Image

എഫ് ടി സി അധ്യക്ഷ ലീന ഖാനെ നീക്കം ചെയ്താൽ 'പൊരിഞ്ഞ യുദ്ധം' ഉറപ്പെന്നു എ ഓ സി (പിപിഎം)

Published on 11 October, 2024
എഫ് ടി സി അധ്യക്ഷ ലീന ഖാനെ നീക്കം ചെയ്താൽ 'പൊരിഞ്ഞ യുദ്ധം' ഉറപ്പെന്നു എ ഓ സി (പിപിഎം)

സമ്പന്നരുടെ സമ്മർദത്തിനു വഴങ്ങി ഫെഡറൽ ട്രേഡ് കമ്മീഷൻ (എഫ് ടി സി) അധ്യക്ഷ ലീന ഖാനെ നീക്കം ചെയ്താൽ പൊരിഞ്ഞ യുദ്ധം ഉണ്ടാവുമെന്നു പ്രോഗ്രെസിവ് റെപ്. അലെക്‌സാൻഡ്രിയ ഒക്കെഷ്യോ-കോർട്ടസ് (എ ഓ സി) വൈസ് പ്രസിഡന്റ് കമല ഹാരിസിനു താക്കീതു നൽകി.

യുഎസ് ഹൗസിലെ 'സ്‌ക്വാഡ്' എന്നറിയപ്പെടുന്ന ഗ്രൂപ്പിലെ പ്രമുഖ അംഗമായ എ ഓ സിക്കു കൂട്ടായി ഇടതുപക്ഷ സെനറ്റർ ബെർണി സാൻഡേഴ്‌സുമുണ്ട്.

പ്രസിഡന്റായാൽ പാക്ക് വംശജയായ ഖാനെ (34) നീക്കം ചെയ്യണമെന്നു ഹാരിസിന്റെ മേൽ വോൾ സ്ട്രീറ്റിൽ നിന്നുള്ള കോടീശ്വരന്മാരുടെ സമമർദമുണ്ടെന്നാണ് റിപ്പോർട്ട്. അതിന്റെ നേതാവ് മാർക്ക് ക്യൂബൻ ആവട്ടെ, ഹാരിസുമായി അടുപ്പമുളളയാളാണ്. 33 വയസിൽ എഫ് ടി സി മേധാവിയായ ഖാൻ സമ്പന്നരോടു കടുത്ത സമീപനം സ്വീകരിക്കുന്നു എന്നാണ് ആക്ഷേപം.

എ ഓ സി രോഷത്തോടെയാണ് എക്‌സിൽ കുറിച്ചത്: "ഡെമോക്രാറ്റിക്‌ ടിക്കറ്റിന്റെ മേൽ സമമർദം ചെലുത്താൻ കോടീശ്വരന്മാർ ശ്രമിക്കുന്നതു കൊണ്ട് ഒരു കാര്യം ഞാൻ പറയാം, ലീനാ ഖാനെ തൊട്ടു കളിച്ചാൽ പൊരിഞ്ഞ അടിയുണ്ടാവും.

"അക്കാര്യം ഉറപ്പാണ്. ഈ ഭരണകൂടം അധ്വാന വർഗ്ഗത്തിന്റെ കൂടിയാണെന്നു തെളിയിച്ച വ്യക്തിയാണ് ഖാൻ. അവരെ നീക്കം ചെയ്യുന്നത് വലിയ നേതൃത്വ പിഴവാകും."

ബ്രോങ്ക്സ്-ക്വീൻസ് മേഖലയുടെ പ്രതിനിധിയായ 34കാരിക്കു സാൻഡേഴ്‌സ് ഉറച്ച പിന്തുണ നൽകി. "ആധുനിക ചരിത്രത്തിലെ ഏറ്റവും മികച്ച എഫ് ടി സി ചെയർ ആണ് ലീന ഖാൻ. കോർപറേറ്റ് പണക്കൊതിയും നിയമവിരുദ്ധ കുത്തകയും നിയന്ത്രിക്കാൻ അസാധാരണ നടപടികളാണ് അവർ എടുക്കുന്നത്. നിങ്ങൾ ചെയ്യുന്നതിനു നന്ദി, ലീന ഖാൻ."

ബിസിനസ് ലോകത്തേക്കുള്ള ഹാരിസിന്റെ കണ്ണിയാണ് ക്യൂബൻ (66). ബിസിനസ് ലോകത്തോട് ഹാരിസ് കൂടുതൽ മൃദുവായ സമീപനം കൈക്കൊള്ളുന്നു എന്ന് അദ്ദേഹം പരസ്യമായി പ്രശംസിച്ചിട്ടുമുണ്ട്.  

"ഞാനാണ് ഹാരിസ് എങ്കിൽ ഖാനെ വച്ചു പൊറുപ്പിക്കില്ല" എന്നദ്ദേഹം അടുത്തിടെ പറഞ്ഞു.

ഏതാനും ഡെമോക്രാറ്റിക്‌ ജനപ്രതിനിധികളുടെ കൂടെ പ്രചാരണത്തിനു ഇറങ്ങാൻ ഖാൻ ഉദ്ദേശിക്കുന്നുണ്ട്. സാൻഡേഴ്‌സും അതിൽ ഉൾപ്പെടുന്നു.

AOC warns Harris against ousting Lina Khan

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക