Image

സമ്മാനം (കവിത : ഷൈലാ ബാബു)

Published on 11 October, 2024
സമ്മാനം (കവിത :  ഷൈലാ ബാബു)

ഇഷ്ടത്തിനൊത്തുള്ള ഭോജനമോരോന്നും
ഇള്ളപ്പെരുവയറുള്ളിലാക്കി!
മണ്ണിന്റെ മക്കളാം മാതാപിതാക്കൾക്കു 
മിഴിനീരു സമ്മാനമായി നൽകി!

പത്രാസു കാട്ടിടും കൂട്ടരോടൊപ്പമായ്
മത്തഗജം പോലെയേകപുത്രൻ!
ജീവൽ സുഖങ്ങളെ കൈയെത്തിത്തൊട്ടിടാ-
നോടി നടക്കുന്നനുനിമിഷം!

കാണാത്ത കാഴ്ചകൾ തേടിയലഞ്ഞവൻ
മാന്ത്രിക വലയത്തിനുള്ളിലായി!
ലഹരിമരുന്നിന്റെ മായാവിലാസങ്ങൾ
ആനന്ദക്കൊടുമുടി താണ്ടിടുന്നു!

മോദത്തിൻ തുള്ളിക
ളൂറ്റിക്കുടിച്ചവൻ
മേദിനി മടിയിൽ മയങ്ങിടുന്നു.
അമ്മിഞ്ഞപ്പാലിന്റെ മാധുര്യമൊക്കെയും
അമ്മയ്ക്കപമാനമായി പാരം!

അന്നത്തെയഷ്ടിക്കായ് വലയുന്നോരച്ഛനും
അദ്ധ്വാനഭാരത്താലവശനായി!
സങ്കടക്കണ്ണീരിൽ മുങ്ങിത്തളർന്നവർ
ആകുലചിത്തരായ് മേവിടുന്നു!

ഉച്ചക്കൊടുംവെയിലുച്ചിയിൽ താഴവേ,
കഞ്ഞിയുമായമ്മ കാത്തിരുന്നു!
പച്ചപ്പരിഷ്കാര ശീലനാം പൊന്മകൻ
പാമരനച്ഛന്റെ ദു:ഖമായി...

തണലിൻ ചിറകുവിരിച്ചു
വന്നിട്ടൊരു 
സാന്ത്വനസ്പർശമായ് മാറിയെങ്കിൽ!
ആശ്വാസക്കനവിന്റെ മഞ്ചലിലേറുന്നു
ജന്മം കൊടുത്തതാം സാധുശീലർ..!
 

Join WhatsApp News
Boban Jacob 2024-10-11 11:03:17
വർത്തമാനകാലത്തിലെ ഒരു കാഴ്ച്ച കവയത്രി ഭംഗിയായി കോറിയിട്ടിരിക്കുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക