Image

ചിത്രം - തൂവാനത്തുമ്പികൾ (എന്റെ പാട്ടോർമകൾ. 10: അമ്പിളി കൃഷ്ണകുമാര്‍)

Published on 09 October, 2024
ചിത്രം - തൂവാനത്തുമ്പികൾ (എന്റെ പാട്ടോർമകൾ. 10: അമ്പിളി കൃഷ്ണകുമാര്‍)


മണ്ണാർത്തുടിയിലെ ജയകൃഷ്ണനും ക്ലാരയും , രാധയും മലയാള മനസ്സുകളിൽ ചേക്കേറിയിട്ട് ഇന്നേക്കു മുപ്പത്തിനാലു സംവത്സരങ്ങൾ !

മണ്ണിന്റെ മണവും ജീവിത ഗന്ധിയായ ചില ശീലങ്ങളും ചിട്ടവട്ടങ്ങളും അതിനൊപ്പം നൃത്തമാടാൻ വന്ന മഴയും ഒന്നാം രാഗവും .

ഹൊ ! പത്മരാജൻ തിരശ്ശീലയിലെത്തിച്ച ഈ പ്രണയ തുമ്പികളെ എങ്ങനെ മറക്കാനാവും ?
 
നെഞ്ചിനകത്ത് എന്തോ കുത്തിക്കയറും പോലുള്ള ജോൺസൺ മാഷിന്റെ മാന്ത്രിക ബ്യാക് ഗ്രൗണ്ട് മൂസിക്ക് !

മേഘം പൂക്കുന്ന കാഴ്ച കണ്ടിട്ടുണ്ടോ നിങ്ങൾ ? ഇല്ലെങ്കിൽ , ജയകൃഷ്ണൻ ( മോഹൻലാൽ) ന്റെ കണ്ണുകളിൽ നമുക്കതു കാണാൻ കഴിയും . ജയകൃഷ്ണൻ - ക്ലാര . ഒടുങ്ങാത്ത പ്രണയത്തിന്റെ മുപ്പത്തിനാലു വർഷങ്ങൾ . ഇന്നും അവസാനിക്കാത്ത പ്രണയമഴ !

ആണിന്റേയും പെണ്ണിന്റേയും മനസ്സെന്താണെന്നു പറയാതെ പറഞ്ഞ സിനിമ . പത്മരാജൻ മാജിക് ! മൗനം മാത്രമാണ് അവളുടെ സ്നേഹം . അവന്റേത് നിറഞ്ഞ മൗനത്തോടു കൂടിയുള്ള പുഞ്ചിരിയും . ആക്ഷൻ സീനുകളോ , മാസ് ഡയലോഗുകളോ ഇല്ലാത്ത ഒരു സിനിമ . ഒറ്റപ്പാലം റെയിൽവേ സ്റ്റേഷൻ കടന്നു പോകുമ്പോഴെല്ലാം ഓർമ്മയിലേക്ക് ഓടിയെത്തുന്ന അതിലെ ക്ലൈമാക്സ് സീൻ .

" ഓർമ്മിക്കുവാൻ നമുക്കിടയിൽ ഒന്നുമില്ല . പക്ഷേ മറക്കാതിരിക്കാൻ നമുക്കിടയിൽ എന്തോ ഉണ്ട് . "

" ആരാരെ ആദ്യമുണർത്തി ,
ആരാരുടെ നോവു പകർത്തി , ആരാരുടെ ചിറകിലൊതുങ്ങീ ... അറിയില്ലല്ലോ ...."

ഇതാണാ താളം .!!

" ആദ്യം ഞാനവൾക്കു കത്തെഴുമ്പോൾ മഴ പെയ്തിരുന്നു . ആദ്യം ഞങ്ങൾ കണ്ടുമുട്ടുമ്പോഴും മഴ പെയ്തിരുന്നു .
സിനിമയിലെന്നപോലെ മഴ ഈ ആസ്വാദനത്തിലും ശക്തമായ സാന്നിധ്യമാകുന്നു . പ്രണയ ആഘോഷത്തിന്റെ മഴത്താളം !
ഇന്നും മണ്ണാർത്തുടിയിൽ മഴ പെയ്യുന്നത് ക്ലാരയ്ക്കു വേണ്ടിയാണ് . രാധ എന്നും സ്നേഹത്തിന്റെ നിറകുടം . എന്റെ മനസ്സിനെ ഏറ്റവും കൂടുതൽ സ്പർശിച്ച രണ്ടു കാമുകിമാർ , ക്ലാരയും  സോഫിയും . കാമുകൻമാർ സോളമനും ജയകൃഷ്ണനും . രണ്ടും പത്മരാജന്റെ സൃഷ്ടികൾ .! ആ വിങ്ങലിനെ എങ്ങിനെ വിവരിക്കും ?
എരിവേനൽച്ചൂടിന്റെ കഥയാകെ മറന്നു . ഒരു ധധ്യബിന്ദുവിൽ താലമലിഞ്ഞു . പുതുമണ്ണിന് സ്വപ്നം പുൽക്കൊടികളാകും . അവ പിന്നെ പൂക്കളങ്ങളും വനവുമാകും .

പ്രണയവും കാമവും ഒരു ലഹരിയായ് വരികളിൽ നിറയുന്നു . പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്റേതാണു വരികൾ . പരിരംഭണത്തിന്റെ രതിഭാവമെന്നും പകരുമീ സാഗരത്തിൻ ഗാനം നിത്യാഗാനം , മർത്യ ദാഹം !

കാലമേ ഇനി പിറക്കുമോ ഇതു പോലൊന്ന് .  'ഉദകപ്പോള ' വായിച്ചവർക്കറിയാം പത്മരാജൻ  എത്ര മനോഹരമായാണ് ആ കഥയെ സിനിമയാക്കിയതെന്ന് . ഇതു പോലുള്ള സിനിമകൾ ഇനി മലയാളത്തിലുണ്ടാവില്ല . കാരണം പത്മരാജനു പകരം മറ്റൊരാൾ ഇല്ല തന്നെ .
____________________  

ആ ....ആ .... മേഘം പൂത്തു തുടങ്ങി മോഹം പെയ്തു തുടങ്ങി മേദിനി കേട്ടു നെഞ്ചിൽ പുതിയൊരു താളം (മേഘം ) ആരാരെ ആദ്യമുണർത്തി ആരാരുടെ നോവ്‌ പകർത്തി (ആരാരെ ) ആരാരുടെ ചിറകിലൊതുങ്ങി അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ അറിയില്ലല്ലോ (മേഘം ) എരിവേനൽ ചൂടിന്റെ കഥയാകെ മറന്നു ഒരു ധന്യ ബിന്ദുവിൽ താലമലിഞ്ഞു (എരിവേനൽ ) പുതു മണ്ണിന് സ്വപ്നം പുല്കൊടികളായി ഉയരും അവ പിന്നെ പൂക്കളങ്ങളാകും വളർന്നെറും വനമാകു വളര്ന്നെരും വനമാകും (മേഘം ) അലകടൽ തിരവര്ഷം മദം കൊണ്ട് വളര്ന്നു അടിത്തട്ടിൽ പവിഴങ്ങൾ വിങ്ങി വിളഞ്ഞു (അലകടൽ ) പരിരംബണത്തിന്റെ രതിഭാവമെന്നും പകരുമീ സാഗരത്തിൻ ഗാനം  നിത്യഗാനം മര്ത്യ ദാഹം (നിത്യ ) (മേഘം )

Read More: https://emalayalee.com/writer/297
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക