മലയാള സിനിമയിലെ ഏറ്റവും പ്രതിഭാധനരായ അഭിനേതാക്കളിൽ ഒരാളായിരുന്ന നെടുമുടി വേണു എന്ന പേരിൽ അറിയപ്പെടുന്ന കെ. വേണുഗോപാൽ ഓർമ്മയായിട്ട് ഇന്ന് മൂന്നാണ്ട്.ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളായി കണക്കാക്കപ്പെടുന്ന അദ്ദേഹം,മലയാളത്തിലും തമിഴിലുമായി ഏകദേശം 500-ലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാ രചനയിലും ഏർപ്പെട്ടിട്ടുള്ള അദ്ദേഹം പൂരം എന്ന പേരിൽ ഒരു സിനിമ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമയിലെ വിവിധ പ്രകടനങ്ങൾക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകളും ആറ് കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകളും അദ്ദേഹം നേടിയിട്ടുണ്ട്. 2021 ഒക്ടോബർ 11-ന് ഇദ്ദേഹം അന്തരിച്ചു.
ആലപ്പുഴ ജില്ലയിലെ നെടുമുടിയിൽ സ്‌കൂൾ അദ്ധ്യാപക ദമ്പതികളായിരുന്ന പി.കെ. കേശവപിള്ളയുടെയും കുഞ്ഞിക്കുട്ടി അമ്മയുടെയും അഞ്ച് ആണ്മക്കളിൽ ഇളയമകനായി 1948 മെയ് 22-നാണ് കെ. വേണുഗോപാലൻ എന്ന നെടുമുടി വേണു ജനിച്ചത്. അദ്ദേഹത്തിന് നാല് മൂത്ത സഹോദരന്മാരുണ്ടായിരുന്നു. ഇവരാരും ഇന്ന് ജീവിച്ചിരിപ്പില്ല. നെടുമുടി എൻ.എസ്.എസ്. ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം പ്രാഥമിക വിദ്യാഭ്യാസം നേടിയത്. വിദ്യാഭ്യാസ കാലത്ത് സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവമായിരുന്നു അദ്ദേഹം. ആലപ്പുഴ എസ്.ഡി കോളേജിലെ പഠന കാലത്ത് സഹപാഠിയായ ഫാസിൽ എഴുതിയ നാടകങ്ങളിലൂടെയാണ് അദ്ദേഹം കലാരംഗത്ത് സജീവമായത്. എസ്. ഡി കോളേജിൽ നിന്ന് ബിരുദമെടുത്തശേഷം കലാകൗമുദിയിൽ പത്രപ്രവർത്തകനായും ആലപ്പുഴയിൽ പാരലൽ കോളേജ് അദ്ധ്യാപകനായും പ്രവർത്തിച്ചു. നാടകരംഗത്ത് സജീവമായിരിക്കെയാണ് നെടുമുടി സിനിമയിൽ എത്തിയത്. തിരുവനന്തപുരത്തേക്ക് താമസം മാറ്റിയതോടെ അരവിന്ദൻ, പത്മരാജൻ, ഭരത് ഗോപി തുടങ്ങിയവരുമായി സൗഹൃദത്തിലായി. ഇത് ആത്യന്തികമായി അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് വഴിയൊരുക്കി. ജയൻ മരിക്കുകയും മലയാള സിനിമയിൽ നവോത്ഥാനം സംഭവിക്കുകയും ചെയ്ത സമയത്താണ് നെടുമുടി ചലച്ചിത്ര ലോകത്ത് എത്തുന്നത്. ഭരതൻ്റെ ആരവത്തിലാണ് ആദ്യം അഭിനയിച്ചതെങ്കിലും ആദ്യം റിലീസ്ചെയ്ത ചിത്രം ‘തമ്പ്’.
അഭിനയത്തിനു പുറമെ ഏതാനും സിനിമകൾക്കു വേണ്ടി കഥയും എഴുതിയിട്ടുമുണ്ട്. 1978ൽ അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു അരങ്ങേറ്റം. ഭരതന്റെ ആരവം എന്ന ചിത്രത്തിലെ വേഷം ശ്രദ്ധേയമായി. പത്മരാജന്റെ ഒരിടത്തൊരു ഫയൽവാൻ എന്ന ചിത്രം കാരണവർ വേഷങ്ങളിലേക്കുള്ള ചുവടു മാറ്റത്തിനു നാന്ദിയായി. വൈകാതെ മലയാളത്തിലെ തിരക്കേറിയ സഹനടൻമാരിൽ ഒരാളായി മാറി. അഭിനയ വൈദഗ്ദ്ധ്യവും സംഭാഷണ അവതരണത്തിലെ വ്യത്യസ്തതയും നെടുമുടിയുടെ കഥാപാത്രങ്ങൾക്ക് കരുത്തേകി. ടെലിവിഷൻ പരമ്പരകളിലും നെടുമുടി സജീവമായിരുന്നു. സമർത്ഥനായ ഒരു മൃദംഗം വായനക്കാരൻകൂടിയായിരുന്നു അദ്ദേഹം.
പാച്ചി എന്ന അപരനാമത്തിൽ ചലച്ചിത്രങ്ങൾക്ക് തിരക്കഥകളും നെടുമുടി വേണു രചിച്ചിട്ടുണ്ട്
കൂടാതെ പൂരം എന്ന ചലച്ചിത്രം സംവിധാനവും ചെയ്തിട്ടുണ്ട്. കൂടാതെ കമലഹാസൻ നായകനായി അഭിനയിച്ച ഇന്ത്യൻ; വിക്രം നായകനായി അഭിനയിച്ച അന്ന്യൻ എന്നീ തമിഴ് ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.
ദേശീയ അവാർഡുകൾ:-
1990-മികച്ച സഹനടൻ (ഹിസ് ഹൈനസ് അബ്‌ദുള്ള)
2003-മാർഗ്ഗം (പ്രത്യേക പരാമർശം)
കേരള സംസ്ഥാന അവാർഡുകൾ:-
1980 - രണ്ടാമത്തെ മികച്ച നടൻ (ചാമരം)
1981 - മികച്ച നടൻ (വിട പറയും മുമ്പേ)
1987-മികച്ച നടൻ (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം)
1990 - ജൂറിയുടെ പ്രത്യേക പരാമർശം (ഭരതം, സാന്ത്വനം)
1994 - രണ്ടാമത്തെ മികച്ച നടൻ (തേന്മാവിൻ കൊമ്പത്ത്)
2003-മികച്ച നടൻ (മാർഗം)
കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്:-
2001 - മികച്ച നടൻ : അവസ്ഥാന്തരങ്ങൾ
ഏഷ്യാനെറ്റ് ഫിലിം അവാർഡുകൾ;-
2005 – മികച്ച സഹനടൻ – തന്മാത്ര
2007 – മികച്ച തിരക്കഥാ രചയിതാവ് – തനിയേ
2011 – മികച്ച സഹനടൻ - മികച്ച് നടൻ- എൽസമ്മ എന്ന ആൺകുട്ടി
2013 – മികച്ച സ്വഭാവ നടൻ – നോർത്ത് 24 കാതം
2015 – മികച്ച വില്ലൻ – ഒരു സെക്കന്റ് ക്ലാസ് യാത്ര, രുദ്ര സിംഹാസനം
2017 - ആജീവനാന്ത നേട്ടത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാർഡ്.
ജീവിതത്തിന്റെ അവസാന നാളുകളിൽ പ്രമേഹവും ഹൃദ്രോഗവും അടക്കം നിരവധി ആരോഗ്യപ്രശ്നങ്ങൾ അനുഭവിച്ച വേണു, 73-ആം വയസ്സിൽ കരൾവീക്കം മൂലം 2021 ഒക്ടോബർ 11-ന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ വച്ച് അന്തരിച്ചു.അദ്ദേഹത്തിന്റെ ഭൗതികശരീരം സ്വവസതിയായ 'തമ്പി'ലും അയ്യങ്കാളി ഹാളിലും പൊതുദർശനത്തിന് വച്ചശേഷം പൂർണ ഔദ്യോഗിക ബഹുമതികളോടെ തൈക്കാട് ശാന്തികവാടം വൈദ്യുതിശ്മശാനത്തിൽ സംസ്കരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചും ആയിരങ്ങൾ അദ്ദേഹത്തിന് അന്ത്യാഞ്ജലികൾ അർപ്പിച്ചു.
സുഹൃത്തും സഹപാഠിയും(ആലപ്പുഴ എസ് ഡി കോളേജിൽ)ആയിരുന്ന വേണുവിൻ്റെ ഓർമ്മക്കുമുമ്പിൽ പ്രണാമം.