അമിതമായി മദ്യപിച്ച പോലീസ് ഓഫിസർ വെടിവച്ചതിനെ തുടർന്നു രണ്ടു കൈകളും കാലുകളും തളർന്നു പോയ ഇന്ത്യൻ വംശജന്റെ കുടുംബം ന്യൂ യോർക്ക് പോലീസിനെതിരെ (എൻ വൈ പി ഡി) നഷ്ടപരിഹാരം ആവശ്യപ്പെട്ടു കോടതിയിൽ പോയി. കിഷൻ പട്ടേൽ എന്ന ഇരയ്ക്കു വെറും 30 വയസാണ് പ്രായം. വിവാഹം അടുത്തിരിക്കെയാണ് ദുരന്തം ഉണ്ടായത്.
മേയ് 17നു വീട്ടിലേക്കു മടങ്ങുമ്പോഴാണ് എൻ വൈ പി ഡി ഓഫിസർ ഹിയു ട്രാൻ പട്ടേലിനെ വെടിവച്ചതെന്നു കുടുംബം ആരോപിക്കുന്നു. കാംഡെൻ കൗണ്ടിയിൽ റൂട്ട് 73നും കൂപ്പർ റോഡിനും അടുത്തു തന്റെ പിക് അപ് ട്രക്ക് നിർത്തി ഇട്ടിരിക്കയായിരുന്നു പട്ടേൽ. ട്രാൻ അടുത്തെത്തിയപ്പോൾ ഒരു പ്രകോപനവും ഇല്ലാതെ തുരുതുരാ വെടിവച്ചെന്നു 'അമ്മ മഞ്ജിന പട്ടേൽ പറഞ്ഞു.
വധശ്രമ കുറ്റം ചുമത്തിയാണ് ജൂൺ 6നു ഓഫിസറെ അറസ്റ്റ് ചെയ്തത്. കാംഡെൻ ക്രിമിനൽ കോടതിയിൽ അയാളെ വിചാരണ ചെയ്യും.
ന്യൂ ജേഴ്‌സി പോലീസ് പറയുന്നതും ട്രാൻ യാതൊരു പ്രകോപനവും കൂടാതെ സർവീസ് റിവോൾവർ എടുത്തു പട്ടേലിന്റെ നേരെ വെടിവച്ചെന്നാണ്. ഭയന്നു പോയ പട്ടേൽ ട്രക്ക് എടുത്തു പായാൻ ശ്രമിക്കുന്നതു ക്യാമറ ദൃശ്യങ്ങളിൽ കാണാം. ട്രക്ക് നിറയെ വെടിയുണ്ടകൾ തറച്ചിരുന്നു.
മൻഹാട്ടൻ ഫെഡറൽ കോടതിക്കു മുന്നിൽ മാധ്യമങ്ങളെ കണ്ട മഞ്ജിന പട്ടേൽ പറഞ്ഞു: "കിഷൻ ഊർജസ്വലനായിരുന്നു. ജീവിതം ആസ്വദിച്ചവൻ. കഠിനമായി അധ്വാനിച്ചവൻ. ആഴ്ചയിൽ ഏഴു ദിവസവും ജോലി ചെയ്തിരുന്നവൻ. അവനു കാറുകളോട് ആവേശം ഉണ്ടായിരുന്നു, സംഗീതത്തോടും.
"എന്തിനാണ് അവനെ വെടിവച്ചത്? അടുത്തു വാഹനം നിർത്തി കണ്ണും മൂക്കും അടച്ചു വെടിവയ്ക്കുകയായിരുന്നു. എന്തിന്? എനിക്കതു അറിയണം. അറിഞ്ഞേ തീരൂ. ഒരു അർഥവുമില്ലാത്ത പ്രവൃത്തി.”
മൂന്നു കടകൾ നടത്തിയിരുന്നു പട്ടേൽ.
‘അമിതമായി മദ്യപിച്ചിരുന്നതു കൊണ്ട് വ്യക്തമായി ഓർമയില്ല’
ഏതോ വിവാഹത്തിനു പോയി മടങ്ങുകയായിരുന്ന ട്രാൻ പറയുന്നത് അമിതമായി മദ്യപിച്ചിരുന്നതു കൊണ്ട് ചെയ്ത കാര്യം വ്യക്തമായി ഓർമയില്ല എന്നാണ്.
പട്ടേൽ കുടുംബം പറഞ്ഞത് കോടതി രേഖകളിൽ ഇങ്ങിനെയാണ്: "ട്രക്കിൽ ചോര വാർന്നൊഴുകി കിടന്ന പട്ടേലിനെ തിരിഞ്ഞു നോക്കാതെ ഓഫിസർ ട്രാൻ ശാന്തനായി കാറോടിച്ചു പോയി. ഗ്യാസ് നിറച്ച ശേഷം ന്യൂ യോർക്കിൽ വീട്ടിലെത്തി തോക്കു വീണ്ടും നിറച്ചു. അടുത്ത ദിവസം ഒന്നും അറിയാത്ത പോലെ ജോലിക്കും പോയി."
വെടിവയ്‌പിനെ കുറിച്ചു വാർത്തകൾ ഉണ്ടോ എന്നറിയാൻ ട്രാൻ ഇന്റർനെറ്റിൽ തിരച്ചിൽ നടത്തിയതായി കണ്ടു.
പട്ടേൽ കുടുംബത്തിന്റെ പരാതിയിലെ കുറ്റാരോപിതരിൽ ന്യൂ യോർക്ക് സിറ്റിയും മേയർ എറിക് ആഡംസും പേരു പറയാത്ത നിരവധി എൻ വൈ പി ഡി ഓഫീസർമാരും ഉണ്ട്.
പട്ടേലിനു തലച്ചോറിനും നട്ടെല്ലിനും ഗുരുതരമായ മുറിവുകൾ ഏറ്റെന്നു അഭിഭാഷകൻ ജോസഫ് മറോൺ പറഞ്ഞു. തളർന്നു പോയ അദ്ദേഹത്തിനു 24 മണിക്കൂറും തുടർച്ചയായി മികച്ച നഴ്‌സിംഗ് ആവശ്യമാണ്. അതിനു ഒരു വർഷം $1 മില്യൺ വേണ്ടിവരും.
കുടുംബത്തിന്റെ ജീവിതം മേൽ കീഴായി മറിഞ്ഞു പോയെന്നു 'അമ്മ പറഞ്ഞു. കിഷൻ പട്ടേലിനു ഏറ്റവും നല്ല ശുശ്രുഷ നൽകും.
അമിത മദ്യപാനത്തിന് അടിമയായിരുന്നു ട്രാൻ എന്നാണ് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞത്. അയാൾ മാനസികമായി തകർന്നു കൊണ്ടിരിക്കയാണെന്നു പരിശോധന നടത്തിയ മാനസിക ചികിത്സാ വിദഗ്ദൻ പറഞ്ഞു.
എൻ വൈ പി ഡി തോക്കു കൊണ്ട് കൊല്ലും കൊലയും നടത്താൻ അഴിച്ചു വിട്ടു
എന്നാൽ അയാളെ നിരായുധനാക്കാനോ അച്ചടക്ക നടപടി എടുക്കാനോ എൻ വൈ പി ഡി ശ്രമിച്ചില്ല. ചികിത്സ തേടാൻ ഉപദേശിക്ക മാത്രമാണ് ചെയ്തത്. സേന നൽകിയ തോക്കു കൊണ്ട് കൊല്ലും കൊലയും നടത്താൻ അയാളെ അഴിച്ചു വിട്ടു.
ട്രാൻ ചികിത്സ തേടാനും മിനക്കെട്ടില്ലെന്നു ജഡ്ജ് ചൂണ്ടിക്കാട്ടിയിരുന്നു. "തെരുവിൽ നിന്നു പിൻവലിക്കേണ്ട പ്രശ്നക്കാരനായ ഓഫിസർ ആയിരുന്നു അയാൾ.”
മറ്റു 18 ഓഫിസർമാരുടെ ലഹരി പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി എൻ വൈ പി ഡി ആ പ്രശ്നം കൈകാര്യം ചെയ്യാൻ ശ്രദ്ധ വച്ചിട്ടില്ലെന്നും പരാതിയിൽ പറയുന്നു. പട്ടേലിന് ഉണ്ടായ ദുരിതം അത്തരം അലക്ഷ്യമായ സമീപനത്തിന്റെ ഫലമാണ്.
Road rage victim's family seeks compensation