Image

മണിമുഴക്കം (കവിത: ജയൻ വർഗീസ്)

Published on 10 October, 2024
മണിമുഴക്കം (കവിത: ജയൻ വർഗീസ്)

(ജീവിതായോധനത്തിന്റെ പരുക്കൻ അരീനകളിൽ നിന്ന് അന്നന്നപ്പം കണ്ടെത്താനുള്ള ആവേശത്തോടെസ്വപ്നങ്ങളുടെ ട്രങ്ക്‌ പെട്ടിയും തൂക്കി ഇന്ത്യൻ നഗരങ്ങളിൽ എത്തിച്ചേർന്ന  നമ്മുടെ  പെൺകുട്ടികളാണ് 970 കളിൽ ആരംഭിച്ച് ഇന്നും തുടരുന്ന അമേരിക്കൻ മലയാളി കുടിയേറ്റത്തിന്റെ ആദ്യ തലമുറകൾ. കണ്ണീരുംപുഞ്ചിരിയും ഇഴചേർന്ന അവരുടെ ജീവിത വേദികളിൽ വാർദ്ധക്യം ഒരു കഥാപാത്രമായി എത്തിക്കഴിഞ്ഞു. ഭൂലോകത്തിന്റെ മറുകരയിൽ ഒറ്റപ്പെട്ട അവരുടെ ജീവിത സാഹചര്യങ്ങളിൽ പ്രണയം ഒരനിവാര്യതയായിതീർന്നിരുന്നു എന്നതിനാലാവണം കെട്ടുറപ്പോടെ ഇന്നും ഇവിടെ നില നിൽക്കുന്ന കുടുംബ ബന്ധങ്ങൾ. ഇണപ്പക്ഷികൾ പിരിയുമ്പോൾ തേങ്ങിപ്പോളുന്ന മലയാളി വാർദ്ധക്യത്തിന്റെ ഹൃദയ വികാരങ്ങൾ  വരച്ചിടുവാനുള്ള ഒരെളിയ പരിശ്രമമാണ് ഈ കവിത )


അകലത്തെ കൂട്ടിൽ നി -

ന്നൊരു വിളി -യകതാരി -

ലുരുകുന്ന കരളിന്റെ

തേങ്ങൽ പോലെ:

പ്രിയമുള്ള സ്വപ്നമേ

വരികയീ യാത്രയിൽ

ഒരു മെയ്യായിരുന്ന നാം

പിരിഞ്ഞതെന്തേ ?

 

പരിഭവം പറയുന്ന

കവിതയായ് ഇടനെഞ്ചിൽ

ചിറകടിച്ചരികിൽ നീ

വന്നണഞ്ഞപ്പോൾ

പിരിയുമെന്നോർത്തേയില്ല

യകലത്തെ നീലാകാശ -

ച്ചെരുവിലെ കൂട്ടിൽ എന്റെ

കുറുകലുകൾ !

 

പൊഴിയുവാൻ ‌ മാത്രമായി

ഗതകാല ചിറകിലെ

മൃദു തൂവലായി നമ്മൾ

ഒത്തു ചേർന്നപ്പോൾ

ഒരുനൂറ് മോഹത്തിന്റെ

മൃദു വിരൽ പിടിച്ചെത്ര

നിറമുള്ള കനവുകൾ

നെയ്തിരുന്നു നാം ?

 

ഒരു കൊച്ചു കലമാണിന്റെ

ചടുലമാം ചാട്ടം പോലെ

ലഹരിയായിരുന്ന നിൻ

മിഴിയിണകൾ

അരികുലുണ്ടായിരുന്നെങ്കിൽ

ഒരുമിച്ച് കാലത്തിന്റെ  

മറുകരയണയുവാൻ

മണി  മുഴങ്ങുന്നു !

വരികയെന്നിടനെഞ്ചിൽ

ഒരുമിച്ചു പോകാം ദൂരെ

ചിറകടിച്ചകലുന്ന

പ്രാവുകൾ പോലെ ! 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക