Image

നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും

Published on 03 October, 2024
നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും

തിരുവനന്തപുരം: പതിനഞ്ചാം നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം നാളെ ആരംഭിക്കും. രാഷ്ട്രീയ വിവാദങ്ങള്‍ കത്തിനില്‍ക്കുമ്ബോള്‍ നടക്കുന്ന നിയമസഭാ സമ്മേളനം.

എഡിജിപി- ആർഎസ്‌എസ് കൂടിക്കാഴ്ച മുതല്‍ മുഖ്യമന്ത്രിയുടെ അഭിമുഖ വിവാദം ഉള്‍പ്പെടെ ചൂടേറിയ വാദപ്രതിവാദങ്ങള്‍ക്ക് സഭ വേദിയാകും. എഡിജിപിക്കും പി ശശിക്കും എതിരെ പി വി അൻവർ ഉന്നയിച്ച ആരോപണങ്ങള്‍ പ്രതിപക്ഷം പ്രധാന ആയുധമാക്കും.

പൊലീസിന്റെ സ്വർണം പൊട്ടിക്കലും മാമിയുടെ തിരോധാനവും പി വി അൻവർ ഉന്നയിച്ച കാര്യങ്ങളും അനവധിയുണ്ട്. ഇതിനൊപ്പമാണ് തൃശൂർ പൂരം കലക്കല്‍ വിവാദം. എഡിജിപി മുഖ്യമന്ത്രിക്കുവേണ്ടി പൂരം കലക്കി എന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ഉന്നയിക്കും. ആർഎസ്‌എസ് നേതാക്കളെ എഡിജിപി കണ്ടതും സഭയില്‍ പ്രതിപക്ഷം ഉന്നയിച്ചേക്കും. ദ ഹിന്ദു പത്രത്തിന് മുഖ്യമന്ത്രി നല്‍കിയ അഭിമുഖം, പിആർ കമ്ബനിയുടെ ഇടപെടല്‍ ഇങ്ങനെ സഭാ സമ്മേളന കാലത്ത് പ്രതിപക്ഷത്തിന് ഉന്നയിക്കാൻ ആരോപണങ്ങള്‍ ഏറെയാണ്.

മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ജീവൻ നഷ്ടമായവർക്ക് ആദരാഞ്ജലി അർപ്പിക്കും. മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ പുനരധിവാസ നടപടികളും സമ്മേളനത്തില്‍ ചർച്ചയാകും. 9 ദിവസം നീണ്ടുനില്‍ക്കുന്ന സമ്മേളനം 18നാണ് അവസാനിക്കുക. സഭയില്‍ പി വി അൻവർ സ്വീകരിക്കുന്ന നിലപാടാണ് കേരളം കാത്തിരിക്കുന്നത്. അതിനിടെ നക്ഷത്ര ചിഹ്നമിട്ട ചോദ്യങ്ങള്‍ കൂട്ടത്തോടെ ഒഴിവാക്കിയ സംഭവത്തില്‍ പ്രതിപക്ഷം സ്പീക്കർക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ സ്പീക്കറുടെ നിലപാട് നിർണായകമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക