“ഗുരോ ജയിലീന്നു ഇറങ്ങിയെപ്പിന്നെ നാരായണിയെ വീണ്ടും കണ്ടിരുന്നോ?”
ചോദ്യം കേട്ടുവെങ്കിലും അദ്ദേഹമൊന്നും മിണ്ടിയില്ല.
അണ്ഡകടാഹത്തെ ഇരുട്ടിലാഴ്ത്താന്‍ ആസ്തപ്പാട്കൂട്ടുന്ന സൂര്യനെ നോക്കി പരിഹാസത്തോടെ ഗുരു ചിരിച്ചു.
‘ഇത്ര തിരക്കിട്ട് പോയിട്ടെന്താ കാര്യം? രാവിലെ വീണ്ടും വരാനുള്ളതല്ലേ.
ഇമ്മിണി കഴിഞ്ഞിട്ട് അസ്തമിച്ചാലും ഇച്ചിരെനേരം താമസിച്ചു ഉദിച്ചാലും ഈ അണ്ഡകടാഹത്തിനോ അതിലെ നിവാസികളായ കോടാനുകോടി ജനങ്ങള്‍ക്കോ, പക്ഷിമൃഗാദികള്‍ക്കോ, കടുവാക്കുഴിയിലെ പ്രജകള്‍ക്കോ എന്തെങ്കിലും കുഴപ്പം വരാനുണ്ടോ എന്നായിരിക്കണം ഗുരു ചിന്തിച്ചത്’
കലമാന്‍കൊമ്പിന്‍റെ പിടിവെച്ച യമണ്ടന്‍ കഠാര ഗുരുവിന്റെ എളിയില്‍ മുഴച്ചുനില്‍ക്കുന്നതു നേരിയ ജൂബയ്ക്ക് അകത്തൂടെ നിഴലിച്ചു കാണാമായിരുന്നു. കുറച്ചു കാലംമുന്‍പ് ഒന്നു രണ്ടു പ്രാവശ്യം ഗുരുവിനെ ആക്രമിക്കാനായി ജിന്നുകള്‍ വന്നിരുന്നുപോലും. അപ്പോഴൊക്കെ ആ യമണ്ടന്‍ കഠാര കൊണ്ടായിരുന്നുവെത്രേ ഗുരു ജിന്നുകളുടെ തലകള്‍ വെട്ടിയറുത്തു മാറ്റിയത്.
ജിന്നുകളോട് ഘോരയുദ്ധം ചെയ്യാന്‍ മാത്രമല്ല ഏതെങ്കിലും കശ്മലന്മാര്‍ പോക്രിത്തരം കാണിക്കാന്‍ വന്നാല്‍ അവരുടെ കൈവെട്ടിക്കളയാന്‍ വേണ്ടിയുമാണ് ഗുരു കഠാര എളിയില്‍തിരുകി നടക്കുന്നത്.
ഗുരു ആനന്ദശീലനും ഒപ്പം ക്ഷിപ്രകോപിയുമാണ്.
ഗുരുവിന്റെ മുഖത്തേക്കും കഠാരയിലേക്കും മാറിമാറി നോക്കിക്കൊണ്ട് മടിച്ചു മടിച്ചു വീണ്ടും ചോദിച്ചു.
“അല്ല, ചോദിച്ചത് ഗുരു കേട്ടില്ലായിരുന്നോ ?”
“കേട്ടടോ ബഡക്കൂസേ, അതൊക്കെ പറയാം”
ഗുരു ജൂബയുടെ പോക്കറ്റില്‍കയ്യിട്ടു പനാമ സിഗരറ്റിന്‍റെകൂട് പുറത്തെടുത്തു തുറന്നു. അതില്‍നിന്നും ഒരണ്ണമെടുത്തു കത്തിച്ചു പുകവിട്ടു. പുകയെടുത്തതോടെ ചുമയും വന്നു. എന്നാലും ചുമച്ചുകൊണ്ടുതന്നെ സിഗരറ്റ് വലിച്ചു. വലിനിര്‍ത്താന്‍ ഡോക്ടര്‍ എപ്പോഴും പറയാറുണ്ട് പക്ഷെ ഗുരു അതൊന്നും അനുസരിക്കാറില്ല. ഒരിക്കല്‍ പുകവലി നിര്‍ത്തണമെന്നു കര്‍ശനമായി തന്നെ ചെറുപ്പക്കാരനായ ഡോക്ടര്‍ പറഞ്ഞു.
അതുകേട്ടതോടെ ഗുരുവിനു ദേഷ്യംവന്നു.
ഡോക്ടര്‍ മൂരാച്ചിയുടെ നേരേ കഠാര നീട്ടിക്കൊണ്ടു ചോദിച്ചു.
“ബഡക്കൂസേ, കള്ള ഹിമാറെ, നിന്‍റെ വാപ്പ പുകവലിച്ചിരുന്നോ?”
“ ഇല്ല… ഇക്കാ”
കഠാരയിലേക്ക് നോക്കിക്കൊണ്ട് ഡോക്ടര്‍ പേടിയോടെ പറഞ്ഞു
“അവന്‍, നിന്‍റെ വാപ്പ എത്രാമത്തെ വയസിലാണ് മരിച്ചത് ?”
“അമ്പത്തഞ്ചു വയസില്‍”
“ഇപ്പോള്‍ എനിക്കെത്ര വയസായി ബലാലെ ?”
“ഇക്കയ്ക്ക് ഇമ്മിണി വയസായി”
“ഉം”
ഗുരു ഡോക്ടറുടെ മുഖത്തുനോക്കി ഒന്നമര്‍ത്തി മൂളി.
ഡോക്ടര്‍ പേടിച്ചു മിണ്ടാട്ടം മുട്ടി നില്‍പ്പായി.
നീട്ടിപ്പിടിച്ച കഠാര എളിയില്‍ തിരുകി ഗുരു അവിടെനിന്നും ഇറങ്ങിപ്പോന്നപ്പോഴാണ് ഡോക്ടറുടെ ശ്വാസം നേരെ വീണത്.
ഗുരു ഒരു സര്‍വസ്വതന്ത്ര വിപ്ലവകാരിയാണ്.
തന്‍റെ ന്യായമായ സ്വാതന്ത്ര്യത്തെ തടയാന്‍ ആരെയും അനുവദിച്ചിരുന്നില്ല. അതിനായി ഒരുമ്പെട്ടുവന്ന മൂരാച്ചികളോടൊക്കെ ഘോരഘോരം എതിരടിച്ചുവെന്നാണ് ഗുരു പറഞ്ഞിട്ടുള്ളത്. ചിലതൊക്കെ ഈ ശിഷ്യനും നേരിട്ട് അറിവുള്ളതുമാകുന്നു.
സിഗരറ്റു വലിച്ചു കഴിഞ്ഞപ്പോള്‍ ഗുരു ചോദിച്ചു.
“നിനക്കറിയാമോ മൂരാച്ചി ദിവാന്‍, സര്‍സിപ്പിയെ വെട്ടിയത് ആരാണെന്നു?”
“അത്, ഏതോ ഒരു മണിയനല്ലേ. ഒരു കമ്മ്യൂണിസ്റ്റുകാരന്‍?”
“ആരു പറഞ്ഞു നിന്നോടു ഈ മഠയത്തരം? അതൊക്കെ കമ്മ്യൂണിസ്റ്റു മൂരാച്ചികളുടെ ഒരു ഡാവാണ്.
“മണിയനെന്ന വിദ്വാന്‍ സോഷ്യലിസ്റ്റായിരുന്നു. നിന്നെപ്പോലെ അവനും എന്‍റെ ശിഷ്യനായിരുന്നു. പോലീസ് മൂരാച്ചികളുടെ തൊപ്പികണ്ടാല്‍ പേടിച്ചോടുന്ന അവന്‍ വിദേശസര്‍ക്കാരിന്‍റെ ദിവാനെ വെട്ടിയെന്നാരു പറഞ്ഞു?
“ബഡക്കൂസേ, പിന്തിരിപ്പന്‍ സാമ്രാജ്യത്വ വാദി ദിവാനെവെട്ടി മൂക്ക് മുറിച്ചെടുത്തത് വിപ്ലവകാരിയായ ഞാനായിരുന്നു. മനസ്സിലായോ?”
“പക്ഷെ ഗുരു, അങ്ങിനെയൊരു ചരിത്രം ഇതുവരെ കേട്ടില്ലല്ലോ. ആരുംതന്നെ ആ ധീരകൃത്യം ചെയ്തത് ഗുരുവാണെന്ന് എഴുതുകയും ചെയ്തിട്ടുള്ളതായി ഈ വിനീത ശിഷ്യനു അറിയുകയുമില്ല”
“സര്‍വസ്വതന്ത്രവിപ്ലവകാരിയായ ഞാനാണ് മൂരാച്ചി ദിവാനെ വെട്ടിയതെന്നു പലര്‍ക്കും അറിയാം. സര്‍സിപ്പിക്കും പോലീസുകാര്‍ക്കും അറിയാം. അതല്ലേ പട്ടര്‍ രായ്ക്കുരാമാനം പേടിച്ചു നാടുവിട്ടത്.
കമ്മ്യുണിസ്റ്റുകാരെയോ, സോഷ്യലിസ്റ്റുകാരയോ ദിവാനോ വിദേശ സര്‍ക്കാരിനോ വല്ല പേടിയുമുണ്ടോ? ഇല്ല.
അവരെയൊക്കെ അവര്‍ തല്ലിയൊതുക്കുകയും ചെയ്തില്ലേ?
കമ്മ്യുണിസ്റ്റുകാരെ പേടിയുണ്ടെങ്കില്‍ അവര്‍ അങ്ങിനെ ചെയ്യുമോ?
ആരെയും പേടിയില്ലാത്ത സര്‍സിപ്പി എന്തേ നാടുവിട്ടത് ?
ചിന്തിച്ചിട്ടുണ്ടോ?
സര്‍സിപ്പിയുടെ കയ്യില്‍ പോലീസും പട്ടാളവും ഇല്ലായിരുന്നോ?
എല്ലാം ഉണ്ടായിരുന്നു.
എന്നിട്ടും പട്ടര്‍ ഒളിച്ചോടി. എന്താ സംഗതിയെന്നു പിടികിട്ടിയോ?”
“അറിയില്ല ഗുരോ”
“സംഗതി എന്താന്നുവച്ചാല്‍ മൂരാച്ചി ദിവാന്‍റെ മേശപ്പുറത്തു വൈസ്രോയി മൌണ്ട്ബാറ്റന്‍ അയച്ച ഒരു കത്തുണ്ടായിരുന്നു. ദിവാനും വിദേശസര്‍ക്കാരും ഭയപ്പെടേണ്ടത് കമ്യൂണിസ്റ്റുകാരെയും ദേശീയവാദികളെയുമല്ല. സര്‍ക്കാരിനെ മൂരാച്ചിസര്‍ക്കാരെന്നും പോലീസുകാരെ മൂരാച്ചി വിദേശപക്ഷവാദി പോലീസുകാരെന്നു ഘോരഘോരം ആക്ഷേപിക്കുന്ന സര്‍വസ്വതന്ത്ര വിപ്ലവകാരിയായ ഒരു എഴുത്തുകാരനുണ്ട് തിരുവിതാംകൂറില്‍. അയാളെയും അയാളുടെ എഴുത്തിനെയും സൂക്ഷിക്കണം. അയാളൊരു അതിഘോര വിപ്ലവകാരിയാകുന്നു. അതായിരുന്നു വൈസ്രോയിയുടെ കത്തിലെ ഉള്ളടക്കം.
“ഇപ്പോള്‍ മനസ്സിലായോ ദിവാന്‍ പട്ടര്‍ എന്തിനാണു രായ്ക്കുരാമാനം തഞ്ചാവൂര്‍ക്കു കടന്നതെന്ന്?”
“എങ്കിലും ഗുരോ …”
“നില്‍ക്കു ബഡക്കൂസേ ഞാന്‍ പറയട്ടെ.
സര്‍വസ്വതന്ത്രവിപ്ലവകാരിയായ ഞാനാണ് മൂരാച്ചി ദിവാന്‍റെ മൂക്കുചെത്തി ഉപ്പിലിട്ടതെന്നു പറഞ്ഞാല്‍ സോഷ്യലിസ്റ്റുകാര്‍ക്കും കമ്മ്യൂണിസ്റ്റുകാര്‍ക്കും എന്തെങ്കിലും നേട്ടമുണ്ടോ? ഇല്ല.
ഇനി അതു ചെയ്തത് ഞാനല്ലന്നവര്‍ പറഞ്ഞാല്‍ എനിക്കെന്തെങ്കിലും കോട്ടമുണ്ടോ? അതുമില്ല.
സര്‍വസ്വതന്ത്ര വിപ്ലവകാരിയായ ഞാന്‍ ജീവിക്കുന്നത് പേരും പ്രശസ്തിയും നേടാനാണോ? അതുമല്ല.
ഈ മണിയനെക്കുറിച്ച് അതിനു മുന്‍പ് ആരെങ്കിലും കേട്ടിട്ടുണ്ടോ? ഇല്ല.
അതു പോകട്ടെ അതിനു ശേഷമോ? അതുമില്ല.
അതാണ് ഞാന്‍ പറഞ്ഞത്….”
“പിന്നെങ്ങിനെയാണു ഗുരോ മണിയന്റെ പേര് എല്ലാവരും പറയുന്നത് ?”
“അതല്ലേ ആദ്യമേ പറഞ്ഞത് അതൊക്കെ അവരുടെ ഡാവും ഡുക്കുടുവും ആണെന്ന കാര്യം.
സംഗതി ശരിയാണ്. മണിയനായിരുന്നു എനിക്കുവേണ്ടി വെട്ടുകത്തി കൊണ്ടുവന്നത്. മൂരാച്ചി ദിവാന്‍റെ മൂക്ക് മുറിച്ചെടുത്തശേഷം കത്തി ഞാന്‍ അവന്‍റെ കയ്യില്‍ തിരിച്ചു കൊടുത്തിട്ടു പുറത്തേക്കുപോയി ഒരു ബീഡിവലിച്ചു കൊണ്ടിരുന്നപ്പോഴേക്കും കള്ള ബഡക്കൂസുകള്‍ കഥയാകെ മാറ്റിക്കഴിഞ്ഞിരുന്നു.
“കമ്മ്യൂണിസ്റ്റുകാര്‍ക്കും സോഷ്യലിസ്റ്റുകാര്‍ക്കും മാത്രമേ വിപ്ലവം നടത്താനും സുന്ദര സുരഭിലമായ ഒരു സ്റ്റൈലന്‍ ലോകത്തെ ഉണ്ടാക്കാനും കഴിയുകയുള്ളൂ എന്നൊക്കെയിരുന്നു അക്കാലത്ത് ഭൂഗോളത്തിലെ മുഴുവന്‍ ആണുങ്ങളും പെണ്ണുങ്ങളും വിച്ചാരിച്ചിരുന്നതും.”
“അല്ല ഗുരുവൊരു അഹിംസാ വിപ്ലവവാദിയായിരുന്നില്ലേ.
പിന്നെങ്ങിനെ ഇമ്മാതിരി ആയുധമെടുത്തുള്ള അതിക്രമം നടത്തിയത് ?”
“അഹിംസകൊണ്ട് വെട്ടിയതുകൊണ്ടാണ് കശ്മലന്‍ ദിവാന്‍റെ മൂക്ക് മാത്രം മുറിഞ്ഞത്. അല്ലാതെ ആ മൂരാച്ചി പട്ടരുടെ ഉണ്ണിപ്പിണ്ടിപോലുള്ള കഴുത്ത് മുറിയാനുള്ള മൂര്‍ച്ച വാക്കത്തിക്കില്ലാതെ പോയതൊന്നുമല്ല.”
“എന്തായാലും ഗുരോ അങ്ങൊരു സംഭവം തന്നെ.
ഇന്ദ്രനെയും ചന്ദ്രനേയും പോലും തനിക്കു പേടിയില്ലന്നായിരുന്നല്ലോ സര്‍സിപ്പി പറഞ്ഞോണ്ടിരുന്നത്. പോലീസിനെയും പട്ടാളത്തെയും ഉള്ളം കൈയ്യില്‍വെച്ചുകൊണ്ട് തിരുവിതാംകൂര്‍ അടക്കിഭരിച്ച സര്‍സിപ്പിയെയും നീട്ടിപ്പിടിച്ച വാരിക്കുന്തങ്ങള്‍ക്ക് ഇടയിലൂടെ തലയുയര്‍ത്തിപ്പിടിച്ചു നടന്നുവെന്നു വീമ്പടിക്കുന്ന സര്‍സിപ്പിയെയും തിരുവിതാംകൂറുകാര്‍ കണ്ടതാണ്.
പക്ഷെ സര്‍വതന്ത്രസ്വതന്ത്ര വിപ്ലവകാരിയായ ഗുരുവിന്‍റെ ഒറ്റവെട്ടുകൊണ്ട് തിരിവിതാംകൂര്‍ ഉപേക്ഷിച്ചു രായ്ക്കുരാമാനം ദിവാന്‍ നാടുവിട്ടു.”
“ഹ... ഹ ബുദ്ദൂസേ അപ്പോള്‍ നിന്‍റെ തലയില്‍ നിലാവെളിച്ചം മാത്രമല്ല കുറച്ചു തലച്ചോറും കൂടിയുണ്ട്”
“അപ്പോള്‍ ദിവാനെ നാടുകടത്താനായിരുന്നു ഗുരുവിന്‍റെ സമരം?
“ഹേയ് ദിവാനെ നാടുകടത്തല്‍ എന്‍റെ ലക്ഷ്യമായിരുന്നില്ല”
“ഒറ്റവെട്ടിനു ദിവാനെ നാട്ടില്‍നിന്നും ഓടിച്ച അങ്ങയുടെ സമരത്തിനോളം ഉശിരുള്ള സ്വാതന്ത്ര്യസമര സംഭവം തിരുവിതാംകൂര്‍ ചരിത്രത്തില്‍ എന്നല്ല കൊച്ചിയുടെയോ മലബാറിന്റെയോ ചരിത്രത്തില്‍പോലുമില്ല.
“ഗുരോ, ശരിക്കും പറഞ്ഞാലൊണ്ടല്ലോ ഒറ്റയേറിന് മാവിലെ മുഴുവന്‍മാങ്ങയും വീണപോലുണ്ട്. കമ്മ്യൂണിസ്റ്റുകാരും ദേശീയവാദികളും കിണഞ്ഞുനോക്കിയിട്ടും നടക്കാതിരുന്ന കാര്യമല്ലോ അങ്ങ് ഒറ്റയ്ക്ക് നടത്തിയത്.
സത്യത്തില്‍ നമ്പൂരിപ്പാടായിരുന്നില്ല ഗുരുവായിരുന്നു മുഖ്യമന്ത്രി ആകേണ്ടിയിരുന്നത്.”
“ഒന്നു പോടാ ബുദ്ധൂസേ.
വൈ ഷുഡ് ഐ നീഡ് പവര്‍.
ഹു വാണ്ടട്സ് പവര്‍?
ദി മോസ്റ്റ് പവര്‍ഫുള്‍ ഈസ് പവര്‍ലെസ്സ് കോമണ്‍മാന്‍.
“അധികാരമെന്നാല്‍ മറ്റുള്ളവരുടെ സ്വാതന്ത്ര്യം കവര്‍ന്നെടുക്കാനുള്ള ബൂര്‍ഷാ ഇക്കുമത്തുകളാണ്. വിദേശസര്‍ക്കാരായാലും സ്വദേശസര്‍ക്കാരായാലും അതെല്ലാം മൂരാച്ചിസര്‍ക്കാരാണ്. മൂരാച്ചിസര്‍ക്കാരുകള്‍ തുലയട്ടെ. സുന്ദരസുരഭിലമായ ഗ്രാമസഭകള്‍ സുന്ദരമായ അണ്ഡകടാഹത്തെ ഭരിക്കട്ടെ”
“അല്ല ഗുരോ എന്നാലും അങ്ങെന്തിനാണ് ആയുധമെടുത്തുള്ള അതിക്രമത്തിനു പോയതെന്ന് എനിക്കു മനസ്സിലായില്ല”
“അതിന്‍റെ ഡുന്‍ഡുലാക്കു എന്താണെന്നു പറയാം.
നീ ആദ്യം ചോദിച്ചത് എന്താണ്. നാരായണിയുടെ കാര്യമല്ലേ?”
“ അതേ”
നാരായണിയെക്കുറിച്ച് കേള്‍ക്കാനുള്ള ഉത്സാഹത്തോടെ നിവര്‍ന്നിരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു.
ഗുരു ജൂബയുടെ പോക്കറ്റില്‍ നിന്നും ഒരു ബീഡിയെടുത്തു. ഒരു സിഗരറ്റു കഴിഞ്ഞാല്‍ അടുത്തത് ഒരു ബീഡി അതാണ് അദ്ദേഹത്തിന്‍റെ സ്റ്റൈല്‍. ബീഡി കത്തിച്ചു പുകയെടുത്തയുടനെ ചുമയും വന്നു. ചുമയെ അതിന്‍റെ പാട്ടിനു വിട്ടുകൊണ്ട് ഗുരു ബീഡി ആസ്വദിച്ചു വലിച്ചു.
കടലില്‍ നന്നായി തിരയിളകിക്കൊണ്ടിരുന്നു. പതഞ്ഞുവരുന്ന കടല്‍ കാലുകളെ ഇടയ്ക്കിടെ നനച്ചുകൊണ്ടിരുന്നു. തിരയില്‍ കയറിയയെത്തിയ ഒരു കുഞ്ഞന്‍ ഞണ്ട് ഗുരുവിന്‍റെ കാലില്‍ പറ്റിപിടിച്ചു കയറി കാല്‍പാദത്തില്‍ സ്വസ്ഥമായി ഇരുപ്പുറപ്പിച്ചു. എനിക്കാണെങ്കില്‍ അതുകണ്ടപ്പോള്‍ മേത്ത് ചൊറിച്ചില്‍വന്നു. അതെങ്ങാനും അദ്ദേഹത്തിന്റെ കാലില്‍ ഇറുക്കുമോന്നു ഞാന്‍ പേടിച്ചു. എന്നാല്‍ ഗുരുവിന്‍റെ മുഖത്തു ഭാവഭേദമൊന്നും ഇല്ലായിരുന്നു. ഈ അണ്ഡകടാഹത്തിനു തുല്യഅവകാശിയായ ഞണ്ട് തന്‍റെ കൂടെപ്പിറപ്പിനെ കണ്ടപ്പോള്‍ ലോഹ്യം ചോദിക്കാന്‍ വന്നതാണെന്നമട്ടിലായിരുന്നു രണ്ടുപേരുടെയും ഇരുപ്പ്.
“ഡാ... കള്ളയൂദാസേ, ഞാന്‍ പറയുന്നത് കേട്ട് നാരായണിയുടെ കഥയെഴുതി വല്ല മൂരാച്ചിപത്രത്തിന്‍റെയും വിവരദോഷിയായ എഡിറ്റര്‍ക്ക് അയച്ചുകൊടുത്തു പത്തുചക്രം പിടുങ്ങാനാണ് നിന്‍റെ ഉള്ളിലിരുപ്പ് എന്നെനിക്കറിയാം”
“അയ്യോ, ഞാന്‍ ഗുരുവിനെ വിറ്റ് തിന്നുകയോ, അതു ഗുരുത്വദോഷമാവില്ലേ?”
“അങ്ങിനെ ചെയ്താല്‍ നായിന്‍റെ മോനെ നിന്‍റെ കുടലു ഞാനെടുക്കും”
ഗുരു എളിയിലെ കഠാരപ്പിടിയില്‍ കൈ പിടിച്ചുകൊണ്ട് പറഞ്ഞു.
കാലിലിരുന്ന ഞണ്ട് ഒന്നിളകി. അതു ഗുരുവിന്‍റെ മുണ്ടില്‍ പിടിമുറുക്കിക്കൊണ്ട് മുകളിലേക്ക് കയറാന്‍ ശ്രെമിച്ചു. അദ്ദേഹമാകട്ടെ ഞണ്ടിന്റെ അടുക്കലേക്കു കൈത്തലം നീട്ടിക്കൊടുത്തു. ഉള്ളം കയ്യിലേക്ക് ഞണ്ട് കയറി. ഗുരു നനഞ്ഞ മണലിലേക്ക് കൈത്തലം ചേര്‍ത്തുവച്ചു. ഞണ്ട് അവിടെ കണ്ട മടയിലേക്ക് സാവധാനം കയറിപ്പോയി.
സന്ധ്യയായതോടെ ഉശിരുകൂടി കരകയറിവരുന്ന തിരകളിലേക്ക് നോക്കി ഗുരു പറഞ്ഞു തുടങ്ങി.
“രാജദ്രോഹ കുറ്റത്തിന് കസബ പോലീസ് സ്റ്റേഷനിലെ മൂത്രം മണക്കുന്ന ലോക്കപ്പില്‍ ഒന്നര കൊല്ലത്തോളം വിചാരണ കാത്തു കിടന്നു. ദുഷ്ട്ടന്മാരും കശ്മലന്മാരും ഇടിയന്മാരും മുഴുത്തെറിയന്മാരുമായ പോലീസുകാരുടെ കൂടെ ഇരുപത്തിനാലുമണിക്കൂറും കഴിഞ്ഞുകൂടേണ്ട വരിക...!
ഇടയ്ക്കിടെ പിടിച്ചുകൊണ്ടുവരുന്ന കള്ളന്‍മാരെ ഇടിച്ചു കൂമ്പ് കലക്കുന്നത് നോക്കി നില്‍ക്കേണ്ടി വരിക....
ഹോ...കഠിന കടോരമായിരുന്നു ആ നാളുകളൊക്കെ.
അത്രയും കാലമൊക്കെ അങ്ങിനെ കഴിയേണ്ടിവന്നാല്‍ മനസ്സില്‍നിന്നും പ്രേമവും പെണ്ണുങ്ങളെക്കുറിച്ചുള്ള സുന്ദരമായ ചിന്തകളും മാഞ്ഞിട്ടുണ്ടാകും. അവരുടെ സുന്ദരസുരഭിലമാദകഗന്ധവും നമ്മള്‍ മറന്നിട്ടുണ്ടാകും.
“ ഒരു പെണ്ണിന്‍റെ മാദക ഗന്ധമെന്താണന്നു നിനക്കറിയാമോ?”
“അതു കാച്ചിയ വെളിച്ചണ്ണയുടെയും ചന്ദ്രികാ സോപ്പിന്‍റെയും മണമല്ലേ. എനിക്കു ഭയങ്കര ഇഷ്ട്ടമാണ്”
“ഹോ... വിഡ്ഢി കൂശ്മാണ്ഡമേ മിണ്ടാതിരി. ഇനി നീ വല്ലതും മിണ്ടിയാല്‍ നിന്‍റെ നാവരിഞ്ഞു കളയും ഞാന്‍.
“ലോകത്തിലെ ഏറ്റവും സുന്ദരസുരഭില മാദകഗന്ധമേതെന്നു തിരിച്ചറിയാത്ത നീ പുരുഷലോകത്തിനു അപമാനമാണ്. മദനപുഷ്പ സൌരഭ്യമെന്തെന്നറിയാത്ത മണ്ടശിരോമണി”
എളിയിലെ കത്തിയില്‍ കൈവെച്ചു കൊണ്ട് ഗുരുവെന്നെ വഴക്കുപറഞ്ഞു.
ഒരുനിമിഷം കഴിഞ്ഞു പിന്നെയും ഗുരു ചരിത്രം പറയല്‍ തുടര്‍ന്നു.
“അങ്ങിനെയിരിക്കെയാണ് എന്നെ കോടതി ശിക്ഷിച്ചു പൂജപ്പുരജയിലിലേക്ക് അയച്ചത്.
രാഷ്ട്രീയതടവുകാരുടെ ബ്ലോക്കിലെ ജയില്‍ മുറിയിലേക്കുള്ള നടപ്പിനിടയില്‍ തന്നെ ഒരു മതിലിനപ്പുറമുള്ള പെണ്‍ജയിലില്‍ നിന്നും പെണ്ണിന്‍റെ മാദകമണമെനിക്കു കിട്ടി. പെണ്‍ജയിലില്‍ വിരിഞ്ഞു നില്‍ക്കുന്ന നൂറുകണക്കിനു മദനപുഷപങ്ങളില്‍ നിന്നുള്ള സുന്ദരസുരഭിലപരിമളത്തിനു വന്മതിലിനെ ഭേദിക്കാനുള്ള കരുത്തുണ്ടായിരുന്നു. പതിനഞ്ചടി മാത്രം പൊക്കമുള്ള മതിലിനിപ്പുറമുള്ള ആണ്‍ജയിലിലേക്ക് ആ മാദകഗന്ധം പരന്നൊഴുകിയിരുന്നുവെങ്കിലും അതൊന്നും വേറെയാര്‍ക്കും പിടികിട്ടിയിരുന്നില്ല.
അരസികന്മാര്‍. ബഡക്കൂസുകള്‍...!
“അന്നു രാത്രിമുതല്‍ ഏകാന്തമായ ജയില്‍മുറിയില്‍ ഞാന്‍ പെണ്ണുങ്ങളെക്കുറിച്ച് ചിന്തിച്ചു. പകലും ചിന്തിച്ചു. ജീവിതത്തില്‍ അതുവരെ കണ്ടുമുട്ടിയ പെണ്ണുടലുകളെക്കുറിച്ച് ചിന്തിച്ചു. തലച്ചോറിന്‍റെ അറകളില്‍ സുരഭിലഓര്‍മ്മകളായി സൂക്ഷിച്ചിട്ടുള്ള അവരുടെ മാദകമായ മണത്തെ മൂക്കിലേക്ക് വീണ്ടും ആവാഹിച്ചു. രാത്രിയിലും പകലും പെണ്ണുങ്ങളെ കിനാവുകണ്ടു. പെണ്ണുടലിന്റെ പ്രത്യയശാസ്ത്രത്തില്‍ അഭിരമിച്ച രാവുകള്‍,നാളുകള്‍!.
“പെണ്‍ജയിലിന്‍റെ മതിലിനോട് ചേര്‍ന്നു നടക്കുമ്പോള്‍ ആലോചിച്ചുനോക്കി. എത്രമാത്രം സുന്ദരികളും മാദകതിടമ്പുകളും ആ സ്റ്റൈലന്‍ നെടുവിരിയന്‍ മതിലിനപ്പുറം ജീവിക്കുന്നുണ്ടാവും. ജയില്‍ വളപ്പിലെ മരത്തിനു മുകളില്‍ കയറിയിരുന്നു മതിലിനപ്പുറത്തേക്കു നോക്കി. മുന്നൂറോളം മീറ്റര്‍ അപ്പുറമായി പെണ്‍ജയില്‍ കെട്ടിടം.
മതിലിനോട് ചേര്‍ന്ന ഭാഗം തരിശായി കിടക്കുന്നു.
സുന്ദരിക്കോതകള്‍… എങ്കിലും മടിച്ചിക്കോതകള്‍.
അവര്‍ക്കാ തരിശുഭൂമിയില്‍ ഒരു പൂങ്കാവനം തീര്‍ക്കാന്‍ പാടില്ലായിരുന്നോ? എങ്കില്‍ ആണ്‍ജയിലിലെ പൂങ്കാവനത്തില്‍ നിന്നും പൂമ്പാറ്റകളും വണ്ടുകളും പെണ്‍ജയിലിലെ പൂങ്കാവനത്തിലെ പുഷ്പങ്ങളിലെ തേന്‍കുടിച്ചു സന്തോഷിക്കുമായിരുന്നില്ലേ?
തലയില്‍ നിലാവെളിച്ചം നിറച്ച ബഡക്കൂസുകള്‍!
എങ്കിലും എനിക്കു പ്രേമിക്കാനുള്ള മാദക സുന്ദര പനിനീര്‍പൂവുകള്‍.
ഏതെങ്കിലും ഒരു സുന്ദരിയെ ദൂരെ നിന്നെങ്കിലും കാണുവാന്‍ കഴിയുമോന്നു നോക്കി. ആരെയും കാണാന്‍ പറ്റിയില്ലെങ്കിലും അവരെയൊക്കെ മനസ്സില്‍ കണ്ടു.
അവരില്‍ കിളവിമാരെത്ര, ചെറുപ്പക്കാരെത്രയെന്നു കൃത്യമായി മനസ്സില്‍ തരംതിരിച്ചു.
എന്‍റെ രാത്രികളിലെ സുന്ദരകിനാവുകളെ നിങ്ങള്‍ക്കു സെലാം.
പകലിന്‍റെ സൌരഭ്യമേ നിങ്ങള്‍ക്കു നന്ദി.
“ചെറുപ്പകാരികളില്‍ സുന്ദരികളെത്ര അല്ലാത്തവരെത്രയെന്നു തരംതിരിച്ചു.
ഓരോ സുന്ദരിക്കും മനോഹരമായ പേരുകള്‍ നല്‍കി.
മതിലിനോട് ചേര്‍ന്നുനിന്നുകൊണ്ട് അവര്‍ ഓരോരുത്തരെയും പേരുചൊല്ലി ഉറക്കെ വിളിച്ചു.
“അവിടുത്തെ ഏറ്റവും വലിയ സുന്ദരിക്ക് നല്‍കിയ പേരായിരുന്നു നാരായണി.
ഒരു ദിവസം നാരായണിയെന്നു പേര്‍ ചൊല്ലി ഉറക്കെ വിളിച്ചുകൊണ്ടിരുന്നു.
‘നാരായണി എന്‍റെ പ്രിയ പ്രേമഭാജനമേ,
നാരായണി എന്‍റെ തങ്കക്കുടമേ’.
ഞാന്‍ പ്രണയത്തോടെ ഉറക്കെയുറക്കെ വിളിച്ചു.
അങ്ങിനെ പലപ്രാവശ്യം വിളിച്ചപ്പോള്‍ ഒരു അശരീരി കേട്ടു.
‘അതാരാ അവിടെ എന്‍റെ പേരു വിളിക്കുന്നത്?’
സുന്ദരമായ പെണ്‍ശബ്ദം അപ്പുറത്തു നിന്നും കേട്ടു.
ദൈവമേ...
ഹൃദയം കോരിത്തരിച്ചു.
എന്തെന്നില്ലാത്തവിധം ഹൃദയമിടിപ്പ് ഉച്ചത്തിലായി.
വര്‍ഷങ്ങള്‍ക്കുശേഷം ഒരു പെണ്ണിന്‍റെ മാദകസുന്ദരശബ്ദം കാതില്‍ കേള്‍ക്കുന്നു.
അഖിലാണ്ഡമണ്ഡലത്തിലെ ഏറ്റവും സുന്ദരമായ സ്വരമേതാണ്?
ഏറ്റവും വിശിഷ്ട്ടമായ സംഗീതമേതാണ് ?
പ്രേമിക്കാനായി കൊതിക്കുന്ന പെണ്ണിന്‍റെ ശബ്ദമാണ് ഏറ്റവും സുന്ദരമായ സംഗീതം.
ആരുടെ പ്രേമത്തെ കൊതിക്കുന്നുവോ അവളുടേതാണ് ലോകത്തിലെ ഏറ്റവും സുന്ദരമായ ശബ്ദം.
‘എന്‍റെ തങ്കക്കുടമേ നീ എന്‍റെ വിളികേട്ടുവോ നാരായണീ’
‘അയ്യോ ആരാണത് ? എന്നെ എങ്ങിനെ അറിയും?’
‘എന്‍റെ സുന്ദരസുരഭില മാദക സ്വപ്നമേ.
അഖിലാണ്ഡേശ്വരി.
ജന്മങ്ങള്‍ക്ക് മുന്‍പേ നിന്നെ ഞാന്‍ അറിയുമല്ലോ’
‘അതെയോ, എങ്ങിനെ? എന്‍റെ ദൈവമേ.’
ഗുരു കഥപറച്ചില്‍ അവിടെ നിറുത്തി.
സിഗരറ്റ് കൂട് തുറന്നു ഒരു പനാമയ്ക്ക് കൂടി തീ കൊളുത്തി പുകവിട്ടു.
“ശിഷ്യാ ബാക്കി ചരിത്രമൊക്കെ നിനക്കറിയാമല്ലോ.
നാരായണിയെ നേരില്‍ കാണാനായുള്ള ദിവസത്തിനായി ഹൃദയം പ്രേമസുരഭിലമായി കാത്തിരിക്കവേയാണല്ലോ എന്നെ ജയിലില്‍നിന്നും മോചിപ്പിക്കാനുള്ള ഉത്തരവുമായി *‘അനിയന്‍ ജയിലര്‍’ വന്നത്.
‘സെലാം പ്രപഞ്ചമേ, സെലാം കരിങ്കല്‍ മതിലുകളെ,’
ജയില്‍ വേഷം മാറി അനിയന്‍ ജയിലറിനൊപ്പം ജയില്‍ മുറിയില്‍ നിന്നും പുറത്തേക്കു നടക്കവേ ഞാന്‍ പെണ്‍ജയിലിന്‍റെ ഭാഗത്തേക്ക് നോക്കി.
ആ സമയം നാരായണി അവള്‍ വന്നതിന്‍റെ അടയാളമായി ഒരു ഉണങ്ങിയ കമ്പ് മതിലിനുമീതെ എറിയുന്നുണ്ടായിരുന്നു…...”
ഗുരുവിന്‍റെ കഥയില്‍ എവിടെയോ എന്തോ ഒരു പിശകുണ്ടല്ലോന്നു ഞാന്‍ ആലോചിച്ചു.
ചില കാര്യങ്ങള്‍ മോരും മുതിരയും പോലെ പിണങ്ങിക്കിടക്കുന്നു.
ഇനി ഇതൊക്കെ ഗുരുവിന്‍റെ ഒരു ഡംഭും ഡുന്‍ഡുലാക്കും ആയിരിക്കുമോ?
അല്ലെങ്കില്‍ ജിന്നുകളെ കാണുന്നത് പോലുള്ള കാഴ്ചയായിരിക്കും.
ചിലപ്പോള്‍ നാരായണി വല്ല പെണ്‍ജിന്നും ആയിരിക്കും.
അങ്ങിനെയൊക്കെ ചിന്തിക്കാന്‍ പാടില്ലാന്നറിയാം എന്നാലും ഞാന്‍ ഗുരുവിനെ സംശയിച്ചു.
ഞാന്‍ ആലോചിച്ചു. ഗുരുവിനു വേണമായിരുന്നെങ്കില്‍ എന്തും പറയാനുള്ള സ്വാതന്ത്ര്യവും അടുപ്പമുള്ള അനിയന്‍ ജെയിലറോട് പറഞ്ഞിട്ടു മതിലിനരികില്‍ പോയി നാരായണിയോടു യാത്ര പറയാമായിരുന്നു. അല്ലെങ്കില്‍ സ്വതന്ത്രനായ ഗുരുവിനു ജയിലില്‍ചെന്നു നാരായണിയെ സന്ദര്‍ശിക്കാമായിരുന്നു.
പക്ഷെ എന്തുകൊണ്ട് നേരിട്ട് കാണാന്‍ പോയില്ല?
അപ്പോള്‍ ഇതൊക്കെ അദ്ദേഹം വെറുതെ നിരൂപിച്ചു ഉണ്ടാക്കിയതായിരിക്കും.
“നായിന്‍റെ മോനെ….
അല്ലറചില്ലറ മോഷണവും ചെറ്റപൊക്കുമായി നടന്ന കള്ളന്‍ തോമായെന്ന നിന്നെ ഭൂഗോളം മുഴുവനും അറിയുന്ന ‘പൊന്‍കുരിശ്ശു തോമായെന്ന’ തത്വചിന്തകനാക്കിമാറ്റിയതു ഞാനാണ്.
എന്നെ നീ തോമാശ്ലീഹാ ചമഞ്ഞു സംശയിക്കുകയാണോ?
പള്ളയ്ക്കു കേറ്റും ഞാന്‍... കഴുവേറി ”
മനസ്സു വായിക്കുന്നവനായ ഗുരു കോപകുലനായി കഠാരയൂരി എനിക്കുനേരെ വീശി. തക്കസമയത്ത് ഇരുന്ന ഇരുപ്പില്‍ നിന്നും ചാടിമറിഞ്ഞു ഒഴിഞ്ഞുമാറിയതുകൊണ്ട് അപായമൊന്നും പറ്റിയില്ല.
ഗുരു പറഞ്ഞതു വാസ്തവമാണ്. അന്നു പൊന്‍കുരിശു കളവുകേസിന്‍റെ സമയത്ത് എന്തോ ഒരു ധൈര്യത്തിനു ഇന്‍സ്പെക്ടര്‍ കടുവാ മാത്തനോട് ഈയുള്ളവന്‍ മനസറിയാതെ പറഞ്ഞുപോയതായിരുന്നു.
“കര്‍ത്താവായ യേശുമിശിഹാതമ്പുരാനെ ക്രൂശിച്ചത് മരക്കുരിശ്ശിലല്ലേ? പള്ളിക്കെന്തിനാ പൊന്‍കുരിശ്ശ്”
എന്ന വാചകം
ഗുരു ആ വാക്കിനെയൊരു വിപ്ലവ ആഹ്വാനമായി ചരിത്രത്തില്‍ രേഖപ്പെടുത്തിയത്തോടെ സംഗതി ലോകമറിഞ്ഞു. അക്കാര്യം സെമിനാരികളിലെ ദൈവശാസ്ത്രക്ലാസുകളില്‍ പഠിപ്പിക്കാന്‍ തുടങ്ങി. അങ്ങിനെ പൊന്‍കുരിശ്ശു തോമായെന്ന ഈ എളിയ ദാര്‍ശനികനെ ലോകമറിഞ്ഞു.
കോളേജിലെ കുട്ടികളും മുതിര്‍ന്നവരും കടുവാക്കുഴിയില്‍ വരികയും അങ്ങിനെയൊരു ചരിത്ര പ്രധാനമായ വിപ്ലവാഹ്വാനം ചെയ്യേണ്ടിവന്ന സാഹചര്യങ്ങളെയും ചരിത്രസംഭവങ്ങളെയും പഠിക്കുകയും എന്‍റെ പടം പിടിച്ചോണ്ട് പോവുകയും ചെയ്തുകൊണ്ടിരിക്കുന്നു.
എല്ലാം ഗുരുവിന്‍റെ എഴുത്തിന്റെ പവര്‍.
അതെല്ലാം ഓര്‍ത്തപ്പോള്‍ ഗുരുവിനെ തള്ളിപ്പറഞ്ഞ പത്രോസ് ശ്ലീവായെപ്പോലെ ഞാന്‍ അനുതപിച്ചു. തോമാ ശ്ലീവായെപ്പോലെ എന്‍റെ ഗുരോ എന്നു ഏറ്റുപറഞ്ഞു.
ക്ഷിപ്രകോപിയും ക്ഷിപ്രപ്രസാദിയുമാണ് ഗുരു.
തെല്ലിട കഴിഞ്ഞപ്പോള്‍ കോപ മടങ്ങിയ ഗുരു പറഞ്ഞു തുടങ്ങി.
“എടാ ബുദ്ധൂസേ കള്ളന്‍ തോമാച്ചാ, മണ്ടന്‍ പൊന്‍കുരിശ്ശെ, എല്ലാദിവസവും എനിക്കീ വിശാലലോകത്തിലെ നീണ്ടുകിടക്കുന്ന വഴികള്‍ താണ്ടി പൂജപ്പുരയില്‍ ചെന്നു നാരായണിയെ കണ്ടുമിണ്ടാന്‍ പറ്റുമോ?
അതിനുള്ള പാങ്ങുണ്ടോ?
ഇനിയതിനു പോലീസ് മൂരാച്ചികള്‍ സമ്മതിക്കുമോ?
എന്നാല്‍ ജയിലില്‍ തിരിച്ചെത്തിയാലോ?
എല്ലാദിവസവും നാരായണിയോട് മിണ്ടുകയും ചെയ്യാം ഒത്താല്‍ വല്ലപ്പോഴും കാണുകയും ചെയ്യാം”
“ബലഭേഷ് ഗുരോ ബലഭേഷ് . അങ്ങയുടെ ബുദ്ധി ഇമ്മിണി വലിയതു തന്നെ”
“പോലീസ് മൂരാച്ചികളുമായി ഘോരഘോരമായി സമരം നടത്തിയതിനാണ് ഞാന്‍ ജയിലില്‍പോയതു.
സര്‍വസ്വതന്ത്ര വിപ്ലവകാരിയായ എനിക്ക് നിന്നെപ്പോലെ മോഷണമോ പിടിച്ചുപറിയോ നടത്തി ജയിലില്‍ പോകാനാവുമോ?
“ദിവാന്‍ പട്ടരെ വെട്ടിയത് ഞാനാണെന്ന് സ്റ്റേഷനില്‍ കയറിച്ചെന്നു പോലീസ് മൂരാച്ചികളോട് പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല. ഇന്‍സ്പെക്ടര്‍ കടുവാമാത്തന്‍ മുതല്‍ അഞ്ചുരൂപാ പൊലീസായ സകല വിദേശസര്‍ക്കാര്‍ പക്ഷക്കാരായ ബഡക്കൂസു പോലീസുകാരോടും തെളിവുസഹിതം പറഞ്ഞെങ്കിലും ആരും വിശ്വസിച്ചില്ല.
അപ്പോഴേക്കും അവരെല്ലാം കമ്മ്യൂണിസ്റ്റു മൂരാച്ചികള്‍ പറഞ്ഞ കഥകള്‍ അപ്പാടെ വിഴുങ്ങിയിരുന്നു.
“വിദേശസര്‍ക്കാര്‍ പക്ഷക്കാരായ ചില പോലീസുകാര്‍ ഞാന്‍ പറഞ്ഞതു കേട്ടു പൊട്ടിച്ചിരിച്ചു. ചിലര്‍ ചായവും ബീഡിയും തന്നു സല്‍ക്കരിച്ചു പറഞ്ഞയച്ചു.
അലച്ചില്‍ നിര്‍ത്തി നേരെ വീട്ടില്‍പോയി കുറച്ചുകാലം വിശ്രമിച്ചാല്‍മതി എല്ലാം ശരിയാകുമെന്നു ചിലര്‍ പറഞ്ഞു.”
“ഗുരോ ആ കഠാര ഇങ്ങുതരൂ. എനിക്കാ പോലീസ് മൂരാച്ചികളെ കുത്തിക്കുടലെടുക്കണം. എന്താണവര്‍ ഗുരുവിനെക്കുറിച്ച് പറഞ്ഞതെന്ന് എന്‍റെ ഇച്ചിരിബുദ്ധിയില്‍ എനിക്കു മനസ്സിലായി. അവര്‍ പറഞ്ഞത് ഗുരുവിനു വട്ടെന്നും അങ്ങു പറഞ്ഞതു മുഴുവന്‍ ഭ്രാന്തെന്നുമല്ലേ?
ലോക്കപ്പും ജയിലും ഈ തോമായ്ക്ക് പുത്തരിയല്ലന്നു അറിയാല്ലോ”
നെഞ്ചില്‍ അടിച്ചുകൊണ്ട് ഞാന്‍ ഗുരുവിനോട് ആത്മാര്‍ത്ഥമായി പറഞ്ഞു.
“എടാ പൊന്‍കുരിശ്ശെ, ശിഷ്യാ അവര്‍ പറഞ്ഞോട്ടടാ.
എനിക്കു നല്ല സുന്ദരസുരഭിലമായ വട്ടുണ്ട്.
പക്ഷെ അതു നല്ല സ്റ്റൈലന്‍ ഒറിജിനല്‍ വട്ടാണ്. ഹ ...ഹ”
ചിരിച്ചുവെങ്കിലും ഗുരുവിന്‍റെ കണ്ണില്‍ സങ്കടം നിറയുന്നതു കാണാമായിരുന്നു. അന്തിക്കു തിരിച്ചുപറക്കുന്ന കടല്‍പക്ഷികളെ നോക്കി അദ്ദേഹം കുറച്ചുനേരം മൌനമായിരുന്നു. എന്തായിരിക്കും ഗുരുവിന്‍റെ മനസ്സിനെ വല്ലാതെ അലട്ടിക്കൊണ്ടിരിക്കുന്നത്?
ലോകത്തെ മുഴുവനും സ്നേഹിക്കുന്ന വലിയ മനസ്സിലും കൊച്ചുകൊച്ചു കാര്യങ്ങള്‍ സങ്കടം ഉണ്ടാക്കുമോ?
കടുവാക്കുഴിയുടെ കുന്നുകള്‍ക്കുമീതെ ഇരുള്‍ പരന്നുതുടങ്ങിയിരുന്നു.
കടല്‍ക്കരയില്‍ അപ്പോഴും കുട്ടികള്‍ കളിക്കുന്നുണ്ടായിരുന്നു. അവര്‍ മണല്‍പൊത്തിവെച്ചു കളിവീടുകള്‍ ഉണ്ടാക്കിക്കൊണ്ടിരുന്നു. അവരുണ്ടാക്കിയ മണല്‍വീടുകള്‍ ഉഗ്രമെന്നു പറഞ്ഞവര്‍ ഊറ്റം കൊള്ളുകയും പരസ്പരം അനുമോദിക്കുകയും ചെയ്തു.
ഗുരു എഴുന്നേറ്റ് കൈകുബിളില്‍കൊണ്ട് കടല്‍കാറ്റിനെ നിശ്ചലമാക്കി ഒരു ബീഡി കത്തിച്ചു പുകവിട്ടു. എളിയിലെ പിച്ചാത്തിയുടെ പിടിയില്‍ തപ്പിനോക്കി യഥാസ്ഥാനത്തുണ്ടെന്നു ഉറപ്പും വരുത്തി.
പാഞ്ഞെത്തിയ ഒരു ഊക്കന്‍ തിരയില്‍ കുട്ടികളുടെ മണല്‍മന്ദിരങ്ങള്‍ കടലെടുത്തുപോയി. കരയിലേക്ക് അടിച്ചുകയറുന്ന തിരയില്‍ നനയാതിരിക്കാന്‍ മുണ്ട് മടക്കികുത്തിക്കൊണ്ട് ഗുരു കിഴക്കു ഭാഗത്തേക്കു പതിയെ നടന്നു. ഞാന്‍ നോക്കിനില്‍ക്കെ അദ്ദേഹം ഇരുളില്‍ മറഞ്ഞു കാണാതായി.
കുറച്ചുനേരം ഞാനവിടെ തനിയെയിരുന്നു.
ഞാനപ്പോള്‍ ഓര്‍മിച്ചതു മുഴുവന്‍ ഗുരു പറഞ്ഞ ചരിത്രങ്ങളായിരുന്നു.
സ്വപ്നമോ നടന്നതോ എന്നൊന്നും ഇഴപിരിക്കാനാവില്ലെങ്കിലും അതെല്ലാം ആ മനസ്സിലെ സത്യങ്ങള്‍ തന്നെയാവും.
ഗുരു നടന്നുമറഞ്ഞ വഴിയെ ഞാനും നടന്നു.
കടല്‍ നക്കിത്തോര്‍ത്തിയ ചൊരിമണലില്‍ ഗുരുവിന്‍റെ കാല്‍പ്പാടുകള്‍ മായാതെ തെളിഞ്ഞു നീണ്ടു നീണ്ടു പോകുന്നത് കാണാമയിരുന്നു.
കടലിനും കാലത്തിനും മായ്ക്കാനാവാത്ത കാല്‍പ്പാടുകള്‍.
*അനിയന്‍ ജയിലര്‍ - മതിലുകള്‍ എന്ന കഥയിലെ ചെറുപ്പക്കാരനായ ജയില്‍ ഉദ്യോഗസ്ഥന്‍