Image

അന്തസോടെ മരിക്കാന്‍ ഇന്ത്യയില്‍ ദയാവധത്തിന് കരട് രേഖ

എ.എസ് ശ്രീകുമാര്‍ Published on 29 September, 2024
അന്തസോടെ മരിക്കാന്‍ ഇന്ത്യയില്‍   ദയാവധത്തിന് കരട് രേഖ

ചികിത്സിച്ച് ഭേദമാക്കാനാവാത്ത രോഗബാധിതരായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗികള്‍ക്ക് അവരുടെയോ ഏറ്റവുമടുത്ത ബന്ധുക്കളുടെയോ അനുമതിയോടെയുള്ള നിഷ്‌ക്രിയ ദയാവധം അനുവദിക്കുന്നതില്‍ ഡോക്ടര്‍മാര്‍ക്ക് ഉചിത തീരുമാനമെടുക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍. ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ കരട് പെരുമാറ്റച്ചട്ടങ്ങളിലാണ് ഈ വ്യവസ്ഥ. കരടിന്മേല്‍ ആരോഗ്യ മേഖലയില്‍ നിന്നുള്ളവരടക്കം ഒക്‌ടോബര്‍ 20-നകം അഭിപ്രായമറിയിക്കണമെന്ന് മന്ത്രാലയം നിര്‍ദേശിച്ചു. ജീവിതത്തിലേക്ക് ഇനിയൊരിക്കലും തിരിച്ചുവരാത്ത വിധം സമീപഭാവിയില്‍ മരണമുറപ്പായ രോഗാവസ്ഥയെയാണ് മാറാരോഗമായി കരടുരേഖയില്‍ നിര്‍വചിച്ചത്.

ഒരാള്‍ക്ക് അന്തസോടെ ജീവിക്കാന്‍ അവകാശമുണ്ടെന്നത് പോലെ തന്നെ അന്തസോടെ മരിക്കാനും അവകാശമുണ്ടെന്ന ചിന്തയാണ് ഈ കരട് രേഖയ്ക്ക് പിന്നില്‍. ജീവിതത്തിലേക്ക് തിരിച്ചുവരാനാവാത്ത വിധം ഗുരുതരാവസ്ഥയിലുള്ള രോഗിയെ ജീവന്‍രക്ഷാ ഉപാധികള്‍ പിന്‍വലിച്ചുകൊണ്ട് മരിക്കാന്‍ വിടുന്നതാണ് നിഷ്‌ക്രിയ ദയാവധം അഥവാ 'പാസിവ് യുത്തനേസിയ'. സ്വയം, ദയാവധത്തിന് ശ്രമിക്കുന്നവര്‍ക്കുമേല്‍ ആത്മഹത്യാക്കുറ്റത്തിനും, സഹായിക്കുന്നവര്‍ക്ക് മേല്‍ കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണ് അമേരിക്കയിലെ നിയമം.

ബെല്‍ജിയം, കാനഡ, കൊളംബിയ, എക്വഡോര്‍, ലക്‌സംബര്‍ഗ്, നെതര്‍ലന്‍ഡ്‌സ്, സ്‌പെയില്‍, പോര്‍ച്ചുഗല്‍, ഓസ്‌ട്രേലിയയിലെ ചില സംസ്ഥാനങ്ഹള്‍ എന്നിവിടങ്ങില്‍ ദയാവധം നിയമവിധേയമാണ്. ജീവിക്കാനുള്ള മൗലികാവകാശത്തില്‍, മരണം സുഗമവും അന്തസ്സുള്ളതുമാക്കാനുള്ള അവകാശവും ഉള്‍പ്പെടുന്നുവെന്ന് 2018 മാര്‍ച്ച് 9-ാം തീയതി ഇന്ത്യന്‍ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഭേദപ്പെടുത്താനാകാത്ത രോഗാവസ്ഥയിലുള്ളവര്‍ക്ക്, ദുരിതജീവിതം വലിച്ചുനീട്ടുന്നതിനുപകരം ചികില്‍സ സ്വയം വേണ്ടെന്നുവയ്ക്കാമെന്നു വ്യക്തമാക്കിയ കോടതി, ചികില്‍സയും കൃത്രിമ ജീവന്‍രക്ഷാ മാര്‍ഗങ്ങളും ഒഴിവാക്കുന്നതിനു കര്‍ശന മാര്‍ഗരേഖയും അന്ന് നിര്‍ദേശിക്കുകയുണ്ടായി.

നിഷ്‌ക്രിയ ദയാവധം സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ (സെപ്റ്റംബര്‍ 28) പുറത്തുവിട്ട കരട് പെരുമാറ്റച്ചട്ടത്തിലെ നിര്‍ദേശങ്ങള്‍ ഇങ്ങനെ...

* ജീവന്‍ രക്ഷാ സംവിധാനം കൊണ്ട് രോഗിക്ക് പ്രയോജനമുണ്ടാകാതിരിക്കുകയും അത് രോഗിയുടെ അന്തസ്സിനെ ഹനിക്കുന്ന തരത്തില്‍ വേദനയായി മാറുകയും ചെയ്താല്‍ രോഗിയുടെ താത്പര്യാര്‍ഥം ജീവന്‍രക്ഷാ സംവിധാനം ഡോക്ടര്‍ക്ക് പിന്‍വലിക്കാം.

* ഒരാള്‍ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചാലോ ഏറ്റവും തീവ്രമായ ചികിത്സ കൊണ്ട് ഫലമില്ലാത്ത വിധം രോഗാവസ്ഥ മൂര്‍ച്ഛിച്ചാലോ ഈയൊരവസ്ഥ തിരിച്ചറിഞ്ഞ് രോഗിയോ ബന്ധുവോ സമ്മതമറിയിച്ചാലോ ദയാവധമാകാം.

* തിരിച്ചുവരവിന് സാധ്യതയില്ലാത്ത വിധം ഹൃദയാഘാതം സംഭവിച്ചാല്‍ ഡോക്ടര്‍മാര്‍ക്ക് ഉചിതമെന്ന് തോന്നുന്നെങ്കില്‍ കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കാതിരിക്കാം.

* പ്രായപൂര്‍ത്തിയായ രോഗിക്ക് തന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞ് ജീവന്‍രക്ഷാ സഹായം വേണ്ടെന്നുവെക്കാന്‍ തീരുമാനമെടുക്കാമെന്ന് സുപ്രീം കോടതിയുടെ നിയമാവലിയിലുണ്ട്.

* സ്വന്തമായി തീരുമാനമെടുക്കാന്‍ ശേഷിയില്ലാത്ത രോഗികളുടെ കാര്യത്തില്‍ മെഡിക്കല്‍ ബോര്‍ഡ് രൂപവത്ക്കരിക്കാം.

* പ്രാഥമിക മെഡിക്കല്‍ ബോര്‍ഡ് കൈക്കൊള്ളുന്ന തീരുമാനം വേറെ മൂന്ന് ഫിസിഷ്യന്മാരടങ്ങിയ സെക്കന്‍ഡറി മെഡിക്കല്‍ ബോര്‍ഡ് പരിശോധിച്ച് ശരിയായ തീരുമാനമാണോയെന്ന് ഉറപ്പുവരുത്തണം.
***
ആന്ധ്രാ പ്രദേശിലെ ചിറ്റൂരില്‍ നിന്ന് ഒന്‍പത് വര്‍ഷം മുമ്പ് റിപ്പോര്‍ട്ട് ചെയ്ത ഒരു വാര്‍ത്ത ഇത്തരുണത്തില്‍ പ്രസക്തമാവുന്നു. പലചരക്ക് വ്യാപാരം നടത്തുന്ന രാമനപ്പയും ഭാര്യ സരസ്വതിയും തങ്ങളുടെ എട്ട് മാസം പ്രായമായ പെണ്‍കുട്ടിക്ക് ദയാവധം ആവശ്യപ്പെട്ടുക്കൊണ്ടുള്ള ഹര്‍ജി സമര്‍പ്പിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമായിരുന്നു. കരളിന് ഗുരുതരമായ അസുഖം ബാധിച്ച കുട്ടിയെ ചികിത്സിക്കാന്‍ പണമില്ലാത്തത് കൊണ്ടാണ് ദയാവധത്തിന് വേണ്ടി എത്തിയതെന്നായിരുന്നു അവര്‍ പറഞ്ഞത്. കോടതിയെ സമീപിച്ച ദമ്പതികള്‍ ഉന്നയിച്ചത് രണ്ടാവശ്യങ്ങളായിരുന്നു, ഒന്നുകില്‍ കുഞ്ഞിന് ദയാവധം അനുവദിക്കുക, അല്ലാത്തപക്ഷം ചികിത്സാ ചിലവ് സര്‍ക്കാര്‍ വഹിക്കുക. കുട്ടിയുടെ ജനനം മുതല്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ചികിത്സ നടത്തിയെങ്കിലും രോഗം പൂര്‍ണമായും മാറില്ലെന്ന് ഡോക്ടര്‍മാരും സാക്ഷ്യപ്പെടുത്തി. പക്ഷേ, അന്ന് ദയാവധം കോടതിയുടെ നിയമ പരിധിയില്‍ വരാത്തതു കൊണ്ട് ഹര്‍ജിയില്‍ വിധി പറഞ്ഞില്ല.

നിഷ്‌ക്രിയ ദയാവധം ഇന്ത്യയില്‍ അനുവദനീയമാണെന്ന് 2011-ല്‍ സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഈ ചരിത്ര വിധിയിലേക്ക് നയിച്ചത് അരുണ ഷാന്‍ബാഗ് എന്ന നേഴ്‌സിന്റെ ദുരിത ജീവിതമാണ്. അരുണ ഷാന്‍ബാഗിന്റെ കഥ പിങ്കി വിരാനി എന്ന പത്രപ്രവര്‍ത്തക ലോകത്തോടു പങ്കുവച്ചതോടെയാണ് ഇന്ത്യയില്‍ ദയാവധത്തെപ്പറ്റിയുള്ള ചര്‍ച്ചകള്‍ സജീവമായത്. ഒരു സ്ത്രീ ജീവിതത്തില്‍ ഏറ്റവുമധികം മാനസികമായും ശാരീരികമായും തകര്‍ക്കപ്പെടുന്നത് അവള്‍ ബലാത്സംഗത്തിനിരയാകുമ്പോഴാണ്. അതിന്റെ കൊടിയ പീഡകള്‍ ആ ഇര ജീവിതാന്ത്യം വരെ പേറേണ്ടി വരും. അങ്ങനെ ഒരു ജീവിതമായിരുന്നു അരുണ ഷാന്‍ബാഗിന്റേത്. ബലാത്സംഗത്തിന് ഇരയായതിന് ശേഷം 42 വര്‍ഷങ്ങള്‍, ചലന രഹിതയായി, ബോധരഹിതയായി ഉള്ള ജീവിതം. ഒടുവില്‍ 68-ാം വസ്സില്‍ അന്ത്യം.

മുംബൈ കെ.ഇ.എം ആശുപത്രിയിലെ നേഴ്‌സ് ആയിരുന്നു അരുണ. കര്‍ണാടകക്കാരിയായ ആ  ഇരുപത്തേഴുകാരിയുടെ ജീവിതം 1973-ലാണ് ആശുപത്രിയിലെ തൂപ്പുകാരന്റെ പീഡനത്തെത്തുടര്‍ന്ന് ഇരുളടഞ്ഞത്. ചങ്ങലകൊണ്ട് കഴുത്തു മുറുക്കിയാണ് ജോലിക്കാരന്‍ ഇവരെ മൃതപ്രായയാക്കിയത്. ആശുപത്രിയിലെ ഒരു ഡോക്ടറുമായി അരുണയുടെ വിവാഹം തീരുമാനിച്ചതിന് പിന്നാലെയായിരുന്നു ദുരന്തം. എന്നാല്‍ കുറ്റക്കാരനായ സോഹന്‍ലാല്‍ വാല്‍മീകി എന്ന നരാധമനെ കോടതി ശിക്ഷിച്ചത് വെറും ഏഴു വര്‍ഷത്തേക്ക്. അയാള്‍ ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങിയിട്ടും അരുണ ജീവിതത്തിലേക്ക് തിരിച്ചെത്തിയില്ല.

അരുണ 42 വര്‍ഷം ചലനമറ്റ് കിടക്കയില്‍ കിടന്നു. മരണത്തിനും ജീവിതത്തിനുമിടയില്‍ ശാന്തമായ നദിപോലെ പതിയെപ്പതിയെ വരണ്ടുണങ്ങാനായിരുന്നു അരുണയുടെ വിധി. ആ 42 വര്‍ഷത്തെ ജീവിതത്തിലെ ഓരോ നിമിഷത്തിലും കാവലാളുകളായി കൂട്ടിരുന്നു പരിചരിച്ചത് അതേ ആശുപത്രിയിലെ നേഴ്‌സുമാരാണ്. ഒരു കൈക്കുഞ്ഞിനെയെന്നവണ്ണം അവര്‍ അരുണയെ ശുശ്രൂഷിച്ചു. അരുണയ്ക്ക് ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് 2009-ല്‍ പിങ്കി വിരാനി കോടതിയെ സമീപിച്ചെങ്കിലും അതിനെ ശക്തിയുക്തം എതിര്‍ത്തത് കൂട്ടിരിപ്പുകാരായ നേഴ്‌സുമാര്‍ തന്നെയായിരുന്നു. 2011-ല്‍ പിങ്കിയുടെ ഹര്‍ജി കോടതി തള്ളി. പക്ഷേ, അപ്പോഴും പരോക്ഷ ദയാവധത്തിന് അനുകൂലമായിരുന്നു ആ വിധി.

സഹപ്രവര്‍ത്തകരായിരുന്ന നേഴ്‌സുമാര്‍ ശുശ്രൂഷിക്കാന്‍ തയ്യാറായില്ലെങ്കില്‍ മരുന്നുകളും ജീവന്‍ നിലനിറുത്താനുള്ള ഉപാധികളും ഒന്നാന്നായി പിന്‍വലിച്ച് മെല്ലെ മരിക്കാന്‍ അനുവദിക്കാനായിരുന്നു തീരുമാനം. ഒടുവില്‍ കോടതിയുടെ ദയ അരുണയ്ക്ക് വേണ്ടി വന്നില്ല. കടുത്ത ന്യുമോണിയ ബാധിച്ച അരുണ ദയാവധമില്ലാതെ തന്നെ 2015 മെയ് 18-ന് കെ.ഇ.എം ആശുപത്രിയില്‍ തന്റെ അവസാന ശ്വാസവും വലിച്ച് യാത്രയായി. അത്രയും കാലം ആ അവസ്ഥയില്‍ ജീവിക്കാന്‍ അരുണ ആഗ്രഹിച്ചിരുന്നോയെന്ന് ആര്‍ക്കുമറിയില്ല. പറയാന്‍ അരുണയ്ക്കും കഴിയുമായിരുന്നില്ലല്ലോ.

'വേദനയോ കഷ്ടപ്പാടോ ഇല്ലാതെ ജീവന്‍ അവസാനിപ്പിക്കുക' എന്നതാണ് ദയാവധം.  'ഒരു ജീവന്‍ അവസാനിപ്പിക്കണമെന്ന മനപൂര്‍വ ഉദ്ദേശത്തോടെ ഉള്ള ഇടപെടല്‍' ആയാണ് ബ്രിട്ടിഷ് നൈതിക വൈദ്യ സമിതി ദയാവധത്തെ നിര്‍വചിച്ചിരിക്കുന്നത്. ദയാവധത്തോടെ, വ്യത്യസ്ത സമീപനമാണ് പല രാജ്യങ്ങള്‍ക്കും. സ്വയം, ദയാവധത്തിന് ശ്രമിക്കുന്നവര്‍ക്കുമേല്‍ ആത്മഹത്യാക്കുറ്റത്തിനും, സഹായിക്കുന്നവര്‍ക്ക് മേല്‍ കൊലക്കുറ്റത്തിനും കേസെടുക്കുന്നതാണ് അമേരിക്കയിലെ നിയമം. എന്നാല്‍, ഉദാര സമീപനമാണ് യുറോപ്യന്‍ രാജ്യങ്ങളില്‍. ദയാവധത്തിനു സഹായിക്കുന്നവര്‍ക്കെതിരെ ജെര്‍മനി, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളില്‍ കൊലക്കുറ്റം ചുമത്തുകയില്ല. ജഡ്ജിയുടെ വിവേചനത്തിനു വിടുന്ന സമീപനമാണ് നോര്‍വേയില്‍. സ്വമേധമായി, സ്വമേധമല്ലാതെ, സകര്‍മ്മകമായി, നിഷ്‌ക്രിയമായി എന്നിങ്ങനെ നാല് ഇനമായി ദയാവധത്തെ തരം തിരിക്കാം. സകര്‍മക ദയാവധം കുറ്റകരമായ നരഹത്യ ആയി എല്ലായിടത്തും കണക്കാക്കപ്പെടുന്നു നിഷ്‌ക്രിയ ദയാവധം, കുറ്റകരമല്ല.

അതേസമയം, സ്വബോധത്തില്‍ കഴിയുമ്പോള്‍ ലിവിംഗ് വില്‍ 'അഥവാ മുന്‍കൂര്‍ മരണ താത്പര്യ പത്രം', എഴുതിവയ്ക്കണമെന്ന നിര്‍ദ്ദേശത്തിന് ഇപ്പോള്‍ പ്രസക്തിയേറുന്നുണ്ട്. പണച്ചെലവും ബുദ്ധിമുട്ടുകളും ഏറെയുണ്ടാകാവുന്ന, ജീവന്‍ പിടിച്ചുനിറുത്തല്‍ വേണമോയെന്നു മുന്‍കൂട്ടി തീരുമാനിക്കാനുള്ള അവസരമാണിത്. മറ്റുള്ളവരുടെ സമ്മര്‍ദ്ദത്തിനുവഴങ്ങി അത്തരത്തില്‍ ജീവന്‍ പിടിച്ചുനിറുത്താന്‍ മറ്റ് കുടുംബാംഗങ്ങള്‍ ശ്രമിക്കുമ്പോള്‍ കുടുംബത്തിന്റെ മൊത്തം അടിത്തറ ഇളകിയെന്നു വരാം. പിന്നാലെ വരുന്ന തലമുറയുടെ ഭാവി അവതാളത്തിലായെന്നു വരാം. അതുകൊണ്ടുതന്നെ നി,#്ക്രിയ ദയാവധത്തിന് പ്രസക്തി വര്‍ധിക്കുന്നു.

മുന്‍ കാലങ്ങളില്‍ ക്രിസ്തുമതത്തില്‍ മരണത്തോടടുത്തവര്‍ക്ക് അന്ത്യകൂദാശ നല്‍കുന്നത് അവര്‍ ഉടന്‍ മരിച്ചേക്കാമെന്ന സങ്കല്‍പത്തിലാണ്. ഇന്ന് മരണത്തോടടുത്താലും, അന്ത്യകൂദാശ നല്‍കിയാലും അവരെ അബോധാവസ്ഥയിലാണെങ്കില്‍ പോലും പിടിച്ചുനിറുത്താനുള്ള ശ്രമമുണ്ട്. 'നിഷ്‌ക്രിയ ജീവന്‍' എന്ന് ആ അവസ്ഥയെ വിശേഷിപ്പിക്കാം. വാര്‍ദ്ധക്യസഹജമായ രോഗം മൂലം മരണാസന്നനായ ഒരാളെ ദിവസങ്ങളോളം വെന്റിലേറ്ററില്‍ കിടത്തുന്നതുകൊണ്ട് പ്രയോജനം ലഭിക്കുക ആശുപത്രികള്‍ക്ക് മാത്രമായിരിക്കും. അതാണ് ഇന്ന് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

അത്തരത്തിലുള്ള രോഗികള്‍ക്കായി വെന്റിലേറ്ററുകള്‍ നീക്കിവയ്ക്കപ്പെടുമ്പോള്‍ സ്വാഭാവികമായും ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധ്യതയുള്ള മറ്റൊരാള്‍ക്ക് അത് നിഷേധിക്കപ്പെടുകയാണ്. പ്രായാധിക്യത്താല്‍ മരണാസന്നരായവര്‍ക്ക് വീടുകളിലെ ശാന്തവും പരിചിതവുമായ അന്തരീക്ഷം തന്നെയാണ് നല്ലത്. അതില്‍ നിന്ന് വെന്റിലേറ്ററുകളുടെ ബന്ധനത്തിലേക്കും മറ്റും അവരെ വലിച്ചിഴയ്ക്കുന്നത് ആധുനിക വൈദ്യശാസ്ത്രത്തിലെ കച്ചവടക്കണ്ണുകളാണ്.

അതിജീവിക്കാന്‍ സാധ്യത ഇല്ലെന്നു ഉറപ്പായ കുട്ടികളെ വധിക്കുന്ന സമ്പ്രദായത്തെക്കുറിച്ച് അരിസ്‌ടോട്ടില്‍ പറയുന്നുണ്ട്. അസഹനീയമായ വേദനക്കുള്ള അന്തിമ പരിഹാരമായി പ്ലാറ്റോ ആത്മഹത്യയെ ന്യായീകരിക്കുന്നു. ഈ സമ്പ്രദായം മിക്ക രാജ്യങ്ങളിലും നിലനിന്നിരുന്നതായി രേഖകള്‍ സൂചിപ്പിക്കുന്നു. മരണത്തെ തടഞ്ഞുനിര്‍ത്താനുള്ള ഒരുപാധിയും ആധുനിക വൈദ്യശാസ്ത്രം ഇതുവരെ കണ്ടെത്തിയിട്ടില്ല. യഥാര്‍ഥത്തില്‍ പാസ്സീവ് യൂത്തനേസിയ ഏതെങ്കിലും തരത്തിലുള്ള കൊലപ്പെടുത്തലല്ല, മറിച്ച്, ബോധപൂര്‍വമായി, ജീവിതത്തിലേക്ക് തിരിച്ചുവരാനാകില്ലെന്നുറപ്പുള്ളവരെ ശാന്തമായും അന്തസ്സോടെയും മരിക്കാന്‍ അനുവദിക്കുക എന്നതാണത്.

അനിവാര്യമായ മരണത്തിലേക്ക് ശാന്തമായി സ്വച്ഛമായി സഞ്ചരിക്കുക, അതിന് മരണാസന്നരെ അനുവദിക്കുക. അതാണ് നിഷ്‌ക്രിയ ദയാവധം. ദയാവധം അനുവദിച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതയുണ്ടെന്ന്പരക്കെ വിമര്‍ശിക്കപ്പെടുകയും ചെയ്യുന്നു. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പല നേട്ടങ്ങളും  ദുരുപയോഗിക്കപ്പെടുന്നുണ്ടെന്നതാണ് യാഥാര്‍ഥ്യം.

Join WhatsApp News
Sudhir Panikaveetil 2024-10-01 17:40:13
എത്രയോ വർഷണൾക്ക് മുമ്പ് ഇത് നടപ്പാക്കേണ്ടിയിരിക്കുന്നു. പടത്തിൽ കാണുന്ന പെൺകുട്ടി വിവാഹത്തിന് ദിവസങ്ങൾ ബാക്കിനിൽക്കെ ഒരുത്തന്റെ കാമദാഹത്തിനിരയായി ശവം പോലെ മുപ്പതിലേറെ വര്ഷം ജീവിച്ച ഹതഭാഗ്യയാണ്. ദയാവധം അനുവദിക്കാത്ത മനുഷ്യൻ \നിയമം ചെകുത്താനാണ്. ദയാവധം അനുവദിക്കാത്തവർ ഇന്നുവരെ കാണാത്ത ദൈവത്തിന്റെ പേരും പറഞ്ഞാണ് അതിനെ എതിർക്കുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക