Image

ജാന്‍വികപൂര്‍ അഭിനയത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. (ഏബ്രഹാം തോമസ്)

ഏബ്രഹാം തോമസ് Published on 11 October, 2024
ജാന്‍വികപൂര്‍ അഭിനയത്തില്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. (ഏബ്രഹാം തോമസ്)

ശ്രീദേവിയുടെ മൂത്തമകള്‍ ജാനവികപൂര്‍ താരപദവി ലക്ഷ്യമിട്ട് കുറെ വര്‍ഷങ്ങളായി കഠിനപ്രയത്‌നത്തിലാണ് ലഭ്യമാകുന്ന റിയാലിറ്റിഷോകളുലും ഫോട്ടോഷൂട്ടുകളിലും ്അല്പ വസ്ത്രധാരിണിയായി പ്രത്യക്ഷപ്പെടുന്ന ജാന്‍വിക്ക് ഒരു പക്വതയെത്തിയ നടിയായി ചലച്ചിത്ര വിദ്യാര്‍ത്ഥികളെ ഇനിയും ബോദ്ധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. പുതുമുഖങ്ങള്‍ക്ക് വളരെ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന അവസരങ്ങള്‍ ഈ യുവനടിക്ക് ലഭിച്ചുവെങ്കിലും പ്രേക്ഷക മനസ്സുകളില്‍ ഇതുവരെ യാതരു ചലനവും സൃഷ്ടിക്കുവാന്‍ കഴിഞ്ഞിട്ടില്ല.

സ്ഥാനക്കയറ്റം നേടി ഇന്ത്യയുടെ ഡെപ്യൂട്ടി കമ്മീഷണറായി ലണ്ടനില്‍ എത്തുന്ന സുഹാനഭാട്ടിയയ്ക്ക് കാര്യമായ ഔദ്യോഗിക കര്‍ത്തവ്യങ്ങളില്‍ മുഴുകുന്നതിന് മുമ്പ് ഒരു കുരുക്കില്‍പെടേണ്ടി വരുന്നു. ഒരു പാര്‍ട്ടിയില്‍ പരിചയത്തിലാവുന്ന ഒരു പാകിസ്ഥാനി യുവാവുമായി അതേ രാത്രിയില്‍ കിടക്കപങ്കിടുന്നു. കിടക്കറ രംഗങ്ങള്‍ പകര്‍ത്തിയ പാക് യുവാവ് അവയുമായി സുഹാനയെ ബ്ലാക്ക് മെയിലിംഗിന് തുനിയുന്നു. പേര് ധ്വനിപ്പിക്കുന്നത് പോലെ 'ഉലഝ്്'(കുരുക്ക്) മുറുകാന്‍ ആരംഭിക്കുമ്പോള്‍ ഉദ്വേഗത വര്‍ധിക്കേണ്ടതാണ്. പകരം നാം കാണുന്നത് ആവര്‍ത്തന വിരസമായ രംഗങ്ങളാണ്.

എബസിയിലെ ഒരു സഹായി ആയ സെബിന്‍ ജോസഫ് കുട്ടി സുഹാനയെ സഹായിക്കുവാന്‍ എത്തുന്നു. ഭീഷണികള്‍ക്ക് വഴങ്ങി സുഹാന ഔദ്യോഗിക രഹസ്യങ്ങളുടെ ഫയല്‍ പാക് യുവാവിന് കൈമാറാന്‍ തയ്യാറാവുന്നു. പാലത്തിന് കീഴിലും അപ്പാര്‍ട്ടുമെന്റിലും നടക്കുന്ന സംഘട്ടനത്തില്‍ പാക് യുവാവിന്റെ മരണത്തിന് സുഹാന കാരണക്കാരിയാവുന്നു. സുഹാനയും സെബിനും നടത്തുന്ന ഒളിച്ചോട്ടശ്രമത്തില്‍ അവര്‍ വിജയിക്കുന്നു.

പര്‍വേസ് ഷെയ്ഖ്, സംവിധായകന്‍ സുധാംശുസരിയ, ആതിക ചോഹന്‍ എന്നിവരുടെ തിരക്കഥയ്ക്കു തികച്ചും കൈയൊതുക്കം ദൃശ്യമല്ല. രഹസ്യസ്വഭാവമുള്ള കഥയ്ക്ക് അനിവാര്യമായിരുന്നു. ആതിക ചോഹന്റെ സംഭാഷണത്തിന് ചടുലതയില്ല. രക്ഷയ്‌ക്കെത്താമായിരുന്ന സംഭാഷണ ശകലങ്ങള്‍ക്ക് ജീവനില്ലാതെയായത് പരിതാപകരമാണ്.

ശ്രീദേവിക്ക് കാര്യമായ ഫോട്ടോഷൂട്ടുകളോ റാമ്പ് വോക്കുകളോ ഒന്നും ഇല്ലാതെയാണ് താരവും സൂപ്പര്‍ താരവും ആയത്. താരവും സൂപ്പര്‍താരവും ഒക്കെ ആയതിനുശേഷം അവര്‍ ഇവയുടെ സഹായം ധാരാളം സ്വീകരിച്ചു. കടം വാങ്ങിയ ശബ്ദത്തിന്റെ അരോചകത്വം  ഒഴിവാക്കിയാല്‍ അവരുടെ വികാരപ്രകടനങ്ങള്‍ക്കും വലിയ കുറവ് ഉണ്ടായിരുന്നില്ല. നേരേ വിപരീതമാണ് മകള്‍ ജാന്‍വിയുടെ കാര്യം. വികാരാവിഷ്‌കാരത്തില്‍ ഇപ്പോഴും ബഹുദൂരം പിന്നിലാണ്. കഥാപാത്രത്തെ മനസ്സിലാക്കി അഭിനയിക്കുവാന്‍ അറിയില്ല. റോഷന്‍ മാത്യു ഇതിനകം ധാരാളംം ചിത്രങ്ങളില്‍ അഭിനയിച്ചു. പക്ഷെ ഇപ്പോഴും പക്വത കൈവന്നിട്ടില്ല. വികാരാവിഷ്‌കരണത്തിലും ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ഗുല്‍ഷന്‍ ദേവയ്യ, മെയാംഗ്-ചാംഗ്,   അഡില്‍ ഹുസൈന്‍, രാജേഷ് തെയ് യാംഗ്, ജെമിനി പാഠക്, അലിഖാന്‍, റൂഷദ് റാണ, സാക്ഷി തന്‍വര്‍, നതാഷ  റസ്‌തോഗി, സ്വസ്തിക ചക്രബര്‍ത്തി എന്നിവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

സുധാംശു സരിയ ഒരു ഇരുത്തം വന്ന സംവിധായകനാകുവാന്‍ ഇനിയും ബഹുദൂരം പോകേണ്ടതുണ്ട്. ഒരു സംവിധാകനായി അറിയപ്പെടുവാന്‍ വളരെ വേഗം ഈ 'കുരുക്ക്' മറക്കുകയായിരിക്കും ഉത്തമം.
 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക