കൊച്ചി: ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ നടി പ്രയാഗ മാർട്ടിന്റെ ചോദ്യം ചെയ്യല്‍ പൂർത്തിയായി.
ഓം പ്രകാശുമായി ബന്ധമില്ലെന്നും അയാളെ അറിയില്ലെന്നും മുറിയിലെത്തിയത് സുഹൃത്തുക്കളെ കാണാനാണെന്നും ചോദ്യം ചെയ്യലിനു ശേഷം പ്രയാഗ മാധ്യമങ്ങളോട് പ്രതികരിച്ചു.
കൊച്ചി എസിപി ഓഫീസില്‍ ഒന്നര മണിക്കൂർ നേരമാണ് അന്വേഷണ സംഘം നടിയെ ചോദ്യം ചെയ്തത്. കേസില്‍ നടൻ ശ്രീനാഥ് ഭാസിയുടെ ചോദ്യംചെയ്യലിനു പിന്നാലെയാണ് പ്രയാഗയും ഉദ്യോഗസ്ഥർക്ക് മുന്നിലെത്തിയത്.
ഏത് സുഹൃത്ത് വിളിച്ചിട്ടാണ് പോയതെന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പല സുഹൃത്തുക്കളുണ്ടായിരുന്നു എന്ന് മറുപടി. ലഹരി പാർട്ടി നടക്കുന്നതായി അറിയാമായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ ഇല്ലെന്നായിരുന്നു പ്രതികരണം. പൊലീസ് എന്തൊക്കെ ചോദിച്ചു എന്ന് ആരാഞ്ഞപ്പോള്‍, പല ചോദ്യങ്ങളും ചോദിച്ചു എന്നും പ്രയാഗ.
സാമ്ബിളെടുക്കണം എന്ന് പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന്, ഇല്ല എന്നും ഇനി അങ്ങനെ അന്വേഷണ സംഘം പറഞ്ഞാല്‍ അതിനു തയാറാണെന്നും താരം വ്യക്തമാക്കി. വാർത്ത വന്ന ശേഷം ഗൂഗിളില്‍ നോക്കിയപ്പോഴാണ് ഓം പ്രകാശ് ആരാണെന്ന് അറിഞ്ഞതെന്നും നടി അവകാശപ്പെട്ടു.
ജീവിതത്തില്‍ പലയിടത്തും പോവുന്നവരാണ് നമ്മള്‍. പലരേയും കാണും. പോവുന്ന സ്ഥലത്തൊക്കെ ഏതെങ്കിലും ക്രിമിനലുകള്‍ ഉണ്ടോയെന്നൊക്കെ ചോദിച്ചിട്ടു കയറാൻ പറ്റില്ലല്ലോ. പാർട്ടിയൊന്നും നടക്കുന്നുണ്ടായിരുന്നില്ല. ചില ചോദ്യങ്ങള്‍ പൊലീസ് ചോദിക്കുമ്ബോള്‍ മാത്രം ഉത്തരം പറയേണ്ടതാണ്. അത് മാധ്യമങ്ങളോട് പറയേണ്ട കാര്യമില്ലെന്നും പ്രയാഗ അഭിപ്രായപ്പെട്ടു.
താൻ അവിടെ പോയതുകൊണ്ടാണ് പൊലീസ് റിപ്പോർട്ടില്‍ പേര് വന്നതെന്നും എല്ലാ ചോദ്യങ്ങള്‍ക്കും ഇവിടെ ഉത്തരം തരാനാവില്ലെന്നും നടി കൂട്ടിച്ചേർത്തു. ദൗർഭാഗ്യവശാല്‍ താൻ പോയ സ്ഥലത്ത് ഇങ്ങനെയൊരാളുണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. അയാളെ താൻ കണ്ടിട്ടില്ല എന്നും നടി കൂട്ടിച്ചേർത്തു. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ ആരെങ്കിലും പാർട്ടിയില്‍ പങ്കെടുത്തിരുന്നോ എന്ന ചോദ്യത്തോട് പ്രതികരിക്കാതെ താരം മടങ്ങുകയും ചെയ്തു.
അതേസമയം, ഗുണ്ടാ നേതാവ് ഓംപ്രകാശുമായി മുൻപരിചയമില്ലെന്നാണ് ശ്രീനാഥ് ഭാസി പൊലീസിനോട് പറഞ്ഞത്. കസ്റ്റഡിയിലുള്ള ബിനു ജോസഫുമായി സാമ്ബത്തിക ഇടപാടുകളുണ്ടെന്നും വെളിപ്പെടുത്തിയിട്ടുണ്ട്. മരട് പൊലീസ് സ്റ്റേഷനിലാണ് ശ്രീനാഥ് ഭാസി ചോദ്യംചെയ്യലിനു ഹാജരായത്.
എളമക്കര സ്വദേശി ബിനു ജോസഫിനൊപ്പമായിരുന്നു ഓംപ്രകാശ് താമസിച്ച കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ ശ്രീനാഥ് ഭാസിയും പ്രയാഗയും എത്തിയിരുന്നത്.