കമലാ ഹാരിസിന്റെ കാമ്പയ്ൻ വേണ്ടത്ര ഊർജം കാണിക്കുന്നില്ലെന്നു മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ അഭിപ്രായപ്പെട്ടു. വൈസ് പ്രസിഡന്റ് സ്ത്രീ ആയതു കൊണ്ടു മാത്രം കറുത്ത വർഗക്കാരായ പുരുഷന്മാർ ഡൊണാൾഡ് ട്രംപിനെ കൂടുതലായി പിന്തുണയ്ക്കുന്നു എന്ന റിപ്പോർട്ടുകളിൽ അദ്ദേഹം അസ്വസ്ഥത പ്രകടിപ്പിക്കയും ചെയ്തു.
പിറ്റസ്ബർഗിൽ ഹാരിസിനു വേണ്ടി റാലിയിൽ സംസാരിച്ച ഒബാമ പറയുന്നത് തന്റെ കാമ്പയ്ൻ കാണിച്ച ഊർജം ഹാരിസ് കാമ്പയിനിൽ കാണുന്നില്ല എന്നാണ്.
"ഹാരിസിനു വോട്ട് ചെയ്യാൻ മടിക്കുന്നതാവട്ടെ എന്റെ സഹോദരന്മാർ ആണെന്നു കാണുന്നു," കറുത്ത വർഗക്കാരായ പുരുഷന്മാരെ പരാമർശിച്ചു ഒബാമ പറഞ്ഞു. "അവർ പല തരം വാദങ്ങൾ ഉന്നയിക്കുന്നു. എനിക്ക് അതിനോട് എതിർപ്പുണ്ട്.
"അവർക്കു വനിത പ്രസിഡന്റാവുന്നത് ഇഷ്ടമല്ലെന്നു ഞാൻ കരുതുന്നു. അതു കൊണ്ട് മറ്റു പല കാരണങ്ങളും പറഞ്ഞു നോക്കുകയാണ്."
ട്രംപിനെ കറുത്ത പുരുഷന്മാർ പിന്തുണയ്ക്കുന്നതിനോട് തനിക്കു എതിർപ്പുണ്ടെന്നു യുഎസിന്റെ കറുത്ത വർഗക്കാരനായ ആദ്യത്തെ പ്രസിഡന്റ് പറഞ്ഞു. വോട്ട് ചെയ്യാതിരിക്കുന്നതും തെറ്റാണ്.
"നിങ്ങളെ തരം താഴ്ത്താൻ ശ്രമിച്ച ചരിത്രമുള്ള ഒരാളെ സഹായിക്കാൻ നിങ്ങൾ വോട്ട് ചെയ്യാതിരിക്കുന്നെങ്കിൽ അതൊരു കരുത്താണെന്നു നിങ്ങൾ കരുതേണ്ട. സ്ത്രീകളെ ഇടിച്ചു താഴ്ത്താനോ? അതൊട്ടും ശരിയല്ല."
ട്രംപിനു 2020ൽ വോട്ട് ചെയ്തതിൽ കൂടുതൽ കറുത്ത വർഗക്കാർ ഇക്കുറി വോട്ട് ചെയ്യുമെന്നു ചില സർവേകളിൽ സൂചനയുണ്ട്. 50 വയസിനു താഴെയുള്ള പുരുഷന്മാരിൽ 25% ട്രംപിനെ പിന്തുണയ്ക്കുന്നുവെന്നു എൻ എ എ സി പി നടത്തിയ സർവേയിൽ കഴിഞ്ഞ മാസം കണ്ടു.
യഥാർഥ കരുത്തുള്ള സ്ഥാനാർഥി ട്രംപ് അല്ല
ട്രംപ് ആണ് കൂടുതൽ കരുത്തനെന്നു കരുതുന്നവർക്കു തെറ്റിയെന്നു ഒബാമ ചൂണ്ടിക്കാട്ടി. "ആളുകളെ അടിച്ചു താഴ്ത്തുന്ന പെരുമാറ്റം കരുത്തിന്റെ അടയാളം ആണെന്നു ചില പുരുഷന്മാർക്കു തോന്നലുണ്ടെന്നു ഞാൻ ശ്രദ്ധിച്ചു. ക്ഷമിക്കണം, അത് ശരിയല്ല. യഥാർഥ കരുത്തു അതല്ല.
"നിങ്ങൾക്കുള്ള നല്ല വാർത്ത ഈ തിരഞ്ഞെടുപ്പിൽ യഥാർഥ കരുത്തുള്ള സ്ഥാനാർഥി ഉണ്ടെന്നാണ്. ശരിയായ കാര്യങ്ങൾ ചെയ്തു ഈ രാജ്യത്തെ മെച്ചപ്പെടുത്താൻ കഴിയുന്ന സ്ഥാനാർഥി."
കോവിഡ് കാലം കഴിഞ്ഞു വന്ന കാലഘട്ടത്തിൽ വിലക്കയറ്റം കുടുംബങ്ങൾക്കു പ്രശമായെന്നു തനിക്കറിയാമെന്നു ഒബാമ പറഞ്ഞു. "എന്നാൽ ഡൊണാൾഡ് ട്രംപ് ആ പ്രശ്നം പരിഹരിക്കുമെന്നു ആരെങ്കിലും ചിന്തിക്കുന്നതാണ് എനിക്കു മനസിലാക്കാൻ കഴിയാത്തത്.
അരിസോണ, നെവാഡ എന്നീ യുദ്ധഭൂമികളിൽ ഒബാമ അടുത്തയാഴ്ച ഹാരിസിനു വേണ്ടി പ്രചാരണം നടത്തും. ഒക്ടോബർ 18 നാണു ടസ്കനിൽ റാലി. പിറ്റേന്ന് ലാസ് വെഗാസിലും. അന്നാണ് നെവാഡയിൽ ഏർലി വോട്ടിംഗ് ആരംഭിക്കുക.
പ്രാകൃതനായ ക്യൂബൻ ഏകാധിപതി ഫിഡൽ കാസ്‌ട്രോയെ പോലെയാണ് ട്രംപ് എന്ന് ഒബാമ ആരോപിച്ചു. "എല്ലാ തൊപ്പികളിലും ട്വീറ്റുകൾ, കുറുക്കൻ ഗൂഢാലോചന സിദ്ധാന്തങ്ങൾ, രണ്ടു മണിക്കൂർ നീളുന്ന പ്രസംഗങ്ങൾ -- ഫിഡൽ കാസ്ട്രോ തന്നെ."
രണ്ടു പതിറ്റാണ്ടു സൗഹൃദമുള്ള ഹാരിസിനു വേണ്ടി മിഷേൽ ഒബാമയും രംഗത്തിറങ്ങും എന്നാണ് കരുതപ്പെടുന്നത്.
മുൻ പ്രസിഡന്റ് ബിൽ ക്ലിന്റണും എത്തുന്നുണ്ട്. തെക്കൻ സംസ്ഥാനങ്ങളിലെ ഗ്രാമീണ മേഖലകളിലാണ് അദ്ദേഹം സംസാരിക്കുക. ഞായറാഴ്ചയും തിങ്കളാഴ്ചയും ജോർജിയയിൽ. പിന്നെ നോർത്ത് കരളിനയിൽ ബസിൽ സഞ്ചരിച്ചു പ്രചാരണം.
Obama urges Black men to support Harris