Image

കുമ്പസാരം ( കവിത : അന്നാ പോൾ )

Published on 29 September, 2024
കുമ്പസാരം ( കവിത :   അന്നാ പോൾ )

തേക്കു തടിയിൽ നിർമ്മിച്ച
നൂറ്റാണ്ടുകൾ പഴക്കമുള്ള കുമ്പസാരക്കൂട്
ചെമ്പിന്റെ മുഖപ്പട്ടയിൽ കൊത്തിയ
അതിന്റെ തീരെ ചെറിയ ദ്വാരത്തിലൂടെ
എത്ര വലിയ പാപങ്ങളാണു
ഓരോ പാപിയും ഏറ്റുപറഞ്ഞു ശാന്തിതേടുന്നതു.
പരസ്പരം കാണാത്തതുകൊണ്ട്
ദ്വാരങ്ങളിലേയ്ക്കു കൂർപ്പിച്ചു പിടിച്ച
അച്ചന്റെ കാതുകളിലേയ്ക്കു
ലജ്ജയില്ലാതെ എന്തുംപറയാം...
അന്നേരം
ആ മരക്കൂടിന്നുള്ളിലിരിക്കുന്നതു 
ഇടവക വികാരിയല്ല,
സാക്ഷാൽ കർത്താവു തമ്പുരാനാണു..
എല്ലാം പൊറുക്കുന്ന കാരുണ്യവാൻ...
ചിലർ ഒരു മിനിറ്റിന്നുള്ളിൽ പറഞ്ഞു തീർക്കും

ചിലരാകട്ടെ കരഞ്ഞും പിഴിഞ്ഞും ഒരു പാടു നേരമെടുക്കും!!
ഞാനൊരിക്കലും ഒരുപാടു സമയം
അച്ചനെ മെനക്കെടുത്തില്ല.
. പാപങ്ങൾ കുറവായതു കൊണ്ടല്ല
ഊഴവും കാത്ത ങ്ങനെ
മുട്ടിന്മേൽ നിൽക്കുമ്പോൾ

ഏതോ ചിത്രകാരൻ കുമ്പസാര കൂടിന്മേൽ
എന്നോ വരച്ച ക്രിസ്തുവിന്റെ അന്ത്യഅത്താഴ ചിത്രത്തിലെ
യൂദാ ഏതായിരിക്കുമെന്നു നോക്കി നോക്കി
മനസ്സലയുമ്പോൾ
പറയാൻ കരുതി വെച്ച പല പാപങ്ങളും
മറന്നേ പോകും.....
തീൻ മേശയ്ക്കു ചുറ്റുമിരിക്കുന്ന പതിമൂന്നു
പേരുടേയും മുഖം
അയാൾ
ഒരേ ചായത്തിൽ വരച്ചിരിക്കുന്നതു കൊണ്ടു
യൂദായെ ഇതുവരെ കണ്ടുപിടിക്കാനായില്ല... 
ശിരസ്സിനു ചുറ്റും വെളിച്ചത്തിന്റെ
പരിവേഷമുള്ളയാൾ ക്രിസ്തുവെന്നു വിളിച്ചു പറയുന്നുണ്ടു്.

കുമ്പസാരിക്കുന്ന ആളെ
തിരിച്ചറിയില്ലെന്ന ധാരണ തെറ്റാണെന്നു
ഒരുഞ്ഞെട്ടലോടെ ഞാനറിഞ്ഞതു

ഇട വഴിയ്ക്കലെയപ്പച്ചന്റെ ശവസംസ്ക്കാരത്തിന്റെയന്ന്
അച്ചന്റെ ഒരു വല്ലാത്ത നോട്ടവും
ചൂണ്ടുകൾക്കിടയിലമർന്നു പിടഞ്ഞ പുഞ്ചിരിയുമാണു.
അമ്മാവിയമ്മയും ഞാനും ശണ്ഠകൾക്കിടയിൽ
പരസ്പരം വിളിച്ചു പറഞ്ഞ കല്പനാ ലംഘനങ്ങൾ
കുമ്പസാരിച്ചതിന്റെ പിറ്റേ ദിവസമായിരുന്നു...
അതിനു ശേഷം
ഞാൻ വലിയ പാപങ്ങളൊന്നും കുമ്പസാരിച്ചിട്ടില്ല
പിന്നീട് എപ്പോഴെങ്കിലും പറഞ്ഞാലും മതിയെന്ന്
മനസ്സ് സ്വയം ആശ്വാസം കണ്ടെത്തി
കുട്ടിക്കാലത്തു ഞാനത്ഭൂതപ്പെട്ടിട്ടുണ്ടു്
തീരെ വയ്യാതായി കണ്ണും കാതും മങ്ങിയ ഈ കാർന്നോന്മാർ
ഒത്തിരി നേരം കുമ്പസാരിക്കുന്നതെന്താണ്!!..?

ഇപ്പോഴെനിക്കറിയാം അവർ
ആയ കാലത്തു . ചെയ്ത പാപങ്ങൾ പറയാതെ
പെൻഡിംഗിൽ വെച്ചതൊക്കെ പറഞ്ഞു ഒഴിയുകയാവാം....
എന്തൊക്കെയായാലും 
ഈ കുമ്പസാരമെന്ന കൂദാശ എത്ര വലിയ
ആശ്വാസമാണു 
പാപം ചെയ്യുമ്പോൾ തരുന്നതെന്നറിയാമോ?
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക