കുഞ്ഞുവിരലുകള്‍ അറിവിന്റെ ആദ്യാക്ഷരങ്ങള്‍ കുറിക്കുന്ന വിശേഷദിനമാണു വിജയദശമി. ജിജ്ഞാസയോടെ, കണ്ണീരോടെ, ഭയത്തോടെ, ഇഷ്ടക്കേടോടെ ഇഷ്ടത്തോടെ കുട്ടികള്‍ അവരുടെ ജീവിതത്തിലെയീ സുപ്രധാന സംഭവത്തെ എതിരേല്‍ക്കുന്നു. കന്നിമാസത്തിലെ കറുത്തവാവ് കഴിഞ്ഞു 'പ്രഥമ '' മുതല്‍ ഒമ്പതു ദിവസങ്ങള്‍ കേരളത്തില്‍ നവരാത്രിയായി ആഘോഷിക്കുന്നു. പത്താം ദിവസമാണു വിജയദശമി അഥവാ വിദ്യാരംഭദിനം. ദുര്‍ഗ്ഗാഷ്ടമി ദിവസം പുസ്തകങ്ങള്‍ പൂജക്ക് വയ്ക്കുന്നതു പോലെ ആയുധങ്ങളും പൂജക്ക് വയ്ക്കുന്നു. വിദ്യയുടെ ദേവതയായ സരസ്വതി ദേവിയുടെ വ്യത്യസ്തമായ മൂന്നു ഭാവങ്ങള്‍ക്ക് കൂടി ഈ ദിവസങ്ങള്‍ പ്രാധാന്യം നല്‍കുന്നു. ശക്തിയുടെയും ഐശ്വര്യത്തിന്റെയും അറിവിന്റെയും ഭാവങ്ങളായ ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദേവിമാരെ നവരാത്രികാലത്ത് വ്രുതാനുഷ്ഠാനത്തോടെ പൂജിക്കുന്നു.
ഇവയില്‍ ഏറ്റവും പ്രധാനം ദുര്‍ഗ്ഗാഷ്ടമി (എട്ടാം ദിവസം) മഹാനവമി (ഒമ്പതാം നാള്‍) വിജയദശമി (പത്താം നാള്‍) എന്നീ ദിവസങ്ങള്‍ക്കാണു. ഉമ (ദുര്‍ഗ്ഗ,) എന്ന പേരില്‍ ദേവന്മാര്‍ക്ക് അറിവ് പകര്‍ന്നുകൊടുത്ത ഒരു സംഭവം 'കേന'' ഉപനിഷത്തില്‍ വിവരിക്കുന്നുണ്ടു. ബ്രഹ്‌മം ഒരു യക്ഷത്തിന്റെ രൂപത്തില്‍ ദേവന്മാരുടെ മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ അതാരണെന്നു കണ്ടുപിടിക്കാന്‍ അഗ്നിയും, വായുവും, ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.അവസാനം ഇന്ദ്രന്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ ബ്രഹ്‌മം മാറിക്കളഞ്ഞു. അപ്പോള്‍ ആകാശത്തില്‍ അതീവ തേജസ്സോടെ ഹിമവന്റെ മകളായ ഉമ പ്രത്യക്ഷപ്പെട്ട് അതു ബ്രഹ്‌മമാണെന്നും ആ ശക്തികൊണ്ടാണു ദേവന്മാര്‍ അസുരന്മാരെ ജയിച്ചതെന്നും പറഞ്ഞു മനസ്സിലാക്കി. ഉമ വെളിച്ചത്തിന്റെ ശക്തിയെ പ്രതിനിധാനം ചെയ്യുന്നു. അറിവിനെ ഉജ്ജ്യലിപ്പിക്കുന്ന വെളിച്ചത്തിന്റെ ശോഭ അവര്‍ പ്രസരിപ്പിക്കുന്നു. അജ്ഞാനം അന്ധകാരമാണു. അറിവിന്റെ വെളിച്ചമാണു എല്ലാവരിലും ഉണ്ടാകേണ്ടത്. അതുകൊണ്ട് തന്നെ അറിവാണു ശക്തി എന്നു വിശ്വസിച്ചുവരുന്നു.
നവരാത്രി ആഘോഷങ്ങളില്‍ സരസ്വതി ദേവിയെ പൂജിക്കുന്നു. ഈ ദേവിയുടെ കൈകളില്‍ പുസ്തകം, വീണ, മാല, വെള്ളപ്പത്രം എന്നിവയുണ്ടു. എന്നാല്‍ ആയുധ ങ്ങളില്ല. വാഹനം ഹംസമാണു. ഹംസം സൗമ്യതയുടെ, സൗന്ദര്യത്തിന്റെയൊക്കെ പ്രതീകമാ ണു.എന്നാല്‍ ദുര്‍ഗ്ഗദേവി ആയുധധാരിയാണു. വീണയേന്തി പുസ്തകം പിടിച്ച് നില്‍ക്കുന്ന സരസ്വതിയുടെ രൂപം അറിവിന്റെ സാക്ഷാത്കാരമാണുു നമ്മുടെ ജീവിതലക്ഷമാകേണ്ടെതെന്നു ഓര്‍മ്മിപ്പിക്കുന്നു. നവരാത്രികാലം പുണ്യങ്ങള്‍ പുലരുന്ന ദിനരാത്രങ്ങളുടെ ഉത്സവകാലമാണു.
ദേവന്മാര്‍ക്ക് ഒരു സ്ര്തീരൂപം (ഉമ) ബ്രഹ്‌മത്തെവിവരിച്ചുകൊടുക്കുന്നു. അതുകൊണ്ടാണു ഭാരതം അമ്മദൈവങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്നത്. ബ്രഹ്‌മത്തെ ദേവന്മാര്‍ക്ക്‌പോലും തിരിച്ചറിയാന്‍ കഴിഞ്ഞില്ലെങ്കില്‍ മനുഷ്യരുടെ കാര്യം ഊഹിക്കാന്‍ പോലും പ്രയാസം.പൂര്‍ണ്ണ ബ്രഹ്‌മജ്ഞാനമുണ്ടാകാന്‍ സാക്ഷാല്‍ ദേവേന്ദ്രനു ഗുരുഗ്രഹത്തില്‍ നൂറ്റിയൊന്നു വര്‍ഷം താമസിച്ചു പഠിക്കേ ണ്ടിവന്നു. നവരാത്രികാലത്തു ഉമദേവിയെ ഭജിക്കുന്നതിലൂടെ ജ്ഞാനം കൈവരും എന്ന സുപ്രതീക്ഷ വിശ്വാസികള്‍ വച്ചുപുലര്‍ത്തുന്നു.
തെളിഞ്ഞ ആകാശവും നറുനിലാവുമുള്ള അശ്വനി മാസത്തില്‍ കൊണ്ടാടുന്ന ഈ ആഘോഷം സര്‍വ്വചരാചരങ്ങളിലുംനിറഞ്ഞു നില്‍ക്കുന്ന ദേവിസാന്നിദ്ധ്യത്തിന്റെ പ്രതീകമാണു. മനുഷ്യരില്‍ ഭക്തിയും, വിശ്വാസവും വളര്‍ത്താനും ഈ ആഘോഷങ്ങള്‍ സഹായിക്കുന്നു.വിദ്യാഭ്യാസം ചെയ്യുന്നവര്‍നവരാത്രികാലത്തു വ്രുതാനുഷ്ഠാനത്തോടെഅമ്പലങ്ങള്‍ ദര്‍ശിച്ചും ദേവി ഉപാസന നടത്തിയും അനുഗ്രഹം നേടുന്നു. വിജയദശമി ദിവസം ഗുരുക്കന്മാര്‍ കുട്ടികളെ മടിയിലിരുത്തി സ്വര്‍ണ്ണമോതിരം കൊണ്ടു അവരുടെ നാവില്‍ ഹരിശ്രീ എന്നെഴുതുന്നു.തളികയില്‍ നിറച്ച അരിയില്‍ കുട്ടികളുടെ ചൂണ്ടുവിരല്‍കൊണ്ടു ''ഹരിശ്രീഗണപതായെ നമ: അവിഘ്‌നമസ്തുഃ എന്നും എഴുതിക്കുന്നു.
മലയാളഭാഷയുടെ പിതാവ് എന്നറിയപ്പെടുന്ന എഴുത്ത'ന്റെ ജന്മസ്ഥാനമായ തുഞ്ചന്‍ പറമ്പില്‍ വിദ്യാരംഭം വളരെ കേമമായി ആഘോഷിക്കുന്നു. ഈ വിശേഷം ജാതിമത ഭേദമെന്യെ കേരളത്തില്‍ കൊണ്ടാടുന്നു എന്നത് ഒരു അപൂര്‍വതയാണു. എഴുത്തിനിരുത്താന്‍ കൊണ്ടുവരുന്ന കുട്ടികളില്‍ അമ്മുവും, അപ്പുവും, ആനിയും, ആന്റണിയും ആമിനയും അബ്ദുവുമുണ്ടെന്നു ശ്രീ ഒ.എന്‍.വി കുറുപ്പ് എഴുതി. മതേതരത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കുന്ന ഈ ആചാരം അങ്ങനെ തന്നെ തുടരട്ടെയെന്നു നമുക്ക് പ്രാര്‍ഥിക്കാം.
നവരാത്രി ആഘോഷങ്ങളുടെ പുറകില്‍ രസകരമായ ഒരു ഐതിഹ്യമുണ്ടു. ഹിന്ദുപുരാണങ്ങള്‍ കഥകളാല്‍ സമ്രുദ്ധമാണു. കേട്ടാല്‍ മടുപ്പുവരാത്ത ആ കഥാസാഗരത്തില്‍ ഒന്നു മുങ്ങിനിവരുന്നതു ഒരു സുമാണു. തിന്മയുടെ മേല്‍ നന്മ ജയിക്കുന്ന ഈ കഥ മാര്‍ക്കാണ്ഡേയപുരാണത്തിലാണുള്ളത്. മഹിഷാസുരന്‍ എന്ന അസുരനെ ഒമ്പതു ദിവസം നീണ്ടുനിന്ന യുദ്ധത്തില്‍ ദുര്‍ഗ്ഗാദേവി കൊല്ലുന്നു ഐതിഹ്യം ഇങ്ങനെ.
രാംഭയെന്നും കാരംഭയെന്നും പേരായ രണ്ടു സഹോദരന്മാര്‍ വരപ്രസാദത്തിനായി കഠിന തപസ്സരാംഭിച്ചു. രാംഭ പഞ്ചാഗ്നി നടുവിലും കാരംഭ കഴുത്തിനൊപ്പം വെള്ളത്തില്‍ നിന്നുമാ ണു അവരുടെ ഘോരതപസ്സ് അനുഷ്ഠിച്ചതു. ഇവരുടെ തപസ്സ് തനിക്കൊരു ഭീഷണിയാകുമെന്നു ഭയന്ന ഇന്ദ്രന്‍ ഒരു മുതലയുടെ രൂപമെടുത്ത് കാരംഭയെ കടിച്ചുകൊന്നു.. ഇതില്‍ കുപിതനായ സഹോദരന്‍ തന്റെ തപസ്സിന്റെ കാഠിന്യം വര്‍ദ്ധിപ്പിച്ച് ധാരാളം വരങ്ങള്‍ വാരികൂട്ടിയതില്‍ ഒരു വരം ഇങ്ങനെ - മനുഷ്യരാലോ, ദേവന്മാരാലോ, അസുരന്മാരാലോ താന്‍ വധിക്കപ്പെടരുതെന്നായിരുന്നു.
വരലബ്ധിക്കുശേഷം യക്ഷന്റെ ഉദ്യാനത്തില്‍ ചുറ്റികറങ്ങുകയായിരുന്ന രാംഭ അവിടെ കണ്ട ഒരു എരുമയില്‍ അനുരാഗവിവശനായി. (കാമമോഹപീഡിതനായി എന്നായിരിക്കും ശരി) എരുമയെ പ്രാപിക്കാന്‍ വേണ്ടി അയാല്‍ ഒരു പോത്തിന്റെ രൂപം എടുത്തു.ആഗ്രഹസഫലീകരനത്തിനുശേഷംആ അനുഭൂതിയിലങ്ങനെ ആലസ്യമൂഢനായി വിലസവെ ഒരു യതാര്‍ഥ പോത്ത് ആ സമയം അതുകണ്ടു വന്നു രാംഭയെ കുത്തികൊന്നു. മ്രുഗങ്ങളാല്‍ കൊല്ലപ്പെടുകയില്ലെന്നു വരം നേടാന്‍ രാംഭ ആലോച്ചിച്ചു കാണുകയില്ല. അയാളുമായുള്ള സംയോഗത്തില്‍ ഗര്‍ഭംധരിച്ചിരുന്ന എരുമ രാംഭയുടെ ചിതയില്‍ ചാടി സതി അനുഷ്ഠിക്കവെ (ഭാരതത്തിലെ പുരുഷന്മാര്‍ മാത്രമല്ല മ്രുഗങ്ങള്‍ വരെ അവരുടെ ഭാര്യമാരാല്‍ ആരാധിക്കപ്പെടുന്നു. അവര്‍ക്കുവേണ്ടി മരിക്കുന്നു. ആസേതുഹിമാചലം ദരിദ്രനാരയാണന്മാര്‍ക്ക് ഒരു കുറവുമില്ലാത്തതു അതുകൊണ്ടായിരിക്കണം.) ആ ചിതയില്‍ നിന്നും പോത്തിന്റെ തലയും മനുഷ്യന്റെ ശരീരവുമായി മഹിഷാസുരന്‍ എന്ന അസുരന്‍ പുറത്തുചാടി. മഹിഷാസുരന്‍ ദേവന്മാരെയും അസുരന്മാരെയും തോല്‍പ്പിച്ച് ദേവന്മാരെ അടിമകളാക്കി. ഈ സങ്കടാവസ്ഥയില്‍നിന്നു രക്ഷിക്കാന്‍ എല്ലാവരും വിഷ്ണുവിനെ ശരണം പ്രാപിച്ചു. മഹിഷാസുരന്റെ ക്രൂരപ്രവ്രുത്തികള്‍ ത്രിമൂര്‍ത്തികളെ കോപിഷ്ഠരാക്കി. അവരുടെ കണ്മുനകളില്‍നിന്നു ഉത്ഭവിച്ച ജ്വാലയില്‍ നിന്നു പര്‍വ്വതസമാനമായഒരു രൂപംപ്രത്യക്ഷപ്പെട്ടു. അതു കണ്ടു അത്ഭുതസ്തബ്ദരായ ദേവന്മാര്‍ ആ ശക്തിക്ക് ദുര്‍ഗ്ഗാ എന്നു പേരിട്ടു അവര്‍ ദേവിക്ക് ത്രിശ്ശൂലവും, ചക്രവും, ശംും, കുന്തവും, ഗദയും അമ്പും, വില്ലും, വജ്രായുധവും, വാളും, പരശുവും,ഹിമവാന്‍ വാഹനമായി ഒരു സിംഹത്തെയും കൊടുത്തു. മഹിഷാസുരനും പിതാവിനെപോലെമനസ്സില്‍ മോഹമുദിച്ചു. ദുര്‍ഗ്ഗയെ കണ്ടു മോഹിച്ചു.അവരോട് വിവാഹാഭ്യര്‍ഥന നടത്തി.യുദ്ധത്തില്‍ തന്നെ തോല്‍പ്പിച്ചാല്‍ വിവാഹം കഴിച്ചു കൊള്ളാമെന്നു ദേവി വാഗ്ദാനം ചെയ്തു.
പിന്നെ നിര്‍ത്താതെ നീണ്ടുനിന്ന ഒമ്പതു രാപ്പകലുകളിലെഘോരയുദ്ധത്തിന്റെ അവസാനം പത്താം ദിവസം വിജയദശമി നാളില്‍ ദേവി മഹിഷാസുരന്റെ കഴുത്തില്‍ ശൂലം കയറ്റി വാളുകൊണ്ട് അയാളുടെ തല വെട്ടിയെടുത്തു. പോത്തിന്‍ തലയുള്ളവര്‍ സുന്ദരിമാരെ പ്രേമിക്കരുതെന്ന പാഠമാണീ കഥയില്‍ നിന്നു കിട്ടുന്നതെന്നു നര്‍മ്മത്തോടെ ചിന്തിക്കമെങ്കിലും ഇതു ഒരു ആശയം പകരുന്നു. കഥയില്‍ ചോദ്യമില്ലല്ലോ? ഹിന്ദുപുരാണങ്ങളില്‍ എല്ലാം തന്നെ ശാസ്ര്തത്തിന്റെ സ്പര്‍ശം അല്ലെങ്കില്‍ ഒരു സൂചന അടങ്ങിയിരിക്കുന്നത് കാണാം.പോത്ത് മ്രുഗീയമായ കരുത്തിന്റെയും നീചമായ മനുഷ്യസ്വഭാവത്തിന്റെയും പ്രതീകമാണു.നമ്മളില്‍ എല്ലാം മൂന്നു പ്രക്രുതിഗുണങ്ങള്‍ ഉള്‍ക്കൊള്ളുന്നു. അതിലൊന്നാണു തമസ്സ്. ആ അവസ്ത ദുരന്തങ്ങള്‍ വരുത്തിവയ്ക്കും. അടക്കാനാവാത്ത വികാരങ്ങളും മോഹങ്ങളും മനുഷ്യര്‍ ഈ അവസ്തയിലാകുമ്പോള്‍ ഉണ്ടാകുന്നു.അത്തരം വികാരങ്ങള്‍ക്കടിമയാകുമ്പോള്‍ മനസ്സില്‍ ശാന്തിയും സമാധാനവുമുണ്ടാകുവാന്‍ അമ്മ ദൈവങ്ങളെ പ്രാര്‍ഥിക്കണമെന്നും ഈ കഥ ഓര്‍മ്മിപ്പിക്കുന്നു. നമ്മുടെ അധാര്‍മ്മികമായ കര്‍മ്മവാസനകളെ ദേവിമാതാവു നിഗ്രഹിച്ചു കളഞ്ഞു് നമ്മെ സാത്വികരാക്കുന്നു.
ആത്മജ്ഞാനത്തിന്റെ വെളിച്ചത്തിലൂടെജീവിതത്തിന്റെ അന്ധകാരം നീക്കി അതിനെ മനോഹരമാക്കുക. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനം. ഭാരതീയ സംസ്‌ക്രുതി കാത്തുസൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കന്‍ മലയാളികള്‍ക്ക് വിദ്യാരംഭ പരിപാടികള്‍ അമേരിക്കയിലും ക്രമീകരിക്കവുന്നതാണു. അല്ലെങ്കില്‍ ഒ.എന്‍.വി സാര്‍ പറഞ്ഞതുപോലെ ജാതിമത ഭേദമെന്യെ ഏവര്‍ക്കും ഈ ആഘോഷം ഇവിടെ കൊണ്ടാവുന്നതാണു.
തിന്മയെ തോല്‍പ്പിച്ച് നന്മ ജയിക്കുന്ന ദിവസം വിജയദശമി. ആ ദിവസത്തെ അറിവിന്റെ ആരംഭം കുറിക്കാന്‍ വേണ്ടി ആഘോഷിക്കുന്നു.
ശുഭം