അക്ഷരം
അഗ്‌നി തന്നുരുളിയില്‍
സ്ഫുടം ചെയ്‌തെ-
ടുത്ത് നല്‍ വാക്കിന്‍
തീര്‍ത്ഥ ശുദ്ധിയാല്‍
കടഞ്ഞെടുക്കുമോരോ
വരികളും, വഴികളും ...
സരസ്വതീ
മന്ത്രോച്ചാരണത്തിന്‍
അലകളുയരും
നവരാത്രി മണ്ഡപ -
ത്തിനരികിലായ്
നാക്കിലകീറില്‍
കുറിച്ച മൂന്നക്ഷര-
പുണ്യം ഹരിശ്രീ : ..
തളിരിലയുതിരും
ആല്‍മരച്ചോട്ടിലെ
നടവഴികളില്‍
മായാതെ കിടപ്പു -
ണ്ടിപ്പോഴും
ഒരു ബാല്യത്തിന്‍
പാദമുദ്രകള്‍ ...
തായമ്പകകളില്‍
ഗ്രാമ വിശുദ്ധികള്‍
മലമക്കാവ് ശൈലിയില്‍
കൊട്ടിക്കയറുമ്പോള്‍
ചെവിയാട്ടി നില്‍ക്കുന്ന
ഗജരാജ പ്രൗഢിതന്‍
മസ്തക ഭംഗികള്‍ ....
ക്ഷേത്രകുള കോണില്‍
വിരിഞ്ഞു -
നില്‍പ്പുണ്ടൊരു നീലത്താമര
നീര്‍പരപ്പില്‍
വിശുദ്ധിയാല്‍
വിശ്വാസ സത്യങ്ങള്‍ക്ക്
നേരടയാളമായ് ...
താമരയിതളില്‍
അമരും വിദ്യാദേവി
തൊഴുതുണരും
ഉഷസ്സിന്‍ ഹിമശോഭയില്‍
നിശ്ചലം നിന്‍ മുന്നില്‍
ഞാന്‍, തൊഴുകൈയില്‍
വിദ്യതന്‍ ഭിക്ഷാപാത്രവുമായ് ...