ഇസ്രയേലിനു നേരെ ചൊവാഴ്ച രാത്രി ഇറാൻ നിരവധി മിസൈലുകൾ വർഷിച്ചതിനെ തുടർന്നു ഇസ്രയേലിന്റെ പ്രതിരോധത്തിൽ സഹായിക്കാൻ യുഎസ് സേനയ്ക്കു പ്രസിഡന്റ് ജോ ബൈഡൻ ഉത്തരവ് നൽകി. ഇറാന്റെ മിസൈലുകൾ വെടിവച്ചിടാൻ ബൈഡൻ ആവശ്യപ്പെട്ടെന്നും നാഷനൽ സെക്യൂരിറ്റി കൗൺസിൽ വക്താവ് ഷോൺ സാവേറ്റ് അറിയിച്ചു.
ജെറുസലേമിനെ ലക്ഷ്യമാക്കി ഇറാൻ 180 മിസൈലുകൾ തൊടുത്തുവെന്നു ഇസ്രയേലി സേന ഐ ഡി എഫ് പറഞ്ഞു. ശക്തമായി തിരിച്ചടിക്കുമെന്ന ഇസ്രയേലിന്റെ താക്കീതിനെ തുടർന്ന് ഇറാന്റെ ആണവ കേന്ദ്രങ്ങൾക്കു നേരെ ആക്രമണം ഉണ്ടാവുമെന്ന ആശങ്ക ഉയർന്നു.
കൂടുതൽ വ്യാപകമായ യുദ്ധത്തിന്റെ ഭീതി നിലനിൽക്കെ, ഹിസ്‌ബൊള്ള തീവ്രവാദികളുടെ താവളങ്ങൾ ലക്ഷ്യമാക്കി തെക്കൻ ലെബനനിലെ ഗ്രാമങ്ങളിൽ ഐ ഡി എഫ് കരയിലെ ആക്രമണം ശക്തമാക്കി.
ബൈഡനും വൈസ് പ്രസിഡന്റ് കമലാ ഹാരിസും വൈറ്റ് ഹൗസ് സെക്യൂരിറ്റി റൂമിൽ കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ടെന്നും അവർക്കു തുടർച്ചയായി വിവരം നൽകുന്നുണ്ടെന്നും സാവേറ്റ് പറഞ്ഞു.
സൈനിക, സുരക്ഷാ കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് ഇറാൻ
ഇസ്രയേലിന്റെ സൈനിക, സുരക്ഷാ കേന്ദ്രങ്ങളാണ് ലക്ഷ്യമെന്ന് ഇറാൻ നേരത്തെ പറഞ്ഞു. ഇസ്രയേൽ തിരിച്ചടിച്ചാൽ വീണ്ടും ആക്രമിക്കും. ഹമാസ് മേധാവി ഇസ്മയിൽ ഹനിയെ, ഹിസ്‌ബൊള്ള മേധാവി ഹസൻ നസ്രള്ള, ഇറാൻ കമാൻഡർ മേജർ ജനറൽ സയ്യദ് അബ്ബാസ് നിൽഫോരൂഷൻ എന്നിവരെ ഇസ്രയേൽ വധിച്ചതിനു പ്രതികാരമാണ് ആക്രമണമെന്നു ഇറാൻ വിപ്ലവ ഗാർഡുകളെ ഉദ്ധരിച്ചു തസ്‌നിം ന്യൂസ് ഏജൻസി പറഞ്ഞു. പലസ്തീനിയൻ, ലെബനീസ് ജനതകൾക്കു എതിരായ ആക്രമണങ്ങളും പ്രതികാരം അർഹിക്കുന്നു.
മിസൈലുകൾ തകർക്കാൻ യുഎസ് സേനയും സഹായിച്ചെന്നു ഐ ഡി എഫ് പറഞ്ഞു. മധ്യ ഇസ്രയേലിലും തെക്കു ഭാഗത്തും ചില്ലറ നാശനഷ്ടങ്ങൾ ഉണ്ടായി. ടെൽ അവീവിൽ രണ്ടു പേർക്കു നിസാര പരുക്കേറ്റെന്നു ഇസ്രയേലി മാധ്യമങ്ങൾ പറഞ്ഞു.
മധ്യപൂർവ ദേശത്തെ ഇറാൻ കൂടുതൽ വലിയ യുദ്ധത്തിലേക്കു വലിച്ചിഴയ്ക്കുകയാണെന്നു ഐ ഡി എഫ് വക്താവ് ഡാനിയൽ ഹഗാരി ആരോപിച്ചു.
ഇസ്രയേലി അധിനിവേശത്തിലുള്ള ജെറുസലെം മുസ്ലിംകളുടെയും ക്രിസ്ത്യാനികളുടെയും യഹൂദരുടെയും പുണ്യഭൂമിയാണെന്നു അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാവരെയും ലക്‌ഷ്യം വയ്ക്കുകയാണ് ഇറാൻ ചെയ്യുന്നത്.
"ഇറാന്റെ ആക്രമണം അപകടകരമായ വിപുലീകരണമാണ്. അതിനു പ്രത്യാഘാതങ്ങൾ ഉണ്ടാവും."
ഇസ്രയേൽ വ്യോമാതിർത്തി അടച്ചു. വിമാനങ്ങൾ മറ്റു രാജ്യങ്ങളിലേക്കു തിരിച്ചു വിട്ടു. ജോർദാനും ഇറാഖും വ്യോമാതിർത്തി അടച്ചിട്ടുണ്ട്.
"സയണിസ്റ് ഭരണകൂടത്തിന്റെ ഭീകര ആക്രമണങ്ങൾക്കു മറുപടിയായി ഇറാന്റെ നിയമപരവും ന്യായവുമായ പ്രതികരണമാണ്" നടത്തിയതെന്നു ഇറാൻ അവകാശപ്പെട്ടു.
അടിയന്തരമായി വെടിനിർത്തണമെന്നു യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗട്ടറസ് പറഞ്ഞു. മിഡിൽ ഈസ്റ്റ് സംഘർഷം വ്യാപിക്കുന്നത് അപലപനീയമാണ്.
Biden ordered US forces to foil Iran attacks