Image

കിരീടത്തിലെ പ്രധാന വില്ലന്‍ വരാതിരുന്നത് വഴിത്തിരിവായി, മോഹന്‍രാജിന്റെ തലവര തെളിഞ്ഞു

Published on 03 October, 2024
കിരീടത്തിലെ പ്രധാന വില്ലന്‍ വരാതിരുന്നത് വഴിത്തിരിവായി, മോഹന്‍രാജിന്റെ തലവര തെളിഞ്ഞു

തിരുവനന്തപുരം : ലോഹിതദാസ് ഒരുക്കിയ എക്കാലത്തേയും ഹിറ്റ് സിനിമയില്‍ പ്രധാന വി്ല്ലന്‍ റോളില്‍ അഭിനയിക്കേണ്ടിയിരുന്ന നടന്‍ എത്താതിരുന്നത് കീരിക്കാടന്‍ ജോസ് എന്ന മോഹന്‍ രാജിന്റെ തലവര മാറ്റി. മലയാള സിനിമ കണ്ട എക്കാലത്തെയും ഗംഭീരവില്ലന്മാരിലൊരാളായി അ്ദദേഹം മാറി.

കാഞ്ഞിരംകുളം സ്വദേശിയായ മോഹന്‍രാജ് തിരുവനന്തപുരം ഗവ. ആര്‍ട്സ് കോളജില്‍ വിദ്യാര്‍ഥിയായിരിക്കെ കായികതാരമായിരുന്നു. പിന്നീട് സൈന്യത്തിലെത്തി. കാലിനു പരുക്കേറ്റതിനെ തുടര്‍ന്ന് ആര്‍മിയിലെ ജോലി വിട്ട് കസ്റ്റംസിലും പിന്നീട് എന്‍ഫോഴ്‌സ്‌മെന്റിലും ഉദ്യോഗസ്ഥനായി. എന്‍ഫോഴ്സ്മെന്റ് ഓഫിസറായി ചെന്നൈയില്‍ ജോലി ചെയ്യുമ്പോഴാണ് സിനിമയിലെത്തിയത്. 'കഴുമലൈ കള്ളന്‍' എന്ന തമിഴ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റം. അതിനു ശേഷം 'ആണ്‍കളെ നമ്പാതെ' എന്ന ചിത്രത്തിലും അഭിനയിച്ചു.

സുഹൃത്തു കൂടിയായ സംവിധായകന്‍ കലാധരനാണ് മോഹന്‍രാജിനെ സിബി മലയിലിനും ലോഹിതദാസിനും പരിചയപ്പെടുത്തിയത്. അതോടെ മോഹന്‍രാജിന്റെ ജീവിതവും മാറി. മലയാളത്തിലും തമിഴിലും തെലുങ്കിലും തിരക്കുള്ള നടനായി. രണ്ടു ജാപ്പനീസ് ചിത്രങ്ങളിലും അഭിനയിച്ചു.

കേന്ദ്ര സര്‍വീസില്‍ ജോലി ചെയ്യുമ്പോള്‍ സിനിമയിലഭിനയിക്കാന്‍ സര്‍ക്കാരില്‍നിന്ന് അനുവാദം വാങ്ങേണ്ടിയിരുന്നു. അതില്ലാതെയാണ് മോഹന്‍രാജ് സിനിമയില്‍ അഭിനയിച്ചത്. അതിന്റെ പേരില്‍ സസ്‌പെന്‍ഷന്‍ കിട്ടി. അന്നു തുടങ്ങിയ നിയമപോരാട്ടം അവസാനിച്ചത് 20 വര്‍ഷത്തിനു ശേഷമാണ്. 2010 ല്‍ ജോലി തിരികെ ലഭിച്ചെങ്കിലും പിന്നീടു രാജി വച്ചു. പട്ടാളത്തിലായിരിക്കെ കാല്‍മുട്ടിനേറ്റ പരുക്ക് പില്‍ക്കാലത്ത് അലട്ടിയിരുന്നു. കിരീടം, ചെങ്കോല്‍, കനല്‍ക്കാറ്റ്, മറുപുറം, ആമിനാ ടെയ്ലേഴ്സ്, നരസിംഹം, ആറാംതമ്പുരാന്‍, മായാവി, മിമിക്‌സ് പരേഡ് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍.

തിരുവനന്തപുരം കാഞ്ഞിരംകുളത്തെ വീട്ടില്‍ വ്യാഴാഴ്ച വൈകിട്ട് മൂന്നുമണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം നാളെ. പാര്‍ക്കിന്‍സന്‍സ് രോഗബാധിതനായിരുന്നു. കിരീടം സിനിമയിലെ കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ കഥാപാത്രമാണ് മോഹന്‍ രാജിനെ പ്രശസ്തനാക്കിയത്. മുന്നൂറോളം ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ട്. ഭാര്യ: ഉഷ. മക്കള്‍: ജയ്ഷ്മ, കാവ്യ.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക