Image

ഡോക്ക് തൊഴിലാളികളുടെ സമരം നിർമാണ ശാലകളെയും ഉപഭോക്തതാക്കളെയും ബാധിച്ചു തുടങ്ങി

ഏബ്രഹാം തോമസ് Published on 03 October, 2024
ഡോക്ക് തൊഴിലാളികളുടെ സമരം നിർമാണ ശാലകളെയും ഉപഭോക്തതാക്കളെയും ബാധിച്ചു തുടങ്ങി

ബാൾട്ടിമോർ: കിഴക്കൻ അമേരിക്കയുടെയും തീര പ്രദേശങ്ങളിലെയും ചരക്കു നീക്കങ്ങൾ സ്തംഭിപ്പിച് 45,000 ഡോക്ക് തൊഴിലാലാളികൾ ആരംഭിച്ച സമരം തികച്ചും അനവസരത്തിലാണെന്നു ഉപഭോതൃ സംഘടനകളും വ്യവസായ പ്രമുഖരും അഭിപ്രായപ്പെടുന്നു. എന്നാൽ തൊഴിലാളികൾക്ക് അവരുടേതായ ന്യായങ്ങളുണ്ട്. വേതന വർധന വളരെ നാളുകളായി ആവശ്യപ്പെടുന്ന കാര്യമാണ്. ഓട്ടോമേഷനും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉയർത്തുന്ന ഭീഷണികൾ നാൾക്കുനാൾ വർധിച്ചു വരുന്നു. സമരം തുടരുമ്പോൾ പ്രതിദിനം ഉണ്ടാകുന്ന സാമ്പത്തിക നഷ്ടം 5 ബില്യൺ ഡോളറാണ്.
ഫാക്ടറികളിലേക്കു നിർമാണ സാമഗ്രികളുടെ ഒഴുക്കും പൂർത്തിയായ ഉത്പന്നങ്ങൾ വിപണികളിലേക്കു നീങ്ങുന്നതും ഏതാണ്ട് നിലച്ചിരിക്കുകയാണ്.

ഡോക്ക് തൊഴിലാളികൾക്ക് കൂടുതൽ വേതനം വേണം. ഇതിനു പുറമെ ടെക്നോളോജിയുടെ പുരോഗതി ഉയർത്തുന്ന ഭീഷണിയും അവർക്കു നാളെയെ കുറിച്ച് ആശങ്കകൾ വർധിപ്പിക്കുന്നു. അവരുടെ തൊഴിൽ നഷ്ടപെടുന്നതിന്റെ ആകുലതകൾ ഭൂരിഭാഗം തൊഴിലാളികളെയും സമരത്തിലേക്ക് നീങ്ങാൻ പ്രേരിപ്പിച്ചു. ഇത് ഒരു പക്ഷെ ടെക്നോളജി തൊഴിൽ മേഖലയെ കയ്യടക്കുന്നതിനെതിരായ ആദ്യ സമരം ആയിരിക്കാം. അടിയന്തിരമായി പ്രശ്‍നം കൈകാര്യം ചെയ്തില്ലെങ്കിൽ ഭവിഷ്യത്തുകൾ ഗുരുതരമായേക്കാം.

നേതാക്കൾക്ക് മറ്റു പല പ്രശ്നങ്ങളുണ്ട്. തിരഞ്ഞെടുപ്പ് വിജയിക്കുന്നതിന്റെ തന്ത്രങ്ങൾ മെനയണം. മധ്യ പൂർവ ഏഷ്യയിലെ സമാധാന പ്രശ്നങ്ങൾക്ക് അടിയന്തിരമായി പരിഹാരം കാണണം. മെയിൻ മുതൽ ടെക്സാസ് വരെയുള്ള 36 പോർട്ടുകളിലാണ് ഇപ്പോൾ സമരം ആരംഭിച്ചിരിക്കുന്നത്. ചരക്കുകളുടെ നീക്കത്തിലെ സപ്ലൈ ചെയിനുകൾ പ്രവർത്തനരഹിതമാവും എന്ന് വ്യവസായ വിദഗ്ധർ ഭയക്കുന്നു.
ഇന്റർനാഷണൽ ലോങ്‌ഷോർമെൻ'സ് അസോസിയേഷൻ എന്ന യൂണിയൻ പറയുന്നത് ഷിപ്പിംഗ് കമ്പനികൾക്കു റെക്കോർഡ് ലാഭം ലഭിച്ച വർഷം ആണ് കടന്നു പോയത് എന്നാണ്. കാരണം കോവിഡ് -19 ന്റെ ശേഷം ഉള്ള കുതിപ്പായിരുന്നു. ഇതിൽ മിക്കവാറും എല്ലാ കച്ചവടക്കാരും വളരെയധികം ലാഭം കൊയ്തു. ഇതോടൊപ്പം വളരെ ഉദാരപരമായി കഴിഞ്ഞ വർഷം വെസ്റ്റ് കോസ്റ്റ് ഡോക്ക് വർക്കേഴ്സ് ഉണ്ടാക്കിയ കോൺട്രാക്റ്റും ഇതിനു സഹായമായി. പിന്നീട് ലോങ്‌ഷോർ തൊഴിലാളികളുടെ തോഴിൽഭാരം ഏറെ വർധിച്ചു. അവരുടെ വേതനം വിലക്കയറ്റം മൂലം അവരുടെ നിത്യോപയോഗ ചെലവുകൾക്ക് തികയാതെയായി.

അമേരിക്കയിലേക്കും അമേരിക്കക്ക് പുറത്തേക്കും നടക്കുന്ന വ്യാപാരം കണക്കിലധികം വർധിച്ചു. ഇതിനനസരിച്ചു തങ്ങളുടെ വേതനവും വർധിക്കണം എന്ന് തൊഴിലാളികൾ ആവശ്യപ്പെടുന്നു. തൊഴിലാളികളുടെ ക്ഷാമം ചില മേഖലകളിൽ അനുഭവപ്പെടുന്നുണ്ട്. പല കമ്പനികളും കൂടുതൽ തൊഴിലാളികളെ റിക്രൂട് ചെയ്യാതെ ഉള്ള തൊഴിലാളികളുടെ തൊഴിൽ ഭാരം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. ചില കമ്പനികൾ തങ്ങൾക്കു ലഭിക്കുന്ന വലിയ ലാഭത്തിന്റെ ഒരു വിഹിതം തൊഴിലാളികളുമായി പങ്കിടാൻ തയ്യാറാവാറുണ്ട്. എന്നാൽ ഭൂരിപക്ഷം കമ്പനികളും ഇതിനു തയ്യാറാവുന്നില്ല എന്ന് യൂണിയൻ പറയു ന്നു.

ഡോക്ക് തൊഴിലാളികളുടെ സമരം 1977 നു ശേഷം ആദ്യമായി ഉണ്ടാവുന്നതാണ്. ഈ സമരം സപ്ലൈ ചെയ്‌നുകളുടെ ചലനം മന്ദഗതിയിൽ ആക്കുവാനും സാധനങ്ങൾക്ക് ക്ഷാമം സൃഷ്ടിക്കുവാനും കാരണമാവും. ചൊവ്വാഴ്ച അർധരാത്രി മുതൽ തൊഴിലാളികൾ പിക്കറ്റ് ലൈനുകൾ ആരംഭിച്ചു.
ഉപഭോക്‌താക്കൾക്ക് സാധനങ്ങൾക്ക് ക്ഷാമം നേരിടുക ഒന്നോ രണ്ടോ ആഴ്ചകൾക്കു ശേഷമായിരിക്കും എന്ന് വിദഗ്ധർ പറഞ്ഞു. വളരെ വേഗം നശിച്ചു പോകുന്ന പഴങ്ങൾ പോലെ ഉള്ളവ ഗ്രോസറി സ്റ്റോറുകളിൽ നിന്ന് വളരെ വേഗം അപ്രത്യക്ഷം ആയി എന്ന് വരാം. അവക്കൊപ്പം പച്ചക്കറി സാധനങ്ങളും ഗ്രോസറി കടകളിൽ കാണാതായി എന്ന് വരാം. ചില വിൽപനക്കാർ കൂടുതൽ സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുള്ളതായി അറിയിച്ചു.

സമരം ഒത്തുതീർപ്പിലാക്കാൻ നടത്തിയ ചർച്ചകൾ എങ്ങും എത്തിയില്ല എന്ന് പോർട്ടുകൾക്കു വേണ്ടി മദ്ധ്യസ്ഥം വഹിക്കുന്ന യു എസ മാരിടൈം അലയൻസ് പറഞ്ഞു. അലയൻസ് അടുത്ത 6 വർഷത്തേക്ക് 50% വേതന വർധന മുന്നോട്ടു വെച്ചു. എന്നാൽ യൂണിയന് 77% വർധന അടുത്ത 6 വർഷത്തിനുള്ളിൽ വേണം എന്ന നിലപാടാണ് ഉള്ളത്.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക