കനിഷ്‌ക വിമാനദുരന്തത്തിൽ പുനഃരന്വേഷണം വേണമെന്ന ആവശ്യത്തെ എതിർത്ത ഇന്ത്യൻ വംശജനായ ലിബറൽ എംപി ചന്ദ്ര ആര്യയെ വിമർശിച്ച് ഖലിസ്ഥാൻ നേതാവ് ഗുർപന്ത് സിങ് പന്നു. ചന്ദ്ര ആര്യ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക്താവായിട്ടാണ് കാനഡയിൽ പ്രവർത്തിക്കുന്നതെന്നും കാനഡയിൽ നിന്ന് അദ്ദേഹം ഇന്ത്യയിലേക്ക് തിരികെ പോകണമെന്നും ഇന്ത്യൻ ഗവൺമെൻ്റിന്‍റെ പങ്കാളി ആകണമെന്നും സിഖ് ഫോർ ജസ്റ്റിസ് പുറത്തിറക്കിയ വിഡിയോയിൽ പന്നു വിമർശിച്ചു. കാനഡയിലെ ഹിന്ദു സമൂഹത്തിനെതിരെ ഖലിസ്ഥാൻ വിഘടനവാദികളിൽ നിന്നുമുള്ള ഭീഷണിയെ നഖശിഖാന്തം എതിർക്കുന്ന ആളാണ് എം.പി ചന്ദ്ര ആര്യ.
329 പേരുടെ മരണത്തിനിടയാക്കിയ എയർ ഇന്ത്യ ‘കനിഷ്‌ക’ വിമാന ബോംബാക്രമണത്തിന് ഖലിസ്ഥാൻ വിഘടനവാദികളാണ് ഉത്തരവാദികളെന്ന് കണ്ടെത്തിയിട്ടുണ്ട്. പുതിയൊരു അന്വേഷണം ഖലിസ്ഥാൻ വിഘടനവാദികളുടെ ഗൂഢാലോചന സിദ്ധാന്തങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും കനേഡിയൻ പാർലമെൻ്റിനെ അഭിസംബോധന ചെയ്ത് ചന്ദ്ര ആര്യ പറഞ്ഞിരുന്നു.
2023 ജൂണിൽ ബ്രിട്ടിഷ് കൊളംബിയയിലെ സറേയിൽ വെടിയേറ്റ് കൊല്ലപ്പെട്ട ഖലിസ്ഥാൻ നേതാവ് ഹർദീപ് സിങ് നിജ്ജാറിൻ്റെ കൂട്ടാളിയാണ് സിഖ്‌സ് ഫോർ ജസ്റ്റിസിന് നേതൃത്വം നൽകുന്ന ഗുർപന്ത് സിങ് പന്നു. യുഎസ്, കനേഡിയൻ പൗരത്വമുള്ള പന്നുനെ 2020 ജൂലൈയിൽ ഇന്ത്യൻ സർക്കാർ തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു. 2023 ജൂണ് 18-ന് ബ്രിട്ടിഷ് കൊളംബിയ സറേയിലെ ഗുരു നാനാക്ക് സിഖ് ഗുരുദ്വാരയ്ക്ക് മുമ്പിൽ വെച്ചാണ് നിജ്ജാറിനെ അജ്ഞാതർ വെടിവെച്ച് കൊന്നത്. ഇന്ത്യൻ സർക്കാർ പുറത്തുവിട്ട 40 ഭീകരരുടെ പട്ടികയിൽ 45 വയസുളള നിജ്ജാറും ഉൾപ്പെട്ടിരുന്നു. നിജ്ജാറിന്‍റെ കൊലപാതകത്തിൽ ഇന്ത്യൻ സർക്കാർ ഏജൻസികൾക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ കാനഡ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഹൗസ് ഓഫ് കോമൺസിൽ വെളിപ്പെടുത്തിയത് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാകുന്നതിന് കാരണമായി. എന്നാൽ ആരോപണം ഇന്ത്യൻ ഗവൺമെൻ്റ് ആവർത്തിച്ച് നിഷേധിച്ചിരുന്നു.