Image

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ പ്രതിസന്ധി അയയുന്നില്ല (സനില്‍ പി. തോമസ്)

Published on 27 September, 2024
ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനില്‍ പ്രതിസന്ധി അയയുന്നില്ല (സനില്‍ പി. തോമസ്)

ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് പി.ടി. ഉഷ ഒരു വശത്തും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 12 പേര്‍ എതിര്‍പക്ഷത്തും. ഉഷ ഉള്‍പ്പെടെ 15 പേരുള്ള ഭരണസമിതിയുടെ സ്ഥിതിയാണിത്. ഐ.ഒ.എയുടെ സി.ഇ.ഒ ആയി രഘുറാം അയ്യരെ നിയമിച്ചത് കഴിഞ്ഞ ജനുവരി അഞ്ചിനാണ്. ഈ നിയമനത്തിന് അംഗീകാരം നല്‍കാന്‍ സെപ്റ്റംബര്‍ 26നു ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയും തയ്യാറായില്ല. സി.ഇ.ഒ. നിയമനത്തിന്റെ അംഗീകാരം മാത്രം പി.ടി ഉഷ അജന്‍ഡയില്‍ വച്ചപ്പോള്‍ മറ്റ് 14 ഇനങ്ങള്‍ കൂടി ഉള്‍പ്പെടുത്താന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 12 പേര്‍ ആവശ്യപ്പെട്ടു. ഉഷ വഴങ്ങിയില്ല. ഉഷയുടെ തീരുമാനം അംഗീകരിക്കാന്‍ ഭൂരിപക്ഷ വിഭാഗവും തയ്യാറായില്ല.

ഐ.ഒ.എ. ജോയിന്റ് സെക്രട്ടറിയും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ സാരഥിയുമായ കല്യാൺ ചൗബേയ്ക്കായിരുന്നു സി.ഇ.ഒ.യുടെ താല്‍ക്കാലിക ചുമതല. എന്നാല്‍ സ്ഥിരം നിയമനം ആവശ്യപ്പെട്ട് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി സമ്മര്‍ദം ചെലുത്തിയപ്പോഴാണ്, അധികാരമേറ്റ് ഒരു വര്‍ഷത്തിനു ശേഷം പി.ടി.ഉഷ സി.ഇ.ഒ. നിയമനം പ്രഖ്യാപിക്കുന്നത്. രഘുറാം അയ്യര്‍ക്ക് നിശ്ചയിച്ച ശമ്പളം പ്രതിമാസം 20 ലക്ഷം രൂപയാണ്. മറ്റ് ആനുകൂല്യങ്ങള്‍ വേറെ. പ്രതിവര്‍ഷം മൂന്നു കോടിയോളം രൂപവരും അദ്ദേഹത്തിന്റെ പ്രതിഫലം. ഇതിനെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ ചോദ്യം ചെയ്തതോടെയാണ് പ്രശ്‌നങ്ങള്‍ തുടങ്ങിയത്.

കല്യാൺ ചൗബേ തല്‍ക്കാലം തുടരട്ടെയെന്നും രണ്ടു മാസത്തിനകം പുതിയ സി.ഇ.ഒ.യെ കണ്ടെത്താമെന്നുമാണ് ഭൂരിപക്ഷ അഭിപ്രായം. സി.ഇ.ഒ. നിയമനം മാത്രമല്ല, പി.ടി.ഉഷയുടെ പി.എ.ആയി അജയ് നാരങ്ങിനെ നിയമിച്ചതും ഭരണസമിതി അംഗീകരിച്ചില്ല. ഇരുവര്‍ക്കും ഇതുവരെ ശമ്പളം കൊടുത്തിട്ടില്ലെന്ന് ഉഷ പറയുന്നു. ഐ.ഒ.എ. ശുദ്ധീകരിച്ചിട്ടേ താന്‍ പോകൂ എ്ന്നാണ് ഉഷയുടെ നിലപാട്. ഇതിനിടെ ഭരണസമിതിയിലെ അഞ്ച് അംഗങ്ങള്‍ക്ക് അവര്‍ അയോഗ്യരെന്ന് ചൂണ്ടിക്കാട്ടി പി.ടി. ഉഷ നോട്ടിസ് നല്‍കി. മറുപടിയില്‍ വൈസ് പ്രസിഡന്റ് രാജലക്ഷ്മി ദേവ് പി.ടി. ഉഷയുടെ തിരഞ്ഞെടുപ്പിനെ ചോദ്യം ചെയ്തിരിക്കുകയാണ്.

അജയ് പട്ടേല്‍(സീനിയര്‍ വൈസ് പ്രസിഡന്റ്), രാജലക്ഷ്മി ദേവ്, ഗഗന്‍ നാരങ്(വൈസ് പ്രസിഡന്റുമാര്‍), സഹദേവ് യാദവ്(ട്രഷറര്‍), കല്യാൺ ചൗബേ, അലകാനന്ദ അശോക്(ജോ.സെക്രട്ടറിമാര്‍), അമിതാഭ് ശര്‍മ്മ, ഭൂപേന്ദര്‍ സിങ് ബജ് വ, ഹര്‍പാല്‍ സിങ്, രോഹിത് രാജ്പാല്‍, ഡോള ബാനര്‍ജി, യോഗേശ്വര്‍ ദത്ത്(എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍) എന്നിവരാണ് പരസ്യമായി ഉഷയെ എതിര്‍ക്കുന്നത്. മേരി കോമും ശരത്കമലും ഉഷയെ എതിര്‍ക്കുന്നില്ല എന്നു കരുതണം.

വ്യാഴാഴ്ച നടന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ ഐ.ഒ.സി. ഡയറക്ടര്‍ ജെറോം പോയിയും ഓണ്‍ലൈനായി പങ്കെടുത്തിരുന്നു എന്നതാണു ശ്രദ്ധേയം. അദ്ദേഹം ഐ.ഒ.സി.ക്ക് എന്ത് റിപ്പോര്‍ട്ട് കൊടുക്കും എന്നതാണ് അറിയേണ്ടത്. ഐ.ഒ.എ.യില്‍ ഭരണസ്തംഭനമുണ്ടെന്ന് അദ്ദേഹത്തിന് ബോദ്ധ്യപ്പെട്ടിരിക്കണം. സി.ഇ.ഒ. നിയമനം അംഗീകരിക്കപ്പെടാതെ വന്നാല്‍ 2036ലെ  ഒളിമ്പിക്‌സ് നടത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്കു തിരിച്ചടിയാകും.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക