ഒരു കട്ടില്‍, ഒരു മുറി' ടൈറ്റില്‍ കേള്‍ക്കുമ്പോഴുള്ള പുതുമ കഥയിലും കൊണ്ടു വന്ന തികച്ചും ലളിതമായ ഒരു കൊച്ചു ചിത്രമാണ്. ഒരടവേളയ്ക്ക് ശേഷം പൂര്‍ണ്ണിമ ഇന്ദ്രജിത്ത് നായികയായ ചിത്രം പ്രമേയത്തിന്റെ കരുത്തു കൊണ്ട് പ്രേക്ഷകരുടെ മനസ് നിറയ്ക്കാന്‍ പര്യാപ്തമാണ്. ജീവിതത്തില്‍ പല കാരണങ്ങളാല്‍ ഒറ്റപ്പെട്ടു പോയ ഒട്ടേറെ മനുഷ്യരുണ്ട്. അവരുടെ മനസിലെ ദു:ഖം സ്ഥിരമായി വയ്‌ക്കേണ്ടതല്ലെന്നും സന്തോഷിക്കാനുള്ള കാരണങ്ങള്‍ കണ്ടെത്തിയാല്‍ എല്ലാ ദു:ഖങ്ങളെയും ഇല്ലാതാക്കാന്‍ കഴിയയുമെന്നും പറയുകയാണ് ഷാനവാസ് കെ.ബാവക്കുട്ടി സംവിധാനം ചെയ്ത 'ഒരു കട്ടില്‍, ഒരു മുറി'.
അക്കാമ്മ എന്ന ത്രിപുര സുന്ദരി ഭര്‍ത്താവ് ഉപേക്ഷിച്ച സ്ത്രീയാണ്. അതിന് അയാള്‍ക്ക് ചില പ്രത്യേക കാരണങ്ങള്‍ പറയാനുണ്ട്. എങ്കിലും അക്കാമ്മ തന്റെ ഭര്‍ത്താവിനെ ജീവനു തുല്യം സ്‌നേഹിക്കുന്നു. മറ്റുളളവരോട് അക്കാമ്മയ്ക്ക് സഹാനുഭൂതിയും ദയയും കരുണയും ഏറെയുള്ള സ്ത്രീയാണ്. നഗരത്തില്‍ ഭര്‍ത്താവ് അവര്‍ക്ക് വേണ്ടി വാങ്ങിയ ഫ്‌ളാറ്റിലാണ് അക്കാമ്മ താമസിക്കുന്നത്. ഭര്‍#്തതാവ് ഉപേക്ഷിച്ചെങ്കിലും അക്കാമ്മയ്ക്ക് ഇപ്പോഴും അയാളോട് അളവറ്റ സ്‌നേഹവും പ്രണയവുമുണ്ട്. അയാളോടുള്ള സ്‌നേഹവും കരുതലും മനസ്സില്‍ നിറയെ സൂക്ഷിച്ചു കൊണ്ടാണ് അക്കാമ്മ ആ ഫ്‌ളാറ്റില്‍ താമസിക്കുന്നത്.
നഗരത്തില്‍ ജോലി തേടിയെത്തുന്ന മധുമിയ എന്ന പെണ്‍കുട്ടി അക്കാമ്മയുടെ വീട്ടില്‍ താമസിക്കാനായ എത്തുന്നു. അവള്‍ക്ക് താമസിക്കാന്‍ തന്റെ പ്‌ളാറ്റില് സൗകര്യമൊരുക്കുന്നത് അക്കാമ്മ തന്നെയാണ്. വാടക്ക് താമസിക്കുന്ന ആളായല്ല, സ്വന്തം മകളെ പോലെ തന്നെയാണ് അക്കാമ്മ അവളെ സ്‌നേഹിക്കുന്നത്.
പണം കടം വാങ്ങിയ പലിശക്കാരില്‍ നിന്നും രക്ഷപെടാന്‍ വേണ്ടി നഗരത്തിന്റെ തിരക്കുകളിലേക്ക് എത്തിയ ചെറുപ്പക്കാരനാണ് രുഗ്മാംഗദന്‍. കൂട്ടുകാര്‍ ചേര്‍ന്ന് ഒരു കമ്പനി തുടങ്ങാന്‍ വേണ്ടി പലിശക്കാരില്‍ നിന്നും ലോണ്‍ എടുത്ത് കടക്കെണിയിലായ വ്യക്തിയാണ് അയാള്‍. പകല്‍ ടാക്‌സിയില്‍ കിടന്നുറങ്ങുകയും വൈകിട്ട് ഊബര്‍ടാക്‌സി ഓടിച്ച് പണം കണ്ടെത്തുകയും ചെയ്യും. ടാകിസിയില്‍ കിടന്നുറങ്ങുന്ന രുഗ്മാംഗദനെ പല തവണ പോലീസ് പിടിച്ചതോടെയാണ് അയാള്‍ താമസിക്കാന്‍ ഒരു മുറി അന്വേഷിച്ചിറങ്ങുന്നത്. അങ്ങനെയാണ് അയാള്‍ക്ക് അക്കാമ്മയുടെ ഫ്‌ളാറ്റിലെ മുറി കിട്ടുന്നത്. അതില്‍ കിടക്കന്ന കട്ടില്‍ അക്കാമ്മയ്ക്ക് ഭര്‍ത്താവി നല്‍കിയ കട്ടിലാണ്. പകല്‍ രുഗ്മാംഗനും രാത്രി മധുമിയയും അവിടെ കഴിയുന്നു. ആ മുറിയില്‍ കഴിയുന്നത് അക്കാമ്മയും കുടുംബവുമാണെന്ന് രുഗ്മാംഗദനും , പകല്‍ ആ മുറിയില്‍ കഴിയുന്നത് ഏതോ പെണ്‍കുട്ടിയാണെന്ന് മധുമിയയും കരുതുന്നു. ഇരുവരും ഒരേ മുറിയില്‍ പകലും രാത്രിയുമായി കഴിയുന്നുണ്ടെങ്കിലും പരസ്പരം കാണുന്നില്ല. ഇവര്‍ കിടന്നുറങ്ങുന്ന കട്ടില്‍ ഇവരുടെ ജീവിതത്തില്‍ എന്തൊക്കെ മാറ്റങ്ങളാണുണ്ടാക്കിയത് എന്നാണ് ചിത്രം പറയുന്നത്.
നഗരത്തിന്റെ തിരക്കുകളില്‍ ഒറ്റപ്പെട്ടു പോയവരുടെ ഏകാന്തതയും വേദനയും വിഷാദവും ഉള്ളില്‍ അനുഭവിക്കുന്ന ആത്മസംഘര്‍ഷങ്ങളുമെല്ലാം വളരെ മനോഹരമായി തന്നെ ഈ ചിത്രത്തില്‍ പകര്‍ത്തിയിട്ടുണ്ട്. അപരിചിതത്വത്തിന്റെ നേര്‍ത്ത പാളി നീങ്ങുമ്പോള്‍ പരസ്പരം സ്‌നേഹവും സൗഹൃദവും പങ്കു വയ്ക്കുന്ന മനുഷ്യരുടെ ഹൃദയതാളവും ചിത്രത്തില്‍ കാണാം. ഒറ്റപ്പെടുന്നവരുടെ വൈകാരിക സംഘര്‍ഷങ്ങളെ വളരെ കൈയ്യടക്കത്തോടെ തന്നെ ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിട്ടുണ്ട്.
ഒരിടവേളയ്ക്ക് ശേഷം ബിഗ്‌സ്‌ക്രീനില്‍ തിരിച്ചെത്തിയ പൂര്‍ണ്ണിമ ഇന്ദ്രജിത്ത് വളരെ മനോരമായി അക്കാമ്മയെ അവതരിപ്പിച്ചിട്ടുണ്ട്. പ്രത്യേകിച്ച് ആന്തരിക വൈകാരിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്ന അനവധി മികച്ച മുഹൂര്‍ത്തങ്ങള്‍ അവര്‍ മികവോടെ പകര്‍ന്നു വച്ചിരിക്കുന്നത് ഹൃദ്യമായി. രുഗ്മാംഗദനായി ഹക്കീം ഷായും മധുമിയയായി പ്രിയംവദയും തങ്ങളുടെ കഥാപാത്രങ്ങള്‍ ഗംഭീരമാക്കി. വിജയരാഘവന്‍, ഷമ്മി തിലകന്‍, ജാഫര്‍ ഇടുക്കി, രഘുനാഥ് പലേരി, ജനാര്‍ദ്ദനന്‍, ഗണപതി, സ്വാതിദാസ് പ്രഭു, പ്രശാന്ത് മുരളി, ജിബിന്‍ ഗോപിനാഥ് തുടങ്ങിയവരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.
അങ്കിത് മേനോനാണ് സംഗീത സംവിധാനം. രഘുനാഥ് പലേരിയും അന്‍വര്‍ അലിയുമാണ് ഗാനരചന. മനോഹരമായ ഫ്രയിമുകള്‍ കൊണ്ട് ഷായാഗ്രാഹകന്‍ എല്‍ദോസ് ജോര്‍ജ്ജ് ചിത്രത്തിന്ദൃശ്യഭംഗി കൂട്ടി. മനോജ് സി.എസിന്റെ എഡിറ്റിങ്ങും മികച്ചതായി. ആക്ഷനും തഗ്ഗ് ഡയലോഗുകളുമില്ലാത്ത മനോഹരമായ കൊച്ചു ചിത്രമാണ് 'ഒരു കട്ടില്‍, ഒരു മുറി' . പേരിലെ പുതുമ കഥയ്ക്കുമുണ്ട്.