Image

മഹാഭാരത യുദ്ധത്തിന്റെ ഏക ദൃക്‌സാക്ഷി : രമണി അമ്മാൾ

Published on 07 October, 2024
മഹാഭാരത യുദ്ധത്തിന്റെ ഏക ദൃക്‌സാക്ഷി : രമണി അമ്മാൾ

"വീർ ബാർബരിക്", മഹാഭാരതത്തിലെ വീര യോദ്ധക്കളിൽ ഏറ്റവും മിടുക്കനായ യോദ്ധാവായിരുന്നു. ഭാരത യുദ്ധം മൂന്ന് നിമിഷം കൊണ്ട് അവസാനിപ്പിക്കാൻ കഴിവുള്ളവൻ...!പക്ഷേ ..നമ്മൾ കേട്ടിട്ടുളള കഥകളിലെ നായകന്മാർ അർജുനനും, കർണ്ണനും, ഭീഷ്മരും, കൃപരും, ദ്രോണരും, ദ്രുപദനും, ദൃഷ്ടധ്യുമനും, ഭീമനും, ദുര്യോധനനും, അഭിമന്യുവും ദുശ്ശാസനനുമൊക്കെ
ആയിരുന്നു..! സൗകര്യപൂർവ്വം, ഇതിഹാസംപോലും ഒളിപ്പിച്ചുനിർത്തിയ യോദ്ധാവായിരുന്നു ബാർബരീകൻ.

ആരായിരുന്നു ഈ ബാർബറിക്...?

ഭീമസേനന് ഹിഡിംബിയിൽ ഉണ്ടായ പുത്രനാണ് ഘടോത്കചൻ. ഘടോത്കചന്റെ പത്നി 'പ്രാഗ്' ജ്യോതിഷത്തിലെ മുരസ്ക്കാരന്റെ പുത്രി മൗർവിയാണ്. യുദ്ധസംഹിതയിലും, തർക്ക ശാസ്ത്രത്തിലും, അതിനിപുണയായ മൗർവി, തന്നെ യുദ്ധത്തിൽ തോല്പിക്കുന്ന വ്യക്തിയെ മാത്രമേ വിവാഹംകഴിക്കൂ എന്ന് ശപഥമെടുത്തിരുന്നു. അപ്രകാരം ഘടോത്കചൻ മൗർവിയെ യുദ്ധത്തിൽ തോൽപ്പിച്ച് സ്വന്തം പത്നിയാക്കി.  ആ ബന്ധത്തിലുണ്ടായ രാക്ഷസ പുത്രനാണ് വീര ബാർബറിക്, ഭീമസേനന്റെ പൗത്രൻ....!

ചെറുപ്പത്തിലേ അമ്മയിൽ നിന്നും ആയോധന കലയിലും,  അച്ഛനിൽ നിന്നും മായ യുദ്ധത്തിലും, കഴിവ് തെളിയിച്ച അതി സമർത്ഥനായ ബാർബറിക്, തന്റെ രാക്ഷസശക്തി വർദ്ധിപ്പിക്കുന്നതിനും ശ്രേഷ്ഠ സ്ഥാനത്തിനും വേണ്ടി ദ്വാരകയിൽ ചെല്ലുകയും, ശ്രീകൃഷ്ണന്റെ നിർദേശ പ്രകാരം അഷ്ടലക്ഷ്മിമാരെ തപസ്സു ചെയ്ത് മൂന്ന് ദിവ്യാസ്ത്രങ്ങൾ നേടുകയും ചെയ്തു.  ആദ്യത്തെ അസ്ത്രം ശത്രുക്കളാരെന്ന് അറിയിക്കും,
രണ്ടാമത്തെ അസ്ത്രം വേണ്ടപ്പെട്ടവർക്ക് സുരക്ഷിതത്വം കൊടുക്കും, മൂന്നാമത്തെ അസ്ത്രം ശത്രുക്കളെ ഒരുമിച്ച് നിഗ്രഹിക്കും. എന്നിട്ടീ മൂന്ന് അസ്ത്രവും തിരികെ ബാർബേരികന്റെ പക്കലെത്തുകയും ചെയ്യും..!

കുരുക്ഷേത്ര യുദ്ധം തുടങ്ങുന്നതിന് മുമ്പ് സേനാബലം കൂട്ടാൻ ഭീമൻ, തന്റെ മകനായ ഘടോത്കചനെ ക്ഷണിക്കാൻ വനാന്തർഭാഗത്തേക്ക് യാത്രയാകുന്നു. വായുപുത്രനായ വൃകോദരന് വനമധ്യത്തിൽ വെച്ച് ആരോഗ ദൃഢഗാത്രനായഒരു വനവാസി യുവാവിനോട് യുദ്ധം ചെയ്യേണ്ടി വരുന്നു. ഹസ്തബലത്തിലും മല്ലയുദ്ധത്തിലും കുന്തിപുത്രന് പകരം ഒരു നാമമില്ലെന്ന ഹുങ്കിൽ യുദ്ധമാരംഭിച്ച മദ്ധ്യപാണ്ഡവനെ വളരെവേഗം തന്നെ ആ യുവാവ് കീഴടക്കി. അത്ഭുത പരവശനായ ഭീമസേനൻ യുദ്ധം നിർത്തി, തന്നെ നേരിട്ട യോദ്ധാവിന്റെ കുലവും രാജ്യവും വിശദമാക്കാൻ പറഞ്ഞു.
ആ പരിചയപ്പെടലിൽ അവര് ആ സത്യം മനസിലാക്കി. പൗത്രനും മുത്തശ്ശനും നടത്തിയ യുദ്ധമായിരുന്നു അതെന്ന്.  ക്ഷമ ചോദിച്ച ബർബരീകനെ വാൽസല്യത്തോടെ നെഞ്ചോടമർത്തി ആശംസകൾ ചൊരിഞ്ഞ കുന്തീപുത്രൻ തന്റെ വരവിന്റെ ഉദ്ദേശത്തേക്കുറിച്ചും, വരാനിരിക്കുന്ന യുദ്ധത്തേക്കുറിച്ചും വിശദമായി പറഞ്ഞു. ദ്വാരകാപതിയായ വാസുദേവൻ തേരാളിയായി വരുന്ന കുരുക്ഷേത്രത്തിൽ പിതാവ്  ഘടോത്കചനൊടൊപ്പം പോകണമെന്ന് അപ്പോഴേ തീരുമാനിച്ച ബർബരീകൻ യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും തുടങ്ങി.

യുദ്ധത്തിന് പോകാൻ അനുഗ്രഹം തേടി അമ്മയുടെ അടുത്ത് ചെന്ന ബർബരീകരനോട് ഏത് പക്ഷത്തുനിന്ന് യുദ്ധം ചെയ്യാനാണ് താൽപര്യം എന്ന് ചോദിച്ചു.

"എവിടെയാണ് ദുർബ്ബലർ, ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് തനിക്കു താല്പര്യമെന്ന് അമ്മയോട്  വാക്കു പറഞ്ഞു. 
ആ സമയത്ത് പാണ്ഡവപക്ഷം അക്ഷൗണിയുടെ എണ്ണം വെച്ച് നോക്കുമ്പോൾ ദുർബ്ബലരായിരുന്നു. അതായിരുന്നു ബാർബരീകരൻ ഉദ്ദേശിച്ചതും.

കുരുക്ഷേത്ര യുദ്ധത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിൽ പാണ്ഡവ പക്ഷത്ത്‌ ചർച്ചകൾ കൊടുമ്പിരികൊണ്ടപ്പോൾ, യുധിഷ്ഠിരനോട് അർജുനൻ പറഞ്ഞു, "വെറും മൂന്ന് ദിവസം കൊണ്ട് ഞാൻ ഈ യുദ്ധം അവസാനിപ്പിച്ചു തരാം എന്തിനാണ് വെറുതെ ആകുലനാകുന്നത്.?"

ഇത് കേട്ട ബർബറീകൻ പെട്ടെന്ന് ചാടി എഴുന്നേറ്റ്‌ പറഞ്ഞു. "മഹാരാജാവേ എനിക്ക് ഇതിനു മൂന്ന് ബാണങ്ങൾ തൊടുക്കാനുള്ള നിമിഷങ്ങൾ മതി."

ബാർബരീകരന്റെ വെറും വീരവാദമെന്നു
കരുതി ബാക്കിയുള്ളവർ പഞ്ചിരിച്ചപ്പോൾ, കൃഷ്ണൻ മാത്രം അർത്ഥഗർഭമായി ബർബരീകനെ നോക്കി മന്ദഹസിച്ചു. എന്നിട്ടു അർജുനനോട് പറഞ്ഞു "അവനതിനു കഴിയും..അവനു മാത്രം. "

ഇതുകേട്ട പാണ്ഡവപക്ഷത്തെ പേരുകേട്ട യോദ്ധാക്കൾ കാര്യങ്ങൾ വിശദമായി കൃഷ്ണനോട് അന്വേഷിച്ചു. ബർബരീകന്റെ വരബലം അതുവരെ ആർക്കും അറിയില്ലായിരുന്നു.
ഒമ്പതിനായിരം രാക്ഷസന്മാരെ ഒരുമിച്ച് ബാർബരീകൻ വധിച്ച കഥയും കൃഷ്ണൻ പറഞ്ഞു കൊടുത്തു.

അസൂയയോടെ ആണെങ്കിലും യുദ്ധം ജയിക്കാൻ ഇതുമതിയാകും എന്ന് ഉറച്ച്, വർദ്ധിത വീര്യത്തോടെ രാജാക്കന്മാർ പിരിഞ്ഞു. പക്ഷേ കൃഷ്ണൻ മാത്രം ചിന്താ നിമഗ്നനായി ഇരുന്നു.  ഈ യുദ്ധത്തിന്റെ കാരണക്കാരനും ആവശ്യക്കാരനും ഭഗവത് സ്വരൂപനും ത്രികാലജ്ഞാനിയുമായ വാസുദേവന് സംഭവിക്കാൻ പോകുന്ന കാര്യങ്ങളും, എന്തെല്ലാം  സംഭവിക്കണം എന്നതിലും വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

ബാർബരീകനെ പരീക്ഷിക്കാനായി ഭഗവാനും ചോദിച്ചു. "നിനക്കാ ഏതു പക്ഷത്തുനിന്നു യുദ്ധം ചെയ്യാനാണ് താല്പര്യം!!"

അമ്മയോട് പറഞ്ഞതുപോലെ തന്നെ 
"എവിടെയാണ് ദുർബ്ബലർ, ആ ഭാഗത്തു നിന്ന് യുദ്ധം ചെയ്യാനാണ് താല്പര്യം" എന്ന് ഭഗവാനോടും ബാർബരീകൻ പറഞ്ഞു. പാണ്ഡവപക്ഷം എന്ന് എടുത്ത് പറഞ്ഞില്ല.

അതായത് 
യുദ്ധം ആരംഭിച്ചു കഴിയുമ്പോൾ അമ്മയോട് പറഞ്ഞതുപോലെ ആദ്യത്തെ തവണ ദുർബ്ബലരായ പാണ്ഡവർക്കുവേണ്ടി കൗരവരെയെല്ലാം വധിച്ചു കഴിഞ്ഞാൽ പാണ്ഡവപക്ഷം കരുത്തരാകും. അപ്പോൾ പശ്ചാത്താപത്തിൽ അടുത്ത തവണ ദുർബ്ബലരായ മരണപ്പെട്ട കൗരവർക്കുവേണ്ടി   പാണ്ഡവരെയെല്ലാം ഇല്ലാതാക്കും. 
പിന്നെ അവശേഷിക്കുന്നത് ബാർബറിക് മാത്രമാകും. അങ്ങനെ സമസ്ത നാടും ബാർബരീക് എന്ന രാക്ഷസന്റെ അധീനതയിലാവും. ഭീമപുത്രൻ ആയതുകൊണ്ട് യുവരാജാവാകാനും തടസ്സമുണ്ടാവില്ല. അങ്ങനെ വന്നാൽ ധർമ്മ സംസ്ഥാപനത്തിനു വേണ്ടി നടത്തുന്ന ഈ യുദ്ധം രാക്ഷസ ഭരണത്തിലേക്കാവും പോവുക, അത് ഭൂമിക്ക് വളരെ ദോഷംചെയ്യുകയും ചെയ്യും. അപ്പോൾ ബാർബരീകനെ 
മാറ്റിനിർത്തുകതന്നെ വേണം.

ഇത് മനസ്സിൽ വെച്ചു കൊണ്ടു ഭഗവാൻ ഒരു ആൽമരം കാണിച്ചു കൊണ്ട് ബാർബരീകിനോട് ഒരു അസ്ത്രം ഉപയോഗിച്ച് അതിലെ എല്ലാ ഇലയ്ക്കും സുഷിരമിടാൻ പറയുന്നു. 
ബാർബരീക്
മന്ത്രംചൊല്ലി ബാണമെടുത്തു. പക്ഷേ ആ നൊടിയിടയിൽ ബ്രാഹ്മണൻ  ആലിന്റെ ഒരു ഇല പറിച്ച് തന്റെ പാദത്തിനടിയിലൊളിപ്പിച്ചു.  പക്ഷേ,   മറ്റിലകൾക്കു സുഷിരമുണ്ടാക്കിയശേഷം ഈയൊരിലയെ ഉന്നമാക്കി ബാണം ബ്രാഹ്മണപാദത്തിനുചുറ്റും  വലംവെച്ചു. ബ്രാഹ്മണനായി വന്നിരിക്കുന്നത് ശ്രീകൃഷ്ണനല്ലാതെ മറ്റാരുമല്ലായെന്ന സത്യം മനസ്സിലാക്കാൻ ബാർബരീക് എന്ന ധീരയോദ്ധാവിന് ഒരു പു:നർചിന്ത വേണ്ടിവന്നില്ല. 
താൻ  തൊടുത്ത അസ്ത്രത്തിന്  ആ ഇലകൂടി നിഗ്രഹിക്കാൻ കൃഷ്ണപാദം മാറ്റിക്കൊടുക്കണമെന്ന് ബാർബരീകൻ അപേക്ഷിച്ചു. ബാണങ്ങളുടെ മഹത്വവും, യുവാവിന്റെ ആയോധന പാടവവും നന്നായി മനസ്സിലാക്കിയ കൃഷ്‍ണൻ  ഈ സമയം ഒരു ദാനമാവശ്യപ്പെടുകയും
ബാർബരീകൻ സന്തോഷപൂർവ്വം അതിനു തയ്യാറാവുകയും ചെയ്തു.
പക്ഷേ.. ഭഗവാനു   വേണ്ടിയിരുന്നത് ഒരു യോദ്ധാവിന്റെ തലയായിരുന്നു.
ആ യോദ്ധാവാരെന്ന ബാർബരീകന്റെ ചോദ്യത്തിന്,  താൻ കരുതിയിരുന്ന ദർപ്പണം ബാർബരീകന്റെ മുഖത്തിനു നേരെ കാട്ടുകയാണു ചെയ്തത്.. തന്റെ ശിരച്ഛേദം ഭഗവാന്റെ സുദർശനചക്രം കൊണ്ടാവണമെന്ന് ബാർബരീകൻ ഭഗവാനോട് പ്രാർത്ഥിക്കുകയും, അങ്ങനെതന്നെ സംഭവിക്കുകയും ചെയ്തു.

ആ തേജോരൂപത്തിനു മുന്നിൽ നമസ്കരിച്ചുകൊണ്ടു ബാർബരീകൻ തന്റെ ഒരാഗ്രഹം സാധിച്ചുതരണമെന്നപേക്ഷിച്ചു.
" ഹേ  ഭഗവാൻ! ദക്ഷിണദേശത്തുനിന്ന് ഇക്കണ്ട ദൂരമൊക്കെ സഞ്ചരിച്ച് ഇവിടെയെത്തിയത് യുദ്ധത്തിൽ പങ്കെടുക്കാനാണ്. ഇനി  അതിനു കഴിയില്ലയെങ്കിലും യുദ്ധം കാണാൻ അങ്ങ്  എനിക്കവസരമുണ്ടാക്കിത്തരണം."
"തീർച്ചയായും നിന്റെ ആഗ്രഹം സഫലമാകും" ഭഗവൻ ഉറപ്പേകി.
ഭഗവാൻ ബാർബരീകന്റെ ശിരസ്സ് ഒരു  കുന്തത്തിൽ കൊരുത്ത് യുദ്ധഭൂമി മുഴുവൻ കാണാവുന്ന ഒരു സ്ഥലത്ത് പ്രതിഷ്ഠിച്ച്  അനുഗ്രഹം നൽകി. അങ്ങനെ  മഹാഭാരതയുദ്ധം ആദ്യന്തം കാണാനുള്ള യോഗം ബാർബരീകനു മാത്രമാണു ലഭിച്ചത്.

യുദ്ധാനന്തരം പാണ്ഡവർതമ്മിൽ ഒരു വാദപ്രതിവാദമുണ്ടായി, "ആർക്കാണ്  ഈ യുദ്ധവിജയത്തിൽ കൂടുതൽ പങ്കുള്ളതെന്ന്."
"അതു തീരുമാനിക്കാൻ ബാർബരീകന്റെ ശിരസ്സിനു മാത്രമേ കഴിയൂ.." എന്നായിരുന്നു ശ്രീകൃഷ്ണന്റെ മറുപടി.
ബാർബരീകന്റെ ശിരസ്സ് ഇപ്രകാരമാണു പറഞ്ഞത്
" ഈ യുദ്ധവിജയത്തിന് ഭഗവാൻ ശ്രീകൃഷ്ണൻ മാത്രമാണുത്തരവാദിആ തേജോരൂപമല്ലാതെ എനിക്കവിടെ ആരെയും കാണാൻ കഴിഞ്ഞില്ല. രണ്ടു പക്ഷത്തുനിന്നു യുദ്ധം ചെയ്യുന്ന യോദ്ധാക്കൾക്ക് ഒരേ രൂപമായിരുന്നു. എല്ലാം ഭഗവാന്റെ പ്രതിരൂപങ്ങൾ. വേദനിക്കുന്നവനും വിജയഭേരി മുഴക്കുന്നവനും ഒരാൾത്തന്നെയായിരുന്നു."


 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക