വില്ലന്‍ കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടംപിടിച്ച നടന്‍ മോഹന്‍രാജ് അന്തരിച്ചു. അദ്ദേഹം പാർക്കിൻസണ്‍സ് രോഗബാധിതനായിരുന്നു.
തിരുവനന്തപുരം കഠിനംകുളത്തെ വീട്ടില്‍ വെച്ച് വൈകിട്ട് 3 മണിയോടെയായിരുന്നു അന്ത്യം. ആയുർവേദ ചികിത്സയ്ക്കായി ചെന്നൈയില്‍ നിന്ന് ഒരു വർഷം മുമ്ബാണ് തിരുവനന്തപുരത്ത് എത്തിയത്.
മൂന്നൂറിലധികം സിനികളില്‍ അഭിനയിച്ച നടനാണ് മോഹന്‍രാജ്. പക്ഷെ എക്കാലവും അറിയപ്പെട്ടത് കിരീടത്തിലെ കീരിക്കാടന്‍ ജോസ് എന്ന കഥാപാത്രമായിട്ടാണ്. 1988 ല്‍ മൂന്നാം മുറ എന്ന സിനിമയിലൂടെ അഭിനയാഅരങ്ങേറ്റം കുറിച്ച മോഹന്‍രാജിന്റെ രണ്ടാമത്തെ ചിത്രമാണ് സിബി മലയില്‍ സംവിധാനം ചെയ്ത കിരീടം. ആ സിനിമയും കഥാപാത്രവും ജനം സ്വീകരിച്ചതോടെ അത് തന്നെ നടന്റെ സ്‌ക്രീന്‍ നെയിം ആയും അറിയപ്പെട്ടു
മലയാളത്തിന് പുറമേ തമിഴിലും തെലുങ്കിലും ഉള്‍പ്പെടെ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള മോഹന്‍രാജ് എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് കമ്മീഷ്ണറായിരുന്നു.
1988 ല്‍ കെ മധുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായെത്തിയ മൂന്നാംമുറ എന്ന ഹിറ്റ് ചിത്രത്തിലൂടെ ആയിരുന്നു മോഹന്‍ രാജ് വെള്ളിത്തിരയില്‍ എത്തിയത്. ഈ സിനിമയില്‍ ഒരു ഗുണ്ടയുടെ വേഷമായിരുന്നു മോഹന്‍രാജിന് ലഭിച്ചത്. രണ്ടാമത്തെ സിനിമയായിരുന്നു 1989 ല്‍ പുറത്തിറങ്ങിയ കിരീടം.