ബോംബെയിലെ കൊളാബ കോസ് വേയില്‍ ബ്ലേയ്‌സിന്റെ മിനി തിയേറ്ററില്‍ 1976ല്‍ മൃണാല്‍ സെന്നിന്റെ 'മൃഗയാ'യുടെ പ്രസ് ഷോ നടക്കുകയായിരുന്നു. ഇടയ്ക്ക് ഫിലിമിന്റെ ഇടവേളയില്‍ ഞങ്ങള്‍ സിനിമാനിരൂപകര്‍ ലോബിയിലേയ്ക്കു ചായ സല്‍ക്കാരം സ്വീകരിക്കുവാന്‍ വന്നു. അവിടെ മൃണാള്‍സെന്നും തൊട്ടടുത്ത് മെലിഞ്ഞ നീണ്ടി ഇരുനിറക്കാരനായ ഒരു ചെറുപ്പക്കാരനും കാത്തു നിന്നിരുന്നു. 'വരൂ, നമുക്ക് മിഥുന്‍ ചക്രവര്‍ത്തിയെ പരിചയപ്പെടാം' സെന്‍ ആ ചെറുപ്പക്കാരനെ പരിചയപ്പെടുത്തി.
സ്‌ക്രീനില്‍ അതുവരെ കണ്ട നായകനെയല്ല ഞങ്ങള്‍ നേരില്‍ കണ്ടത്. ഇറുകിപ്പിടിച്ച പാന്റും ഒരു കോളേജ് കുമാരന്റെ ഭാവഹാവാദികളുമുള്ള ചെറുപ്പക്കാരന്‍ പരിഷ്‌ക്കാരം തൊട്ടുതീണ്ടിയിട്ടില്ലാത്ത ഒരു ആദിവാസിയുവാവായി എങ്ങനെ മാറി എന്നു ഞാന്‍ അത്ഭുതത്തോടെ നോക്കി. ഏറെ വര്‍ഷങ്ങള്‍ക്ക് മുമ്പല്ല താന്‍ ഒരു കോളേജ് വിദ്യാര്‍ത്ഥി ആയിരുന്നു എ്ന്നും ഇടത്പക്ഷ പ്രസ്ഥാനങ്ങളില്‍പ്പെട്ട് വിദ്യാര്‍ത്ഥി സംഘടനകളിലും സമരങ്ങളിലും പങ്കെടുത്തു എന്നു പിന്നീട് നക്‌സല്‍പ്രസ്ഥാനത്തില്‍ ആകൃഷ്ടനായി എന്നും മിഥുന്‍ ചോദ്യങ്ങള്‍ക്ക് ഉത്തരമായി പറഞ്ഞു. തന്റെ ഏക സഹോദരന്‍ വൈദ്യുത ആഘാതമേറ്റ് മരിച്ചപ്പോള്‍ എല്ലാം കീഴ്‌മേല്‍ മറിഞ്ഞതായി തനിക്കും കുടുംബത്തിനും അനുഭവപ്പെട്ടു. കോല്‍ക്കത്തയിലെ സ്‌കോട്ടിഷ് ചര്‍ച്ച് കോളേജില്‍ പഠിച്ച് മെക്‌സിസ്ട്രിയില്‍ ബി.എസ്. ബിരുദം എടുത്തതിന് ശേഷം പൂനെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ ചേര്‍ന്നു വിദ്യാര്‍ത്ഥിയായിരിക്കെ മൃണാള്‍ ദായുമായുണ്ടായ ബന്ധം മൃഗയാ വരെയെത്തി.
ബ്രിട്ടീഷ് ഭരണകാലത്ത് ആദിവാസികള്‍ക്ക് നേരിടേണ്ടി വന്ന കഷ്ടനഷ്ടങ്ങള്‍ ഹൃദയസ്പര്‍ശിയായി സെന്‍ പകര്‍ത്തി. ആദിവാസിയായ വേട്ടക്കാരന്‍ യുവാവ് തന്റെ അനുഭവസമ്പത്തിന്റെയും ചടുലചലനങ്ങളുടെയും വിരുതിലൂടെ ഒരു വെളുത്ത വര്‍ഗക്കാരനെ അമ്പെയ്ത് വീഴ്ത്തുന്നു. ബ്രിട്ടീഷ് കോടതി അവന് തൂക്കുകയര്‍ വിധിക്കുന്നു. അവന്റെ ഭാര്യയും ആദിവാസി സംഘവും അവനെ തൂക്കിലേറ്റുന്ന പ്രഭാതത്തില്‍ ഉദിച്ചുയരുന്ന സൂര്യനില്‍ അവനെ ദര്‍ശിക്കുവാന്‍ ജയിലിന് പുറത്ത് കാത്ത് നില്‍ക്കുന്നു. എന്നാല്‍ നിശ്ചിത സമയത്ത് അവനെ തൂക്കിലേറ്റിയാല്‍ വലിയ ജനരോഷം ഉണ്ാകും എന്ന് ഭയന്ന് രാത്രിയുടെ അവസാനമണിക്കൂറുകളില്‍ തന്നെ അവനെ ബ്രിട്ടീഷ് അധികാരികള്‍ തൂക്കിലേറ്റുന്നു. സൂര്യന്‍ അതിന്റെ കൃത്യസമയത്ത് തന്നെ ഉദിച്ചുയരുന്നു.
പക്വതയെത്തിയ ഒരു നടനാണ് താനെന്ന് മിഥുന്‍ ഈ ചിത്രത്തിലൂടെ തെളിയിച്ചു. കഥാപാത്രം അമിതാഭിനയത്താല്‍ മോശമാകരുത് എന്ന് നിര്‍ബന്ധം ഉള്ളത് പോലെ മിഥുന്‍ അതീവശ്രദ്ധയോടെ സംയനം പാലിച്ചു. അമ്പ് എയ്യുന്നതിന് മുമ്പ് കരവിരുതുള്ള അഭിനേതാവിന്റെ ചലനങ്ങളാണ് മിഥുന്‍ കാഴ്ച വച്ചത്. പ്രതീക്ഷച്തത് പോലെ ഏറ്റവും മികച്ച നടനുള്ള ദേശീയ അവാര്‍ഡ് മിഥുന്ന ലഭിച്ചു.
പക്ഷെ നാഷ്ണല്‍ അവാര്‍ഡു കമ്മിറ്റി കനിഞ്ഞത് പോലെ ഹിന്ദി സിനിമാ രംഗം കനിഞ്ഞില്ല. തുടര്‍ന്ന് ബി,സി ഗ്രേഡ് ചിത്രങ്ങളില്‍ അധികം ശ്രദ്ധിക്കപ്പെടാതെ മിഥുന്‍ ഒതുങ്ങിക്കൂടി. പക്ഷെ അനുചരര്‍ക്കപ്പമാണ് പാര്‍ട്ടികളിലും മറ്റും പ്രത്യക്ഷപ്പെട്ടത്. 1979ലെ രവികാന്ത് നാഗയ്യയുടെ സുരക്ഷ ഹിറ്റായി. ഒരൊറ്റ ഹിറ്റിന് ശേഷം താന്‍ 25 പുതിയ ചിത്രങ്ങളുടെ കരാറില്‍ ഒപ്പി്ട്ടു എ്‌ന്നൊരിക്കല്‍ മിഥുന്‍ എന്നോടു പറഞ്ഞു. വലിയ ആരാധകവലയമായി. ഒരല്പം മാറി അകന്നു നില്‍ക്കുന്ന അനുചരസംഘം ചിലപ്പോഴൊക്കെ ഞാനു ശ്രദ്ധിച്ചു. കൂടുതല്‍ കരാറുകള്‍. ഇവയില്‍ ഏതൊക്കെ എപ്പോള്‍ പൂര്‍ത്തിയായി, റീലീസ് ചെയ്തു എങ്ങനെ ബോക്‌സ് ഓഫീസ് കടമ്പകടന്നു. മിഥുന് പോലും ഒരു പക്ഷേ വിവരിക്കാനാവില്ല.
സുരക്ഷ ജയിംസ് ബോണ്ട് മോഡലിലായിരുന്നു. ഇതിലെ ബോണ്ട്, 'ഡിസ്‌കോ ഡാന്‍സര്‍' ഇമേജ്. ഏറെ നാള്‍ പിന്തുടര്‍ന്നു. 'ഡിസ്‌കോ ഡാന്‍സര്‍' എന്ന പേരില്‍ ഇറങ്ങിയ ചിത്രവും, വലിയ വിജയമായി. തരാന, പതിത, ഉന്നീസ് ബീസ്, ഹം പാഞ്ച്, ഹെസെ ബഡ്കര്‍ കോന്‍, കളങ്കിനി കനകതി, ഷൗകീന്‍, 'അശാന്തി', തക്ദീര്‍ കാ ബാദ്ഷാ, സ്വാമിദാദ, എന്നിവ പിന്തുടര്‍ന്നു. ബിസുബാഷിന്റെ 'ഡിസ്‌കോ ഡാന്‍സര്‍' ഒരു വലിയ ട്രെന്‍ഡ് സെറ്ററായി. സോവിയറ്റ് യൂണിയനിലും ചൈനയിലും ഹരമായി. ഡിസ്‌കോയും ദേശി ഫ്യൂഷനും മിഥുനില്‍ നിന്ന് ആരാധക ലക്ഷങ്ങള്‍ ഏറ്റു വാങ്ങി. ഗൗതം മുഖര്‍ജിയുടെ സംഗീതപ്രധാനമായ ബംഗാളിചിത്രം 'ട്രോയി' വലിയ ഹിറ്റായതിലൂടെ അതിലെ നായകന്‍ മിഥുന്‍ ബംഗാളി ചലച്ചിത്ര രംഗത്തും സൂപ്പര്‍ താരമായി.
'മുത്സേ ഇന്‍സാഫ് ചാഹിയേ' 'ഹംസെ ഹൈ സമാന', വസന്ത് അവ്‌നി അവ്‌നി, പിന്നെ സാമ്പത്തിക വിജയമായ ഘര്‍ ഏക് മന്ദിറും തുടര്‍ന്ന് മിഥുന്‍ ചിത്രങ്ങളായി പുറത്തുവന്നു. 1985ലെ വിജയ് സല്‍ഡാന സംവിധാനം ചെയ്ത പ്യാര്‍ ജൂക്താ നഹീം(പത്മിനി കോലാപുരെ നായിക) വലിയ ഹിറ്റായി. വികാരതീവ്രമായ കഥയും പരിശീലനം സിദ്ധിച്ച ഒരു നായയും ഹിറ്റ് ഗാനങ്ങളും ചിത്രത്തിന്റെ ആകര്‍ഷണീയത വര്‍ധിപ്പിച്ചു. തുടര്‍ന്നു വന്ന ജെപി ദത്തയുടെ ആക്ഷന്‍ രംഗങ്ങള്‍ നിറഞ്ഞുനിന്ന ബഹുതാരനിര(ധര്‍മ്മേന്ദ്ര, റീനാറോയ്, സ്മിതാ പാട്ടീല്‍, ്അനിതാരാജ്, മിഥുന്‍, നസീറുദ്ദീന്‍ ഷാ എന്നിവര്‍ പ്രധാന വേഷങ്ങളില്‍) ചിത്രം ഗുലാമിയും വലിയ സാമ്പത്തിക വിജയമായി. ഇവയ്ക്ക് പിന്നാലെ 'ആന്ധി ടൂഫാനും', 'പ്യാരി ബഹന' യും കരം യുദ്ധം സാമാന്യം നല്ല കളക്ഷനുകള്‍ നേടി.
1986 ലെ കെ.ബാപ്പയ്യ ചിത്രം മറ്റൊരു വന്‍താരനിരയ്ക്കും സാമ്പത്തിക വിജയത്തിനും സാക്ഷ്യം വഹിച്ചു. 'സ്വര്‍ഗ് സെ സുന്ദര്‍' എന്ന ഈ ചിത്രത്തില്‍ ജീതേന്ദ്ര, ജയപ്രദ, പത്മിനി കോലാപുരേ എ്ന്നിവര്‍ക്കൊപ്പം മിഥുനും അണിനിരന്നു. ഇതേ പിന്തുടര്‍ന്നെത്തിയ മൂന്ന് ചിത്രങ്ങളും(ജാല്‍, ദില്‍വാല, മുദ്ദത്ത്) വിജയങ്ങളായി. എ്ന്നാല്‍ ജോലിസ്ഥലത്തെ ലൈംഗീക ചൂഷണത്തെ ആസ്പദമാക്കി ബാസു ചാറ്റര്‍ജി സംവിധാനം ചെയ്ത 'ഷീ ഷാ' യിലെ അഭിനയത്തിനാണ് മിഥുന്‍ ഏറെ പ്രശംസ നേടിയത്. 1990 കളുടെ ആരംഭത്തില്‍ മിഥുന്‍ അഭിനയിച്ച മൂന്ന് ചിത്രങ്ങളില്‍(പ്രതിപത്‌നി ഔര്‍ തവായ്ഫ്, ഹാംസെ ന ഠക്കരാന, അഗ്നിപഥ്), 'അഗ്നിപഥ്' വലിയ പര്‌സ്യങ്ങള്‍ കൊണ്ട് ശ്രദ്ധ നേടി സാമ്പത്തികമായി കഷ്ടിച്ച് രക്ഷപ്പെട്ടപ്പോള്‍ മറ്റു രണ്ടു ചിത്രങ്ങളും സാമ്പത്തിക വിജയങ്ങളായി.
ഹാരി ബാവേയുടെ 'ത്രിനേട്രാ' പിന്നെ ഘര്‍ജമായ്, ,
'ദില്‍ ആഷ്‌നാഹൈ' എന്നിവയ്ക്ക് ശേഷം പ്രശംസനീയമായ പ്രകടനം നത്തിയ ബംഗാളി ചിത്രം തഹദേര്‍ കഥയിലൂടെ മിഥുന്‍ വീണ്ടും ദേശീയ അവാര്‍ഡു നേടി മികച്ച നടനായി. ഹി്ന്ദിയില്‍ പാര്‍ത്തോ ഘോഷിന്റെ സംവിധാനത്തില്‍ അഭിനയിച്ച 'ദലാലും' മറ്റ് സംവിധായകരുടെ ഫൂല്‍ ഔര്‍ അംഗാറും ആദ്മിയും ഇവയുടെ സൗണ്ട് ട്രാക്കുകളും ചാര്‍ട്ട് ബസ്റ്ററുകളായി.
ഇനി കുറെ വര്‍ഷങ്ങള്‍ മിഥുന്‍ ഏതാണ്ട് ഒഴിവുകാലം എടുത്തുപോലെയായി. തെന്നിന്ത്യയിലേക്ക് ഭാര്യയോഗിതാ ബാലിയും മക്കളുമായി താമസം മാറി. ഹോട്ടല്‍ ബിസിനസില്‍ ശ്രദ്ധാലുവായി മാറി. മിഥുന്‍സ് ഡ്രീം ഫാക്ടറി എന്നൊരു ഫിലിം നിര്‍മ്മാണ കമ്പനിയും ആരംഭിച്ചു. കമ്പനി നിര്‍മ്മിച്ച ചിത്രങ്ങളും മിഥുന്റെ സി ഗ്രേഡ് ചിത്രങ്ങളും വളരെ വിസ്മരിക്കപ്പെട്ടു. 'ഇരുവര്‍' എന്ന തമിഴ് ചിത്രത്തിലെ റോളിന് വേണ്ടി മുടിമുറിക്കാന് മിഥുന്‍ തയ്യാറായില്ല. അങ്ങനെ ആ റോള്‍ നഷ്ടപ്പെട്ടു. ഇടയ്ക്ക് ബംഗാളി സിനിമയില്‍ മിഥുന്‍ കൂടുതല്‍ സജീവമാകാന്‍ ശ്രമിച്ചു.
2005ല്‍ വീണ്ടും ഹിന്ദി സിനിമയില്‍ സജീവമായി. എലാനും, ലക്കി: ടൈം ഫോര്‍ ലൗവും പരാജയപ്പെ്ടു. 2007ല# മണിരരരത്‌നത്തിന്റെ ' ഗുരു' വിജയമായി മാറി. ഏറ്റവും മികച്ച സഹനടനുള്ള ഫിലിംഫെയര്‍ അവാര്‍ഡും മിഥുന് ലഭിച്ചു. 2010ല്‍ രോഹിത് ഷെട്ടിയുടെ 'ഗോല്‍ മാല്‍ദ'(മള്‍ട്ടിസ്റ്റാറല്‍) വലിയ വിജയമായി. പിന്നീട് ഹൗസ് ഫുള്‍ 2, ഓ മൈഗോഡ്, ഖിലാഡി 786, എനിമി, ബോസ് എന്നിവയിലും അഭിനയിച്ചു. സല്‍മാന്‍ ഖാന്റെ 'കിക്കി'ല്‍ ഉപനായകരില്‍ ഒരാളായി. 2015ല്‍ മിഥുന്‍ തെലുങ്കിലും തമിഴിലും അഭിനയിച്ചു. 'ഗോപാല ഗോപാല' വിജയിച്ചപ്പോള്‍ 'യഗാവരായിനും നാ കാക്കാ' പരാജയമായി. പിന്നീട് മിഥുന്‍ ടെലി സീരിയലുകളിലേയ്ക്ക് തിരിഞ്ഞു. 'കാഷ്മീരി' 'ഫയല്‍സി' ലെ അഭിനയം സഹനടനുള്ള ബഹുമതി നേടിക്കൊടുത്തു. താഷ്‌ക്കന്റ് ഫയല്‍സില്‍ മിഥുന്‍ അഭിനയിച്ചു. കന്നഡ സിനിമയിലും രാം ഗോപാല്‍ വര്‍മ്മയുടെ ഹൊറര്‍ ചിത്രം 120 ക്ലോക്കിലും ഈ നടന്‍ തന്റെ പ്രതിഭ പ്രകടിപ്പിച്ചു. ബംഗാളി ഫിലിം 'കാബൂളി വാല' യില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.
മിഥുന്‍ ജനിച്ചത് 1950 ജൂണ്‍ 16നായിരുന്നു. കോല്‍ക്കത്തയിലെ ഒരു ഹിന്ദു കുടുംബത്തില്‍ ബസന്തകുമാര്‍ ചക്രവര്‍ത്തിയുടെയും ശാന്തി റാണി ചക്രവര്‍ത്തിയുടെയും മകനായി. 2014 ഫെബ്രുവരിയില്‍ തൃണമുല്‍ കോണ്‍ഗ്രസിന്റെ പ്രതിനിധിയായി രാജ്യസഭയിലെത്തി. 2016 ഡിസംബറില്‍ എം.പി.സ്ഥാനം രാജിവച്ചു. 2021 മാര്‍ച്ചില്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന് തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രചരണം നടത്തി. ശാരദാ മീഡിയ ഗ്രൂപ്പിന് വേണ്ടിയും പ്രവര്‍ത്തിച്ചു. ശാരദാ ചി്ട്ടി ഫണ്ട് പൊളിഞ്ഞപ്പോള്‍ അവരുമായുള്ള ബന്ധം ഉപേക്ഷിച്ചു.
ആദ്യവിവാഹം നടിയായിരുന്ന ഹെലന ലൂക്കുമായി 1979ലായിരുന്നു. 4 മാസങ്ങള്‍ക്ക് ശേഷം ഇരുവരും വിവാഹമോചനം നേടി. 1979 ല്‍ തന്നെ മിഥുന്‍ രണ്ടാമത് വിവാഹം കഴിച്ചു. മറ്റൊരു നടി യോഗിതാബാലിയെ. ഇരുവര്‍ക്കും നാല് കുട്ടികളും ഒരു ദത്തുപുത്രിയുമുണ്ട്. മൂത്തമകന്‍ മിമോഹിനെ നടനാക്കാന്‍ ശ്രമിച്ചുവെങ്കിലും പരാജയമായി.
മിഥുന്റെ പ്രേമകഥകള്‍ ഒരു കാലത്ത് ബോളിവുഡില്‍ പരക്കെ കേട്ടിരുന്നു. ശ്രീദേവിയുമൊത്ത് തെന്നിന്ത്യയില്‍ 'ജാഗ് ഉഡാ ഇന്‍സാനു' വേണ്ടി ഷൂട്ടിംഗ് നടത്തിയിരുന്നപ്പോള്‍ മിഥുന്‍ ശ്രീദേവി വിവാഹം നടന്നതായി വാര്‍ത്ത പരന്നു. സംവിധായകനും ഗാനരചയിതാവുമായിരുന്ന സാവന്‍ കുമാര്‍ ഠാക്കിന്റെ ഭാര്യ ഉഷാഖന്നയും മിഥുനുമായുള്ള ബന്ധം സാവന്‍ കുമാര്‍ കണ്ടെത്തിയെന്നും പൊല്ലാപ്പായി എന്നും ഒരു കാലത്ത് വാര്‍ത്ത പരന്നു. 'മേം സാബ്' എന്ന ഷൂട്ടിംഗ് ദിനങ്ങളില്‍ നായികയുമായി ക്യാമറയ്ക്കു പുറത്ത് മിഥുന് ഉണ്ടായിരുന്ന ബന്ധവും അക്കാലത്ത് ചര്‍ച്ചയായിരുന്നു.
ആദ്യചിത്രത്തിലെ പ്രകടനത്തിലൂടെ ല്ബ്ധ പ്രതിഷ്ഠിതരായ കലാകാരന്മാരുടെ മുന്‍നിരയില്‍ തന്നെ ഉണ്ടാവും മിഥുന്‍ ചക്രവര്‍ത്തി. ആദ്യ ചിത്രത്തില്‍ കഥാപാത്രത്തോട് അങ്ങേയറ്റം നീതി പുലര്‍ത്തിയ നടന്‍ വളര്‍ന്ന് വലുതായി താരമാവുന്നതും സൂപ്പര്‍താരമാവുന്നതും വളരെ അടുത്ത് നിന്ന് കാണുവാന്‍ എിക്ക് കഴിഞ്ഞിട്ടുണ്ട്. സൂപ്പര്‍ താരമായതിന് ശേഷവും സുഹൃദ്ബന്ധങ്ങള്‍ കാത്ത് സൂക്ഷിക്കുവാന്‍ മിഥുന്‍ ശ്രദ്ധിച്ചിരുന്നു. പഴയകാലത്തെ അതേ അടുപ്പം പിന്നീടും ഞാന്‍ മിഥുന്റെ വാക്കുകളില്‍ കേട്ടിരുന്നു. പക്ഷെ അടുത്തെത്താന്‍ ചിലപ്പോഴൊക്കെ അനുചര സംഘങ്ങള്‍ തീര്‍ത്ത വന്‍മതിലുകള്‍ ഉണ്ടായിരുന്നു.
ഈ വര്‍ഷം ഫെബ്രുവരിയില്‍ നെഞ്ചുവേദനയെ തുടര്‍ന്ന് മിഥുന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഒരു ചെറിയ ആശുപത്രി വാസം കഴിഞ്ഞ് മിഥുന്‍ തിരിച്ചെത്തി. സന്തോഷകരമായ വാര്‍ത്തകളാണ് തുടര്‍ന്നുള്ള മാസങ്ങളില്‍ മിഥുനെ തേടിയെത്തിയത്. ഏപ്രിലില്‍ ഇന്ത്യാഗവണ്‍മെന്റ് പത്മഭൂഷ്ണ്‍ ബഹുമതി ഈ നടന് നല്‍കി. ഇപ്പോള്‍ 2022ലെ ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുകയാണെന്ന് യൂണിയന്‍ മിനിസ്ട്രി ഓഫ് ഇന്‍ഫൊര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് പ്രഖ്യാപിച്ചിരിക്കുന്നു. പ്രിയ സുഹൃത്തിന് അഭിവാദ്യങ്ങള്‍.