Image

രാഷ്ട്രീയ വിവാദങ്ങള്‍ കത്തിപ്പടര്‍ന്ന് നില്‍ക്കെ നാളെ മുതല്‍ നിയമസഭാ സമ്മേളനം (എ.എസ് ശ്രീകുമാര്‍)

എ.എസ് ശ്രീകുമാര്‍ Published on 03 October, 2024
 രാഷ്ട്രീയ വിവാദങ്ങള്‍ കത്തിപ്പടര്‍ന്ന് നില്‍ക്കെ നാളെ മുതല്‍ നിയമസഭാ സമ്മേളനം  (എ.എസ് ശ്രീകുമാര്‍)

കേരള രാഷ്ട്രീയം അടുത്തിടെ കണ്ട ഏറ്റവും വലിയ വിവാദങ്ങള്‍ പിണറായി സര്‍ക്കാരിനെ പിടിച്ചുലയ്ക്കുന്നതിനിടെ നാളെ മുതല്‍ (ഒക്ടോബര്‍ 4) നിയമസഭാ സമ്മളനം ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയനെയും അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയെയും ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെയും അതിശക്തമായ വിമര്‍ശിക്കുന്ന നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വറും ഭരണപക്ഷവും തമ്മിലുള്ള തീപാറുന്ന ഏറ്റുമുട്ടലായിരിക്കും 15-ാം നിയമസഭയുടെ 12-ാം സമ്മേളനത്തിന്റെ ഹൈലൈറ്റ്. എല്ലാറ്റിനുമൊടുവില്‍ ഈ മാസം 18-ാം തീയതി നിയമസഭാ സമ്മേളനം അവസാനിക്കും.

അജിത്കുമാറിന്റെ ആര്‍.എസ്.എസ് കൂടിക്കാഴ്ച, എ.ഡി.ജി.പിയെ നീക്കം ചെയ്യുന്നത്, അദ്ദേഹത്തിനെ സംരക്ഷിക്കുന്നത്, പൂരം കലക്കല്‍, സ്വര്‍ണ്ണക്കള്ളക്കടത്ത്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി ശശിക്കെതിരായ ആരോപണം, മുഖ്യമന്ത്രിയുടെ ഹിന്ദു ദിനപത്രത്തില്‍ വന്ന അഭിമുഖത്തിലെ മലപ്പുറം പരാമര്‍ശം, പി.ആര്‍ ഏജന്‍സി ഇടപെടല്‍ എന്നിവയെല്ലാം പി.വി അന്‍വറും പ്രതിപക്ഷവും ആയുധങ്ങളാക്കുന്നതോടെ സഭാതലം സംഘര്‍ഷഭരിതമാവുമെന്ന് തീര്‍ച്ച. ഇതിനുപുറമെ ഭരണകക്ഷി എം.എല്‍.എയായ എം മുകേഷിനെതിരായ ലൈംഗിക പീഡനക്കേസും ജസ്റ്ര്സ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് നാലര വര്‍ഷം പെട്ടിയില്‍ വച്ചതും ആരോപണ പ്രത്യാരോപണങ്ങളുടെ തീപ്പൊരി ചിതറിക്കും.

ഭരണപക്ഷത്തിന്റെ ചാവേറായിരുന്ന പി.വി അന്‍വര്‍ മുഖ്യമന്ത്രിയേയും സി.പി.എമ്മിനേയും വെല്ലുവിളിച്ചുകൊണ്ടായിരിക്കും നിയമസഭയിലെ തന്റെ പുതിയ ഇരിപ്പിടം ആഘോഷിക്കുക. പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച അന്‍വറിന്റെ പുതിയ സീറ്റ് ഭരണപക്ഷത്തിന്റെ അവസാന നിരയില്‍ പ്രതിപക്ഷത്തിന്റെ അടുത്തായിരിക്കും. അന്‍വറിന്റെ ഗുരുതരമായ ആരോപണങ്ങളില്‍ പ്രതിപക്ഷം ആദ്യം തന്നെ അടിയന്തിര പ്രമേയ നോട്ടീസ് നല്‍കാന്‍ സാധ്യതയുണ്ട്. അന്‍വറിനെ രാഷ്ട്രീയമായി പിന്തുണച്ചിട്ടില്ലെങ്കിലും ഉന്നയിക്കുന്ന കാര്യങ്ങള്‍ തങ്ങള്‍ പണ്ടു മുതല്‍ പറയുന്നതാണെന്നാണ് പ്രതിപക്ഷ നിലപാട്.

പുറത്തെന്നപോലെ സഭക്കുള്ളിലും അന്‍വറിനെ ശക്തമായി പ്രതിരോധിക്കാനുള്ള ഭരണപക്ഷ തീരുമാനം കാര്യങ്ങള്‍ യുദ്ധസമാനമാക്കും. അതിന്റെ ആദ്യ പടിയായി പാര്‍ലമെന്ററി പാര്‍ട്ടിയില്‍ നിന്ന് അന്‍വറിനെ പുറത്താക്കിക്കൊണ്ടുള്ള കത്ത് സഭ തുടങ്ങും മുമ്പ്  സി.പി.എം സ്പീക്കര്‍ക്ക് നല്‍കും. കത്തിന്റെ അടിസ്ഥാനത്തില്‍ സി.പി.എം ബ്ലോക്കില്‍ നിന്ന് അന്‍വറിന്റെ കസേര മാറുകയും ചെയ്യും. തൃശൂര്‍ പൂരം കലക്കല്‍, ആര്‍.എസ്.എസ് കൂടിക്കാഴ്ച തുടങ്ങിയ വിഷയങ്ങളില്‍ ഭരണമുന്നണിയുടെ പ്രധാന ഘടകകക്ഷിയായ സി.പി.ഐയുടെ കടുത്ത നിലപാടും സുപ്രധാനമാണ്. നിയമസഭ ചേരും മുമ്പ് അജിത്കുമാറിനെ മാറ്റിയേ തീരൂ എന്ന ഉറച്ച നിലപാടിലാണ് സി.പി.ഐ.

അല്‍വറിന്റെ ആരോപണങ്ങള്‍ തൊട്ടാല്‍ പൊള്ളുന്നവയാണ്. മലപ്പുറം പൊലീസിനെതിരെ പി.വി.അന്‍വര്‍ തുടങ്ങി വച്ച ആരോപണങ്ങള്‍ മുഖ്യമന്ത്രിയില്‍ എത്തി നില്‍ക്കുന്നു. അവ ഇങ്ങനെ... * ബി.ജെ.പി നേതാക്കളുമായി ബന്ധം * എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത് വ്യക്തിപരമായ ആവശ്യത്തിന് * മകള്‍ക്കെതിരായ കേസില്‍ കേന്ദ്രാന്വേഷണം തടയാന്‍ എ.ഡി.ജി.പിയെ നിയോഗിച്ചു * മുഖ്യമന്ത്രി ഉപജാപക സംഘത്തിന്റെ പിടിയില്‍ * മരുമകന്‍ മുഹമ്മദ് റിയാസിനു വേണ്ടി പാര്‍ട്ടിയെ തകര്‍ക്കുന്നു തുടങ്ങിയവയാണ് മുഖ്യമന്ത്രിക്ക് എതിരെയുള്ള ആരോപണങ്ങള്‍. ഇക്കര്യത്തില്‍ പാര്‍ട്ടി മുഖ്യമന്ത്രിക്കു പിന്തുണ പ്രഖ്യാപിച്ചെന്നു മാത്രമല്ല അന്വേഷണവുമില്ല.

പി ശശിക്ക് എതിരെയുള്ള ആരോപണങ്ങള്‍ ഇവയാണ്...* സ്വര്‍ണം പൊട്ടിക്കലില്‍ പങ്ക് * യുട്യൂബറെ കേസില്‍ നിന്നു രക്ഷപ്പെടാന്‍ സഹായിച്ചു * അനധികൃത ഇടപാടുകള്‍ നടത്തുന്ന അജിത്കുമാറിനെ സഹായിക്കുന്നു. അജിത്-ആര്‍.എസ്.എസ് കൂടിക്കാഴ്ച സംബന്ധിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ട് പൂഴ്ത്തി * പൊലീസ് വഴി സര്‍ക്കാരിനെ ജനങ്ങള്‍ക്ക് എതിരാക്കുന്നു. ഇവയില്‍ ഒന്നിലും പൊലീസിന്റെയോ പാര്‍ട്ടിയുടെയോ അന്വേഷണമില്ല.

എ.ഡി.ജി.പി എം.ആര്‍ അജിത്കുമാറിനെതിരെയുള്ള ആരോപണങ്ങള്‍ ഇപ്രകാരമാണ്...* കഴിഞ്ഞ 10 വര്‍ഷം നടത്തിയ വിദേശ യാത്രകള്‍ ദുരൂഹം * മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍, മറ്റു പൊതു പ്രവര്‍ത്തകര്‍, മാധ്യമപ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണ്‍ ചോര്‍ത്തി *കേരള പൊലീസിന്റെ വയര്‍ലെസ് സന്ദേശങ്ങള്‍ ചോര്‍ത്തിയ കേസില്‍ യുട്യൂബറെ രക്ഷിക്കാന്‍ ശ്രമിച്ചു. അറസ്റ്റ് ഒഴിവാക്കി വിദേശത്തേക്കു കടക്കാന്‍ സഹായിച്ചു * 2016-ല്‍ തിരുവനന്തപുരത്തു 33,80,000 രൂപയ്ക്കു വാങ്ങിയ ഫ്ളാറ്റ് 10 ദിവസത്തിനകം 65 ലക്ഷം രൂപയ്ക്കു വിറ്റു. തുക മുഴുവന്‍ നല്‍കിയതും വാങ്ങിയതും പണമായി *മലപ്പുറം എസ്.പിയുടെ ക്യാംപ് ഓഫീസിലെ തേക്ക് മലപ്പുറത്തെ വ്യാപാരിക്കു കടത്തിക്കൊടുത്ത് സ്വന്തം ആവശ്യത്തിനു ഫര്‍ണിച്ചര്‍ നിര്‍മിച്ചു * സ്വാമി സന്ദീപാനന്ദ ഗിരിയുടെ ആശ്രമം കത്തിച്ച സംഭവത്തില്‍ സി.പി.എം നേതാവ് കാരായി രാജന്റെ ഫോണ്‍ ചോര്‍ത്തി *എ.ഡി.ജി.പിയുടെ സന്തത സഹചാരി മുജിബ്, എ.ഡി.ജി.പിയുടെ ഭാര്യ, ഭാര്യയുടെ സഹോദരന്മാര്‍ എന്നിവരുടെ ഫോണ്‍ രേഖകള്‍ പരിശോധിക്കണം. തുടങ്ങിയവയാണ് എ.ഡി.ജി.പി അജിത്കുമാറിന് എതിരെയുള്ള ആരോപണങ്ങള്‍. ഇതിലൊന്നും അന്വേഷണമില്ല.

ഡി.ജി.പിയും വിജിലന്‍സും അന്വേഷിക്കുന്ന ആരോപണങ്ങള്‍ ഇങ്ങനെ... * കോഴിക്കോട് നടക്കാവിലെ വ്യാപാരി മാമിയുടെ തിരോധാനക്കേസ് അട്ടിമറിക്കാന്‍ ഇടപെട്ടു *കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തുന്ന സ്വര്‍ണം പൊലീസിനെ ഉപയോഗിത്തു പിടിച്ചെടുക്കുന്നു. ഒരു ചെറിയ ഭാഗം കോടതിയില്‍ നല്‍കി ബാക്കി പങ്കിട്ടെടുക്കുന്നു * കവടിയാര്‍ കൊട്ടാരത്തിനടുത്തു കോടികള്‍ വിലയുള്ള സ്ഥലത്ത് ആഡംബര വീട് നിര്‍മാണം ഭാര്യയുടെയും ബന്ധുക്കളുടെയും പേരില്‍ രാജ്യത്തും പുറത്തും സ്വത്തു വാങ്ങിക്കൂട്ടി. ഇതിന്റെ സാമ്പത്തിക ഉറവിടമെന്ത് *തൃശൂര്‍ പൂരം പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചു ആര്‍.എസ്.എസുമായി നടത്തിയ രഹസ്യ കൂടിക്കാഴ്ച ഇതിന്റെ ഭാഗം.

സോളര്‍ കേസ് അജിത്കുമാര്‍ അട്ടിമറിച്ചു എന്ന് പറയുന്ന ശബ്ദരേഖ അന്‍വര്‍ നേരത്തെ പുറത്തുവിട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്‍ എന്ന് പറയുന്ന ആളുടെ ശബ്ദരേഖരാണ് അന്‍വര്‍ പുറത്തുവിട്ടത്. പല പ്രമുഖരേയും സോളര്‍ കേസില്‍നിന്ന് രക്ഷപ്പെടുത്തിയത് അജിത്കുമാറാണ്. അജിത്കുമാറിനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഉന്നതതല സംഘത്തെ നിയോഗിച്ചിട്ട് ഒരു മാസമായി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനായിരുന്നു സംസ്ഥാന പൊലീസ് മേധാവിയോട് നിര്‍ദേശിച്ചിരുന്നതെങ്കിലും ഇന്നലെ (ഒക്ടോബര്‍ 2) വരെ മുഖ്യമന്ത്രിക്ക് കൈമാറിയിട്ടില്ല.

ഇതിനിടെ എ.ഡി.ജി.പി അജിത്കുമാര്‍, എസ്.പി സുജിത് ദാസ് എന്നിവര്‍ക്കെതിരായ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റംസില്‍ നിന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ കരിപ്പൂരിലെത്തി വിവരം ശേഖരിച്ചു. കസ്റ്റംസിന്റെ ഒത്താശയോടെയാണ് സ്വര്‍ണക്കടത്ത് എന്ന ആരോപണം പരിശോധിക്കാനാണിത്. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ആരോപണം നിഷേധിച്ചതായാണ് വിവരം. സുജിത് ദാസ് എസ്.പിയായിരുന്ന കാലത്ത് കസ്റ്റംസ് പിടികൂടിയ സ്വര്‍ണത്തിന്റെ അളവും അക്കാലത്ത് കസ്റ്റംസിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. സുജിത് ദാസ് മലപ്പുറം എസ്.പിയായിരുന്ന കാലത്ത് 127 കേസുകളിലായി 101 കിലോ സ്വര്‍ണം പോലീസ് പിടികൂടിയിരുന്നത്രേ. 2021 അവസാനം മുതല്‍ 2023 ആദ്യം വരെയായിരുന്നു ഇത്. മലപ്പുറം എസ്.പി ഓഫീസിലെ മരംമുറി സംബന്ധിച്ച വിവരങ്ങളും വിജിലന്‍സ് സംഘം പരിശോധിച്ചു.

അജിത്കുമാറിന്റെ കഴുത്തില്‍ വീണ കുരുക്ക് വീണ്ടും മുറുകുകയാണ്. ഈ എ.ഡി.ജി.പി, ആര്‍.എസ്.എസ് ദേശീയ നേതാക്കളുമായി മാത്രമല്ല, സംസ്ഥാനത്തെ സംഘപരിവാര്‍ പ്രമുഖനുമായും കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നാണ് വിവരം. പ്രാന്തീയ കാര്യകാരി സദസ്യന്‍ വത്സന്‍ തില്ലങ്കേരിയുമായാണ് അജിത്കുമാര്‍ ഓഗസ്റ്റ് നാലിനു കല്പറ്റയിലെ സ്വകാര്യ ഹോട്ടലില്‍ നാലുമണിക്കൂര്‍ കൂടിക്കാഴ്ച നടത്തിയത്. ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓഗസ്റ്റില്‍ എ.ഡി.ജി.പി വയനാട്ടിലുണ്ടായിരുന്നു. കൂടിക്കാഴ്ചയെക്കുറിച്ച് സി.പി.എം സംസ്ഥാന നേതൃത്വത്തിനും വിവരം ലഭിച്ചു. കൂടിക്കാഴ്ചയുടെ വിവരം ഇന്റലിജന്‍സ് വിഭാഗം ഡി.ജി.പിക്കു കൈമാറിയിട്ടുണ്ട്. എ.ഡി.ജി.പിയെ കണ്ടതിനെക്കുറിച്ചു ചോദിച്ചപ്പോള്‍ വത്സന്‍ തില്ലങ്കേരി നിഷേധിക്കാത്തത് ശ്രദ്ധേയം.

വത്സന്‍ തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ വയനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തിരുന്നു. തൃശ്ശൂര്‍ പൂരം അലങ്കോലമാക്കാന്‍ ശ്രമം നടന്ന ദിവസം തില്ലങ്കേരിയുടെ സാന്നിധ്യം വിവാദമായിരുന്നു. മന്ത്രിമാര്‍ വന്നാല്‍ കരിങ്കൊടി പ്രതിഷേധത്തിന് തില്ലങ്കേരി ഉള്‍പ്പെടെയുള്ളവര്‍ സംഘടിച്ചെത്തിയിരുന്നെന്ന് സി.പി.ഐ നേതാവ് വി.എസ് സുനില്‍കുമാര്‍ ആരോപിച്ചിരുന്നു. ഇതേ ദിവസം അജിത്കുമാറും തൃശൂരിലുണ്ടായിരുന്നു. അന്‍വറിന്റെ ആരോപണങ്ങള്‍ക്കു പിന്നാലെയാണ് എ.ഡി.ജി.പി-ആര്‍.എസ്.എസ് കൂടിക്കാഴ്ചയെ കുറിച്ച് വെളിപ്പെടുത്തലുണ്ടായത്. അതേ തുടര്‍ന്നാണ് സി.പി.എം വയനാട് ജില്ലാ നേതൃത്വം എ.ഡി.ജി.പി-തില്ലങ്കേരി കൂടിക്കാഴ്ചയെക്കുറിച്ചുള്ള വിവരം എ.കെ.ജി സെന്ററിന് കൈമാറിയത്.

തീയും പുകയും

നിയമസഭയില്‍ സീറ്റ് മാറുന്ന അന്‍വരിന് കിട്ടുന്നത് കുതിരശക്തി. ഭരണപക്ഷ ബ്ലോക്കിന്റെ അവസാന നിരയില്‍ പ്രതിപക്ഷ ബ്ലോക്കിനോട് അടുത്ത് കസേരയുറപ്പിക്കുന്ന അന്‍വര്‍ ഒറ്റയാള്‍ പോരാട്ടം നടത്തുമ്പോള്‍ അദ്ദേഹത്തിനും എതിരായ  കേസുകളിന്‍മേലുള്ള നടപടികള്‍ പ്രതികാര ബുദ്ധിയേടെ പിണറായിപ്പോലീസ് വേഗത്തിലാക്കും. ഒരുപക്ഷേ അന്‍വര്‍ കുടുങ്ങിയാലും മുഖ്യമന്ത്രിയും പരിവാരങ്ങളും ആശ്രിതരുമെല്ലാം സെയ്ഫ് സോണിലായിരിക്കും. പുര കത്തുമ്പോള്‍ നമുക്ക് വാഴവെട്ടിക്കളിക്കാം...

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക