Image

മുംബൈയിലെ ഓണം, _ഒരുമയുടെ പൂക്കളങ്ങൾ ...(അമ്പിളി കൃഷ്ണകുമാർ)

Published on 26 September, 2024
മുംബൈയിലെ  ഓണം, _ഒരുമയുടെ പൂക്കളങ്ങൾ ...(അമ്പിളി കൃഷ്ണകുമാർ)

 ജനിച്ചു വളർന്ന നാട്, ഭാഷ , സംസ്ക്കാരം ഇടവഴികൾ , കൈതോടുകൾ, കുളിർ മഴകൾ,
എല്ലാം പിന്നിലുപേക്ഷിച്ച് ഒരു ഘട്ടത്തിൽ ജീവിതത്തിൽ നിന്നും വേറൊരിടത്തേക്കെത്തപ്പെടുക!
ശിഷ്ടകാലം അവിടെ ജീവിക്കുവാനുള്ള കരാറും ബന്ധവും വന്നുചേരുക.! ഇത്തരമൊരു പറിച്ചു നടൽ വിദൂര സ്വപ്നങ്ങളിൽ പോലുമില്ലാതിരുന്നതിനാൽ, മനസ്സു പാകപ്പെടാൻ കൂട്ടാക്കാതെ പിണങ്ങിനിന്നു.
 ഒരോണക്കാലത്തായിരുന്നു വിവാഹ ശേഷം ഭർത്താവുമൊത്ത് മുംബൈയിലേക്കു ചേക്കേറിയത്.

മതിലില്ലാ വീടുകളിൽ, തുറന്ന നാട്ടു മണങ്ങളിൽ , തെളിഞ്ഞ നീരുറവകളിൽ, മാത്രം ലോകം കണ്ടിരുന്ന   എന്നെ മുംബൈ ശ്വാസം മുട്ടിപ്പിടഞ്ഞ ഒരു കുട്ടിയെപ്പോലെ വീർപ്പുമുട്ടിച്ചു.
      
മുംബൈയിലെ എൻ്റെ ആദ്യത്തെ ഓണം.
നാട്ടിൽ നിന്ന്  വണ്ടി കയറിയെത്തിയ ഓണ സാധനങ്ങൾ. വാഴയിലയും ഉപ്പേരിയും പഴം നുറുക്കുമുൾപ്പെടെ മലയാളി സ്റ്റോറുകളിലൂടെ ഓണത്തിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ട് നാട്ടിലെ ഓണത്തോട് ചേർന്നു നിന്ന് ഓണമൂട്ടി കടന്നുപോയി.
ഓണം കഴിഞ്ഞ ആലസ്യത്തിൽ നിന്നുണർന്നപ്പോഴതാ ഇവിടെ ഓണം തുടങ്ങുന്നതേയുള്ളൂ !!

മലയാളി സമാജത്തിൻ്റെ ഓണാഘോഷം! പരിചയമില്ലാത്തവരുടെ ഇടയിലേക്ക് , തീരെ താൽപ്പൊര്യമില്ലാതെ പോയതാണ്.
രണ്ടോ മൂന്നോ മലയാളി കുടുംബങ്ങളെ മാത്രം കണ്ടിട്ടുള്ള എന്നാൽ അവരും തീരെ നിവൃത്തിയില്ലാത്ത സമയങ്ങളിൽ മാത്രം മലയാളം പറയുന്ന കേട്ടതിനാൽ അങ്ങോട്ടു പോകാനേ തോന്നിയില്ല. പക്ഷേ, സദ്യയുണ്ടെന്നറിഞ്ഞ് എന്നാലിന്ന് അടുക്കളയിൽ കയറണ്ടല്ലോ എന്ന സന്തോഷത്തിൽ മാത്രം പോയതാണ്.
പക്ഷേ,

കസവുമുണ്ടും കേരള സാരിയും പട്ടുപാവാടയും മുല്ലപ്പൂവുമൊക്കെ ചൂടിയ വരെയെല്ലാം കണ്ട് ഇവരൊക്കെ എവിടെ താമസിക്കുന്നു. ? ദൂരേന്നു വന്നവരാണോ? അതോ.. ഇവിടെയടുത്തോ? എന്റൊപ്പമുള്ളവരെയല്ലാതെ വേറൊരു മനുഷ്യരേയും പരിചയമില്ലാത്ത ഞാൻ കണ്ണിനു കിട്ടിയ നൽകണി പോലെ എല്ലാം ആസ്വദിച്ചു കണ്ടു. 
നല്ല ഭംഗിയിൽ വച്ച പൂക്കളവും നടുക്ക് ഓണത്തപ്പനും അതിനു പിന്നിലായി സ്റ്റേജും ബാനറും അതിൽ മലയാളത്തിലെഴുതിയ വടിവൊത്ത അക്ഷരങ്ങളും.! ആ അക്ഷരങ്ങളെ ഞാനെത്ര തവണ തലങ്ങും വിലങ്ങും വായിച്ചുവെന്നോ?
വായിക്കുക മാത്രമല്ല, ഇതാരായിരിക്കും എഴുതിയത്? ഇവർക്കെല്ലാം മലയാളം എഴുതാനും വായിക്കാനും അറിയാമായിരിക്കുമോ? എല്ലാവരും ഇവിടെ ജനിച്ചു വളർന്നവർ ആയിരിക്കില്ലല്ലോ. 
എന്നെ പോലെ കല്യാണ ശേഷം വന്നവരോ ജോലികിട്ടി വന്നവരോ ഒക്കെയായിരിക്കും. പിന്നെയവർക്കു മലയാളം എഴുതിയാലെന്താ? 
എന്റെ മണ്ടൻ ചിന്തകളുടെ തലയ്ക്കിട്ടൊരു കൊട്ട് കൊടുത്ത് മിണ്ടാതിരുന്നു.

എന്തെങ്കിലുമൊരു തുമ്പു കിട്ടിയാൽ അതിൽ പിടിച്ചുകയറി നാട്ടിൽ ചെന്നിറങ്ങുന്ന മനസ്സ് എവിടൊക്കെയോ അലഞ്ഞു തിരിഞ്ഞ് വീണ്ടും മുംബെയിലെ ഫ്ലാറ്റിനുള്ളിലെത്തി നിന്നു.
ഒരിക്കൽ റൂമിന്റെ നാലു ചുവരുകൾക്കുള്ളിലിരുന്ന് പുറത്തേക്കു കാതോർത്ത ഞാൻ രണ്ടു സ്ത്രീകളുടെ മലയാളത്തിലുള്ള സംസാരം കേട്ട് തുറന്ന വാതിലടയ്ക്കുക കൂടി ചെയ്യാതെ സംസാരം കേട്ട ഭാഗത്തേക്ക് റോഡിലൂടെ ഒത്തിരി ദൂരം സ്വപ്നത്തിലെന്നപോലെ നടന്നത്. 
ഒരു വളവു കഴിഞ്ഞപ്പോൾ അവർ എങ്ങോട്ടു പോയീന്ന് മനസ്സിലാകാതെ തിരികെ വന്നതുമൊക്കെ വീണ്ടും ഓർമ്മ  വന്നു. അവരിലാരെങ്കിലുമൊക്കെ ഇവിടെ കാണുമായിരിക്കും. കണ്ടെങ്കിൽ മിണ്ടാമായിരുന്നു. 
പക്ഷേ കണ്ടാലും തിരിച്ചറിയില്ലല്ലോ.

പെട്ടെന്നാണ് സ്റ്റേജിൽ, മലയാള തനിമയിൽ വേഷം ധരിച്ച്, ഒരു കൈയ്യിൽ മൈക്കും  മറു കൈയ്യിലൊരു പേപ്പറും പിടിച്ച് ഒരാൾ മെല്ലെ സംസാരിക്കാൻ തുടങ്ങിയത്. .!!

കേരളത്തെക്കുറിച്ച്,.. മലയാളത്തെക്കുറിച്ച് ....
ഓണത്തെക്കുറിച്ച്.

എല്ലാം ആമുഖമായി ചിലതു പറഞ്ഞു.
എന്റെ കാതുകളിലായിരുന്നില്ല അതു പതിച്ചത്. 
ആ ശബ്ദവും വാക്കുകളും എന്നിലെ ഓരോ അണുവിലും നേരിയ പ്രകമ്പനമുണ്ടാക്കി കൊണ്ടിരുന്നു. എന്തിനെന്നറിയാതെ, ഞാൻപോലുമറിയാതെ കണ്ണുകൾ നിറഞ്ഞു കവിഞ്ഞൊരു പുഴയാകാൻ വെമ്പി. അടുത്തിരുന്നവരെല്ലാം സ്റ്റേജിലേക്കു നോക്കിയിരുന്നതിനാൽ എന്റെ കണ്ണീർപ്പുഴ നിർബാധം ഒഴുകി കരകവിഞ്ഞു.

ഇത്തരം കൂട്ടായ്മകളും ഒത്തുകൂടലുകളും ആഘോഷങ്ങളുമൊക്കെ ഇവിടെ  ഉണ്ടെന്നുള്ള തിരിച്ചറിവിൽ ഇനിയുമെന്നെങ്കിലും ഇതുപോലെൻ മുന്നിൽ എല്ലാം നിറഞ്ഞു പെയ്യുമെന്നും ഞാനതിൽ നനഞ്ഞു കുതിരുമെന്നും സ്വപ്നം കണ്ടിരിക്കാനെന്തു സുഖം.

ഞാൻ ആദ്യമായിട്ടായിരുന്നു ഓണം ഇങ്ങനെ ആഘോഷിക്കുന്നത് കാണുന്നത് തന്നെ !! അതുവരെയുള്ള ഇവിടത്തെ അനുഭവം വച്ച് ഹിന്ദിയിലോ ഇംഗ്ലീഷിലോ ആയിരിക്കും ഓണവും എന്നായിരുന്നു ഞാൻ വിചാരിച്ചിരുന്നത്.

ഓണമാകുമ്പോൾ ടി.വിയിൽ കാണുന്ന ചില പരസ്യങ്ങളിൽ പൂക്കൂട പിടിച്ച കുട്ടികൾ ഓടുന്നതിനൊപ്പം പെട്ടെന്ന് മനസ്സോടി നാട്ടിലെത്തി. പക്ഷേ ഇത്തവണ ഓടിപ്പോയ അതേ സ്പീഡിൽ തിരികെ വന്നു.!

മനസ്സിന്റെ അരക്ഷിതാവസ്ഥയും അനിശ്ചിതാവസ്ഥയുമെല്ലാം  പെട്ടെന്ന് പടിയിറങ്ങി പോയ പോലൊരു  തോന്നൽ. മനസ്സിലൊരു തെളിനിലാവു പരന്നു.
ആ ദിവസത്തിൻ്റെ ഓർമയിൽ എത്രനാളുകൾ വേണമെങ്കിലും ഇവിടെ തന്നെ ജീവിക്കാമെന്ന തോന്നൽ. നാട്ടിലേക്കു കൂടക്കൂടെ ഓടുന്ന മനസ്സ് പെട്ടെന്നു സഡൻ ബ്രേക്കിട്ടപോലൊരു നിൽപ്പു നിന്നു.


ഒരുമയുടെ പൂക്കളങ്ങളാണ് മുംബൈ ഓണത്തിനെ നാട്ടിലെ ഓണത്തിൽ നിന്ന് വ്യത്യസ്തമാക്കുന്നത് എന്ന് തോന്നിയിട്ടുണ്ട്.

പണ്ട് മണ്ണ് കുഴച്ച്  തട്ടുകളുണ്ടാക്കി ചാണകം  കൊണ്ട് മെഴുകി ഓരോ ദിവസം ഓരോ തട്ടിൽ ഓരോ തരം പൂവ് എന്ന അമ്മൂമ്മ ചിട്ടവട്ടത്തെ കാറ്റിൽ പറത്തി , വേലിക്കലെ മഞ്ഞ കോളാമ്പി പൂവിനെ പിടിച്ച് ഹലോ ഹലോ.. പറഞ്ഞ് .  (അത് കോളാമ്പിയുടെ ആകൃതിയിൽ ജനിച്ച കാരണം എൻ്റെ കരാള ഹസ്തങ്ങളിൽ നിന്ന് രക്ഷപ്പെട്ടു നിന്നു ). പൂ പിച്ചിയാൽ ചീത്ത പറയുന്നവരെയൊക്കെ നോക്കി വച്ചിരുന്ന് അത്തം തൊട്ട് അങ്ങോട്ടൊരു പാച്ചിലാണ്.  കരിമൊട്ടു സഹിതം പറിച്ചെടുത്തേ സമാധാനമാകൂ.   (പക്ഷേ കുറച്ചു കൂടി മുതിർന്നപ്പോൾ ആവശ്യത്തിന് പോലും പൂക്കളിറുക്കാൻ ഇഷ്ടമില്ലാതായി എന്നത് വേറെ  സത്യം. ) അയൽപക്കത്തെ നല്ല നല്ല പൂക്കളെല്ലാം നിഷ്കരുണം ഇറുത്തെടുത്ത് കൊണ്ടു വന്ന് സ്വന്തമായി ഡിസൈൻ പൂക്കളം ഉണ്ടാക്കി പ്രഗത്ഭ്യം തെളിയിച്ച നാളുകളെയും അയവിറക്കി ,പൂക്കളത്തെക്കുറിച്ച് വേണമെങ്കിൽ ഒരു പ്രബന്ധം തന്നെ രചിച്ചേക്കാവുന്ന അനുഭവപരിചയം ഓർത്ത് ഊറിചിരിച്ച് ഡിസൈൻ പൂക്കളം കണ്ടു പിടിച്ചതേ ഞാനാണെന്ന മട്ടിൽ എന്നെതന്നെ അഭിനന്ദിച്ചിരുന്ന ഞാൻ ഇവിടത്തെ മത്സര പൂക്കളങ്ങൾ കണ്ട് അന്തം വിട്ടിരുന്നുപോയിട്ടുണ്ട്.

എന്നാലും അങ്ങനങ്ങു വിട്ടു കൊടുക്കാൻ തയ്യാറില്ലാതെ കുറേ വർഷത്തെ നിരന്തര ഗവേഷണത്തിനും പഠനത്തിനുമൊടുവിൽ  ഇപ്പോൾ മൂന്നാലു വർഷമായി നല്ലൊന്നാന്തരം പൂക്കളമിടീലുകാരിയായി മാറിയിട്ടുണ്ടെന്നാണ് ഞാൻ എന്നെ തന്നെ പുകഴ്ത്തുന്നത്. ( വേറാരും നഹീ )

ഇവിടത്തെ ഫൂൽ മാർക്കറ്റിൽ പൂ വാങ്ങാൻ പോകുന്നതും നല്ലൊരനുഭവമാണ്. ആദ്യമായി പോയനാൾ വേസ്റ്റായിട്ട് തറയിൽ കൂട്ടിയിട്ടിരിക്കുന്ന പൂക്കൾ കണ്ട് അത്ഭുതപ്പെട്ടിട്ടുണ്ട്. അത്രക്കും നല്ല പൂക്കൾ. ചെറുകിട വില്പനക്കാർ അതിൽ നിന്നും പെറുക്കിയെടുക്കുന്നതും കണ്ടിട്ടുണ്ട്.

      തിരുവോണ ദിവസം മുംബൈ സി.എസ് ടി. ( ഛത്രപതി ശിവാജി ടെർമിനൽ ) റയിൽവേ സ്റ്റേഷനിലെ വലിയ പൂക്കളം കാണാൻ ആയിരക്കണക്കിന് ആൾക്കാർ എത്താറുണ്ട് .
നമ്മുടെ കൊച്ചു കേരളത്തെയും ഓണത്തെയും ഈ മഹാനഗരത്തിൽ വലിയ രീതിയിൽ അടയാളപ്പെടുത്തുന്ന ദിവസം. വിവിധ സംസ്കാരങ്ങളുടെ ഐക്യപ്പെടൽ, ഒന്നാകൽ.

സമാജങ്ങളെ കൂടാതെ സംഘടനകളും വലിയ തോതിൽ പൂക്കള മത്സരങ്ങൾ സംഘടിപ്പിക്കാറുണ്ട്.
മാതൃഭൂമി പൂക്കള മൽസരം , മനോരമ എന്നിങ്ങനെ .. അതിലേക്ക്  ഓരോരോ സമാജത്തിൽ  നിന്നും ഓരോരോ ടീമുകൾ. മാതൃഭൂമി പൂക്കളമത്സത്തിനു വേണ്ടി രാത്രി 12 മണിവരെ സമാജം ഓഫീസിൽ പൂവരിയൽ ഒക്കെ ഓണത്തിൻ്റെ  'ഒത്തൊരുമ ' ഒരു തരത്തിലല്ലങ്കിൽ മറ്റൊരു തരത്തിൽ നാട്ടിലെ പോലെ തന്നെ ഇവിടേയും അനുഭവവേദ്യമാക്കുന്നുണ്ട്. ഒന്നാകലാണല്ലോ ഓണം.  കാത്തിരിപ്പും കൂടിച്ചേരലും. വിവിധ സമാജങ്ങളിലേക്കായി തിരുവാതിര പോലുള്ള കളികളും അതിൻ്റെ പ്രാക്ടീസുകളുമൊക്കെയായി എവിടെ മലയാളിയുണ്ടോ അവിടെല്ലാം ഓണം ഓടിക്കിതച്ചെത്തുക തന്നെ ചെയ്യും.

നാട്ടിൽ നാലു ദിവസം ഓണമുണ്ടല്ലോ. ഇവിടെ തിരുവോണം മാത്രം എന്ന കുറവൊന്നും ഒരു കുറവേ അല്ല. കാരണം ഇവിടെ ഓണം കഴിഞ്ഞ് ക്രിസ്മസ് വരെ വിവിധ സമാജങ്ങളും സംഘടനകളും ഓണം ആഘോഷിച്ചു കൊണ്ടേയിരിക്കുന്നു. സ്വന്തം സമാജത്തിലുള്ള വരെ പോലും അറിയാതിരുന്ന ഞാനിന്ന് മിനിമം അഞ്ച് സമാജത്തിലെങ്കിലും ഓടി നടന്ന് തിരുവാതിര കളിച്ച് ഓണമാഘോഷിക്കുന്ന വളായി മാറുകയും ന്നിട്ട് ഞങ്ങളുടെ സ്വന്തം സമാജത്തിൻ്റെ  (LKMA ) ഓണ പ്രോഗ്രാമിന് അവസാന നിമിഷം എന്തെങ്കിലും തട്ടിക്കൂട്ട് ഐറ്റവുമായി കൂട്ടുകാരേം സംഘടിപ്പിച്ച് തട്ടേക്കേറുന്നതും ശീലം. കാരണം , 
ഏതോ ഒരു ഒറ്റതുരുത്തിൽ മറന്നുവച്ച , കാണാതായ, എന്നെ വീണ്ടെടുക്കുന്ന ദിവസമാണന്ന്.

Join WhatsApp News
Sudhir Panikkaveetil 2024-10-01 17:47:43
മനോഹരമായ വിവരണം.മുംബയിൽ എത്തിയ നവ വധുവിന്റെ അമ്പരപ്പ് .വിപുലമായ ഓണാഘോഷ പരിപാടികൾ കേരളത്തിനുപുറത് നടക്കുന്നത് അതിശയത്തോടെ നോക്കി നിൽക്കുന്ന യുവതിയുടെ വിചാരങ്ങൾ സ്വാഭാവികതയോടെ പകർത്തിയിരിക്കുന്നു. മുംബൈയിലെ ഓണാഘോഷത്തിൽ പങ്കെടുത്ത പ്രതീതി നൽകി.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക