സിയാറ്റിലിൽ മഹാത്മാ ഗാന്ധിയുടെ അർദ്ധകായ ശിൽപം ഗാന്ധി ജയന്തി ദിനത്തിൽ അനാവരണം ചെയ്തു. സിയാറ്റിൽ സെന്ററിൽ സ്‌പേസ് നീഡിലിനും ചിഹ്ലി ഗാർഡനും ഗ്ലാസ് മ്യുസിയത്തിനും സമീപമായാണു ശിൽപം സ്ഥാപിച്ചിട്ടുള്ളത്.
സാംസ്‌കാരിക പ്രാധാന്യമുളള നഗരത്തിൽ ആദ്യമായാണ് ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുന്നത്. മേയർ ബ്രൂസ് ഹരേൽ, കോൺഗ്രസ് അംഗങ്ങളായ ആഡം സ്മിത്ത്, പ്രമീള ജയപാൽ, യുഎസ് കമാൻഡർ ലെഫ്. ജനറൽ സേവിയർ ബ്രൂൺസൺ, മാർട്ടിൻ ലൂഥർ കിംഗ്-ഗാന്ധി ഇനിഷ്യേറ്റിവ് ചെയർ എഡി റെയ്, ഇന്ത്യൻ കോൺസൽ ജനറൽ പ്രകാശ് ഗുപ്ത തുടങ്ങിയവർ വിശിഷ്ടതിഥികളായി.
ഇന്ത്യൻ അമേരിക്കൻ സമൂഹത്തിലെ നിരവധി അംഗങ്ങൾ എത്തിയിരുന്നു.
കോൺസലേറ്റ് ജനറലും നഗരാധികൃതരും യോജിച്ചു പ്രവർത്തിച്ചാണ് ശിൽപം സ്ഥാപിക്കാനുള്ള ഇടം തിരഞ്ഞെടുത്തത്. വർഷം തോറും 12 മില്യൺ സന്ദർശകർ എത്തുന്ന സ്ഥലമാണ് സിയാറ്റിൽ സെന്റർ.
വാഷിംഗ്‌ടൺ ഗവർണർ ജയ് ഇൻസ്‌ലി പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ, ശിൽപം ഗാന്ധിജിയുടെ ആദർശങ്ങൾക്കുളള ഉചിതമായ സ്മാരകമാണെന്നു ചൂണ്ടിക്കാട്ടി. മാറ്റങ്ങൾ കൊണ്ടു വരുന്നതിൽ അക്രമരാഹിത്യത്തിനുള്ള പങ്കും അദ്ദേഹം എടുത്ത് പറഞ്ഞു.
ഒക്ടോബർ 2 ഗ്രെയ്റ്റർ സിയാറ്റിൽ മേഖലയിലെ 73 നഗരങ്ങളിലും മഹാത്മാ ഗാന്ധി ദിനമായി ആചരിക്കാൻ കിംഗ് കൗണ്ടി വിജ്ഞാപനം ചെയ്തു.
Gandhi bust installed at Seattle Centre