യുഎസിൽ 125 ജീവനെടുക്കയും ദീർഘകാലം നീളുന്ന ദുരിതങ്ങൾ വിതയ്ക്കുകയും ചെയ്ത ഹെലെനി കൊടുംകാറ്റ് തിരഞ്ഞെടുപ്പിൽ ആയുധമാക്കാൻ റിപ്പബ്ലിക്കൻ സ്ഥാനാർഥി നടത്തുന്ന ശ്രമം പ്രസിഡന്റ് ജോ ബൈഡനെ ക്ഷുഭിതനാക്കി. ബൈഡൻ എവിടെയോ കിടന്നുറങ്ങുകയാണെന്ന ട്രംപിനെ ആരോപണത്തോട് ബൈഡൻ പ്രതികരിച്ചത് ഇങ്ങിനെ: "അദ്ദേഹം നുണ പറയുകയാണ്. എന്തിനാണാവോ?"
ബൈഡൻ ഭരണകൂടം നൽകിയ സഹായം തൃപ്തികരമാണെന്നു റിപ്പബ്ലിക്കൻ ഗവർണർമാർ തന്നെ പറഞ്ഞതും ട്രംപിനു തിരിച്ചടിയായി. ഫ്ളോറിഡയ്ക് ഇപ്പോൾ ആവശ്യമുള്ളതെല്ലാം കിട്ടിയെന്നും രക്ഷാ പ്രവർത്തനം തടസപ്പെടും എന്നതിനാൽ ബൈഡൻ അങ്ങോട്ടു വരേണ്ടതില്ല എന്നുമാണ് റോൺ ഡിസാന്റിസ് പറഞ്ഞത്. ജോർജിയയുടെ ഗവർണർ ബ്രയാൻ കെംപിനു ബൈഡനെ ഫോണിൽ പോലും കിട്ടുന്നില്ലെന്നു ട്രംപ് ആക്ഷേപിച്ചെങ്കിലും പ്രസിഡന്റിനോടു താൻ ഒരു ദിവസം മുൻപേ സംസാരിച്ചെന്നു കെംപ് പറഞ്ഞതും ആ നുണ പൊളിച്ചു.
"എന്താണ് വേണ്ടതെന്നു പറയൂ" എന്നാണ് പ്രസിഡന്റ് തന്നോട് പറഞ്ഞതെന്നു കെംപ് ചൂണ്ടിക്കാട്ടി.
എന്തിനാണ് ട്രംപ് ഇങ്ങിനെ നുണ പറയുന്നതെന്നു ബൈഡൻ ചോദിച്ചു. "എന്നെക്കുറിച്ചു അയാൾക്കു എന്തും പറയാം. പക്ഷെ ദുരിതം അനുഭവിക്കുന്ന ജനങ്ങളോട് അദ്ദേഹം എന്തു പറയുന്നു എന്നത് പ്രധാനമാണ്. ഞങ്ങൾ ഒന്നും ചെയ്യുന്നില്ലെന്നു അദ്ദേഹം പറയുന്നു. ഞങ്ങൾ ചെയ്യുന്നുണ്ട് എന്നതാണ് സത്യം."
വാരാന്ത്യത്തിൽ ഡെലവെയറിൽ പോയതിനെ ട്രംപ് വിമർശിച്ചതിനും ബൈഡൻ മറുപടി നൽകി. "ഇവിടന്നു 90 മൈൽ മാത്രം അകലെയാണ് ആ സ്ഥലം. പൂർണസമയവും ഞാൻ ഫോണിൽ ഉണ്ടായിരുന്നു താനും."
ഏറ്റവും അധികം ദുരിതം ഉണ്ടായ നോർത്ത് കരളിനയിൽ പോകുമെന്നു ബൈഡൻ പറഞ്ഞു. രക്ഷാ പ്രവർത്തനം തടസപ്പെടില്ല എന്ന് ഉറപ്പു വരുമ്പോൾ പോകും. അതാണ് ബൈഡൻ ചെയ്യേണ്ടതെന്നു ഡിസന്റിസും പറഞ്ഞു. "അവിടെ ഇനിയും ഒട്ടേറെ ആവശ്യങ്ങളുണ്ട്."
ഫ്ലോറിഡയ്ക്കുള്ള മഹാവിപത്തു പ്രഖ്യാപനം ബൈഡൻ ശനിയാഴ്ച അംഗീകരിച്ചതോടെ ഡിസന്റിസിനു ബില്യൺ കണക്കിനു ഡോളറുകളാണ് തുറന്നു കിട്ടിയത്. ഫെമയാണ് അതു കൈകാര്യം ചെയ്യുക.
കോൺഗ്രസ് ഉടൻ വീണ്ടും സമ്മേളിക്കണമെന്നു ബൈഡൻ
വിശ്രമത്തിലുള്ള കോൺഗ്രസ് ഉടൻ വീണ്ടും സമ്മേളിക്കണമെന്ന ബൈഡന്റെ നിർദേശവും റിപ്പബ്ലിക്കൻ നേതൃത്വത്തിന് അവഗണിക്കാൻ കഴിയാത്തതാണ്. ദുരിതാശ്വാസത്തിനു കൂടുതൽ പണം നൽകാൻ കോൺഗ്രസ് തയാറാവണം എന്ന നിർദേശത്തിനു രാഷ്ട്രീയ മാനവുമുണ്ട്.
എന്നാൽ നോർത്ത് കരളിനയും ജോർജിയയും ഫ്ലോറിഡയും തിരഞ്ഞെടുപ്പിൽ നിർണായക സംസ്ഥാനങ്ങൾ ആയതിനാൽ കാറ്റിന്റെ ദുരിതം അവിടെ ബാധിക്കും എന്നതിൽ സംശയമില്ല. കൊടുംകാറ്റ് നാശം വിതച്ചു പോയ മേഖലകൾ 500 മൈലോളം നീളത്തിലാണ് വ്യാപിച്ചു കിടക്കുന്നത്. ഭരണകൂടത്തിന്റെ ഭാഗത്തു നിന്നുണ്ടാവുന്ന എന്ത് അപര്യാപ്തതയും ഡെമോക്രറ്റുകൾക്കു തിരിച്ചടിയാവും എന്നതിൽ സംശയമില്ല.
ഡിസന്റിസിനെയും കെംപിനെയും പോലെ പരിചയ സമ്പന്നനാണ് നോർത്ത് കരളിനയുടെ ഡെമോക്രാറ്റിക് ഗവർണർ റോയ് കൂപ്പറും എന്നത് ബൈഡൻ ഭരണകൂടത്തിനു പ്രയോജനമായി. അവരുടെ പ്രവർത്തനം ഉഷാറിലാണ് എന്നത് ബൈഡന്റെ ഭാരം കുറയ്ക്കുന്നു എന്നാണ് നിരീക്ഷണം.
Trump misfires in bid to exploit Helene