ്ങൾ, പർവതങ്ങൾ, മരങ്ങൾ, മൃഗങ്ങൾ, മനുഷ്യർ, ഇവക്കെല്ലാം പുതുജീവൻ നല്കുന്ന കവിതയാണത്. അദ്ദേഹം എത്രത്തോളം രാഷ്ട്രീയകവിയാണോ അത്രത്തോളം പ്രകൃതികവിയും പ്രണയകവിയുമാണ്, ഇതാണ് ചില്ലറ രാഷ്ട്രീയകവികളിൽ നിന്നു അദ്ദേഹത്തിൻ്റെ കവിതയെ ഉയർത്തി നിർത്തുന്നത്. ഒരു രാഷ്ട്രീയാഭിപ്രായം എടുത്തു കാട്ടി നിങ്ങൾക്ക് ആ കവിതയെ നിരാകരിക്കാനാവില്ല. എൻ്റെ കവിതയെയല്ലാ, കാവ്യസങ്കൽപത്തെയാണ് നെരൂദ സ്വാധീനിച്ചിട്ടുള്ളത് -- കവിതയിൽ എല്ലാറ്റിനും ഇടമുണ്ട് എന്ന സങ്കൽപത്തെ.
🟥 ഇപ്പോൾ ‘ദുർഗ്രഹത’യില്ല
നിരൂപകരെ സംബന്ധിച്ചിടത്തോളം എൻ്റെ കവിതയിൽ ഋതുപ്പകർച്ചകൾ ഉണ്ടെന്നു വരാം. എന്നെപ്പോലെ അറുപതു വർഷമെങ്കിലും അനുസ്യൂതമായി കാവ്യരചന നടത്തുന്ന ഏതൊരു കവിയുടെയും സർഗജീവിതത്തെ സംബന്ധിച്ച ഒരു പൊതുസത്യം, ഞങ്ങളുടെയൊക്കെ കവിതയിൽ തുടർച്ച അന്വേഷിക്കുന്നവർക്കു തുടർച്ച കാണാം, വിച്ഛേദം തേടുന്നവർക്ക് ഘട്ടങ്ങൾ കാണാം എന്നതാണ്. കവിതയെ പ്രമേയങ്ങളായി ചുരുക്കുന്നവരുണ്ട്, സമീപനങ്ങളും ശൈലിയും ബിംബവും സ്വരവുമെല്ലാം പ്രധാനമായി എടുക്കുന്നവരുമുണ്ട്. എൻ്റെ ഏറ്റവും വിശ്വസ്തരായ വായനക്കാർ -- അവർ അത്ര വലിയ സംഖ്യയൊന്നും ഉണ്ടാവില്ല, ഉണ്ടാവുകയും വേണ്ടാ -- എൻ്റെ കവിതയിൽ തുടർച കാണുന്നവരാണ്. ഈ അഭിമുഖത്തിനു മുമ്പ് ഞാൻ മറ്റൊരു നല്ല വായനക്കാരൻ്റെ, ഇക്കാലത്തെ ഏറ്റവും ശ്രദ്ധേയനായ ഒരു കവി കൂടിയാണ് അദ്ദേഹം, ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു.
അദ്ദേഹം എൻ്റെ ആദ്യത്തെ ശ്രദ്ധിക്കപ്പെട്ട കവിതകളിൽ – ‘ഗാനം’, 'അഞ്ചുസൂര്യൻ’, ‘എഴുത്തച്ഛൻ എഴുതുമ്പോൾ’, ‘രൂപാന്തരം’ -- പോലും എൻ്റെ പിൽകാല പരിണാമത്തിൻ്റെ സൂചനകൾ വായിക്കുന്നുണ്ട്. അത് അദ്ദേഹത്തിന് കഴിയുന്നത് എൻ്റെ കവിതയുടെ ഭാഷയുടെ ചലനവേഗം, ബിംബങ്ങളുടെ ഉപയോഗം തുടങ്ങിയ സൂക്ഷ്മവശങ്ങളിൽ ശ്രദ്ധിക്കുന്നതു കൊണ്ടാണ്. അതേ സമയം മാറ്റങ്ങൾ അദ്ദേഹം കാണുന്നില്ലെന്നല്ല, അവയെ ആകസ്മികമായ ചാട്ടങ്ങൾ ആയല്ലാ, അനുസ്യൂതമായ ഒരു പരിണാമത്തിൻ്റെ പടവുകളായാണ് കാണുന്നത് എന്നതാണ് ശ്രദ്ധേയം. ആത്മകഥാപരമായി പറയുമ്പോൾ ഞാൻ പോലും അറുപതുകൾ, എഴുപതുകൾ, എൺപതുകൾ, എന്നൊക്കെ ഉപയോഗിച്ചെന്നു വരാം. മറിച്ചു ‘അഞ്ചുസൂര്യൻ’ എന്ന കവിതയിലെ ഭിന്നഭാവങ്ങളുടെ, അഥവാ സൂര്യന്മാരുടെ, അനുക്രമമായ, അഥവാ ക്രമരഹിതമായ, വിടർചയായി എൻ്റെ പിൽകാലകവിതയെ കണ്ടെന്നും വരാം. ഇവിടെ വായനയുടെ രീതിയാണു പ്രധാനം. ഇപ്പോൾ ഈ തുടർചയാണ് ഞാൻ കൂടുതലായി കാണുന്നത്.
എനിയ്ക്ക് കാണാൻ കഴിയുന്ന ഒരു മാറ്റം ഒരു പക്ഷേ ഭാഷാപരമായ ലാളിത്യത്തിലേയ്ക്കുള്ള നീക്കമാണ്. ‘ലാളിത്യം’ എന്ന് പറയുമ്പോൾ കവിതയ്ക്ക് സാധ്യമായ ലാളിത്യം മാത്രമാണ് ഞാൻ ഉദ്ദേശിക്കുന്നത്, കവിതയിൽ എന്നും ഒരു പരോക്ഷതയുണ്ടല്ലോ. എൻ്റെ ആദ്യകാലത്തെ പല കവിതകളെക്കുറിച്ചും കുറെ പേരെങ്കിലും ‘ദുർഗ്രഹം' എന്നു പറയാറുണ്ട്. ബിംബങ്ങളുടെ സങ്കീർണത, അപരിചിത പദങ്ങളുടെ ബാഹുല്യം ഇവയുടെ ഉപയോഗം ഇവയിൽ നിന്നുണ്ടായതാണ് ആ കലക്കം. പിന്നെപ്പിന്നെ എൻ്റെ കവിതയിൽ ഒരു തെളിച്ചം ഉണ്ടായിട്ടുണ്ടെന്ന് ഞാൻ കരുതുന്നു. എൻ്റെ അനുവാചകർ ആരും ഇപ്പോൾ ‘ദുർഗ്രഹത’യെക്കുറിച്ചു പരാതി പറയാറില്ല. എന്നാൽ എൻ്റെ നല്ല രചനകൾ, അങ്ങനെ വല്ലതുമുണ്ടെങ്കിൽ, വളരെ പ്രത്യക്ഷമായ പ്രസ്താവങ്ങളാണെന്നും ഞാൻ കരുതുന്നില്ല.
--------------------