സ്വര്‍ണക്കടത്തും എ.ഡി.ജി.പി എം.ആര്‍ അജിത്കുമാര്‍-പി ശശി അച്ചുതണ്ട് ശക്തികളുടെ ഇടപെലുകളുമുള്‍പ്പെടെ പി.വി അന്‍വര്‍ ഉയര്‍ത്തിയ വെല്ലുവിളിയെ പ്രതിരോധിക്കാന്‍ പി.ആര്‍ ഏജന്‍സിയെ ഉപയോഗിച്ച് നടത്തിയ മാധ്യമ ഇടപെടല്‍ മുഖ്യമന്ത്രി പിണറായി വിജയന് ബൂമറാങ്ങായി. പി.ആര്‍ ഏജന്‍സിക്കനുസൃതമായിട്ടാണ് മുഖ്യമന്ത്രിയുടെ പ്രവര്‍ത്തനമെന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് 'ദി ഹിന്ദു' പത്രത്തില്‍ വന്ന അഭിമുഖം ബലം നല്‍കുന്നു. പ്രസ്തുത വിഷയം കൂടുതല്‍ വിവാദങ്ങളിലേക്ക് കടന്നിരിക്കുകയാണ്.
സെപ്റ്റംബര്‍ 29-ാം തീയതി സെപ്തംബര്‍ 29ന് രാവിലെ 9 മണിക്ക് ഡല്‍ഹിയിലെ കേരള ഹൗസില്‍ വെച്ച് നടന്ന 30 മിനിറ്റ് നീണ്ട അഭിമുഖ സമയത്ത് സി.പി.എമ്മുമായി ബന്ധമുള്ള പി.ആര്‍ ഏജന്‍സി പ്രതിനിധിയും മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നെന്ന വിവരവും പുറത്തുവരുന്നു. അതേസമയം ഏജന്‍സി ഇതിനുമുമ്പും മുഖ്യമന്ത്രിയുടെ അഭിമുഖങ്ങളില്‍ ഇടപെട്ടിട്ടുണ്ടെന്നും സൂചനയുണ്ട്. മലപ്പുറത്ത് ഹവാല പണമിടപാടും സ്വര്‍ണക്കടത്തും കൂടുതലാണെന്നും ഇത് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നതെന്നുമുള്ള 'ദി ഹിന്ദു'വില്‍ വന്ന അഭിമുഖത്തിലെ പരാമര്‍ശമാണ് വിവാദമായത്.
ഇതോടെ തെറ്റുപറ്റിയത് പത്രത്തിനാണെന്ന് കാണിച്ച് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം മനോജ് 'ദി ഹിന്ദു'വിന് കത്ത് നല്‍കി. തെറ്റ് അംഗീകരിച്ച് 'ദി ഹിന്ദു' ഇറക്കിയ കുറിപ്പില്‍, മുഖ്യമന്ത്രിക്കുവേണ്ടി പി.ആര്‍ ഏജന്‍സി സമീപിച്ചെന്നും അവര്‍ നല്‍കിയ കുറിപ്പിലെ കാര്യങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തെറ്റായപരാമര്‍ശമായി ചൂണ്ടിക്കാട്ടിയിട്ടുള്ളതെന്നും വ്യക്തമാക്കി. പ്രതിഛായ നന്നാക്കാന്‍ മുഖ്യമന്ത്രിക്ക് പി.ആര്‍ ഏജന്‍സി വേണമെന്നും വിവാദ അഭിമുഖത്തോടെ പി.ആര്‍ ഏജന്‍സിയെ മുഖ്യമന്ത്രി ആശ്രയിക്കുന്നുവെന്ന വസ്തുതയാണ് വെളിയില്‍ വന്നിരിക്കുന്നത്. ഇതിപ്പോള്‍ മുഖ്യമന്ത്രിയെ ഊരാക്കുടുക്കിലാക്കിയിരിക്കുകയാണ്.
മലപ്പുറം ജില്ലയില്‍ നിന്ന് അഞ്ചു വര്‍ഷത്തിനുള്ളില്‍ 150 കിലോഗ്രാം സ്വര്‍ണ്ണവും 123 കോടിയുടെ ഹവാലപ്പണവുമാണ് പോലീസ് പിടിച്ചതെന്നാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശമായി 'ദി ഹിന്ദു'വിന്റെ അഭിമുഖത്തിലുള്ളത്. ഈ പണം ദേശവിരുദ്ധ-രാജ്യദ്രോഹ പ്രവര്‍ത്തനങ്ങള്‍ക്കാണ് എത്തുന്നത്. ഇപ്പോള്‍ നിങ്ങള്‍ ചൂണ്ടിക്കാട്ടുന്ന രീതിയിലുള്ള ആരോപണത്തിനു പിന്നില്‍ ഇത്തരം കാര്യങ്ങളില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളുടെ പ്രതികരണം കൂടിയാണെന്നും പറയുന്നു.
''2020 മുതല്‍ സംസ്ഥാനത്താകെ 122.5 കോടിയുടെ ഹവാലപ്പണമാണ് പോലീസ് പിടിച്ചെടുത്തത്. അതില്‍ 87.22 കോടി മലപ്പുറത്തു നിന്നാണ്. കരിപ്പൂര്‍ വിമാനത്താവളം വഴി വലിയ തോതില്‍ സ്വര്‍ണവും ഹവാലപ്പണവും വരുന്നു എന്നാണ് ഈ കണക്ക് സൂചിപ്പിക്കുന്നത്. ഇത് കര്‍ക്കശമായി തടയുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്...'' എന്നാണ് സെപ്റ്റംബര്‍ 21-ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞത്. മലപ്പുറത്ത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് ഹവാല വഴി പണമെത്തുന്നുവെന്ന പരാമര്‍ശം പത്രസമ്മേളനത്തില്‍ ഉണ്ടായിരുന്നില്ല. ഇതാണ് പി.ആര്‍ ഏജന്‍സി മാനിപ്പുലേറ്റ് ചെയ്തത് എന്ന് പറയപ്പെടുന്നു.
എന്നാല്‍ പത്രം വീഴ്ച സമ്മതിച്ചുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. 'ദി ഹിന്ദു' പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ പറയാത്ത കാര്യം കൂട്ടിച്ചേര്‍ത്തുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളദീകരിച്ചു. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് വിശദീകരണം തേടി. തങ്ങള്‍ക്ക് വീഴ്ച പറ്റിയതാണ് എന്നവര്‍ സമ്മതിച്ചിട്ടുണ്ട്. ഞാന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് 'ദി ഹിന്ദു' തന്നെ പറഞ്ഞ സ്ഥിതിക്ക് ഇനി എന്താണ് ചര്‍ച്ച ചെയ്യാനുള്ളത്..? ഏതെങ്കിലും ഒരു ജില്ലയിലെ ഏതെങ്കിലും ഒരു മതവിഭാഗത്തെ കുറ്റപ്പെടുത്തുന്ന സമീപനം എന്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് കോഴിക്കോട് പൊതു സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യക്തമാക്കി.
വിവാദ സംഭവത്തില്‍ 'ദി ഹിന്ദു' വിശദീകരണം നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിമുഖത്തിന് തയ്യാറാണെന്ന കാര്യം അറിയിച്ച് കെയ്‌സാന്‍ എന്ന പി.ആര്‍ ഏജന്‍സിയാണ് സമീപിച്ചത്. 29-ന് ഒന്‍പതു മുതല്‍ ഡല്‍ഹി കേരള ഹൗസില്‍ അരമണിക്കൂര്‍ അഭിമുഖം നടന്നു. ഏജന്‍സിയുടെ രണ്ടു പ്രതിനിധികളും മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു. അഭിമുഖത്തിനു ശേഷം ഏജന്‍സി പ്രതിനിധികളിലൊരാള്‍ ഹവാല, സ്വര്‍ണക്കടത്ത് എന്നിവ സംബന്ധിച്ച് ചില വിവരം കൂടി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ടു. ഇത് നേരത്തേ മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ പറഞ്ഞ കാര്യങ്ങളാണെന്നും പറഞ്ഞു. ഉള്‍പ്പെടുത്തേണ്ടത് അവര്‍ എഴുതി നല്‍കി. ഇങ്ങനെ എഴുതി നല്‍കിയതിലുള്ളതാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഇപ്പോള്‍ നിഷേധിച്ചിട്ടുള്ളത്. ഏജന്‍സി നല്‍കിയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തിയത് മാധ്യമ ധാര്‍മികതയിലുള്ള വീഴ്ചയാണെന്ന് ഹിന്ദു കുറിപ്പില്‍ പറയുന്നു.
സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട മലപ്പുറം പരാമര്‍ശം 'ദി ഹിന്ദു'വിനോട് പറഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പത്രത്തിന് കത്ത് നല്‍കിയത്. ഇതോടെ വിശദീകരണവുമായി 'ദി ഹിന്ദു' രംഗത്തെത്തുകയായിരുന്നു. മുഖ്യമന്ത്രിയുടെതല്ലാത്ത പ്രസ്താവന അഭിമുഖത്തില്‍ കൊടുക്കേണ്ടി വന്നതില്‍ ഖേദിക്കുന്നുവെന്നും പത്രം ക്ഷമാപണക്കുറിപ്പില്‍ വ്യക്തമാക്കി. 'ദി ഹിന്ദു' മാപ്പ് പറഞ്ഞെങ്കിലും മറനീക്കിയത് മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി ബന്ധമാണെന്ന ആക്ഷേപമുണ്ട്.
രാഷ്ട്രീയ വിവാദമായ മലപ്പുറം പരാമര്‍ശത്തിലെ കുരുക്കൊഴിവാക്കാന്‍ 'ദി ഹിന്ദു' പത്രത്തെ തള്ളിപ്പറഞ്ഞ് കത്തയച്ച പ്രസ് സെക്രട്ടറി പിണറായി വിജയനെ അക്ഷരാര്‍ത്ഥത്തില്‍ ഊരാക്കുടുക്കിലാക്കി. പ്രസ് സെക്രട്ടറി പി.എം മനോജിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ പി.ആര്‍ (പബ്‌ളിക് റിലേഷന്‍സ്) സംവിധാനം പ്രവര്‍ത്തിക്കുന്നത്. പ്രസ് സെക്രട്ടറിയുടെ കത്തിന് പത്രം നല്‍കിയ വിശദീകരണത്തിലൂടെ മുഖ്യമന്ത്രിയുടെ പി.ആര്‍ ഏജന്‍സി ബന്ധം പുറത്തായെന്ന് മാത്രമല്ല, വിവാദ പരാമര്‍ശം ഉള്‍പ്പെടുത്താന്‍ 'ദി ഹിന്ദു'വിന് മേല്‍ പി.ആര്‍ ഏജന്‍സിയുടെ രേഖാമൂലമുള്ള സമ്മര്‍ദം ഉണ്ടായി എന്നുകൂടിയാണ് ഇതോടെ വ്യക്തമാകുന്നത്. 'ദി ഹിന്ദു'വിന്റെ വിശദീകരണത്തോടെ സര്‍ക്കാരും മുഖ്യമന്ത്രിയും പ്രതിരോധത്തിലായി.
മുഖ്യമന്ത്രിയുടെ ഔദ്യോഗിക പരിപാടികളും അവയുടെ വാര്‍ത്തകളും തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് നല്‍കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസില്‍ വിപുലമായ സംവിധാനം നിലനില്‍ക്കെയാണ് ഈ ചുമത പുറത്തുള്ള പി.ആര്‍ ഏജന്‍സിയെ ഏല്‍പ്പിക്കുന്നുവെന്ന ആക്ഷേപമുയരുന്നത്. മുഖ്യമന്ത്രിയുടേതടക്കം സര്‍ക്കാര്‍ വാര്‍ത്തകള്‍ മുഴുവന്‍ തയ്യാറാക്കാനും പ്രചാരണത്തിനുമാണ് പി.ആര്‍.ഡി പ്രവര്‍ത്തിക്കുന്നത്. ചിലപ്പോള്‍ ദേശീയ വാര്‍ത്താ ഏജന്‍സികളുടെ സഹകരണവും ഇവര്‍ ഔദ്യോഗികമായി തേടാറുണ്ട്.
അതേസമയം ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയരുന്നുണ്ട്. ആരാണ് ഈ പി.ആര്‍ ഏജന്‍സി..? വന്‍കിട കമ്പനികളുടെ പബ്ലിക് റിലേഷന്‍സ് ജോലികള്‍ ചെയ്യുന്ന, ഡല്‍ഹി കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കെയ്സന്‍ ആണ് മുഖ്യമന്ത്രിക്കായി ഇടപെട്ടത്. കെയ്സന്‍ സി.ഇ.ഒ വിനീത് ഹാണ്ഡയും റിലയന്‍സില്‍ പ്രവര്‍ത്തിക്കുന്ന സുബ്രഹ്‌മണ്യം എന്ന വ്യക്തിയും ുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നുവെന്ന് 'ദി ഹിന്ദു' പത്രം വ്യക്തമാക്കി. സുബ്രഹ്‌മണ്യമാണ് വിവാദ പരാമര്‍ശഭാഗം അഭിമുഖത്തില്‍ ഉള്‍പ്പെടുത്താന്‍ ആവശ്യപ്പെട്ടതത്രേ.
സെപ്റ്റംബര്‍ 21ന് തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മലപ്പുറത്തെ സ്വര്‍ണവേട്ടയെക്കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകളുടെ ഇംഗ്ലിഷ് പരിഭാഷ ആയിരുന്നു അത്. മലയാളിയായ നിഖില്‍ പവിത്രനാണ് കെയ്സന്റെ പ്രസിഡന്റ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് കെയസന്റ പൊളിറ്റിക്കല്‍ വിഭാഗമാണ്. വിവാദ അഭിമുഖത്തിലെ പിആര്‍ ഏജന്‍സി സഹായത്തില്‍ മുഖ്യമന്ത്രിയും മുഖ്യമന്ത്രിയുടെ ഓഫീസും ഇതുവരെ പ്രതികരിച്ചിട്ടില്ല. പി.ആര്‍ ഏജന്‍സിയെ തള്ളിപ്പറയാത്ത മുഖ്യമന്ത്രിയുടെ നിലപാട് ഏജന്‍സിയുമായുള്ള ബന്ധത്തിന്റെ തെളിവാണെന്ന വാദവും ശക്തമാകുന്നു.
വംശീയ ചുവയുള്ള പരാമര്‍ശം രാഷ്ട്രീയ നേട്ടത്തിനായി ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ബോധപൂര്‍വം തീരുമാനിച്ചിരുന്നു എന്നാണ് ഈ പി.ആര്‍ ഇടപെടല്‍ തിരഞ്ഞെടുപ്പ് തിരിച്ചടികളില്‍ നിന്ന് കരകയറാനുള്ള ഉദ്ദേശ്യത്തില്‍ രാഷ്ട്രിയ ലൈന്‍ മാറ്റാനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് മുഖ്യമന്ത്രി മലപ്പുറത്തെ ബന്ധപ്പെടുത്തി സ്വര്‍ണക്കടത്ത് പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അഭിമുഖത്തില്‍ ചോദ്യമോ മറുപടിയോ ഉണ്ടാകാതിരുന്ന മലപ്പുറം സ്വര്‍ണക്കടത്ത് വിഷയം പിന്നീട് തിരുകിക്കയറ്റതാണെന്ന് കൂടി ഇപ്പോള്‍ വ്യക്തമാകുമ്പോള്‍ സംഗതി കൂടുതല്‍ ദുരൂഹമാകുകയാണ്.
തനിക്ക് പി.ആര്‍ ഏജന്‍സി ബന്ധമെന്ന് പ്രതിപക്ഷ ആരോപണത്തെ എന്നും രൂക്ഷമായി തള്ളുന്ന പിണറായി തന്റെ പി.ആര്‍ ബന്ധം വിശദീകരിക്കേണ്ട സ്ഥിതിയിലാണിപ്പോള്‍. പി.വി അന്‍വര്‍ ന്യൂനപക്ഷ കാര്‍ഡ് വീശി ഉയര്‍ത്തിയ വെല്ലുവിളിയും എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ച വിവാദവും പൂരം കലക്കലും മൂലമുണ്ടായ പ്രതിച്ഛാനയാ നഷ്ടം നികത്താനുള്ള നീക്കമായിരുന്നു വിവാദ അഭിമുഖം. പി.ആര്‍.ഡി ഉള്ളപ്പോള്‍ ഏജന്‍സി ചെയ്യുന്ന സഹായത്തിന് ആര് പണം നല്‍കും എന്ന് വിശദീകരിക്കേണ്ട് ബാധ്യതയും സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിക്കുണ്ട്.