യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു 34 ദിവസം മാത്രം ബാക്കി നിൽക്കെ, ജനുവരി 6 കലാപക്കേസിൽ പുതുതായി സമർപ്പിച്ച വാദങ്ങൾ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ രോഷാകുലനാക്കി. പ്രസിഡന്റ് എന്ന നിലയ്ക്കു ചെയ്യുന്ന കാര്യങ്ങൾക്കു നിയമപരിരക്ഷ (ഇമ്മ്യൂണിറ്റി) ഉണ്ടെന്ന സുപ്രീം കോടതി വിധി ജൂണിൽ വന്നതിനെ തുടർന്ന് അതിന്റെ ആനുകൂല്യം ട്രംപിനു ലഭിക്കാതിരിക്കാനാണ് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത് ജഡ്‌ജ് ടാന്യ ചൂട്കന്റെ മുന്നിൽ പുതിയ വാദങ്ങൾ ഉയർത്തിയത്.
"അയാൾക്കു വട്ടാണ്," ട്രംപ് പ്രതികരിച്ചു.
2020 തിരഞ്ഞെടുപ്പിൽ ജോ ബൈഡനോട് തോറ്റപ്പോൾ ആ ഫലം തള്ളിയ ട്രംപ് യുഎസ് കോൺഗ്രസ് ഫലം അംഗീകരിക്കുന്നതു തടയാൻ ആൾക്കൂട്ടത്തെ സംഘടിപ്പിച്ചു ആക്രമണം നടത്തിയത് പ്രസിഡന്റ് എന്ന നിലയ്ക്കുളള നടപടി അല്ലെന്നും അത് വ്യക്തിപരമാണെന്നുമാണ് സ്മിത്ത് വാദിക്കുന്നത്.
ഏതാനും വിശ്വസ്തരുമായി ചേർന്നു നടത്തിയ ഗൂഢാലോചനയിൽ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ പല നടപടികളും ആവിഷ്ക്കരിച്ചു. അതെല്ലാം സ്ഥാനാർഥി എന്ന നിലയിൽ സ്വകാര്യമായ ക്രിമിനൽ നീക്കങ്ങൾ ആയിരുന്നു.
സ്മിത്ത് പ്രവർത്തിക്കുന്നത് ബൈഡനും കമലാ ഹാരിസിനും വേണ്ടി ആണെന്ന് ട്രംപ് ആരോപിച്ചു.
വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ മേൽ സമമർദം ചെലുത്തി കോൺഗ്രസ് നടപടികൾ തടയാൻ ട്രംപ് ശ്രമിച്ചതും സ്വകാര്യ വ്യക്തി എന്ന നിലയിലാണെന്നു ജാക്ക് സ്മിത്ത് ചൂണ്ടിക്കാട്ടുന്നു. ജനുവരി 4നു ട്രംപ് പെൻസിനെ കാണുമ്പോൾ കൂടെ ഉണ്ടായിരുന്നത് സ്വകാര്യ അഭിഭാഷകനാണ്. വൈറ്റ് ഹൗസ് അഭിഭാഷകനെ അദ്ദേഹം ഒഴിവാക്കിയത് തന്റെ വാദം ഉറപ്പിക്കാൻ സ്മിത്ത് ചൂണ്ടിക്കാട്ടി.
ട്രംപും കൂട്ടരും അരിസോണ, ജോർജിയ, മിഷിഗൺ, നെവാഡ, പെൻസിൽവേനിയ, വിസ്കോൺസിൻ എന്നിവിടങ്ങളിൽ ഫലം അട്ടിമറിക്കാൻ നടത്തിയ ശ്രമങ്ങളും അങ്ങിനെ തന്നെ ആയിരുന്നു. ജോർജിയയിൽ കള്ളവോട്ടുകൾ സംഘടിപ്പിക്കാൻ ശ്രമം നടത്തി.
Trump fumes at Jack Smith filing