യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന്റെ ഇന്ത്യൻ അമേരിക്കൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടർ ഗുർബിർ ഗ്രെവാൾ ഒക്ടോബർ 11നു വിരമിക്കയാണെന്നു ഏജൻസി അറിയിച്ചു. മൂന്നു വർഷത്തെ കാലാവധിക്കിടയിൽ വാൾ സ്ട്രീറ്റിലും ക്രിപ്റ്റോ കറൻസി സ്ഥാപനങ്ങൾക്കെതിരെയും കർശന നിലപാടുകൾ സ്വീകരിച്ചതിനു ശ്രദ്ധിക്കപ്പെട്ട ഉദ്യോഗസ്ഥനാണ് അദ്ദേഹം.
2021 ജൂലൈ മുതൽ എസ് ഇ സിയുടെ 1,500 അംഗ എൻഫോഴ്‌സ്‌മെന്റ് യൂണിറ്റിനു നേതൃത്വം നൽകിയ ഗ്രെവാൾ അതിനു മുൻപ് ന്യൂ ജേഴ്‌സി അറ്റോണി ജനറൽ ആയിരുന്നു. സംസ്ഥാനത്തും ഫെഡറൽ ഭരണകൂടത്തിലും മറ്റു ചുമതലകൾ വഹിച്ചിട്ടുമുണ്ട്.
ഡപ്യൂട്ടി ഡയറക്‌ടർ സഞ്ജയ് വാധ്വ തത്കാലം ഡയറക്‌ടർ ആയി ചുമതല വഹിക്കും.
ക്രിപ്റ്റോ കറൻസി മേഖലയിൽ വമ്പൻ കേസുകൾ എസ് ഇ സി കൈകാര്യം ചെയ്തത് ഗ്രെവാളിന്റെ കാലത്താണ്. ബിനാൻസ്, കോയിൻബേസ് തുടങ്ങിയ എക്സ്ചേഞ്ചുകളെ അനധികൃത ഇടപാടുകളുടെ പേരിൽ പിടികൂടി.
വാൾ സ്ട്രീറ്റിൽ സ്വകാര്യ ഡിവൈസുകൾ ഉപയോഗിക്കുന്നതിനെ കുറിച്ചു എസ് ഇ സി നടത്തിയ ദീർഘമായ അന്വേഷണത്തിൽ $2 ബില്യണിലധികം സിവിൽ ഫൈനുകൾ ഈടാക്കി. ജെ പി മോർഗൻ ചേസ്, ഗോൾഡ്മാൻ സാക്‌സ്, മോർഗൻ സ്റ്റാൻലി തുടങ്ങി നിരവധി കമ്പനികൾക്കെതിരെ നടപടികൾ ഉണ്ടായി.
ഇപ്പോഴും നടപടി തുടരുന്നുമുണ്ട്. ട്വിറ്റർ കച്ചവടത്തെ കുറിച്ചു നടത്തിയ അന്വേഷണത്തിൽ സഹകരിക്കാൻ വിസമ്മതിച്ച എലൺ മസ്‌ക്കിനെ കോടതി കയറ്റി.
Grewal quits as SEC director