Image

പാരമ്പര്യത്തിന്റെ പ്രൗഢിയും വൻപങ്കാളിത്തവും; കാൻജ് ഓണാഘോഷം ഹൃദ്യമായി

Published on 01 October, 2024
പാരമ്പര്യത്തിന്റെ പ്രൗഢിയും വൻപങ്കാളിത്തവും;  കാൻജ്  ഓണാഘോഷം ഹൃദ്യമായി

ന്യു ജേഴ്‌സി:  പാരമ്പര്യത്തിന്റെ പ്രൗഢിയും ഉത്സവത്തിന്റെ അന്തരീക്ഷവുമൊരുക്കി  ഒരിക്കൽ കൂടി കേരള അസോസിയേഷൻ ഓഫ് ന്യു ജേഴ്‌സി  (കാൻജ്) ഓണം ആഘോഷിച്ചു. ഓണത്തിന്റെ ആവേശം ചോർന്നു പോകാതെ സംഘടിപ്പിച്ച അമേരിക്കയിലെ ഏറ്റവും മികച്ച ഓണാഘോഷത്തിന് സോമര്സെറ്റിൽ ഫ്രാങ്ക്ലിൻ   ഹൈസ്‌കൂളിൽ രണ്ടായിരത്തോള പേർ  നാടൻ വേഷങ്ങളിലെത്തി.

ഗജവീരന്റെ കട്ടൗട്ട്, പൂക്കളത്തിൽ വിരിഞ്ഞ ദേവീചിത്രം. പഴയകാല ഉത്സവ/പെരുന്നാൾ പറമ്പുകളെ പുനരാവിഷ്കരിച്ച തട്ടുകടയും അതിൽ  ഉപ്പിലിട്ടതു മുതൽ  മിഠയിയും മധുരവുമൊക്കെ  വാങ്ങാൻ ചുറ്റും കൂടുന്നവരും കൗതുകമായി.

നിരയായി സ്റ്റാളുകൾ. നാട്ടിൽ വള  മുതൽ ഉഴുന്നാട വരെ വിൽക്കുന്നിടത്ത് ഇവിടെ തുണിയും സ്വർണവും മറ്റും വിൽപ്പനക്കെത്തി.

ഓണസദ്യയ്ക്ക്  നാട്ടിൽ നിന്ന് ഇറക്കുമതി ചെയ്തു ട്രേയിൽ വച്ച വാഴയിലയിൽ നിരയായി നിന്ന് വിളമ്പുകാർ ചോറും കറികളും വിളമ്പി. ഇലയിട്ട് ഇത്രയും പേർക്ക് വിളമ്പുക    എളുപ്പമല്ലാത്തതിനാൽ ഈ വിദ്യ ഫലിച്ചു. പായസം വേറെ എടുക്കണം. അമേരിക്കയിൽ ഏറ്റവുമധികം ഓണസദ്യ വിളമ്പുന്ന ഓറഞ്ച്ബർഗിലെ സിറ്റാർ പാലസിന്റെതായിരുന്നു സദ്യ.

സദ്യക്കുശേഷം ഘോഷയാത്രയായി മാവേലിയുടെ  എഴുന്നെള്ളത്ത്. നിര്ഭാഗ്യവശാൽ മഴ കാരണം താലപ്പൊലിയും ചെണ്ടമേളവുമൊക്കെ ഹാളിൽ  ഒതുങ്ങി. മാവേലി  (റോഷിൻ പ്ലാമൂട്ടിൽ) പക്ഷെ കുതിരവണ്ടിയിൽ എത്തി. മുന്നിൽ മൂന്ന് റോൾസ് റോയ്സ് കാറുകൾ, പൈലറ്റ് ബൈക്ക്

താലപ്പൊലിയും ചെണ്ടമേളവുമായി മാവേലിയെ ഹാളിലേക്ക് ആനയിച്ചു. തുടർന്ന് ജിമ്മിൽ അരങ്ങേറിയ തിരുവാതിരയിൽ നൂറിൽപരം വനിതകൾ പങ്കെടുത്തത്  നയനാന്ദകരമായ ദൃശ്യമായി. ചെണ്ടമേളവും തകർത്തു.

തുടർന്ന് വേദിയിലേക്ക് ഘോഷയാത്ര പ്രവേശിച്ചു.  ആനയും ചെണ്ടമേളവും.

പ്രവീണ  മേനോൻ, ജെംസൺ കുര്യാക്കോസ് എന്നിവർ എം.സിമാരായി ഹ്രസ്വമായ ഉദ്ഘാടന ചടങ്ങ്.  ഒന്പത് ഓണം ഇപ്രാവശ്യം ഉണ്ടുവെങ്കിലും ഏറ്റവും മികച്ചത് ഇത് തന്നെ  എന്ന് മാവേലിയും  സാക്ഷ്യപ്പെടുത്തി.

കാൻജ്   പ്രസിഡന്റ് ബൈജു  വർഗീസ് ആമുഖ പ്രസംഗത്തിൽ മറ്റു ഭാരവാഹികൾക്കും നൂറില്പരമുളള  വോളന്റിയയേഴ്‌സിനും നന്ദി പറഞ്ഞു. അവരുടെ നിസ്വാർത്ഥ പ്രവർത്തനങ്ങളാണ് ആഘോഷം വിജയകരമാക്കിയത്.   പ്രവർത്തന നേട്ടങ്ങളുടെ വീഡിയോയും   പ്രദർശിപ്പിച്ചു
രാഷ്ട്രപതിയുടെ രാഷ്ട്രപതി പ്രസംഗം

ബൈജു കമ്മിറ്റിയെയും ആഘോഷ കമ്മിറ്റി  കൺവീനറെയും ട്രസ്റ്റി ബോർഡിനെയും സ്പോൺസർമാരെയും   വേദിയിലേക്ക് ക്ഷണിച്ചു.  

ഏറ്റവും മികച്ച സംഘടനായി ഫോമാ തെരെഞ്ഞെടുത്ത കാഞ്ചിനുള്ള അവാർഡ് ഫോമ ജോ. ട്രഷറർ അനുപമ കൃഷ്‍ണനിൽ നിന്ന് വേദിയിൽ  ബൈജു വർഗീസ് ഏറ്റുവാങ്ങി.

നിലവിളക്ക് തെളിയിക്കൽ ചടങ്ങിന്  ശേഷം  പ്രാദേശിക കലാപ്രവർത്തകരുടെ നൃത്തനൃത്യങ്ങൾ തുടങ്ങുകയായി. കലാപരിപാടികൾക്ക് കർട്ടൻ ഉയർന്നപ്പോൾ അമേരിക്കയിലെ കലാകാരികൾ അവതരിപ്പിച്ച നൃത്തങ്ങളും തിരുവാതിര, മാർഗംകളി, ഒപ്പന എന്നിവയും  അത്യന്തം ഹൃദ്യമായി.

ഉദ്ഘാടന നൃത്തം: റുബീന - ഓണോപഹാരം; രേഖ പ്രദീപ് - എക്കോസ് ഓഫ് ജോയ്; ദേവിക - സെമി ക്ലാസിക്കൽ, റെയിൻ & ലവ്; ഓണപ്പാട്ട് - സംഘഗാനം; പ്രവീണ കിഡ്‌സ് ഗ്രൂപ്പ് - ബോളിവുഡ് ഫ്യൂഷൻ;
മാലിനി - ഫ്യൂഷൻ.
രാജാ രവിവർമ പെയിൻ്റിംഗുകൾ പുനരാവിഷ്കരിച്ച 'ദിവ്യം' ഏറെ ശ്രദ്ധിക്കപ്പെട്ടു

പായസം മത്സരത്തിലെ വിജയികൾക്ക് സമ്മാനങ്ങളും  നൽകി.

സെക്രട്ടറി ടോം നെറ്റിക്കാടൻ സ്വാഗതവും  ട്രഷറർ നിർമ്മൽ മുകുന്ദൻ നന്ദിയും പറഞ്ഞു.   ട്രസ്റ്റി ബോർഡ് ചെയർ ദീപ്തി നായർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

പ്രസിദ്ധ  ഗായിക  സിത്താരയും  ടീമും അവതരിപ്പിച്ച ഗാനമേളയായിരുന്നു മുഖ്യകലാപരിപാടി. ഇതിനു മുൻപും കാഞ്ചിന്റെ ആഘോഷത്തിൽ ഗാനമേള ആവതരിപ്പിച്ചത് സിതാര അനുസ്മരിച്ചു.  സദസിനെ കൂടെ പാടിപ്പിച്ചു കൊണ്ട് അവർ വ്യത്യസ്തമായ ഗാനങ്ങൾ ആലപിച്ചത് ഏറെപ്പേരും  ആസ്വദിച്ചു.

ഓണാഘോഷത്തിൽ പങ്കെടുക്കാൻ 40 ഡോളറിനു രജിസ്റ്റർ ചെയ്യുന്നവർക്ക് നൂറു ഡോളറിന്റെ പ്രതിഫലം  ലഭിക്കുമെന്നതാണ് ഒരു പ്രത്യേകതയെന്ന് മുൻ പ്രസിഡന്റ്‌ കൂടിയായ ജോസഫ് ഇടിക്കുള ചൂണ്ടിക്കാട്ടി. ബാക്കി തുക സ്‌പോൺസർമാർ വഴിയും സ്റ്റാളുകൾ നൽകിയും മറ്റും സമാഹരിക്കുന്നു.  
ഇത്തവണ 120,000 ഡോളറോളം സമാഹരിക്കാൻ കഴിഞ്ഞതിൽ ഇരുപത്തിനായിരത്തോള മിച്ചം വയ്ക്കുവാനും കഴിഞ്ഞുവെന്ന് പ്രസിഡന്റ് ബൈജു വർഗീസ് പറഞ്ഞു 
 

പാരമ്പര്യത്തിന്റെ പ്രൗഢിയും വൻപങ്കാളിത്തവും;  കാൻജ്  ഓണാഘോഷം ഹൃദ്യമായി
പാരമ്പര്യത്തിന്റെ പ്രൗഢിയും വൻപങ്കാളിത്തവും;  കാൻജ്  ഓണാഘോഷം ഹൃദ്യമായി
പാരമ്പര്യത്തിന്റെ പ്രൗഢിയും വൻപങ്കാളിത്തവും;  കാൻജ്  ഓണാഘോഷം ഹൃദ്യമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക