'സമ്പത്തു കാലത്തു തൈ പത്ത് വെച്ചാൽ ആപത്ത് കാലത്ത് കാ പത്ത് തിന്നാം,' എന്നത് സുപരിചിതമായ പഴഞ്ചൊല്ലാണ്. പഴഞ്ചൊല്ലിൽ പതിരില്ല എന്നാണ് പറയപ്പെടുന്നത്. മലയാളസിനിമയിൽ നാലുപതിറ്റാണ്ടു നീണ്ട നിറസാന്നിധ്യമായിരുന്നു ടി പി മാധവൻ. അദ്ദേഹത്തിന്റെ പല തരത്തിലുള്ള നിരവധി വേഷങ്ങൾ നമ്മൾ കണ്ടിരുന്നു. നല്ല തറവാടിയായ വില്ലന്‍..... വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് അദ്ദേഹം പുതിയ ഭാവപ്പകര്‍ച്ച നല്കി നമ്മളെ സന്തോഷിപ്പിച്ചു. പക്ഷേ അദ്ദേഹത്തിന്റെ അവസാന നാളുകളിലെ അഭിനയം നമ്മെ കരയിപ്പിച്ചു. ആരോരും ഇല്ലാതെ അനാഥനായി മരിക്കേണ്ടി വന്ന അദ്ദേഹത്തിന്റെ അവസ്ഥ കണ്ട് നാം അറിയാതെ കരഞ്ഞു പോയി. ഒരു ജന്മത്തിൽ രണ്ടു തരത്തിലുള്ള അദ്ദേഹത്തിന്റെ ജീവിതം ഒരു സിനിമ കഥയെ വെല്ലുന്നതായിരുന്നു.
മനുഷ്യ ജീവിതത്തിൽ ഉയർച്ചയും താഴ്ചയും സാധാരണമാണ്. ആ ഉയര്‍ച്ച താഴ്ചകളും പ്രതീകാത്മമായി ധ്വനിപ്പിക്കുന്ന ഒരു കഥ പോലെ ടി.പി. മാധവന്റെ ജീവിതം നമുക്ക് അനുഭവപ്പെടുന്നു .സമുന്നതമായ ഒരു പശ്ചാത്തലത്തില്‍ നിന്നും സിനിമയിലെത്തിയ അദ്ദേഹം 600-ലധികം സിനിമകളിൽ അഭിനയിച്ചു . താരസംഘടനയായ ‘അമ്മ’യുടെ രൂപീകരണത്തിന് മുഖ്യ പങ്ക് വഹിച്ച അദ്ദേഹം അതിന്റെ ആദ്യത്തെ ജനറല്‍ സെക്രട്ടറിയും ആയി. സിനിമ ലോകത്തു ഏവർക്കും പ്രിയങ്കരനായിരുന്നു അദ്ദേഹം. എന്നിട്ടും അവസാനകാലം അദ്ദേഹത്തിനായി കാത്തുവച്ചത് ഒറ്റപ്പെടലും വേദനകളും മാത്രം. അത് കണ്ട് ദുഃഖം തോന്നിയത് കൊണ്ടാകാം മരണം ടിപിയെ അനാഥത്വമില്ലാത്ത ഏതോ അദൃശ്യലോകത്തേക്ക് കൂട്ടിക്കൊണ്ടു പോയത് .
ജീവിതം എന്നും ഒരു ആഘോഷമായിരുന്നു അദ്ദേഹത്തിന്. നിറയെ സുഹൃത്തുക്കള്‍. അവര്‍ക്കൊപ്പമുളള കുടിച്ചേരലുകള്‍. എന്തിനും ഏതിനും തുണയായി സുഹൃത്തുക്കള്‍ കൂടെ നിന്നപ്പോള്‍ ജീവിതം അടിപൊളിയായി മുന്നോട്ട് പോയി. പക്ഷേ ഒന്ന് കാല് ഇടറിയപ്പോൾ കൂടെനിന്നവർ തിരിഞ്ഞു നോക്കിയില്ല. ജീവിതം എപ്പോഴും അങ്ങനെയാണ്. സന്തോഷ ദിനങ്ങളിൽ നിരവധി ആളുകൾ നമ്മോടൊപ്പം കാണും , പക്ഷേ സങ്കട ദിനങ്ങളിൽ നിഴലിനെ പോലും ചിലപ്പോൾ കാണാറില്ല.
സരസമായി സംസാരിക്കുന്ന ടി.പി.മാധവന്റെ മായാത്ത ചിരി അദ്ദേഹത്തിന്റെ പ്രത്യേകത ആയിരുന്നു. അടുപ്പമുളളവരെ സ്നേഹത്തോടെ ചേര്‍ത്തു പിടിക്കുന്ന മാധവൻ ഏവർക്കും പ്രിയങ്കരനും ആയിരുന്നു . വര്‍ണാഭമായ ആ ജീവിതത്തിനിടയിൽ സ്വന്തം കുടുംബത്തിന് അര്‍ഹിക്കുന്ന പരിഗണന കൊടുക്കാന്‍ കഴിഞ്ഞില്ലെന്നത് സത്യമാണെന്ന് കരുതണം.
നല്ല കാലത്ത് സ്വരുക്കൂട്ടിയ സമ്പാദ്യമത്രയും കൂട്ടുകാര്‍ക്കൊപ്പം അടിച്ചുപൊളിച്ച് ജീവിച്ചു. പണം എവിടെ പോയെന്ന് പോലും നിശ്ചയമുണ്ടായിരുന്നില്ല. സ്ഥിരമായി ഒരു പാര്‍പ്പിടം തല്ലിക്കൂട്ടാന്‍ പോലും മറന്നു പോയി. പ്രതാപകാലത്ത് ഒപ്പം നിന്ന സുഹൃത്തുക്കള്‍ കണ്ടാല്‍ മിണ്ടാതായി. ഫോണ്‍ വിളിച്ചാല്‍ എടുക്കാതെയുമായി, ടിപി ഒരു ബാധ്യതയായി മാറുമെന്ന് അവരില്‍ പലരും ഭയന്നു. ഒറ്റപ്പെടലിലേക്ക് നീങ്ങുകയാണെന്ന തിരിച്ചറിവ് അദ്ദേഹത്തെ വല്ലാതെ വിഷമിപ്പിച്ചു.
ഭാര്യയെയും രണ്ടര വയസുസ്സുളളപ്പോള് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് അദ്ദേഹം സിനിമയുടെ ലോകത്തു അടിമപ്പെടുകയായിരുന്നു. പിന്നീട് ഒരിക്കലും അദ്ദേഹം കുഞ്ഞുങ്ങളെയും ഭാര്യയും തേടി ചെന്നില്ല എന്നാണ് പറയപ്പെടുന്നത് . മാധവന്റെ അഭാവം അറിയിക്കാതെ മകനെയും മകളെയും വളര്‍ത്തിയതും പഠിപ്പിച്ചതുമെല്ലാം ഭാര്യയാണ്.
കാലം കടന്ന് പോയത് നമ്മെപ്പോലെ അദ്ദേഹവും അറിഞ്ഞു കാണില്ല .ഏകമകന് രാജകൃഷ്ണ മേനോൻ ബോളിവുഡിലെ പ്രമുഖ സംവിധായകൻ ആയി. മകന് ചിന്തിക്കാന്‍ കഴിയാത്ത ഉയരങ്ങളിലെത്തിയതും പിന്നീട് ബോളിവുഡ് സിനിമയില്‍ തന്റേതായ കയ്യൊപ്പ് പതിപ്പിച്ചതുമെല്ലാം അകലെ മാറി നിന്ന് ഒരു കാഴ്ചക്കാരനെ പോലെ അദ്ദേഹവും നോക്കിനിന്നിരിക്കാം. മികച്ച ഹിന്ദി സിനിമകളുടെ ക്രഡിറ്റ് ടൈറ്റിലില്‍ മകന്റെ നാമധേയം കോടിക്കണക്കിന് പ്രേക്ഷകരിലൊരാളായി മാധവനും കണ്ടുകാണും. അത് കണ്ടു അദ്ദേഹം സന്തോഷിച്ചിരിക്കാം. മക്കളുടെ ഉയർച്ചയിൽ ഏത് മാതാപിതാക്കളാണ് സന്തോഷിക്കാത്തത്. ഏത് മാതാപിതാക്കൾക്കും അതിൽപരം സന്തോഷം മറ്റൊന്നും കാണുകയുമില്ല.
മകനെ ഒരു നോക്ക് കാണണം എന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. വ്യദ്ധസദനത്തിൽ കഴിയുന്ന അച്ഛനെ കാണാനുളള ആഗ്രഹം മുഖവിലയ്ക്കെടുക്കാന്‍ മകനും മനസ് കാണിച്ചില്ല. ആയ കാലത്ത് താനവരെ വേണ്ടത്ര പരിഗണിച്ചില്ലെന്നും അതിന്റെ പ്രതിഷേധം പോലെ അവര്‍ ഉപേക്ഷിച്ചു പോയി എന്ന സത്യത്തോട് അദ്ദേഹം മാനസികമായി പൊരുത്തപ്പെട്ടിരിക്കാം. എന്നിരുന്നാലും അവസാനകാലത്ത് ഈ ഒരു ഒരാഗ്രഹം അദ്ദേഹത്തെ തീവ്രമായി അലട്ടിയിരുന്നു എന്ന് പല പത്ര വാർത്തകളിൽ നിന്നും മനസിലാക്കിയിരുന്നു.
കുറച്ച് മനഃസമാധാനം തേടിയായിരിക്കും അദ്ദേഹം ഹരിദ്വാറിലേക്കുളള യാത്രകള്‍ പതിവാക്കിയതും
അവിടെ സന്യസി ജീവിതം നയിക്കുകയും ചെയ്തിരുന്നത്. ഹരിദ്വാറിലെ ഒരു ആശ്രമത്തില്‍ അദ്ദേഹം കൂഴഞ്ഞു വീണു. രോഗം കുറച്ചൊന്ന് ഭേദമായെങ്കിലും അപ്പോഴേക്കും ഏറെക്കുറെ അവശനായിരുന്നു. അവിടെന്ന് തിരുവനന്തപുരത്ത് ഒരു ലോഡ്ജില്‍ എത്തി ആശ്രയമില്ലാതെ കഴിയുന്ന സമയത്താണ് ചിലർ കൂടി അദ്ദേഹത്തെ പുനലൂര്‍ ഗാന്ധി ഭവനിലെത്തിക്കുന്നത്. അവിടെ അന്തേവാസിയായി കഴിയുന്നതിനിടയിലും ചെറിയ ചില വേഷങ്ങള്‍ ചെയ്തു. എന്നാല്‍ ആ മടങ്ങി വരവിന് വലിയ ആയുസുണ്ടായില്ല. അനാരോഗ്യം അദ്ദേഹത്തെ അവശനാക്കിയിരുന്നു. അത് പോലെ മറവി രോഗവും ഒരു ശാപമായി വന്നു .അങ്ങനെ പൂര്‍ണമായും അദ്ദേഹം ഗാന്ധിഭവന്റെ അംഗങ്ങളുടെ ഭാഗമായി.
കലാപരമായ പാരമ്പര്യമുളള ഒരു കുടുംബത്തിലാണ് ടി.പി. മാധവന്റെ ജനനം. പിതാവ് ടി.എന്‍. പിളള കേരളാ യൂണിവേഴ്സിറ്റിയില്‍ ഡീന്‍ ആയിരുന്നു. ബിരുദാനന്തര ബിരുദധാരിയായ ടി.പി. ഇംഗ്ലിഷ് ദിനപത്രത്തില്‍ ജേർണലിസ്റ്റായാണ് ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. പിന്നീട് കുറച്ചു കാലം പരസ്യമേഖലയിലും ജോലി ചെയ്തു. ചെറുപ്പത്തില്‍ നാടകങ്ങളില്‍ അഭിനയിച്ചിരുന്നു. സിനിമ തലയ്ക്ക് പിടിച്ച മാധവന് മദ്രാസിലേക്ക് വണ്ടി കയറി. പിന്നെ സിനിമയായിരുന്നു ലോകം.
"സമ്പത്തു കാലത്തു തൈ പത്ത് വെച്ചാൽ,ആപത്തു കാലത്ത് കായ് പത്തു തിന്നാം" എന്ന പഴഞ്ചൊല്ലു വളരെ അർത്ഥവത്താണ്. ഭാര്യയെയും മക്കളെയുമെക്കെ നാം തിരിഞ്ഞു നോക്കാതിരുന്നിട്ട് അവരെല്ലാം അവസാന കാലത്തു നമ്മളെ നോക്കും എന്ന് ചിന്തിക്കുക പോലും അരുത്. നാം സ്നേഹിച്ചു വളർത്തുന്ന കുട്ടികൾ പോലും മാതാപിതാക്കളെ മനസാക്ഷിയില്ലാതെ വൃദ്ധസദനങ്ങളിൽ എറിഞ്ഞു കളയുബോൾ നാം നോക്കാതിരുന്ന കുട്ടികളുടെ മാനസികാവസ്ഥ പറയേണ്ടുന്നത് ഇല്ലല്ലോ ? പക്ഷേ ഏതൊരു മനുഷ്യന്റെയും ആഗ്രഹമാണ് അവസാന സമയത്തു നമുക്ക് ഉറ്റവരെ ഒന്ന് കാണണം എന്നത് . ഇതെക്കെ മനസ്സിൽ ആക്കണമെങ്കിൽ നാം അവരുടെ അവസ്ഥയിലൂടെ കടന്ന് പോകണം. അപ്പോഴേക്കും സമയം വളരെ വൈകിയിരിക്കും. എന്റെ മുത്തശ്ശി എന്തിനും പറയുന്ന ഒരു വാക്കുണ്ടായിരുന്നു "എല്ലാം കർമ്മഫലം ".