നസ്റത്തു ഗ്രാമം ഉറക്കത്തിലാണ്ടു കിടന്നു. പുലരുവാൻ ഇനിയും നാഴികകളുണ്ട്.
കുടാര ശീലകൾ പഴകി പൊടിഞ്ഞു തുടങ്ങിയ കൂടാര ശീലകളുടെ വിടവുകളിലൂടെ തണുപ്പ് ഉള്ളിലേയ്ക്കരിച്ചെത്തി...
അസഹനീയമായ തണുപ്പ്.
മേരി വേഗം അടുപ്പു കത്തിച്ചു.
അപ്പനും മക്കളും മരപ്പണിക്കാരാണ്. എന്നിട്ടും വീട്ടിൽ
ഒരു നല്ല കട്ടിലോ കസേരയോ ഇല്ല. നിലത്തു വിരിച്ച പഴയ കമ്പിളികളിലാണു മേരിയും മക്കളും അന്തിയുറങ്ങുന്നത്.
ആൺമക്കളും അപ്പനും പണിപ്പുരയിൽ മരത്തടികൾ അടുക്കിയിട്ട് അതിന്മേലാണു കിടപ്പ്.. ആളിക്കത്തുന്ന അടുപ്പിലേയ്ക്കു നോക്കി മേരി നെടുവീർപ്പിട്ടു. ഇതിലും വലിയ നെരിപ്പോടാണ് തന്നെ ചുട്ടുപൊള്ളിച്ചു സദാ ഉള്ളിലെരിയുന്നത്.ആദ്യജാതനെക്കുറിച്ചുള്ള ചിന്തകൾ ദിനവും തന്നെ വേട്ടയാടുന്നു.. വീടുവിട്ടിറങ്ങിയിട്ടു ഒന്നു രണ്ടു വർഷമായി. വല്ലപ്പോഴുമുള്ള വരവുകളും ഇപ്പോഴില്ല.'' അവനിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കുമ്പോൾ തന്റെ കൈയ്യിൽ നിന്നും വാങ്ങി കഴിയ്ക്കുന്നതും പിന്നേയും വായും തുറന്നു തന്റെയരികിലിരിക്കുന്നതുമായ അവന്റെ രൂപം മനസ്സിൽ തെളിയും,കണ്ണകൾ നിറഞ്ഞൊഴുകും. അയൽക്കാരും ബന്ധുക്കളും പറയുന്നു അവനു ഭ്രാന്താണെന്ന്.
പള്ളിയിലും ചന്തസ്ഥലത്തും അവനെ കൂക്കിവിളിക്കുന്നവരും കല്ലെറിയാൻ ഭാവിക്കുന്നവരുമുണ്ടു...
എങ്കിലും ഒരു വലിയ പുരുഷാരം അവനെ ക്കാണാനും കേൾക്കാനും എപ്പോഴും കൂടെയുണ്ട്. അവന ത്ഭുതങ്ങൾ ചെയ്യുന്നു. മരിച്ചവനെ ഉയിർപ്പിക്കുന്നു. അന്ധനു കാഴ്ച ബധിരനു കേൾവി,കുഷ്ഠരോഗികൾക്കു സൗഖ്യം:.. റബ്ബിമാരേയും പുരോഹിതന്മാരേയും രൂക്ഷമായി വിമർശിക്കുന്നു. അവനിൽ ഭയമില്ല... അധികാര സ്വരത്തിലാണവൻ അവരെ വിമർശിക്കുന്നതു... ശബ്ബതിനെ ധിക്കരിക്കുന്നവനെന്നു റബിമാർ ആവർത്തിക്കുമ്പോൾ ഉള്ളു ഭയം കൊണ്ടു പിടയും. അവർക്കുള്ള ശിക്ഷയെക്കുറിച്ചു ഓർക്കുമ്പോൾ കൈകാലുകൾ തളരും.
ജോസഫാണെങ്കിൽ അവനെക്കുറിച്ചു ഒന്നും സംസാരിയ്ക്കാറേയില്ല...അവനെക്കാണാതെ അന്ന് ദേവാലയത്തിനുള്ളിൽ ഓടിക്കിതച്ചെത്തിയ പിതാവിനോട് ആ പെരുന്നാൾ ദിനത്തിലെ അവന്റെ മറുപടി യോസഫിനെ വല്ലാതെ ഉലച്ചു കളഞ്ഞു. കൗമാരം കടന്നിട്ടില്ലാത്ത അവന്റെ മറുപടി!! പിതൃത്വം ചോദ്യo ചെയ്യപ്പെട്ട വേദനയോടെ ജോസഫ് തല കുനിച്ചു നടന്നു പോന്നതു മേരി ഓർത്തു. വീടു നോക്കാതെ സഹോദരങ്ങളേം അമ്മയേം സംരക്ഷിയ്ക്കാതെലോകം നന്നാക്കാൻ നടക്കുന്നവനെന്നു ബന്ധുക്കളും അയൽക്കാരും പറയുന്നതിനു ജോസഫ് ചെവി കൊടുക്കാറില്ല.'' മറിയാമിന്റെ നിദ്രകളെ അശാന്തമാക്കിക്കൊണ്ട് ഒരു സ്വപ്നം ആവർത്തിച്ചു കടന്നുവരാറുണ്ട്.
തന്റെ മകനെ ആരൊക്കെയോ ചേർന്നു അതിക്രൂരമായ് മർദ്ദിക്കുന്നു. ചമ്മട്ടിയടികൾ അവന്റെ മുതുകിനെ ഉഴവുചാലുകളാക്കുന്നു... ഉറക്കത്തിൽനിന്ന് ഞെട്ടിയുണർന്ന് ഏറെ കരഞ്ഞു പിന്നെ ഉറങ്ങാൻ പറ്റാത്ത യാമങ്ങൾ തള്ളി നീക്കുകയായിരുന്നു. നാലാളു കൂടുന്നിടത്തെല്ലാം അവനാണു ചർച്ചാ വിഷയം.പുറത്തിറങ്ങിയാൽ അവരേയും പരിഹസിക്കുന്ന ജനം... ഹൃദയം നുറുങ്ങുന്ന വേദനയോടെ ആരും കേൾക്കാതെ ചിലപ്പോൾ നിലവിളിക്കും. ഓർമ്മകളിൽ നിന്നുണർന്ന് മേരി വേഗം റൊട്ടിയുണ്ടാക്കിത്തുടങ്ങി.
ഒരു തണുത്ത മ്ലാനമായ പ്രഭാതമായിരുന്നു അതു. മറിയാം പണിപ്പുരയിലെത്തുമ്പോൾ ജോസഫ് ഉണർന്നിട്ടില്ലായിരുന്നു. അവർ ചുമലിൽ കുലുക്കി ഉണർത്തിയെങ്കിലും കുറച്ചു കൂടിക്കിടക്കണമെന്നു പറഞ്ഞു.....
മേരി ഭക്ഷണ പാത്രങ്ങൾ ഒരു മരപ്പലകമേൽ വെച്ചു. അവൾ ജോസഫിനരികിലിരുന്നു... പതിവില്ലാത്ത വിധം അയാൾ ക്ഷീണിതനായിക്കാണപ്പെട്ടു. അയാൾ കൈകൾ വിടർത്തി മേരിയേ തന്നോടു ചേർത്തിരുത്തി. പരസ്പരം നോക്കി... കണ്ണുകൾ നിറഞ്ഞു ഒഴുകി. ജോസഫ് വല്ലാതെ പരിഭ്രമിക്കുകയും പരിക്ഷീണനാകയും ചെയ്യുന്നതായ് മേരി ക്കു തോന്നി. ജോസഫ് വളരെ പണിപ്പെട്ട് എഴുന്നേൽക്കാൻ ശ്രമിച്ചെങ്കിലുംസാധിച്ചില്ല. അയാൾ നീരസത്തോടെ പറഞ്ഞു നീ വല്ലാതെ ക്ഷീണിച്ചിരിക്കുന്നു. എല്ലാത്തിനും കാരണം അവനാണ്, നിന്റെ ആദ്യജാതൻ. പിന്നെ അയാൾ വിതുമ്പിക്കരഞ്ഞു കൊണ്ടു് പറഞ്ഞു എനിയ്ക്കവനെക്കാണണം..
മേരി, ജോസഫിന്റെ ശിരസ്സ് കൈകളിൽ താങ്ങി തന്റെ മടിയിലെടുത്തു വെച്ചു... അയാളുടെ നിശ്വാസങ്ങൾ നേർത്തു നേർത്തു വന്നു. ഒരു കുറുകൽ മാത്രമായി. ദുഃഖവും കരുണയും നിറഞ്ഞ മിഴികളോടെ അയാൾ അവസാനമായി മേരിയെ നോക്കി. പിന്നെ മെല്ലെ മെല്ലെ മരണത്തിന്റെ മൂടുപടം ആ മിഴികളെ എന്നെന്നേയ്ക്കുമായ് മൂടി. ചുണ്ടുകൾ അപ്പോഴും സ്പന്ദിക്കുന്ന പോലെ എന്തോ പറയാൻ വന്നതു പൂർത്തിയാക്കാനാവാതെ..... ക്രമേണ എല്ലാം നിശ്ചലമായി. മേരിയുടെ ശരീരത്തിലൂടെ ഒരു വിറയൽ പാഞ്ഞു. നിലവിളിച്ചു കൊണ്ടവൾ മരപ്പലകകൾക്കിടയിലേയ്ക്കു കുഴഞ്ഞു വീണു.
അപ്പോൾ
മലഞ്ചെരുവിൽ നിര നിരയായിരുന്നു ആർത്തിയോടെ അപ്പം ഭക്ഷിക്കുന്ന പുരുഷാരത്തെ നിർന്നിമേഷനായ് യേശു നോക്കി നിൽക്കുകയായിരുന്നു... താഴ് വാരങ്ങളിലെ പൂക്കൾ കൊരുത്തു കുഞ്ഞുങ്ങളുണ്ടാക്കി നൽകിയ ഹാരങ്ങൾ അവനു ചുറ്റും വാടിക്കിടന്നു. കാട്ടത്തിയുടെ വലിയ ഇലകളിൽ പൊതിഞ്ഞ് അപ്പം വീട്ടിലേയ്ക്കു ചിലർ കൊണ്ടുപോകുന്നത് അവൻ സന്ദേഹത്തോടെ നോക്കി നിന്നു... എന്നെ കേൾക്കാനോ അതോ അപ്പം ഭക്ഷിയ്ക്കാനോ ഈ ജനം തിങ്ങിക്കൂടുന്നതു.. അത്ഭുതം കാണാൻ മറ്റു ചിലർ... പരീക്ഷിക്കാൻ കുടുക്കു ചോദ്യങ്ങളുമായ് വേറേ ചിലർ...ദുഃഖത്തോടെ അവൻ ഓർത്തു താൻ വിതയ്ക്കുന്നതെല്ലാം നല്ല നിലത്തല്ലേ?'' ശിഷ്യന്മാർ പോലും തന്നെ മനസ്സിലാക്കുന്നില്ല. അവരിപ്പോഴും പലതും മോഹിച്ചു കലഹിച്ചു നടക്കുന്നു. തങ്ങളിൽ വലിയവനാരെന്ന തർക്കത്തിലാണ് ചിലർ.ഓർത്തു നിരാശപ്പെടുന്നു.... ആർദ്രതയില്ലാത്തവർ മനസ്സലിവില്ലാത്തവർ... സ്നേഹമാണു ദൈവമെന്നു പഠിപ്പിച്ചിട്ടും ദൈവത്തെ തേടി അലയുന്ന ബുദ്ധിഹീനർ. ശിഷ്യന്മാർ ശേഷിച്ച അപ്പക്കഷണങ്ങൾ കുട്ടകളിൽ നിറക്കുന്ന തിരക്കിലാണു. പന്ത്രണ്ടു കുട്ട മിച്ചം വന്നതു അവരെ ആനന്ദിപ്പിച്ചിരിക്കുന്നു....അപ്പം തിന്നു വിശപ്പടക്കിയവർ വഞ്ചികളിൽക്കയറി തടാകത്തിന്റെ മറുകരയിലേക്ക് തുഴഞ്ഞു തുടങ്ങി. മത്സ്യഗന്ധമുള്ള കാറ്റ് തടാകത്തിൽ നിന്നും വീശിയെത്തി. മലഞ്ചെരുവിനെ ഇരുളു മൂടുവാൻ തുടങ്ങി. അശാന്തിയുടെ ഇരുൾ തന്റ മനസ്സിനെ മൂടുന്നതു യേശു അറിഞ്ഞു. പൊടുന്നനെ വീടിനെക്കുറിച്ചുള്ള ചിന്തകൾ ഉണർന്നു... മടങ്ങിപ്പോവാനുള്ള ത്വര അവനെ കീഴ്പെടുത്താൻ തുടങ്ങി.... ദൗത്യം മറക്കാനോ.ഒരു ഞെട്ടലോടെ യേശു ഓർത്തു... പലരും രോഗികളും ദരിദ്രരും അടിമകളുമാണ്,സ്വന്തമായി ഒന്നുമില്ലാത്തവർ. നേർവഴികാട്ടാൻ ഇടയനില്ലാത്ത കുഞ്ഞാടുകൾ..... സത്യത്തിന്റെ പാത കാണിച്ചു കൊടുക്കേണ്ടവൻ... അവരുടെ ദുഃഖങ്ങൾ അവനെ അസ്വസ്ഥ പ്പെടുത്തി. അവന്റെ നീലക്കണ്ണുകളിൽ വിഷാദം അലയടിക്കുന്നതായ് അവന്റെ സ്നേഹിതർക്കു തോന്നാറുണ്ടു... അവർക്ക് അജ്ഞാതമായ ഏതോ ദുഃഖകാരണങ്ങളാവാമെന്നു അവർ വിചാരിച്ചു... അവരും തന്നെ മനസ്സിലാക്കാത്തതിൽ യേശു അതീവ ദുഃഖിതനായി... നേർത്ത ഇരുട്ടിലൂടെ നസ്രത്തുകാരനെന്നു തോന്നിച്ച ഒരാൾ യേശുവിനരികിലേയ്ക്ക് തിടുക്കത്തിൽ നടന്നടുത്തു. ദീർഘ ദൂരം നടന്നതിന്റെ ക്ഷീണം അയാൾക്കുണ്ടായിരുന്നു. ആഗതൻ യേശുവിന്റെ അരികിലെത്തി എന്തോഅടക്കം പറഞ്ഞു. അവന്റെ മറുപടി അയാളെ ക്ഷുഭിതനാക്കി.... അയാൾ തിരക്കിട്ടു കുന്നിറങ്ങി നസ്രത്തിലേയ്ക്കുള്ള പാതയിലേയ്ക്കിറങ്ങി.
മനസ്സലിവുള്ളവനും ആർദ്രവാനുമായിട്ടും ഗുരുവെന്തേ അപ്പനെക്കാണാൻ പോകാഞ്ഞതു? ഉത്തരം കിട്ടാത്ത ഒരു പിടി ചോദ്യങ്ങൾക്കൊപ്പം ഇതും ശിഷ്യന്മാർ ഹൃദയത്തിൽ സംഗ്രഹിച്ചു...ദുഃഖഭരിതമായ ഒരു ദിനാന്ത്യത്തിലെത്തി നിൽക്കുകയായിരുന്നു യേശു...... അവൻ ഭൂമിയിൽ വസിക്കുമ്പോഴും അവന്റെ ആത്മാവ് ഭൂമിയിലായിരുന്നില്ല.