കൊച്ചി: മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസിന്റെ റിലീസ് നീണ്ടുപോകുകയാണ്.
ഇപ്പോഴിതാ ബറോസിന്റെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് കോടതിയില്‍ ഹർജി സമർപ്പിച്ചിരിക്കുകയാണ്. പ്രവാസി ജോര്‍ജ് തുണ്ടിപ്പറമ്ബില്‍ ആണ് സിനിമയ്ക്കെതിരെ എറണാകുളം ജില്ലാ കോടതിയില്‍ ഹർജി നല്‍കിയിരിക്കുന്നത്. 'ബറോസ്, ഗാര്‍ഡിയന്‍ ഓഫ് ദ ഗാമാസ് ട്രഷര്‍' എന്ന സിനിമ തന്റെ 'മായ' എന്ന നോവലിന്റെ പകര്‍പ്പവകാശ ലംഘനമാണെന്ന് ജോര്‍ജ് ഹർജിയില്‍ ആരോപിച്ചു.
സംവിധായകനും നടനുമായ മോഹന്‍ലാല്‍, ജിജോ പുന്നൂസ്, ടി കെ രാജീവ് കുമാര്‍, നിർമാതാവ് ആന്റണി പെരുമ്ബാവൂര്‍ എന്നിവര്‍ക്കെതിരെ ജോര്‍ജ് കേസ് കൊടുത്തിട്ടുണ്ട്. 2024 ജൂലൈയില്‍ പകര്‍പ്പവകാശ പ്രശ്നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജോര്‍ജ് മോഹന്‍ലാല്‍ അടക്കം 4 പേര്‍ക്കും വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. പ്രശ്‌നം പരിഹരിക്കുന്നതുവരെ ചിത്രം റിലീസ് ചെയ്യരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 2024 ഓഗസ്റ്റ് 11 ന് നല്‍കിയ വക്കീല്‍ നോട്ടീസിനുള്ള മറുപടിയില്‍ അണിയറക്കാർ പകര്‍പ്പവകാശ ലംഘനം നിഷേധിച്ചിരുന്നു. എന്നാല്‍ തന്റെ കൃതിയുടെ തനിപ്പകര്‍പ്പാണ് ചിത്രമെന്നാണ് ജോർജ് നല്‍കിയ ഹർജിയില്‍ ആരോപിക്കുന്നത്.
മോഹന്‍ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വാസ്‌കോഡി ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ഭൂതമായാണ് മോഹന്‍ലാല്‍ എത്തുക. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരും ഫാര്‍സ് ഫിലിംസും ചേര്‍ന്നാണ് ഇന്ത്യയ്ക്ക് പുറത്തും ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 3ഡിയിലാണ് ചിത്രം ഒരുങ്ങുന്നത്.
2019 ഏപ്രിലിലാണ് ചിത്രം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏകദേശം 170 ദിവസത്തോളം നീണ്ടുനിന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സന്തോഷ് ശിവനാണ്.