യുദ്ധം അവസാനിക്കണമെങ്കിൽ വരട്ടുചൊറി വരണം.ചൊറി മാന്തിയിരുന്നു ആ സുഖം പിടിച്ചാല്പിന്നെ യുദ്ധം ചെയ്യാനൊന്നും സമയം കിട്ടില്ല. ‘യുദ്ധം അവസാനിക്കാൻ എന്തു ചെയ്യണം’ എന്ന പത്രപ്രതിനിധിയുടെ ചോദ്യത്തിനുള്ള ബേപ്പൂർ സുൽത്താന്റെ ഈ മറുപടി നമുക്ക് സുപരിചിതമാണ്.
ഇപ്പോളിതാ പൊങ്ങൻപനി പടരുമ്പോലെ ലോകത്തു യുദ്ധം പടർന്നു പിടിക്കുന്നു.ആർക്കുമെന്താ വരട്ടുചൊറി വരാത്തത്? വരട്ടുചൊറിക്ക് ഏതോ മഹാൻ ഫലപ്രദമായ മരുന്ന് കണ്ടുപിടിച്ചിരിക്കുന്നു എന്നുവേണം കരുതാൻ. ഇനിയിപ്പോൾ യുദ്ധം അവസാനിക്കാൻ എന്തുവേണം?
ഒരിക്കലും മറുമരുന്ന് കണ്ടുപിടിക്കാത്ത എന്തെങ്കിലുമൊരു മഹാവ്യാധി മനുഷ്യരിലുണ്ടാകണം.ആ മഹാവ്യാധിയിൽ സുഖംപിടിച്ചിരിക്കണം. ആ സുഖം ആധിയും പരവേശവുമായി മാറണം.ആ പരവേശത്തിലും സുഖം ജനിക്കണം. അങ്ങനെയൊരു മഹാവ്യാധിയുണ്ടായാൽ! അതെ, എന്നോട് ചോദിച്ചാൽ ഞാൻ പറയും യുദ്ധക്കൊതിയന്മാരായ ഓരോ പഹയന്മാർക്കും ഓരോ പ്രണയ മഹാവ്യാധിയുണ്ടാകണം. പ്രണയിക്കാനായി എന്നെപ്പോലെ സൗമ്യശീലകളും സുന്ദരികളും സമാധാനപ്രിയരും സ്നേഹനിധികളും മൃദുമൊഴികളുമായ പ്രണയിനികൾ വേണം.അങ്ങനെ എല്ലാ കാട്ടാളന്മാരെയും പ്രണയച്ചങ്ങലയിൽ ബന്ദികളാക്കണം.
വായനക്കാർക്ക് എന്റെ ഈ കണ്ടുപിടിത്തത്തിൽ സംശയമുണ്ടോ? എങ്കിൽ യുദ്ധം എങ്ങനെ അവസാനിപ്പിക്കാം എന്ന് തെളിവുസഹിതം ഞാൻ വിശദമാക്കുന്നത് ദയവുചെയ്തു വായിച്ചു നോക്കണം:
ഓഹ് വെറുതേയിരുന്നു മടുത്തു.ആരും എന്നെപ്പറ്റി ഒരക്ഷരം മിണ്ടുന്നില്ല.എല്ലാവരും എന്നെ മറന്നോ?എന്റെ പേരും എന്റെ രാജ്യവും ലോകം മുഴുവൻ സംസാരമാകണം.പക്ഷേ എങ്ങനെ! ആയുധങ്ങളാണെങ്കിൽ ശേഖരിച്ചുവെക്കാൻ സ്ഥലമില്ലാതായിരിക്കുന്നു!പുതിയ പുതിയ ആയുധങ്ങൾ വിപണിയിലിറങ്ങുന്നു. ഉള്ളത് തീർക്കാതെ പുതിയത് എങ്ങനെ വാങ്ങിക്കൂട്ടും.അയാൾ ചിന്തിച്ചു. കുറച്ചുപേരെ കൊന്നൊടുക്കിയേക്കാം. അല്ലാതെങ്ങനെ! യുദ്ധത്തിനായി കോപ്പ്കൂട്ടാനുള്ള ചിന്ത അയാളുടെ മനസ്സിൽ കടന്നുകൂടിയപ്പോഴേ അതാ ‘നീ ഇപ്പോൾ എന്തു ചെയ്യുകയാണ്’ എന്ന് അവളുടെ സന്ദേശം എത്തിക്കഴിഞ്ഞു.
അവൻ ഞെളിഞ്ഞു നിന്ന് ഗമക്ക് പറഞ്ഞു, ‘ഞാൻ യുദ്ധം ചെയ്യാൻ തയ്യാറെടുക്കുകയാണ് !എന്നെ ലോകം സംസാരവിഷയമാക്കാൻ പോകുകയാണ്!‘
അയ്യോ, എന്തിന് യുദ്ധം?യുദ്ധം ചെയ്ത് ചിലപ്പോൾ അങ്ങ് മരിച്ചുപോയാൽ! എനിക്കുപിന്നെ ആരുണ്ട്? അവളുടെ മൃദുതേങ്ങൽ അവന്റെ കാതുകളിൽ സംഗീതമായി മന്ദ്രമധുരമായി താളമടിച്ചു.
അയാൾ മീശപിരിച്ചു ഗംഭീരമായി അട്ടഹസിച്ചു: ഹ ഹ ഹ.. ഭവതിയുടെ ഈ തേങ്ങലുണ്ടല്ലോ, അതു വെറുതേയാണ്.ഞാൻ യുദ്ധത്തിന് പോയാലെല്ലേ അങ്ങനെയൊരു പേടി വേണ്ടൂ.ഞാൻ അല്ല നമ്മുടെ അനുയായികളാണ് യുദ്ധത്തിന് പോകുന്നത്.
സുന്ദരീമണി കണ്ണുകൾ തുടച്ചു എന്നിട്ടു പറഞ്ഞു:എന്നുവെച്ചാൽ അങ്ങ് വെറുമൊരു പേടിത്തൊണ്ടൻ ബഡുവായാണെന്ന്! എല്ലേ? ഞാനൊരിക്കലും ഇങ്ങനെയുള്ള ഒരു മനുഷ്യനെയല്ല അങ്ങെയിൽ കണ്ടത്. ഞാൻ കണ്ടത്, വീരനും ശൂരനും നെഞ്ചുവിരിച്ചു മുന്നിൽ നിന്ന് പടയാളികളെ നയിക്കുന്ന ധീരനുമായ ഒരു നേതാവിനെയാണ്. അങ്ങ് ആ നേതാവാണ്. അങ്ങൊരു യോദ്ധാവാണ്.ഒന്നിനും അങ്ങയെ തകർക്കാൻ കഴിയില്ല.അങ്ങ് ഒരിക്കലും പടയാളികളെ യുദ്ധത്തിന് പറഞ്ഞയച്ചിട്ട് മട്ടുപ്പാവിലിരുന്നു വിശ്രമിക്കുന്ന ഒരു മണുകുണാഞ്ചനല്ല.അങ്ങ് പറയൂ.അങ്ങ് ഞാൻ വിവരിച്ച മഹാനല്ലേ?
അതെ.ഭവതി പറഞ്ഞതുപോലെയുള്ള ധീരനായ യോദ്ധാവാണ് ഞാൻ.ഞാൻ എങ്ങും പോയി മറഞ്ഞിരിക്കില്ല. ഹേ ലോകമേ ഞാൻ വരുന്നു എന്റെ പടയാളികളുമായി മുന്നിൽനിന്ന് യുദ്ധം ചെയ്യാൻ.അയാൾ വീറോടെ മേശപ്പുറം അടിച്ചു പൊളിച്ചു.
അയ്യോ..അയ്യോ.. അപ്പോൾ അങ്ങേക്ക് എന്തെങ്കിലും സംഭവിച്ചാൽ എനിക്കാരുണ്ട്!
എന്നെ ഒന്നിനും തകർക്കാൻ കഴിയില്ല എന്ന് ഭവതിയല്ലേ ഇപ്പോൾ പറഞ്ഞത്. പിന്നെ എനിക്കെന്തു സംഭവിക്കാൻ! എന്നെ യുദ്ധത്തിന് പോയിവരാൻ ആശീർവദിച്ചാലും.
അതുപിന്നെ.. അപ്പോൾ അവൾ എന്തുപറയണമെന്നറിയാതെ തപ്പിത്തടഞ്ഞു.
അങ്ങയെ ആർക്കും തകർക്കാനോ തോൽപ്പിക്കാനോ കഴിയില്ല. അതു സത്യം തന്നെ.എങ്കിലും ഈ ലോകത്ത് നമ്മളെപ്പോലെ സ്നേഹിക്കുന്നവർ എത്രകോടി ജനങ്ങളുണ്ടാകും.പോട്ടെ.അങ്ങയുടെ അനുയായികൾ എത്രെയോപേർ സ്നേഹിക്കുന്നുണ്ടാകും. അവർക്ക് എന്തെങ്കിലും പറ്റിയാൽ! ഈ ലോകം തേങ്ങിക്കരയില്ലേ? ആ പാപം എവിടെയൊഴുക്കിക്കളയും നമ്മൾ? ഈ ലോകത്തിന്റെ മുന്നിൽ ഞാനും കുറ്റക്കാരിയാകില്ലേ? അങ്ങയെ നേർവഴിക്കു നടത്താൻ കഴിയാത്ത ബുദ്ധിയില്ലാത്ത വെറുമൊരു സുന്ദരിയായി ഞാൻ അറിയപ്പെടില്ലേ?
ഭവതിയുടെ ആവശ്യമില്ലാത്ത ഈ ആകുലതകൾ മതിയാക്കൂ. ഞാനൊരു യുദ്ധക്കൊതിയനാണ്. ലോക പോരാളി. എന്നെ യുദ്ധം ചെയ്യാൻ പറഞ്ഞുവിടൂ. വേഗം. ലോകമെന്നെ വാഴ്ത്തിപ്പാടട്ടെ. വേഗം അശ്ലീർവദിക്കൂ.
നിർത്തൂ...താങ്കളും മറ്റ് മ്ലേച്ഛന്മാരെപ്പോലെ സംസാരിക്കാതിരിക്കൂ. ഈ കാണുന്ന സുന്ദര ലോകത്തെ താങ്കളുടെ വൃത്തികെട്ട ചിന്തയിൽ കുടുക്കി മലിനമാക്കാതിരിക്കൂ. നോക്കൂ,താങ്കൾക്ക് ലോകം മാറ്റിമറിക്കാൻ കഴിയും രണ്ടു രീതിൽ.ഒന്നുകിൽ താങ്കൾക്ക് മനുഷ്യരെ കൊന്നൊടുക്കാം. വിദ്വേഷം പരത്താം.പട്ടിണിയും രോഗവും വ്യാപാരംനടത്താം. അല്ലെങ്കിൽ നല്ലൊരു നേതാവായി സമാധാനമായി ജീവിക്കാം. സമാധാനത്തിൽ ജീവിച്ചു എന്നുകരുതി ഈ കാലഘട്ടത്തിൽ ലോകത്തിന്റെ സംസാരവിഷയമായിക്കൊള്ളണമെന്നില്ല. ആരുടേയും ദുഃഖത്തിന് കാരണക്കാരനാകില്ല എന്നുമാത്രം. എന്തുവേണം. വേഗം പറയൂ..അവൾ അതാ രണ്ടും കല്പ്പിച്ചു നിൽക്കുകയാണ്.
അയാൾക്ക് ഒട്ടും ആലോചിക്കേണ്ടിവന്നില്ല. അയാൾ ബ്ലേസർ ധിറുതിക്കിട്ട് മേശമേൽ വെച്ചിരുന്ന സിഗാർ കത്തിച്ചു പുക അന്തരീക്ഷത്തിലേക്ക് ഊതിവിട്ടുകൊണ്ട് പറഞ്ഞു: എനിക്ക് ലോകസംസാരമാകണം. സമ്പത്ത് കൊള്ളയടിക്കണം. മറ്റുള്ളവരുടെ പണം എന്റെ നാട്ടിൽ കുമിഞ്ഞുകൂടണം. തുരുമ്പുപിടിച്ചു നശിക്കാറായ ആയുധങ്ങൾ ഉപയോഗിച്ചു തീർക്കണം. എന്റെ യുദ്ധക്കപ്പലുകൾ നാലുപാടും സഞ്ചരിക്കണം. യുദ്ധ വിമാനങ്ങൾ അതിർത്തി വിട്ട് പറക്കണം.ബോംബുകൾ ആലിപ്പഴം പോലെ പൊഴിയണം.ശത്രുക്കൾ കരയണം. ലോകം എന്റെ കാല് പിടിക്കണം. എന്റെ പരാക്രമണങ്ങൾ പാടി നടക്കണം. ഹ ഹ ഹ.. അയാൾ അനുയായികൾക്ക് നിർദ്ദേശങ്ങൾ കൊടുക്കാൻ വേഗം പോക്കറ്റിൽ നിന്ന് ഫോൺ എടുത്തു.
അവൾ പൊട്ടിത്തെറിച്ചു: എന്റെ അടുത്തുനിന്നും മാറി നിൽക്കൂ.നിങ്ങൾ എങ്ങോട്ടേലും പോ. എന്തെങ്കിലും ചെയ്.ഈ പാപത്തിന്റെ ഫലം നിങ്ങൾ സ്വയം അനുഭവിച്ചോ. എന്നെ വെറുതേ വിടൂ. മോളേ, ചക്കരേ എന്നു വിളിച്ചു എന്റെ പരിസരത്ത് വന്നേക്കരുത്. അവൾ ദേഷ്യം മൂത്ത് നടന്നകന്നു. അയാൾ തരിച്ചു നിന്നു. അവൾ അയാളെറിയാതെ അയാളുടെ ഫോൺ കൈക്കലാക്കിയിരുന്നു. അവൾ മാറിനിന്ന് വേഗം അയാളുടെ ട്വിറ്ററിൽ നിന്ന് ലോകത്തോട് ഒരു മഹാ സന്ദേശംഅറിയിച്ചു ; ‘ലോകത്ത് സമാധാനം പരക്കട്ടെ. ഞാനും എന്റെ രാജ്യവും സമാധാനത്തിന്റെ കാവൽക്കാർ‘. കാര്യം നടത്തിയതിനുശേഷം അവൾ ഫോൺ വലിച്ചെറിഞ്ഞു എങ്ങോട്ടോ ഇറങ്ങിപ്പോയി.
അയാൾക്ക് തുരു തുരെ കമന്റുകൾ വന്നുകൊണ്ടിരുന്നു.ഫോൺ ബെല്ലടിക്കാൻ തുടങ്ങി.അയാൾ കാൾ എടുത്തപ്പോൾ അഭിനന്ദനപ്രവാഹങ്ങൾ.കാര്യമറിയാൻ അയാൾ ട്വിറ്റെർ എടുത്തുനോക്കി.അയാൾ സ്ഥബ്ധനായി. ഇതു ഞാൻ അല്ല ചെയ്തത് എന്നു പറയണോ? യുദ്ധക്കൊതിയന്മാർ ഭീഷണി മുഴക്കുന്നുണ്ട്! പക്ഷേ അതിലേറെ അഭിനന്ദനങ്ങൾ പല രാജ്യങ്ങളിൽ നിന്നും,ലോക നേതാക്കളിൽനിന്നും. രാജ്യങ്ങൾ ഇത് വാർത്തയാക്കുന്നു. മഹാ മതനേതാക്കന്മാർ തന്റെ സന്ദേശം സ്വാഗതം ചെയ്യുന്നു. തന്നെ ലോകം വാഴ്ത്തിപ്പാടുന്നു.എല്ലാം ഞൊടിയിടയിൽ.ഇതെല്ലാം ഒപ്പിച്ചിട്ട് അവൾ എവിടെപ്പോയി?
അയാൾ ഫോൺ ചെയ്തു.അവൾ എടുത്തില്ല.
അയാൾ സന്ദേശം അയച്ചു.അവൾ നോക്കിയില്ല.
അയാൾ ഒന്നും ചെയ്യാതെ കാത്തിരുന്നു. അവൾ വന്നില്ല.
അയാൾക്ക് വട്ടുപിടിച്ചു. അവൾ തിരിഞ്ഞു നോക്കിയില്ല.
അയാൾ ട്വിറ്ററിൽ കുറിച്ചു, ‘ലോകത്തിനു പിന്നെയും പിന്നെയും സമാധാനം‘. അവൾ അതിന് ലൈക്ക് കൊടുത്തു.
അയാൾ സന്തോഷിച്ചു. അയാൾ വിളിച്ചു. അവൾ വന്നില്ല.
അവൾ കൂട്ടുകാരന്മാരുടെകൂടെ കറങ്ങി നടന്നു.ഫോട്ടോസ് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ മറന്നതുമില്ല.
അയാൾക്ക് ആധിപിടിച്ചു. വാലിനു തീ പിടിച്ച കൊരങ്ങനെപ്പോലെ അയാൾ തെക്കുവടക്കു നടന്നു.അയാൾ ഉണ്ടില്ല. ഉറങ്ങിയില്ല. എന്റെ സ്നേഹമേ.. എന്റെ സമാധാനമേ..എന്റെ ചൈതന്യമേ....നീ.. നീ..
അയാൾ പിന്നെയും ട്വിറ്ററിൽ എഴുതി:‘ലോക സമാധാനമേ മടങ്ങി വരൂ.ലോകത്തിന് വെളിച്ചം പകരൂ’.
അവൾ മടങ്ങിവന്നു.
അയാളുടെ പടയാളികൾ ചോദിച്ചു: ആയുധങ്ങൾ തുരുമ്പെടുക്കുന്നു എന്തു ചെയ്യണം?
അവൾ അയാളെ തറപ്പിച്ചു നോക്കി.
അയാൾ പറഞ്ഞു:‘തരിശു ഭൂമിയിൽ കായലുപോലെ വലിയ കുളമുണ്ടാക്കി അതിൽ മുക്കിയിടൂ.’
അയാൾ പിന്നെ ട്വിറ്ററിൽ കുറിച്ചു:‘സമാധാനം എന്തു സമാധാനം! എല്ലാവർക്കും നന്മകൾ നേരുന്നു.‘