വധിക്കപ്പെട്ട ജോൺ എഫ്. കെന്നഡിക്കു ശേഷം യുഎസ് പ്രസിഡന്റായ ആദ്യത്തെ കത്തോലിക്കാ വിശ്വാസിയാണ് പ്രസിഡന്റ് ജോ ബൈഡനെങ്കിലും അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് സഭയ്ക്കു പ്രിയപ്പെട്ട നേതാവല്ല എന്നതു 2024 പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ അവർക്കു വെല്ലുവിളിയാവാം. വർഷങ്ങളായി സഭയോട് മുഖം തിരിച്ചു നിൽക്കുന്ന ഹാരിസ് ഈ നിർണായക വിഭാഗം വോട്ടർമാരെ കൈയിലെടുക്കാൻ ശ്രമമൊന്നും നടത്തി കാണുന്നുമില്ല.
കത്തോലിക്കാ സഭാംഗവും റിപ്പബ്ലിക്കൻ തന്ത്രജ്ഞനുമായ റയാൻ ഗിർഡുസ്‌കിയെ ഉദ്ധരിച്ചു 'ന്യൂ യോർക്ക് പോസ്റ്റ്' പറയുന്നത് കത്തോലിക്കാ വോട്ടർമാരുടെ പിന്തുണ ഇല്ലാത്തതു കൊണ്ടു ഹാരിസ് പ്രതിസന്ധി നേരിടും എന്നാണ്. "അമേരിക്കയിലെ ഏറ്റവും വലിയ സഭയാണിത്. ആരാണ് പ്രസിഡന്റ് ആവുക എന്നതു നിർണയിക്കുന്നത് അവരാവും."
പ്യു റിസർച് സെന്റർ കഴിഞ്ഞ മാസം നടത്തിയ സർവേയിൽ ഹാരിസിനു കത്തോലിക്കരിൽ കണ്ടത് 47% പിന്തുണയാണ്. ഡൊണാൾഡ് ട്രംപിനു 52% ഉണ്ടായിരുന്നു. 2020ൽ ബൈഡൻ ആയിരുന്നു മുന്നിൽ. ട്രംപ് ജയിച്ച 2016ൽ അദ്ദേഹത്തിന് 52%, ഹിലരി ക്ലിന്റണ് 45% എന്നായിരുന്നു നില.
യുദ്ധഭൂമി സംസ്‌ഥാനങ്ങളിൽ പെൻസിൽവേനിയയിലെ കത്തോലിക്ക സാന്നിധ്യം 25% ആണ്. നെവാഡയിലും അത്രയും തന്നെ. മിഷിഗണിൽ 18% ഉണ്ട്. അരിസോണയിൽ 21%. ഈ സംസ്ഥാനങ്ങളിൽ ജയിച്ചാൽ മാത്രമേ വൈറ്റ് ഹൗസ് പിടിക്കാനാവൂ.
കഴിഞ്ഞ മാസം ന്യൂ യോർക്ക് ആർച്ബിഷപ്പിന്റെ അൽ സ്മിത്ത് ഡിന്നറിൽ ഹാരിസ് പങ്കെടുക്കാതിരുന്നത് സഭയ്ക്ക് അസ്വസ്ഥത ഉളവാക്കി. തനിക്കു നിരാശ തോന്നിയെന്നു കർദിനാൾ തിമോത്തി ഡോളൻ പറഞ്ഞു.
ബാപ്റ്റിസ്റ്റ് വിശ്വാസിയായ ഹാരിസിന്റെ ഭർത്താവ് യഹൂദനാണ്. എന്നാൽ മതം ഏതായാലും പ്രസിഡന്റ് സ്ഥാനാർഥികൾ ഈ വിരുന്നു ഒഴിവാക്കാറില്ല. 1984ൽ വാൾട്ടർ മൊണ്ടയ്ൽ ഈ വിരുന്നിനു എത്താതിരുന്ന ശേഷം ഇതാദ്യമാണ്. മൊണ്ടയ്ൽ അന്നു റൊണാൾഡ് റെയ്‌ഗനോടു തോൽക്കുകയും ചെയ്തു.
ഹാരിസ് സെനറ്റ് ജുഡീഷ്യറി കമ്മിറ്റി അംഗമായിരിക്കെ, 2018ൽ നെബ്രാസ്കയിലെ നിയുക്ത ജഡ്‌ജ് ബ്രയാൻ ബ്യുഷരോട് കത്തോലിക്കാ ജീവകാരുണ്യ സംഘടനയായ നെറ്സ് ഓഫ് കൊളംബസ് സംഘടനയിൽ ചേർന്നതിനെ കുറിച്ചു ചോദിച്ചത് സംഘടന സ്ത്രീകളുടെ പ്രത്യത്പാദന സ്വാത്യന്ത്ര്യത്തിനു എതിരാണെന്ന് അറിഞ്ഞു കൊണ്ടാണോ അതിൽ ചേർന്നത് എന്നാണ്. 2020ൽ സുപ്രീം കോടതിയിലേക്കു നിർദേശിക്കപ്പെട്ട ആമി കോണി ബാറെറ്റിനോടും അവരുടെ കത്തോലിക്കാ വിശ്വാസത്തെ കുറിച്ചു ഹാരിസ് ഉൾപ്പെടെയുള്ള ഡെമോക്രാറ്റിക് സെനറ്റർമാർ ചോദ്യങ്ങൾ ഉയർത്തി.
ഗർഭച്ഛിദ്രത്തെ എതിർക്കുന്ന കത്തോലിക്കരെ ബൈഡൻ-ഹാരിസ് ഭരണകൂടം ലക്‌ഷ്യം വയ്ക്കുന്നുവെന്നു ഹൗസ് ജുഡീഷ്യറി കമ്മിറ്റി ആരോപിച്ചിട്ടുണ്ട്. കത്തോലിക്ക പുരോഹിതന്മാരും സഭാനേതാക്കളും ലക്ഷ്യമായിട്ടുമുണ്ട്.
Harris seen facing backlash from Catholics