ശ്രീനഗര്‍: കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകീട്ട് അഞ്ച് മണി വരെ ജമ്മു കശ്മീരില്‍ 65.48 ശതമാനം പോളിംഗ് രേഖപ്പെടുത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചു.
ഉധംപൂരില്‍ ആണ് ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത്. ഇവിടെ 72.91 ശതമാനമാണ് പോളിംഗ്. സാംബ 72. 41 ശതമാനം, കത്വയില്‍ 70.53 ശതമാനം, ജമ്മു 66.79 ശതമാനം, ബന്ദിപ്പോര 63.33 ശതമാനം, ബാരാമുള്ള 55. 73 ശതമാനം എന്നിങ്ങനെയാണ് കണക്ക്.
40 സീറ്റുകളിലായിരുന്നു മൂന്നാം ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്നത്. ഇതില്‍ പതിനാറ് സീറ്റുകള്‍ കശ്മീര്‍ മേഖലയിലും 24 സീറ്റുകള്‍ ജമ്മു മേഖലയിലുമായിരുന്നു. 415 സ്ഥാനാര്‍ത്ഥികളാണ് ഇന്ന് ജനവിധി തേടിയത്. 5060 പോളിംഗ് സ്റ്റേഷനുകളിലാണ് മൂന്നാം ഘട്ടത്തില്‍ ഒരുക്കിയിരുന്നത്. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിന് ശേഷം ജമ്മു കശ്മീരില്‍ നടക്കുന്ന ആദ്യ തിരഞ്ഞെടുപ്പാണിത്.
മൂന്നാം ഘട്ടത്തോടെ ജമ്മു കശ്മീര്‍ നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ത്തിയായി. ഒക്ടോബര്‍ ഒമ്ബതിന് ഫലമറിയാം.