Image

ഇന്ത്യൻ വംശജ ചരിത്രകാരി ശൈലജ പൈക് $800,000 മക്കാർതർ ഫെലോഷിപ് നേടി (പിപിഎം)

Published on 02 October, 2024
ഇന്ത്യൻ വംശജ ചരിത്രകാരി ശൈലജ പൈക്  $800,000 മക്കാർതർ ഫെലോഷിപ് നേടി (പിപിഎം)

യൂണിവേഴ്സിറ്റി ഓഫ് സിൻസിനാറ്റിയിൽ പ്രഫസറായ ഇന്ത്യൻ വംശജ ചരിത്രകാരി ശൈലജ പൈക് ഇക്കൊല്ലത്തെ മക്കാർതർ ഫെലോഷിപ് നേടി. പ്രതിഭാശാലികൾക്കുള്ള ഗ്രാന്റ് എന്നു വിശേഷിപ്പിക്കപ്പെടുന്ന അവാർഡ് അഞ്ചു വർഷത്തേക്ക് $800,000 ആണ് നൽകുന്നത്.

ജോൺ ഡി.ആൻഡ് കാതറൈൻ ടി. മക്കാർതർ ഫൗണ്ടേഷനാണ് അവാർഡ് നൽകുന്നത്. ആധുനിക ഇന്ത്യയിൽ ജാതി, ലിംഗം, ലൈംഗികത എന്നിവ എങ്ങിനെ പ്രവർത്തിക്കുന്നുവെന്നു അവർ നടത്തിയ അന്വേഷണം വിസ്മയനീയം ആയിരുന്നുവെന്നു ഫൗണ്ടേഷൻ ചൂണ്ടിക്കാട്ടി. ദളിത് സ്ത്രീകൾ ഗവേഷണത്തിന്റെ പ്രത്യേക വിഷയം ആയിരുന്നു.

പൂനെയിൽ ദളിത് സമൂഹത്തിൽ ചേരിയിൽ ജനിച്ചു വളർന്ന തന്റെ ജീവിതാനുഭവം പശ്ചാത്തലമായെന്നു പൈക് എൻ പി ആർ ടെലിവിഷനോട് പറഞ്ഞു. തനിക്കും മൂന്നു സഹോദരിമാർക്കും വിദ്യാഭ്യാസം തന്ന മാതാപിതാക്കളെ അവർ ഓർമിച്ചു.

സാവിത്രിഭായ് ഫുലെ യൂണിവേഴ്സിറ്റിയിൽ നിന്നു മാസ്റ്റേഴ്സ് നേടിയ പൈക് മുംബൈയിൽ ലക്ച്ചറർ ആയാണ് ജീവിതം ആരംഭിച്ചത്. പിന്നീട് ഫോർഡ് ഫൗണ്ടേഷന്റെ സ്കോളർഷിപ് നേടി യുകെയിൽ ഡോക്ടറേറ്റ് ചെയ്തു. 2005ലാണ് എമോറി യൂണിവേഴ്സിറ്റിയുടെ ഫെലോഷിപ്പോടെ യുഎസിൽ എത്തിയത്.

2014ൽ  Dalit Women’s Education in Modern India: Double Discrimination എന്ന പുസ്തകമാണ് പൈക് ആദ്യം എഴുതിയത്. ജാതിയുടെ പേരിലും സ്ത്രീ ആയതു കൊണ്ടുമുള്ള ഇരട്ട വിവേചനം അനുഭവിച്ചതാണു അതിനു പ്രചോദനമായത്. മൂന്നു തലമുറയിൽ പെട്ട ദളിത് സ്ത്രീകളോട് സംസാരിച്ചാണ് എഴുതിയത്.  

The Vulgarity of Caste: Dalits, Sexuality, and Humanity in Modern India (2022) ആണ് ഏറ്റവും ഒടുവിൽ എഴുതിയത്. മഹാരാഷ്ട്രയിൽ ദളിത് സ്ത്രീകൾ അഭിനയിക്കുന്ന തമാശ എന്ന നാടൻ കലാരൂപം അവർക്കു കല്പിക്കുന്ന അയിത്തം ജാതിയും ലൈംഗിക അടിമത്തവും കൊണ്ടാണ് ഉണ്ടാകുന്നതെന്ന് പൈക് സ്ഥാപിക്കുന്നു.

Indian author Paik awarded $800,000 fellowship

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക