ന്യു യോർക്ക്: ജനങ്ങൾ ധാരാളമായി വായിച്ച കൃതികൾ സിനിമയാക്കുന്നത് എളുപ്പമല്ലെന്ന് സംവിധായകൻ ബ്ലസ്സി. പുസ്തകത്തെപ്പറ്റി ആളുകൾക്ക് ഓരോ ധാരണ ഉണ്ടാവും. അതനുസരിച്ചുള്ള സിനിമയല്ലെങ്കിൽ അവർ പെട്ടെന്ന് തന്നെ അതിന്റെ വിമര്ശകരായി മാറും. ഏറെ വായിക്കപ്പെട്ട ബെന്യാമിന്റെ 'ആടുജീവിതം' സിനിമയാക്കി വൻവിജയം നേടിയ അദ്ദേഹം വെസ്റ്ചെസ്റ്റർ ഹ്യുമൻ റൈറ്റ്സ് കമ്മീഷണറും ഫോമാ നേതാവുമായ തോമസ് കോശിയുടെ വസതിയിൽ നൽകിയ സ്വീകരണത്തിൽ സിനിമാ ലോകത്തെപ്പറ്റി പല വിവരങ്ങളും പങ്കു വച്ചു.
ഗബ്രിയേൽ ഗാർസിയ മാർകെസിന്റെ ലോകപ്രസിദ്ധമായ 'ഏകാന്തതയുടെ നൂറു വർഷങ്ങൾ' സിനിമ ആയപ്പോൾ വേണ്ടത്ര വിജയം നേടുകയുണ്ടായില്ല. ഒരു പുസ്തകം അതെ രീതിയിൽ പകർത്താൻ ശ്രമിച്ചാൽ അത് പരാജയമാകുന്നതാണ് കാണുന്നത്. മിക്കവാറുമെല്ലാ സിനിമകളും ചെറുകഥകളിൽ നിന്ന് ഉരുത്തിരിഞ്ഞു വരുന്നവയാണ്.
പുസ്തകത്തിന്റെ രീതി അല്ല സിനിമയുടെ ഭാഷ . അത് മറ്റൊന്നാണ്. പുസ്തകത്തിന്റെ വ്യാപ്തിയോ അത്രയും വലിയ കാൻവാസൊ സിനിമക്കില്ല. പുസ്തകത്തിൽ എന്തും എഴുതാം. ആളുകൾ അത് മനസ്സിൽ കണ്ടുവെന്നും വരാം. സിനിമയിൽ അത് എളുപ്പമല്ല. ഉദാഹരണം കടൽ നൂറടി ഉയരത്തിൽ പൊങ്ങി എന്ന് പുസ്തകത്തിൽ എഴുതാൻ പ്രയാസമില്ല. സിനിമയിൽ അത് ചിത്രീകരിക്കുക അത്ര എളുപ്പമാണോ? ഇന്നിപ്പോൾ സാങ്കേതിക വിദ്യ ഉള്ളതിനാൽ അത് ഒരുപക്ഷെ പറ്റുമെന്ന് വരാം.
ബ്ളസിയും നടി ശാന്തികൃഷ്ണയുടെ പുത്രനും
സിനിമ പോകുന്നത് സംവിധായകന്റെ ഭാവനയിൽ ഉരുത്തിരിയുന്നതാണ്. പക്ഷേ എന്ത് കൊണ്ടോ ആളുകൾ ഈ വ്യത്യാസം മനസിലാക്കുന്നില്ല.
തന്റെ ഏതു സിനിമയോടാണ് കൂടുതൽ ഇഷ്ടം എന്ന് പറയുന്നത് ഏതു മക്കളോടാണ് കൂടുതൽ ഇഷ്ടം എന്ന് ചോദിക്കും പോലെയാണ്. 'കാഴ്ച'യിൽ ഗുജറാത്തിലെ ഭൂകമ്പവും കേരളത്തിലെ ഒരു സാധാരണക്കാരന്റെ മനുഷ്യത്വവുമാണ് ചിത്രീകരിക്കുന്നത്. 'തന്മാത്ര'യിൽ അത് ആൾസൈമേഴ്‌സ് രോഗബാധിതന്റെ എല്ലാം മറന്നു പോകുന്ന അവസ്ഥയാണ് വിഷയം. 'ഭ്രമര'ത്തിലാകട്ടെ പ്രതികാര ചിന്തയാണ് വിഷയം. 'ആടുജീവിതം' മാത്രമാണ് മറ്റൊരാൾ എഴുതിയത് സിനിമയാക്കുന്നത്.
'ആടുജീവിതം' ചിത്രീകരിക്കാൻ ഇത്രയധികം വിഷമത വേണ്ടി വരുമെന്ന് കരുതിയോ? ഇടക്ക് സിനിമ തന്നെ വേണ്ടെന്നു വയ്ക്കണമെന്ന് തോന്നിയോ? ഇല്ല. സിനിമ ഒരു വെല്ലുവിളിയാണ്. ചെയ്യുന്ന ജോലി ആസ്വദിച്ചു ചെയ്യുമ്പോൾ ഇട്ടിട്ടു പോകാനൊന്നും തോന്നില്ല.
ആടുജീവിതത്തിനു പൃഥ്വിരാജിന്റെ സംഭാവന വളരെ വലുതായിരുന്നു. പൃഥിവീരാജ് അല്ലാതെ മറ്റൊരാൾക്ക് ആ റോൾ ചെയ്യാൻ പറ്റുമായിരുന്നോ എന്ന് പറയാൻ പറ്റില്ല. പറയേണ്ട കാര്യവുമില്ല.'
സൗദി അറേബ്യയെ ചിത്രം അപമാനിക്കുന്നു എന്ന് പറയുന്നതിൽ അർത്ഥമൊന്നുമില്ലെന്ന് ബ്ലെസി ചൂണ്ടിക്കാട്ടി. 16 വര്ഷം മുൻപ് ഇറങ്ങിയ പുസ്തകത്തെ ആധാരമാക്കിയാണ് സിനിമ. തുടക്കത്തിൽ തന്നെ ഇത് ആരെയും ആക്ഷേപിക്കാനോ കൊച്ചാക്കാനോ അല്ല എന്ന് എഴുതി കാണിക്കുകയും ചെയ്യുന്നുണ്ട്.
യഥാർത്ഥത്തിൽ പുസ്തകത്തിലെ ചില തെറ്റായ പരാമർശങ്ങൾ സിനിമയിൽ കറക്ട് ചെയ്യുകയാണുണ്ടായത്. ഉദാഹരണത്തിന് ഹലാൽ അല്ലാത്ത മാംസം ഒരു മുസ്ലിം ഭക്ഷിച്ചുവെന്ന പരാമർശം സിനിമയിൽ മാറ്റി.
'ആടുജീവിതം' ഇറങ്ങിയ ശേഷം ഗുണകരമായ മാറ്റങ്ങളും ഉണ്ടായി. ഇപ്പോൾ ലേബർ ക്യാമ്പുകളിലും മറ്റും സൗദി അധികൃതർ കൂടുതലായി പരിശോധന നടത്തുന്നു. തൊഴിൽ നിയമങ്ങൾ കര്ശനമായി നടപ്പാക്കുന്നു.
സിനിമയുടെ കഥ അറിയാതെയാണ് താൻ ഇതിൽ അഭിനയിച്ചതെന്ന ജോർദാനിയാണ് നടന്റെ പരാമർശത്തിന് മറുപടി പറയേണ്ടതില്ല. ജോലി ചെയ്യുന്നയാൾക്ക് താൻ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല എന്ന് പറഞ്ഞാൽ അതിനു മറുപടി ഇല്ല. വ്യക്തമായി സ്ക്രിപ്ട് കൊടുത്താണ് അഭിനയിക്കുന്നത്.
എല്ലാ സൂപ്പർ സ്റ്റാറുകളും തന്റെ ചിത്രങ്ങളിൽ അഭിനയിച്ചു. 'കാഴ്ച' എഴുതിയത് മമ്മുട്ടിയെ ലക്ഷ്യം വച്ചല്ല. ശ്രീനിവാസനുമായാണ് ആദ്യം സംസാരിച്ചത്. മമ്മുട്ടി വന്നത് നേട്ടമായെങ്കിലും ഇല്ലായിരുന്നെങ്കിലും സാധാരണ സിനിമയായി അത് നിലനിൽക്കുമായിരുന്നു.
സിനിമ വിജയിക്കുന്നത് ജനം അതിൽ എന്തെങ്കിലും തങ്ങളെ സ്പര്ശിക്കുന്നതായി കാണുമ്പോഴാണ്. പറഞ്ഞു പറഞ്ഞുള്ള പബ്ലിസിറ്റി ആണ് പല സിനിമകളെയും വിജയിപ്പിക്കുന്നത്. 'കാഴ്ച' ഒരാഴ്ചക്ക് ശേഷമാണ് വലിയ വിജയത്തിലേക്ക് നീങ്ങിയത്-ബ്ലസ്സി പറഞ്ഞു.
ബ്ലാസിക്കൊപ്പം വന്ന പത്തനംതിട്ട ജില്ലാ യു.ഡി.എഫ്. ചെയർ അഡ്വ. വർഗീസ് മാമ്മനും സംസാരിച്ചു. കാലില്ലാത്തവർക്ക് കൃത്രിമ കാൽ നൽകുന്ന ലൈഫ് ആൻഡ് ലിംബ് പ്രസ്ഥാനത്തിന്റെ ജോൺസന്റെ സേവനങ്ങൾ അദ്ദേഹം അനുസ്മരിച്ചു.
നാല് സിനിമ എടുത്ത തൻ ഇനി ആ രംഗത്തേക്കില്ലെന്നു പോൾ കറുകപ്പള്ളി പറഞ്ഞു. ആളുകളെ സഹായിക്കാനാണ് പോകുന്നത്. പണം നഷ്ടമാകുന്നത് മാത്രമല്ല പ്രശ്നം. ഒരു മൂവിക്ക് തീയറ്ററിൽ ആളെ കാശു കൊടുത്തു കയറ്റിയതാണെന്നു ഒരു നടൻ പറഞ്ഞത് കേട്ടപ്പോൾ അതിശയം തോന്നി. മുൻപൊന്നും അങ്ങനെ കേട്ടിട്ടേയില്ല.
വർഗീസ് മാമ്മനെ അദ്ദേഹം ഷാൾ അണിയിച്ചു
തോമസ് കോശിയും മലയാളി സമൂഹവുമായുള്ള ബന്ധങ്ങൾ ബ്ലെസിയും വർഗീസ് മാമ്മനും എടുത്തു പറഞ്ഞു.
ഫോമാ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ് അടക്കം തോമസ് കോശിയുടെ സുഹൃദ്‌വലയത്തിൽ നിന്നുള്ള ഒട്ടേറെ പേർ പങ്കെടുത്തു.