Image

ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു

സതീഷ് കളത്തില്‍ Published on 09 October, 2024
 ജലച്ചായം സിനിമ വിക്കിപീഡിയയിലൂടെ റിലീസ് ചെയ്തു

മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച  ഇന്ത്യയിലെ ആദ്യത്തെ സിനിമ, 'ജലച്ചായം' വിക്കിപീഡിയയുടെ വിക്കിമീഡിയ കോമന്‍സിലൂടെ റിലീസ് ചെയ്തു. സിനിമയുടെ നിര്‍മ്മാതാവും സംവിധായകനുമായ സതീഷ് കളത്തിലിന്റെ ഐ.ഡിയില്‍ പകര്‍പ്പവകാശം ഒഴിവാക്കിയാണ് ഒന്നര മണിക്കൂറുള്ള ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. പൂജ റിലീസ് ആയാണ് ചിത്രം റിലീസ് ചെയ്തത്. ഒരു വിക്കിപീഡിയ ഫ്‌ലാറ്റ് ഫോമിലൂടെ ഒരു സിനിമയുടെ സ്ട്രീമിംഗ് നടത്തുന്നത് ആദ്യമാണ്.
ലിങ്ക്:
https://commons.wikimedia.org/wiki/File:Jalachhayam,_the_first_Indian_feature_film_in_Malayalam_shot_on_Camera_Phone-2010.mpg

2010 ജൂണ്‍ ആറിന് തൃശ്ശൂര്‍ ശ്രീ തിയ്യറ്ററില്‍ ആദ്യ പ്രദര്‍ശനം നടന്ന ഈ സിനിമ ആദ്യമായാണ് ഇന്റര്‍നെറ്റില്‍ എത്തുന്നത്. ഒക്ടോബര്‍ രണ്ടിന്, ഗാന്ധിജയന്തി ദിനത്തിലാണ് വിക്കി കോമന്‍സില്‍ സ്ട്രീമിംഗ് ചെയ്തത്. ദി പീപ്പിള്‍സ് ഫിലിംസ് ബാനറില്‍, 5 മെഗാപിക്‌സല്‍ റെസലൂഷനുള്ള നോക്കിയ എന്‍ 95 ഫസ്റ്റ് ജനറേഷന്‍ ക്യാമറ ഫോണിലൂടെ നിര്‍മ്മിച്ച ഈ സിനിമ, മൊബൈല്‍ ഫോണില്‍ ചെയ്ത ലോകത്തിലെ രണ്ടാമത്തെ കഥാഖ്യാനചിത്രവും 35 എം. എം. സ്‌ക്രീന്‍ സൈസില്‍ തിയ്യറ്ററില്‍ പ്രദര്‍ശനം ചെയ്ത ലോകത്തിലെ ആദ്യത്തെ കഥാഖ്യാന ചിത്രവുമാണ്. മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച ഇന്ത്യയിലെ ആദ്യത്തെ ചലച്ചിത്രം വീണാവാദനം ഡോക്യുമെന്ററി ചെയ്തതും സതീഷ് കളത്തിലാണ്.

സുജിത് ആലുങ്ങല്‍ കഥ- തിരക്കഥ- സംഭാഷണം നിര്‍വ്വഹിച്ച ജലച്ചായം, ഒരു കുഗ്രാമത്തിലെ ദരിദ്രനായ അമേച്ചര്‍ ചിത്രകാരനും നഗരത്തിലെ ചിത്രകലാ അദ്ധ്യാപകനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറയുന്നു. സംഗീതാദ്ധ്യാപകന്‍ ബാബുരാജ് പുത്തൂര്‍ സദാനന്ദനെന്ന ഗ്രാമീണ ചിത്രകാരനെയും ഡോ. ബി. ജയകൃഷ്ണന്‍ ചിത്രകലാ അദ്ധ്യാപകനെയും അവതരിപ്പിക്കുന്നു. മോഹന്റെ ഭാര്യയായി നര്‍ത്തകി പ്രസന്ന ബാലനും മകളായി നിമിഷയും സദാനന്ദന്റെ മക്കളായി ലക്ഷ്മി, നവിന്‍കൃഷ്ണ എന്നിവരും അഭിനയിക്കുന്നു.

നാടകനടന്‍ ചിത്രമോഹന്‍(Late), പ്രൊഫ കെ.ബി. ഉണ്ണിത്താന്‍(Late), ദാസ് അഞ്ചേരി, സാജു പുലിക്കോട്ടില്‍, റുക്കിയ കേച്ചേരി, എന്‍.പി.കെ. കൃഷ്ണന്‍, അജീഷ് എം വിജയന്‍, സുനില്‍കുമാര്‍ കണ്ടംകുളത്തില്‍, തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. സിനിമാ നടി കൃപ ഒരു സീനില്‍ അഭിനയിക്കുന്നു. സിനിമാ- സീരിയല്‍ നടി രമാദേവി, കവി മുല്ലനേഴി(Late), നാടകകൃത്ത് രവി കേച്ചേരി എന്നിവര്‍  അതിഥികളായെത്തുന്നുണ്ട്.  

ഭാസി പാങ്ങിലാണ് ചീഫ് അസ്സോ. ഡയറക്ടര്‍. ഛായാഗ്രഹണം പ്രമോദ് വടകരയും എഡിറ്റിംഗ് രാജേഷ് മാങ്ങാനവും നിര്‍വഹിച്ചിരിക്കുന്നു. ചിത്രത്തില്‍ ഒരു ഗാനമാണുള്ളത്. 'അഗാധമാം ആഴി വിതുമ്പി' എന്നാരംഭിക്കുന്ന ഈ ഗാനത്തിലൂടെയാണ് ക്‌ളൈമാക്‌സ് ചിത്രീകരിച്ചിട്ടുള്ളത്. സിദ്ധാര്‍ത്ഥന്‍ പുറനാട്ടുകര രചിച്ച ഈ പാട്ടിന്റെ വരികള്‍ക്ക് അന്തരിച്ച സംഗീത സംവിധായകന്‍ ഉണ്ണികുമാര്‍ ആണ് ഈണം നല്‍കിയത്. ചിത്രത്തിലെ നായകനായ ബാബുരാജ് പുത്തൂര്‍ ആണ് ആലാപനം. അദ്ദേഹം തന്നെ ഈ പാട്ട് പാടി ക്‌ളൈമാക്‌സ് സീനില്‍ അഭിനയിക്കുന്നു. അഡ്വ. പി.കെ. സജീവ് പശ്ചാത്തല സംഗീതവും സൂര്യ(സതീഷ് കളത്തില്‍) കലാസംവിധാനവും അജീഷ് എം. വിജയന്‍ വസ്ത്രാലങ്കാരവും സാജു പുലിക്കോട്ടില്‍ ചമയം, പ്രൊഡക്ഷന്‍ കണ്‍ട്രോളിങ്ങ് എന്നിവയും ചെയ്തിരിക്കുന്നു.

മേയര്‍ ആര്‍. ബിന്ദു അദ്ധ്യക്ഷത വഹിച്ച ജലച്ചായത്തിന്റെ റിവ്യൂ സെറിമണി സംവിധായകന്‍ എ.കെ. ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ് ഉദ്ഘാടനം ചെയ്തു. സിനിമയുടെ സ്വിച്ച് ഓണ്‍, മലയാളത്തിലെ ആദ്യത്തെ നിയോ-റിയലിസ്റ്റിക് മൂവിയായ ന്യൂസ് പേപ്പര്‍ ബോയിയുടെ സംവിധായകന്‍  പി. രാമദാസ് നിര്‍വ്വഹിച്ചു. സിനിമാ നടി കൃപ ആദ്യ ക്ലാപ്പ് ചെയ്തു.


സാറ്റ്ലൈറ്റ് മുഖാന്തിരമുള്ള തിയ്യറ്റര്‍ റിലീസിംഗിന് യു.എഫ്.ഒ. വഴി അക്കാലത്ത് ശ്രമം നടത്തിയിരുന്നു. എന്നാല്‍, അതിനുള്ള പിക്‌സല്‍ റെസലൂഷന്‍ ഇല്ലാതിരുന്നതിനാല്‍ വിജയിച്ചില്ല. അതിനാല്‍, സെന്‍സര്‍ ചെയ്യുവാനും ശ്രമിച്ചില്ല. ഇന്ന്, മൂവി റിലീസിങ്ങിന് വാണിജ്യപരമായ ഓണ്‍ലൈന്‍ സ്ട്രീമിങ് സൗകര്യങ്ങള്‍ ഉണ്ടെങ്കിലും ജനങ്ങള്‍ക്കു ഫ്രീയായി കാണാനും റീയൂസിനുമുള്ള സൗകര്യാര്‍ത്ഥമാണ് ആട്രിബൂഷന്‍ ഷെയര്‍ എലൈക്ക് 4.0 ഇന്റര്‍നാഷണല്‍ ലൈസന്‍സോടെ പൊതുസഞ്ചയത്തില്‍ ഇപ്പോള്‍ റിലീസ് ചെയ്തത്. നാലര ലക്ഷത്തോളം നിര്‍മ്മാണ ചെലവ് വന്ന സിനിമയ്ക്ക് ചലച്ചിത്ര സ്‌നേഹികളുടെ സാമ്പത്തിക സഹായം ലഭിച്ചിട്ടുണ്ട്. തൃശ്ശൂരിലെ കുന്നത്തുമനയിലെ എന്‍.പി.കെ. കൃഷ്ണനാണ് സിനിമയുടെ ചിത്രീകരണത്തിനുള്ള മൊബൈല്‍ ഫോണ്‍ സംഭാവന ചെയ്തത്. കോട്ടയം മാങ്ങാനത്തെ രാജേഷ് മാങ്ങാനം എഡിറ്റിങ്ങ് സൗജന്യമായി ചെയ്തു.  കായംകുളത്തെ ഭരതന്‍ എന്ന പ്രവാസി രണ്ട് ലക്ഷത്തോളം രൂപ നല്കിയിരുന്നു.

ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരായ സതീഷ് കളത്തില്‍, ബാബുരാജ് പുത്തൂര്‍, അഡ്വ. പി.കെ. സജീവ്, സിദ്ധാര്‍ത്ഥന്‍ പുറനാട്ടുകര, ബി. അശോക് കുമാര്‍, സാജു പുലിക്കോട്ടില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

*****************

സിനിമയുടെ കൂടുതല്‍ ചിത്രങ്ങള്‍ക്ക്:

https://commons.wikimedia.org/wiki/Category:Jalachhayam

 

Mob: 7012 490551, 9446 761 243

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക