വിശ്വത്തിലൊന്നാകെ ശാന്തി മന്ത്രങ്ങളാൽ
സാന്ത്വനമേകി ഋഷീശ്വരന്മാർ
ശാശ്വത സത്യങ്ങൾ എന്തെന്നറിഞ്ഞവർ
സാഹോദര്യത്തിലഭിരമിപ്പൂ
വേദത്തിൻ പൊരുളാകെ
തപസ്സിലാർജ്ജിച്ചവർ
വേദവ്യാസരായറിഞ്ഞിടുന്നു
അറിവിലും അറിവാർന്ന വേദത്തിൻ-
പൊരുളിനെ വേദപാരായണർ പകർന്നിടുന്നു.
തന്നിൽ നിന്നന്യമായ് വേറൊന്നു മില്ലെന്ന
"തത്ത്വമസി " വാക്യം ഗ്രഹിക്കായ്കിൽ,
തമ്മിൽ കലഹിച്ചു, തന്നെ നശിപ്പിച്ചു
, മിഥ്യയിൽ പലരും പുലർന്നിടുന്നു.
സർവ്വ മതസ്സാരം ഏകമാണെന്ന്
ഏറ്റമറിഞ്ഞിട്ടും പോരുതന്നെ
എന്തെന്നറിയില്ല,എന്തിനെന്നറിയില്ല,
എല്ലാമെല്ലാമേ തകർത്തിടുന്നു
തകരുന്നതെല്ലാം തൻ തനിമയാണെന്നോർത്താൽ
തളരാതേ തനിയേ യാത്ര പോകാം!
വെട്ടിപ്പിടിച്ചതും കൊന്നുമുടിച്ചതും
കൊള്ളയടിച്ചതും എന്തിനെന്നു,
ചിന്തിച്ചു ചിന്തിച്ചു അന്ത്യനാൾ കേണിടാം
അന്യാശ്രയമില്ലാതെ ഇഴഞ്ഞിടുമ്പോൾ.
അറിവിലായുണരുക അറിവിനെ പുണരുക,
അവിവേകം കാട്ടാതെ
അണിചേരുക..,
അരികത്തു നിൽക്കുന്ന സഹജരെ സ്നേഹിച്ചു
ധരണിയിൽ ശാന്തി പുലർത്തീടുക!
*******