ഈ മണൽക്കാട്ടിൻ വിശാലതയിൽ,
അയനം തുടരുന്നവർ;
വെയിലത്ത് വാടിത്തളർന്ന്,
തണൽ തേടിയുഴലുന്നവർ;
ഒരു തുള്ളിവെള്ളം കൊതിച്ച്,
വേഴാമ്പലാകുന്നവർ;
ചുടുനെടുവീർപ്പുകളോടെ,
ചുവടുകൾ തെറ്റുന്നവർ;
കുടിനീരിനായ് തപം ചെയ്ത്,
മിഴിനീർ കുടിക്കുന്നവർ;
നിഴലുകളെത്തിപ്പിടിക്കാൻ,
കരംനീട്ടിയണയുന്നവർ;
അഭയത്തിനാരുമില്ലാതെ,
അഴലാഴി നീന്തുന്നവർ;
വഴികാട്ടിയില്ലാതെ വാഴ്വിൽ വഴിതെറ്റിയലയുന്നവർ;
വിജനതയിൽ ഭയപ്പെട്ട്,
മരവിച്ചുനില്ക്കുന്നവർ;
സൈകതമെറിയുന്ന കാറ്റിൽ,
തലകുത്തിമറിയുന്നവർ;
ഈ വഴിയേകാന്ത പഥികർ,
ഒന്നല്ല രണ്ടല്ലനേകർ;
ഗതിമുട്ടിയൊടുവിൽ കുഴഞ്ഞ്,
ചലനം നിലയ്ക്കുന്നവർ,
ചിറകറ്റ മോഹങ്ങളോടെ,
യവനികയ്ക്കുള്ളിലായെങ്കിൽ,
നിരന്തരം ചൂടേറ്റുനീറി,
മുന്നിൽ ചരിക്കുന്നവർക്ക്,
കുളിരോളമായ് മരുപ്പച്ച,
ഒളിയാർന്ന സ്വപ്നമായ് ദൂരെ;
കണ്ണിനും കരളിനുമൊരുപോൽ,
പുളകപ്രദായകദൃശ്യം,
മൃഗത്യഷ്ണ മാത്രമാണെന്ന്,
ഉൾക്കിളി മന്ത്രിച്ചിടുന്നോ?
തെളിനീരുറവകൾതേടി,
ശാദ്വലഭൂമികതേടി,
മുന്നോട്ട്, മുന്നോട്ട്,
യാത്ര ലക്ഷ്യം കരഗതമാക്കാൻ.
മിഥ്യയിലാണ്ടുപോകാതെ,
സത്യങ്ങൾ കണ്ടെത്തുവാനായ്,
ദുർഘടം താണ്ടുന്നതാര്?
മർത്ത്യാ, നീ മാത്രമല്ലേ?